ഇനിയെങ്കിലും ഈ സമ്പ്രദായം കാലഹരണപ്പെട്ടതാണെന്നും, അപരിഷ്‌കൃതമാണെന്നും വിളിച്ചുപറയുവാൻ ഇവിടത്തെ പുരോഗമന വീക്ഷണമുള്ളവർ തയ്യാറാകുമോ?

36
Sudheesh KN
ഇതെത്രാമത്തെ അസ്വാഭാവിക മരണമാണ് കന്യാസ്ത്രീ മഠങ്ങളിലേത് ? ഇനിയെങ്കിലും ഈ സമ്പ്രദായം കാലഹരണപ്പെട്ടതാണെന്നും, അപരിഷ്‌കൃതമാണെന്നും വിളിച്ചുപറയുവാൻ ഇവിടത്തെ പുരോഗമന വീക്ഷണമുള്ളവർ തയ്യാറാകുമോ? സത്യസന്ധമായ രീതിയിൽ അന്വേഷണം നടക്കുകയും പ്രതികൾ ശിക്ഷിക്കപ്പെടുകയും ചെയ്ത എത്ര കേസുകളുണ്ട് ?
ദൈവവിളിയുടെ പേരിൽ പെൺകുട്ടികളെ മഠത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നു. അവിടെ കിട്ടാൻ പോകുന്ന ആത്മീയ സൗഭാഗ്യങ്ങളുടെ പേരിലല്ല ഏറിയകൂറും കുടുംബങ്ങൾ ഇതിനു മുതിരുന്നത് , ഭൗതികമായ ഇല്ലായ്‌മകളുടെയും വല്ലായ്മകളുടെയും പേരിലാണ് അങ്ങോട്ട് പറഞ്ഞയക്കുന്നത്. യൗവ്വനയുക്തകളായ പെൺകുട്ടികൾ മനുഷ്യസഹജമായ എല്ലാ വികാരങ്ങളും, ആഗ്രഹങ്ങളും, അവകാശങ്ങളും, അവസരങ്ങളും, സാമൂഹ്യജീവിതവും, പ്രണയവും, മാതൃത്വവും, കുടുംബജീവിതവുമൊക്കെ ഹോമിക്കുകയാണ്.എല്ലാം സഹിക്കുകയാണ്. എന്തു വലിയ മനുഷ്യാവകാശ ലംഘനമാണിതെന്ന് നിങ്ങളെപ്പോഴെങ്കിലും ഓർത്തിട്ടുണ്ടോ?
ആർക്കും ഒരു ഗുണവുമില്ലാത്ത സഹനം! മഠം എന്നത് വ്യാകുലത്തിൻറെയും, മനംമടുപ്പിയ്ക്കുന്ന മൗനത്തിൻറെയും, അതുവഴി ശൂന്യതാബോധത്തിന്റെയും ആവാസകേന്ദ്രങ്ങളാണ്. പുരുഷാധിപത്യം കൊടികുത്തി വാഴുന്ന സഭകളിൽ പുരോഹിതന്മാരുടെ ആജ്ഞാനുവർത്തികളായി ശേഷം ജീവിതമാകെ അടിഞ്ഞുകൂടേണ്ടി വരുന്ന മിണ്ടാപ്രാണികളാണവർ. ‘സഹനദാസൻ’ ‘സഹനദാസി’ എന്നതൊക്കെ വിശുദ്ധരാവാനുള്ള കത്തോലിയ്ക്കാ സഭയുടെ സർട്ടിഫിക്കറ്റുകളാണ്. സമയാസമയങ്ങളിലുള്ള കുർബ്ബാനകൾക്കും, പീഡാസഹനങ്ങൾക്കും, കുരിശിൻറെ വഴിയ്ക്കുമൊക്കെ മറുവിലയായിട്ട് സ്വർഗ്ഗരാജ്യം വാഗ്‌ദാനം ചെയ്യപ്പെടുന്നു. എന്തുകൊണ്ട് മതവിശ്വാസത്തിൻറെ പേരിൽ നടക്കുന്ന ഇത്തരം കൊള്ളരുതായ്മകൾക്കെതിരെ ശബ്ദിയ്ക്കുവാൻ ഇവിടുത്തെ പ്രബുദ്ധരെന്നു കരുതുന്ന പൊതു സമൂഹം ഇപ്പോഴും തയ്യാറാകുന്നില്ല ? മതവിശ്വാസങ്ങളുടെ കാര്യംവരുമ്പോൾ, മന്ദീഭവിച്ചു പോകുന്ന ബുദ്ധിയാണ് മലയാളിയുടേത്! പുരോഗമനം സെലക്ടീവായ കള്ളികളിൽ മാത്രം മതിയെന്നാണോ ?
വൈദികർ കന്ന്യാസ്ത്രീകളെ ശാരീരികമായി ഉപയോഗിക്കുന്നത് മഠങ്ങളിൽ രാത്രികാലത്ത് അന്തിയുറങ്ങിക്കൊണ്ടാണ്. കന്യാസ്ത്രീ മഠങ്ങൾ വേശ്യാലയങ്ങൾ ആയി തീരുന്നതിൻറെ നേർചിത്രം സന്ന്യസ്ത ജീവിതം ഉപേക്ഷിച്ചിറങ്ങി പോന്നവരുടെ വാക്കുകളിലൂടെ നമ്മൾ കേൾക്കുകയുണ്ടായി. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സെമിനാരിയിൽ പഠിക്കുമ്പോഴും, പിന്നീട് വൈദികരായി അജപാലനത്തിൽ മുഴുകിയപ്പോഴും സഭയ്ക്കുള്ളിൽ കാണാനിടയായ രതി വൈകൃതങ്ങളെക്കുറിച്ചുള്ള കഥകൾ അടുപ്പമുള്ളവരിൽ നിന്നും കേട്ട് ഞെട്ടിത്തരിച്ചു നിന്നു പോയിട്ടുണ്ട്. വൈദികരിൽ അറുപത് ശതമാനവും രഹസ്യമായ ലൈംഗിക ബന്ധം പുലർത്തുന്നവരാണ്. അതിൽ പലരുടെയും പങ്കാളികൾ കന്യാസ്ത്രീകളാണ്. മറ്റു ചില വൈദികർ പങ്കാളികളെ കണ്ടെത്തുന്നത് ഇടവകയിലെ വിശ്വാസികളായ സ്ത്രീകളിൽ നിന്നുമാണ്. കൗൺസലിങ് , കുമ്പസാരം, രോഗശ്രുശ്രൂഷ തുടങ്ങിയ പേരുകളിൽ തങ്ങളെ പതിവായി സമീപിക്കുന്നവരുടെ ശാരീരികാവശ്യങ്ങൾ നിറവേറ്റികൊടുത്തതാണ്! കത്തോലിക്കാ സഭാ ബ്രഹ്‌മചര്യം മുറുകെ പിടിക്കുന്നത് അതിൻറെ സാമ്പത്തിക വശം നോക്കിയാണ്. അങ്ങനെ ഒരു കൂട്ടം മനുഷ്യരുടെ ശാരീരിക തൃഷണകളെ അമർത്തിവെച്ചല്ല സഭയുടെ സ്വാർത്ഥതാല്പര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടത്!
നമുക്കെന്ത് ചെയ്യാനാകും, നിയമം മൂലം ഇതൊക്കെ നിരോധിയ്ക്കാനൊക്കുമോ എന്ന് നിങ്ങൾ ചോദിച്ചേയ്ക്കാം? മാറ്റം വരേണ്ടത് സമൂഹത്തിൻറെ കാഴ്ചപ്പാടിലാണ്. സിസ്റ്റർമാരോടും, പള്ളീലച്ചന്മാരോടുമൊക്കെ നമ്മുടെ കണ്ണുകളിലിപ്പോഴും തെളിയുന്നൊരു ആദരവുണ്ടല്ലോ, അവരെന്തോ വിശുദ്ധ ജീവിതം നയിക്കുന്നവരാണെന്ന അതാണ് മാറേണ്ടത്! പാവങ്ങൾ ശരിയ്ക്കും സഹതാപം അർഹിയ്ക്കുന്നവരാണ്! തിരിച്ചറിവില്ലാത്ത പ്രായത്തിൽ മറ്റെന്തൊക്കെയോ നിർബന്ധങ്ങളാൽ ഇതിലേയ്ക്ക് കാലെടുത്തു വെച്ചവരാണ്. ഇപ്പോളാകട്ടെ, തിരിച്ചു പോകാനാത്തവിധം ഇതിൽ കുടുങ്ങി പോയിരിക്കുന്നു. ആളില്ലാത്തതിനാൽ വിൽക്കാൻ വെച്ച പള്ളികളെക്കുറിച്ചുള്ള വാർത്തകൾ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഇടയ്ക്കിടെ വരാറുള്ളത് കണ്ടിട്ടില്ലേ? അവിടങ്ങളിലേയ്ക്കൊക്കെ കന്യാസ്ത്രീകളേയും, വൈദികരെയും കയറ്റുമതി ചെയ്യുന്ന സംസ്ഥാനം കൂടിയാണ് നമ്മുടേത്! നമ്മളാർജ്ജിച്ച സാമൂഹ്യ പ്രതിബദ്ധതയിലും, പുരോഗമന കാഴ്ച്ചപ്പാടിലും വന്നുപോയ വിള്ളലുകളെയാണ് അത് വെളിവാക്കുന്നത്. ഡിമാന്റില്ലാതായാൽ ഇത്തരം ആത്മീയ കച്ചോടങ്ങളെല്ലാം താനേ പൂട്ടിക്കോളും!
ഇപ്പോൾ സെമിനാരിയിലേക്ക് ഒരു വ്യക്തിയെ സ്വീകരിയ്ക്കുന്നത് 15’ആം വയസ്സിലാണ്, ചിന്തകൾക്ക് രൂപവും ഭാവവും ആർജ്ജിയ്ക്കാത്ത പ്രായത്തിൽ ഒരാളെ കൂട്ടിലടച്ച പക്ഷിയെ പോലെ വളർത്തി, നിരന്തരമായ മസ്‌തിഷ്‌ക്ക പ്രക്ഷാളനത്തിന് വിധേയമാക്കി, ‘തിയോളജി പഠനം’ എന്ന പേരിൽ എല്ലാ അസംബന്ധവും മണ്ടയിൽ കുത്തിക്കേറ്റി, മറ്റൊന്നിനും കൊള്ളാത്ത ആജ്ഞാനുവർത്തികൾ ആക്കി തീർക്കുകയാണ്. ഈ ആയുഷ്‌ക്കാല അടിമത്തത്തിന് ലഭിയ്ക്കുന്ന പ്രതിഫലമാണ്, മഠങ്ങളുടെ ഉയർന്ന മതിൽക്കെട്ടിനകത്തെ സുരക്ഷിതരാണെന്ന ബോധവും, താമസ-യാത്രാ-ഭക്ഷണ സൗകര്യങ്ങളും. ഇതിൽ നിന്നെന്നാണ് ഇനിയൊരു മോചനം? ആജീവനാന്ത ബ്രഹ്‌മചര്യം, സന്ന്യാസം എന്നതൊക്കെ സവിശേഷമായ ജീവിതാവസ്ഥയാണ്, അതുകൊണ്ടു തന്നെ 21 വയസ്സെങ്കിലും ആയ ശേഷം, സ്വമേധയാ മാത്രമേ ഇത്തരം കോൺവെന്റുകളിലേയ്ക്ക് പ്രവേശനം അനുവദിയ്ക്കാവൂ. ഇളം പ്രായത്തിൽ ആരെങ്കിലുമൊക്കെ റിക്രൂട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ, അത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പുകാരെ നിയമപ്രകാരം പ്രോസിക്യൂട്ട് ചെയ്ത് ജയിലിലടയ്ക്കണം.
ബാർബറാ സാസ് 2011’ൽ സംവിധാനം ചെയ്ത ‘സാത്താൻറെ നാമത്തിൽ’ In The Name Of The Devil എന്ന ചിത്രത്തിൽ കന്യാസ്ത്രീ മഠങ്ങളിൽ ദൈവവിശ്വാസത്തിൻറെ പേരിൽ നടമാടുന്ന കൊള്ളരുതായ്മകളും, ലൈംഗിക ചൂഷണങ്ങളുമെല്ലാം ചിത്രീകരിച്ചിരിയ്ക്കുന്നു. ദൈവത്തിൻറെ ആലയമെന്നു കരുതിപ്പോന്നിടത്ത് നടക്കുന്ന പേക്കൂത്തുകൾ കണ്ടു മനസ്സുമടുത്ത് ഇവിടെ ‘ദൈവം ഇല്ല’ എന്നുറക്കെ കരഞ്ഞുകൊണ്ട് സിസ്റ്റർ അന്ന ഓടി രക്ഷപ്പെടുന്നത് കാണുമ്പോൾ, കാണികളിൽ ആശ്വാസത്തിൻറെ നെടുവീർപ്പുയരും. ഇപ്പോഴും എത്രയോ അന്നമാർ ഓടി രക്ഷപ്പെടാനാകാതെ, ഒന്നുറക്കെ കരയാൻ പോലുമാകാതെ ആ മതിൽകെട്ടിനകത്ത് പെട്ടുപോയിട്ടുണ്ട്!
ഇനിയും നിങ്ങള് പറയൂ ദൈവത്തിന് വേണ്ടി സഹതപിക്കുകയും പീഢകൾ സഹിക്കുകയും ചെയ്യുമ്പോൾ സംതൃപ്‌തനാകുകയും, സന്തോഷിക്കുകയും ചെയ്യുന്നൊരു സാഡിസ്റ്റാണോ ദൈവം? പാഴായിപ്പോകുന്ന സഹനങ്ങൾ ഏറ്റുവാങ്ങുന്ന സ്ഥലങ്ങളാണ് കോൺവെന്റുകൾ എന്ന് പറയാൻ എനിയ്ക്ക് തെല്ലും സംശയവുമില്ല. മനുഷ്യസഹജമായ വൈകാരികതകൾ ഏറ്റെടുത്തു കൊണ്ട് ജീവിയ്ക്കാനാകട്ടെ. ഉള്ളു നിറഞ്ഞ സന്തോഷമാകണം ആത്മീയതയുടെ ലക്ഷണം
Advertisements