ഒരിക്കലും അങ്ങനെയുള്ളവരെ ഹൃദയങ്ങളുടെ സൂക്ഷിപ്പുകാരാക്കരുത്

0
145

Sudheesh KN

ജീവിതത്തിൽ നമുക്കുണ്ടാകുന്നതേറെയും പരിചയങ്ങളാണ്. തൊലിപ്പുറമെ മാത്രം ആഴമുള്ള ബന്ധങ്ങൾ. രണ്ടു നാൾ കാണാതിരുന്നാൽ, വിളിക്കാതിരുന്നാൽ മറവിയുടെ ആഴങ്ങളിലെങ്ങോ പോയ്മറയുന്ന ബന്ധങ്ങൾ. ഇതിനിടയിലെങ്ങോ ഹൃദയത്തിൽ കൂട്ടുകൂട്ടുന്നവരുമുണ്ട്. പോകെ പോകെ ജീവിതത്തിൻറെ ചൂടും വെളിച്ചവുമായി തീരുന്നവർ. രക്തബന്ധത്തേക്കാൾ പ്രിയപ്പെട്ടതാണ് ഹൃദയബന്ധങ്ങളെന്ന് സാന്നിദ്ധ്യത്താൽ ഓർമ്മപ്പെടുത്തുന്നവർ

തുടക്കത്തിൽ ഒരല്പം സംശയിച്ചു നിന്നേക്കാം, പിന്നീടെപ്പഴോ അവരെ പ്രതി നമ്മുടെ മനസ്സിൻറെ ആഴങ്ങളിലെങ്ങോ ഒരു trust രൂപപ്പെടുകയായി. വിയോജിപ്പുകൾ ഇല്ലാഞ്ഞല്ല, എല്ലാ കുറ്റങ്ങളോടും കുറവുകളോടും തന്നെ അവരെ ചേർത്തു പിടിക്കാനാകുമെന്ന് തോന്നുമ്പോൾ, ഹൃദയത്തിൻറെയേതോ കോണിൽ അവരെ ഇഷ്ടപ്പെട്ടു തുടങ്ങാനൊരു കാരണം കണ്ടെത്തുമ്പോൾ, ബന്ധങ്ങളിലേയ്ക്ക് പൂർണ്ണ മനസ്സോടെ ഇറങ്ങിച്ചെല്ലാനാകുമ്പോൾ, ജീവിതത്തിൻറെ നിമ്നോന്നതങ്ങളിലൂടെ അനുസ്യൂതം പ്രവഹിച്ചുകൊണ്ടിരിയ്ക്കുന്ന പുഴപോലെ ഒഴുകി തുടങ്ങുകയായി സൗഹൃദങ്ങളും

ചില ബന്ധങ്ങളാകട്ടെ ഇടയ്ക്കിടെ പറിച്ചു നടപ്പെട്ട ചെടിപോലെയാണ്! ഒരിടത്തും വേരുപിടിയ്ക്കാതെ, ഓരോ ചുവടിലും സംശയിച്ചു നിൽക്കുന്നവർ. സ്വന്തം ആവശ്യങ്ങൾക്കായി മാത്രം മറ്റുള്ളവരെ ഉപയോഗപ്പെടുത്തുന്നവർക്ക്, സൗഹൃദമെന്നത് ഒരു നയതന്ത്രമാണ്. സ്വന്തം താൽപ്പര്യങ്ങൾ നിറവേറാനുള്ള വഴിയിലെ ചുമടുതാങ്ങികൾ മാത്രമേ ആകൂ സുഹൃത്തുക്കൾ. മുകളിലേയ്‌ക്കെത്താനുള്ള വഴികളിലെ ചവിട്ടുപടികൾ. ഒരിയ്ക്കലെങ്കിലും നമ്മൾ ഉപയോഗിക്കപ്പെടുന്നൂവെന്ന തോന്നലുളവായിക്കഴിഞ്ഞാൽ, പിന്നെ ഒരു നിമിഷം പോലും വൈകരുത് ഇറങ്ങിപ്പോരാൻ

ഒരിക്കലും അങ്ങനെയുള്ളവരെ ഹൃദയങ്ങളുടെ സൂക്ഷിപ്പുകാരാക്കരുത്. അത്യാവശ്യ ഘട്ടങ്ങളിലെല്ലാം, അവരാ താക്കോൽ നഷ്ടപ്പെടുത്തും. അവരിൽ നിന്നെന്നും ഒരു കൈപ്പാടകലം സൂക്ഷിയ്ക്കുക. ദീർഘയാത്രയിൽ കണ്ടുമറന്ന മുഖങ്ങൾ പോലെ, പിന്നിൽ ഉപേക്ഷിക്കപ്പെടേണ്ടവരുണ്ടാകും .ജീവിതത്തിൻറെ വിശാലമായ വഴിത്താരകളിൽ ഇനിയും അനേകായിരങ്ങളെ നമ്മൾ കണ്ടുമുട്ടും. അറിയാനും പരിചയപ്പെടാനും സൗഹൃദത്തിലാകാനുമായി ഇനിയുമെത്രയോ പേര് നിങ്ങളെയും കാത്തിരിപ്പുണ്ട്. നടന്നു വന്ന വഴികളൊന്നും ഇവിടംകൊണ്ട് അവസാനിക്കുന്നില്ല… ദൂരങ്ങളിൽ ഇനിയുമെത്രയോ കാഴ്ച്ചകൾ നമുക്കായി ബാക്കിയാണ്