എന്താണ് അവൾ ചെയ്ത തെറ്റ് ? ബൈസെക്ഷ്വൽ / Queer ആയിരുന്നു എന്നതാണോ ?

161

അഞ്ജന ഹരിദാസ്, കണ്ണൂർ ബ്രണ്ണൻ കോളേജ് വിദ്യാർത്ഥി. ഇന്നലെ ഗോവയിൽ ആത്‍മഹത്യ ചെയ്തു. ഹാജർ കുറവായതിൻറെ പേരിൽ മാസങ്ങൾക്ക് മുമ്പ് കോളേജിൽ നിന്നും പുറത്താക്കി. കോളേജ് ഹോസ്റ്റലിലെ അമിതമായ നിയന്ത്രണങ്ങളേയും, പ്രാഥമിക സൗകര്യങ്ങൾ പോലുമില്ലാത്ത ശോചനീയ അവസ്ഥയെക്കുറിച്ചുമെല്ലാം പ്രതികരിച്ചതിലൂടെ ശ്രദ്ധിക്കപ്പെട്ടു. ബൈസെക്ഷ്വൽ ആയിരുന്നു. അതിൻറെ പേരിൽ വീട്ടുകാരാൽ അവഹേളിയ്ക്കപ്പെട്ടു. ട്രാന്സ്ജെന്ററുകളുടെ അവകാശങ്ങൾക്കായി വാദിയ്ക്കുന്ന സംഘടനകളുടെ ഭാഗമായി പ്രവർത്തിച്ചു. കഴിഞ്ഞ ഡിസംബർ മുതൽ വീട്ടുകാർ ബലം പ്രയോഗിച്ച് കോയമ്പത്തൂർ, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിലെ മാനസികകേന്ദ്രങ്ങളിലടച്ച് ഉയർന്ന ഡോസുകളിലുള്ള മരുന്ന് കുത്തിവെച്ചും മറ്റും ക്രൂരമായി പീഡിപ്പിച്ചു. ഒടുവിൽ സുഹൃത്തുകളുടെ പരാതിയെ തുടർന്ന് പോലീസ് ഹോസ്ദുർഗ്ഗ് കോടതിയിൽ ഹാജരാക്കുകയും, അവളുടെ ഇഷ്ടം മാനിച്ച് കോടതി സുഹൃത്തുക്കൾക്കൊപ്പം പോകാനനുവദിയ്ക്കുകയുമായിരുന്നു.


Sudheesh KN

എന്താണ് അവൾ ചെയ്ത തെറ്റ് ? ബൈസെക്ഷ്വൽ / Queer ആയിരുന്നു എന്നതാണോ ?

അതോ ‘അടക്കവും ഒതുക്കവും’ ഉള്ള പെൺകുട്ടി എന്ന ധാരണകളെ കാറ്റിൽപ്പറത്തി, താന്തോന്നിയായി ജീവിച്ചൂ എന്നതോ? ഈ ലോകം ഇങ്ങനെയും ചിലരെ കൂടി ഉൾക്കൊള്ളുന്നു! അവരുടെ സ്വപ്നങ്ങളെ, ജീവിയ്ക്കാനുള്ള അവകാശത്തെ ഞെരിച്ചു കളയരുത്. അവരുടെ വേറിട്ടുള്ള നിലനിൽപ്പിനെ മനോരാഗമായി വ്യഖ്യാനിക്കരുത്! അമിത സംരക്ഷണമെന്ന (Over Protection) കുടുംബചട്ടക്കൂട് ഏതൊരാൾക്കും സമ്മാനിയ്ക്കുന്നത് തടവറയിലെ ജീവിതാവസ്ഥയാണ്. അതിനെ ലംഘിച്ച് പുറത്ത് കടക്കാനുള്ള ചെറു അവസരങ്ങൾ പോലും അവർ അനുവദിയ്ക്കില്ല. ഫലമോ വ്യക്തികളെ ബലി കൊടുക്കലും. പതിനേഴ്/ പതിനെട്ട് വയസ്സാകുമ്പോഴേയ്ക്കും കുടുംബത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ച വ്യക്തികളായി തീരുന്ന അവസ്ഥയുണ്ടാകേണ്ടതില്ലേ?

കുടുംബത്തിൻറെ കെട്ടുപാടുകളില്ലാതെ സ്വന്തം ലൈംഗിക ചോദനകളുടെ സഫലീകരണവും, ആരെയും ആശ്രയിക്കാതെ സ്വന്തം കാലിൽ നിന്നു കൊണ്ട് ശാരീരികവും, മാനസികവും, സാമൂഹികവുമായ ആവശ്യങ്ങൾ നിറവേറാനും, ജീവിതം കെട്ടിപ്പടുക്കാനുമുള്ള സ്ഥിതി വരട്ടെ. അല്ലാത്ത പക്ഷം കുടുംബം ചിലരുടെയെങ്കിലും കാര്യത്തിൽ ഇതുപോലെ കൊലക്കയറാകാനാണ് സാദ്ധ്യത. ഒരു സംസ്ക്കാരത്തിൻറെ സൗന്ദര്യം നിലനിൽക്കേണ്ടത് അതിൻറെ വ്യക്തിപരതയിലും വ്യതിരിക്തതയിലുമാണ്.

ആർട്ട് ഗ്യാലറികളും, ഫിലിം ഫെസ്റ്റുകളും,ലിറ്ററേച്ചർ ഫെസ്റ്റുകളുമോക്കെ ഇഷ്ടപ്പെട്ട, പൊതു പരിപാടികളും, രാഷ്ട്രീയ-സാഹിത്യ സംവാദങ്ങളുമൊക്കെ ജീവിതത്തിൻറെ ഭാഗമായി കരുതിയ, ട്രാൻസ് ജെന്ററുകളുടെ അവകാശങ്ങൾക്കായി നിലകൊണ്ട ഒരു പെൺകുട്ടിയുടെ ജീവിതം ഇങ്ങനെ അകാലത്തിൽ പൊലിഞ്ഞു പോകേണ്ടതായിരുന്നോ? ഏതു പ്രതിസന്ധിയിലും ചേർത്തു പിടിക്കേണ്ടിയിരുന്നവർ, ഒപ്പമുണ്ടെന്ന് ആശ്വസിപ്പിക്കേണ്ടവരായ അമ്മയും ബന്ധുക്കളുമൊക്കെ തന്നെയല്ലേ അവളെ ഒറ്റപ്പെടുത്തിയതും മാനസികരോഗിയാക്കി സെല്ലിലടച്ചതും! കൂടെ നിൽക്കേണ്ടവർ തന്നെ കൂട്ടിലടയ്ക്കാൻ നോക്കുമ്പോൾ, ആ മനസ്സ് എന്തുമാത്രം മുറിഞ്ഞിരിയ്ക്കും?

2019 മെയ് മാസം അവളെഴുതിയ ഈ കുറിപ്പിലെ വരികൾ തന്നെ അതു വ്യക്തമാക്കുന്നുണ്ട്. “നിങ്ങളെൻറെ മരണവാർത്ത കേട്ടുകൊണ്ട് ഉറക്കമുണരും കഴിഞ്ഞദിവസവും വിളിച്ചതാണല്ലോ എന്തുപറ്റിയെന്ന് നിങ്ങളപ്പോൾ ആലോചിയ്ക്കാൻ തുടങ്ങും.മോർച്ചറിയിൽ പൂർണ്ണ നഗ്നയായി കിടക്കുന്ന എൻറെ മരവിച്ച ഇടതു കൈത്തണ്ടയിലെ പോറലുകൾ കണ്ട് ഡോക്ടർ ഞെട്ടും
ഇത്ര ചെറിയ മുറിവിൽ നിന്ന് രക്തംവാർന്നാണോ ജീവൻ പോയതെന്നത്ഭുതപ്പെടും മനസ്സിലെ ആഴമേറിയ മുറിവിൽ നിന്നും രക്തം വാർന്നാണ് ഞാൻ മരിച്ചതെന്ന് ആരു പറയും ? “