ഇന്നോളമുള്ള ആത്മീയ അന്വേഷണങ്ങളെല്ലാം ശരീര കാമനകളെ നിഷേധിയ്ക്കുന്നതായിരുന്നു!

50
Sudheesh KN
ഇന്നോളമുള്ള ആത്മീയ അന്വേഷണങ്ങളെല്ലാം ശരീര കാമനകളെ നിഷേധിയ്ക്കുന്നതായിരുന്നു! ഉടലിന്റെ ഉണർച്ചകളെ അത്രമേൽ ഭയപ്പെടുംപോലെ! പ്രണയത്തെ, ലൈംഗികതയെ അതെന്നും പടിയ്ക്ക് പുറത്താക്കി. വിലക്കപ്പെട്ട ആ കനി തിന്നതു കൊണ്ടാണല്ലോ ഏദനിൽ നിന്ന് ആദവും ഹൗവ്വയും പുറത്താക്കപ്പെട്ടതു തന്നെ!
നൂറ്റാണ്ടുകളായി സ്വയം വന്ധ്യംകരണത്തിന് വിധേയരായ മനുഷ്യർ പാർക്കുന്ന ഇടങ്ങളായി കോൺവെന്റുകളും, കന്യാസ്ത്രീ മഠങ്ങളും, സന്ന്യാസ ആശ്രമങ്ങളുമൊക്കെ!
മനം മടുപ്പിയ്ക്കുന്ന മൗനത്തിന്റെയും, സഹനത്തിന്റെയും, ശൂന്യതാബോധത്തിന്റെയും ആവാസകേന്ദ്രങ്ങളാണത്. അവിടെങ്ങും നിങ്ങൾക്ക് ദൈവത്തെ കണ്ടുകിട്ടില്ല!
‘ദൈവം സ്നേഹമാണ്’ എന്ന് പറഞ്ഞപ്പോൾ ജീസസ് എന്താകും അർത്ഥമാക്കിയത്?
പരസ്പരം സ്നേഹിയ്ക്കുമ്പോഴാണ് ‘ദൈവികത’യെന്തെന്ന് നമ്മളറിയുക! അല്ലെങ്കിൽ തിന്നും കുടിച്ചും കഴിയാനായി വിധിയ്ക്കപ്പെട്ട ജന്മങ്ങൾ മാത്രമാകും നമ്മൾ
മനസ്സിൽ സന്തോഷമില്ലാത്തൊരാൾക്കും ആത്മീയതയുടെ ആഴങ്ങൾ വെളിപ്പെടില്ല. തികഞ്ഞ മനഃപ്രസന്നതയാകും അതിന്റെ ലക്ഷണം. ആഗ്രഹിച്ചത് കൈവരുമ്പോൾ തോന്നുന്നതായ സന്തോഷത്തേക്കാൾ, ഒരുപടി കൂടെ ഉയർന്ന ആനന്ദം ആണ് അതിന്റെ മാനം
മനുഷ്യസഹജമായ ഇന്ദ്രിയാനുഭവങ്ങളെ ഏറ്റെടുക്കുന്നതിലൂടെയേ ഏദനിലേയ്ക്കുള്ള ആ വാതിലുകൾ തുറക്കപ്പെടൂ!മനുഷ്യാസ്തിത്വത്തിന്റെ സാരവത്തായ മാനമെന്ന നിലയിൽ വേണം ‘കാമം’ ജീവിതത്തിൽ സാക്ഷാത്ക്കരിക്കപ്പെടാൻ. അതിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്ക്കാരമാണ് പ്രണയം!
അതൊഴിച്ചു നിർത്തിക്കൊണ്ടുള്ള എല്ലാ സത്യാന്വേഷണങ്ങളും അപൂർണ്ണമാണ്! അത്തരം എല്ലാ കണ്ടെത്തലുകളും ജീവിതത്തെ ഏകതാനമാക്കും! ചോർന്നു പോകുക ജീവിതത്തിന്റെ ചൊടിയും, ചുണയും, പ്രസരിപ്പുമാകും!
‘മനുഷ്യൻ’ കേവലം സ്‌ത്രീത്വമോ, പുരുഷത്വമോ മാത്രമല്ല. സ്ത്രീപുരുഷ സമ്മിളിതമാണ് മനുഷ്യാസ്തിത്വം. ഒരു സംസ്ക്കാരം സുന്ദരമാകുക അത് ‘ഉഭയലിംഗാത്മക’ മാകുമ്പോഴാണ്. അതിനിടയാക്കുന്ന പശിമ ശക്തിയാണ് (glue factor) ആണ് പ്രണയം! അതിനെ മാറ്റിവെച്ചുകൊണ്ടുള്ള എല്ലാ ആത്മീയ അന്വേഷണങ്ങളും, ഒറ്റ ചിറകിനാൽ പറക്കാൻ ശ്രമിയ്ക്കും പോലെയാണ്!
പ്രണയം കൊണ്ടും, സ്‌നേഹം കൊണ്ടും തുടിയ്ക്കുന്ന ഒരു പുതിയ സംസ്കാരം ഉരുവം കൊള്ളേണ്ടതുണ്ട്. ജീവിതം തന്നെയാണ് ലക്ഷ്യവും മർഗ്ഗവും. ആത്മീയതയെ ഏതോ അലൗകികമായ മായികാനുഭവത്തിനു വേണ്ടിയുള്ള കാത്തിരിപ്പാക്കാതെ സ്വന്തം നിലനിൽപ്പിന്റെ ആഴമായി വേണം മനസ്സിലാക്കാൻ. ആത്മ സത്തയുടെ ആവിഷ്ക്കാരത്തിലൂടെയാകണം ആ പടവുകൾ കയറാൻ. ഈ ആത്മീയത സംഗീതത്തിലൂടെയും, നൃത്തത്തിലൂടെയും, യാത്രകളിലൂടെയും, മണ്ണിൽ പണിയെടുക്കുന്നതിലൂടെയുമൊക്കെ ഉരുവം കൊള്ളട്ടെ..
പഴമയുടെ പൊടിപിടിച്ച താളിയോലക്കെട്ടുകളിലും, മതപരമായ ആചാരാനുഷ്‌ഠാനങ്ങളിലും, മിത്തുകളിലുമല്ല നമ്മൾ ജീവിതരഹസ്യങ്ങൾ തേടി പോകേണ്ടത്! ഈ ഭൂമിയിലെ ശിഥിലമായി പൊയ്ക്കൊണ്ടിരിയ്ക്കുന്ന സ്‌നേഹബന്ധങ്ങളിലെ സാന്നിദ്ധ്യമോ അസാന്നിദ്ധ്യമോ ഒക്കെയായാകും അതു മറ നീക്കി വെളിപ്പെടുക സ്നേഹത്തെയും, സൗഹൃദത്തെയും, സൗന്ദര്യത്തെയും പ്രതിയുള്ള അനുഭൂതികളിലാകും ജീവിതത്തിന്റെ അർത്ഥം ഒളിഞ്ഞിരിക്കുന്നത്!