പരസ്പര സ്നേഹത്തിൽ നിന്നും ഉടലെടുക്കുന്നതായ എല്ലാ ലൈംഗിക ബന്ധവും ധാർമ്മികമാണോ ?

131

Sudheesh KN

നാഥന് ദീപ്തി മറ്റേതൊരു സ്ത്രീയേയും പോലെ തന്നെ… അയാളുടെ ലോകത്തിൽ പെണ്ണുങ്ങൾ ഓരോരുത്തരായി വരും പോകും.. എന്നാൽ എന്തുകൊണ്ടാണ് നാഥൻ പറഞ്ഞിട്ടും അവൾ ഇറങ്ങിപ്പോകാതിരുന്നത്? വാതിൽ തുറന്നു തന്നെ കിടക്കുകയായിരുന്നില്ലേ? ഒരവസരത്തിൽ അവൾ ചോദിയ്ക്കുന്നുണ്ട് – എന്തിനാണയാൾ തന്നെ നശിപ്പിച്ചതെന്ന്? എന്നാൽ, എന്തിനാൽ പ്രേരിതയായിട്ടാണ് അവൾ ആ പാപത്തിൽ പങ്കാളിയായത്?

ദീപ്തി പ്രസവിച്ചത് തന്റെ കുട്ടിയാണെന്ന് ബേലയിൽ നിന്നറിഞ്ഞപ്പോൾ മുതൽ അയാളുടെ ലോകം കീഴ്മേൽ മറിഞ്ഞു. വരണ്ടുപോയ സൈദ്ധാന്തികന്റെ ലോകത്തു നിന്നും, സ്നേഹത്തിന്റെ താരള്യത്തിലേക്കുള്ള പറിച്ചു നടൽ. എന്തോ നഷ്ടപ്പെട്ടവനെപ്പോലെ അയാൾ അലഞ്ഞു. അവളുടെ സാമീപ്യത്തിനായി കൊതിയ്ക്കുന്നു

എന്നാൽ ദീപ്തിയോ? മാനസികരോഗാശുപത്രിയിൽ നിന്നും തിരികെയെത്തിയ അവൾ നാഥന്റെ നിഴലിനെപ്പോലും വെറുത്തു. അതവൾക്ക് ഭർത്താവിനോടുള്ള വിശ്വാസത്തിന്റെ ഭാഗമാകാം. സത്യത്തിൽ ഇതു നാഥനോട് ഉള്ളിലുള്ള സ്നേഹത്തിൽ നിന്നും ഉടലെടുത്ത വെറുപ്പാണ്! താൻ ആ സ്നേഹത്തിന് അടിപ്പെട്ടുപോയേക്കുമോ എന്നവൾ ഭയന്നു… പക്ഷേ നാഥൻ അവളെ തേടി ഫ്ലാറ്റിലെത്തുന്നു. അവൾ ദൈവങ്ങളുടെ ചില്ലിട്ടുവെച്ച ചിത്രങ്ങളെല്ലാം വലിച്ചിട്ടുന്നു. ഉടഞ്ഞൊരു ചില്ലുകഷണം തുണിയിൽ ചുറ്റി എടുത്തു വെയ്ക്കുന്നു. ഒരു ദിവസം അവൾ നാഥന്റെ ഫ്ലാറ്റിലെത്തുന്നു. കൊല്ലാനായാണ് അവൾ എത്തിയത് – എന്നലവർ തമ്മിൽ കണ്ടപ്പോൾ – രണ്ടു മനസ്സുകളുടെ തിരയിളക്കം, വൈകാരിക ഇരമ്പലുകൾ ഒന്നായി – ഒരേ കടലായി. കൊല്ലാൻ കരുതിയ ചില്ലുകത്തി ഊർന്നു വീഴുന്നു… അവൾക്ക് ഒരപേക്ഷയേ ഉണ്ടായിരുന്നുള്ളൂ തന്നെ തിരികെ അയക്കരുതെന്ന്!

സ്നേഹനിരാസമാണ് അവളെ അവളല്ലാതാക്കിയത്. അത് സാധൂകരിയ്ക്കാൻ അവളുടെ ചെറുപ്പത്തിലേയ്ക്ക് സിനിമ പോകുന്നുണ്ട്. ഹൈസ്‌കൂളിൽ പഠിയ്ക്കുന്ന കാലത്തെങ്ങോ അവളുടെ മനസ്സ് വഴുതിപ്പോകുന്നു. അതിനു കാരണവും സ്നേഹനിരാസമാണ്. വിവാഹശേഷമോ? അവിടെയും അവളുടെ സ്പർശനത്തിന്റെ ഇന്ദ്രിയതാളം ഭർത്താവ് തിരിച്ചറിയുന്നില്ല. അയാളുടെ മനസ്സ് ജോലിയുടെയും, വീട്ടുവാടകയുടെയും ഭാരത്താൽ തളർന്നു കിടക്കുകയായിരുന്നു. അവൾ തിരിഞ്ഞു കിടക്കേണ്ടി വന്നു
നാഥനിലൂടെ അവൾക്ക് അവളെത്തന്നെ തിരിച്ചു കിട്ടുകയായിരുന്നു.. സ്നേഹം എല്ലാ പാപ ബോധങ്ങളെയും ഇല്ലാതാക്കുന്നു… സദാചാരത്തിന്റെ മതിൽക്കെട്ടുകൾ ഇടിഞ്ഞു വീഴുന്നു.. ജീവിയ്ക്കുകയെന്നാൽ, എല്ലാം മറന്ന് സ്നേഹിക്കുകയെന്നാണർത്ഥം
നാഥന്റെയും ദീപ്തിയുടെയും പ്രണയത്തിന്റെ ബലാബലം. അതിന്റെ തീവ്ര സംഘർഷമാണ് സിനിമ. വൈകാരിക വേലിയേറ്റങ്ങൾ ഇരമ്പുന്ന രണ്ട് കടലുകളുടെ സംഗമം…ദീപ്തിയുടെ ഭർത്താവ് അതെങ്ങനെ താങ്ങും എന്നത് ആ ഫ്രെയിം’നു വെളിയിലുള്ള ചോദ്യമാണ്

ഭർത്താവിനോടുള്ള ഇഷ്ടക്കുറവാണ് അവളെ നാഥനു വഴങ്ങാൻ പേരിപ്പിച്ചതെന്നു കരുതാൻ ന്യായമില്ല. ഇവിടെയാണ് സ്നേഹത്തെക്കുറിച്ചുള്ള ദാർശനികപരമായ സംവാദമായി ഒരേകടൽ വികസിക്കുന്നതും? എന്താണ് സന്മാർഗം? എന്താണ് അസന്മാർഗം? ഒരു അസന്മാർഗ്ഗി എല്ലാ മനുഷ്യനിലും ഉണ്ടെന്നു ആന്ദ്രെ ഷീദ് പറഞ്ഞതോർക്കുന്നു!

അതിനോട് ചേർത്തു വെച്ച് വായിക്കേണ്ടതാണ്, പരസ്പര സ്നേഹത്തിൽ നിന്നും ഉടലെടുക്കുന്നതായ എല്ലാ ലൈംഗിക ബന്ധവും ധാർമ്മികമാണെന്നത്. ഒപ്പം, സ്നേഹ ശൂന്യമായ ലൈംഗികത, (ഒരുവേള വിവാഹിതരെങ്കിൽ കൂടി) അധാർമ്മികവുമാണെന്ന നിരീക്ഷണം! എന്താകണം ലൈംഗികബന്ധത്തിന്റെ മൗലിക പ്രമാണം? അഥവാ ആങ്ങനെയൊന്നുണ്ടോ? സ്‌നേഹത്തിനു വിധേയമായ എല്ലാ ലൈംഗികബന്ധവും ധാർമ്മികം തന്നെ എന്ന തീർപ്പിലേയ്ക്കാവും അതു നമ്മെ നയിക്കുക