ജീവിതത്തെ ഉള്ളിൽ നിന്നും കാർന്നു തിന്നുന്ന മഹാരോഗം കാൻസറോ, എയ്ഡ്‌സോ ഒന്നുമല്ല, പതിയെ പതിയെ ജീവിതത്തിൽ പിടിമുറുക്കുന്ന വിരസതയാണ്

0
109

Sudheesh KN

ജീവിതത്തെ ഉള്ളിൽ നിന്നും കാർന്നു തിന്നുന്ന മഹാരോഗം കാൻസറോ, എയ്ഡ്‌സോ ഒന്നുമല്ല, പതിയെ പതിയെ ജീവിതത്തിൽ പിടിമുറുക്കുന്ന വിരസതയാണ്‌, എന്തെന്നില്ലാത്ത നിരർത്ഥകതാ ബോധമാണ്‌.അടുക്കളയിലും, ഓഫീസിലുമെല്ലാം നിത്യവും ഒരേ പണി തന്നെ ചെയ്യേണ്ടി വരുമ്പോൾ തോനുന്നയാ മുഷിച്ചിലില്ലേ? ഒന്നും പ്രതീക്ഷിയ്ക്കാനില്ലാതെ, ഒരേ അച്ചിൽ വർത്തെടുക്കപ്പെട്ട ദിനങ്ങളുടെ തനിയാവർത്തനങ്ങൾ. എല്ലാം ഇട്ടെറിഞ്ഞ്‌ എങ്ങോട്ടെങ്കിലുമൊന്ന്‌ ഓടി പോയാലോ എന്ന് എത്ര തവണ തോന്നി കാണും! അങ്ങനെ എവിടേക്കെങ്കിലും ഓടി പോയാൽ തീരുന്നതാണോ നമ്മുടെ പ്രശ്‌നങ്ങൾ? ഊരിപ്പോരാനാകാത്ത ചൂണ്ടകൊളുത്തുകളിൽ കുടുങ്ങിപ്പോയ ജീവിതങ്ങളാണ് നമ്മുടേത്. വേദനിച്ച് പുളയുമ്പോഴും അദൃശ്യമായ അനേകം ഈർപ്പകണ്ണികളാൽ കൊരുക്കപ്പെടും
ഏതു കാര്യവും തുടർച്ചയായി ചെയ്തുകൊണ്ടിരുന്നാൽ മടുപ്പുളവാകും. അതുകൊണ്ടു തന്നെ ഇടയ്ക്കൊരു ‘Break’ ആവശ്യമാണ്‌. ‘വിശ്രമം’ എന്നതു വെറുതെയിരിക്കുക എന്ന അർത്ഥത്തിൽ മാത്രം കാണേണ്ടതല്ല. ഇതുവരെ ചെയ്‌തു വന്ന ശ്രമങ്ങളുടെ ഗതി മാറ്റുകയെന്നതും കൂടിയാണത്‌. മെനക്കെട്ടു പഠിക്കുന്നതിനിടെ ഇടയ്ക്കെണീറ്റ്‌ പോയി ഒരു പാട്ടു കേട്ടു വന്നാൽ തോനുന്ന ഉണർവ്വില്ലേ? ഇടയ്ക്കൊക്കെ ‘track change’ ആവശ്യമല്ലേ? അതു നമ്മെ പൂർവ്വാധികം ഊർജ്‌ജസ്വലതയോടെ ചെയ്യുന്ന ജോലിയിലേക്ക്‌ തിരിച്ചെത്താൻ സഹായിച്ചെന്നിരിക്കും .‘അമ്മേ ഇന്നും ബ്രെഡാണോ’ എന്നു മുഖം കോട്ടി കൊണ്ട്‌ മക്കൾ ചോദിക്കാറില്ലേ? രുചികൾക്കു മാത്രമല്ല… ദിവസങ്ങൾക്കും പുതുമ കണ്ടെത്താനാകണം. അതിനു പക്ഷേ പതിവു വഴികളിൽ നിന്നും വിട്ടു നടക്കാനാകണം
ഉള്ളിലെ കുഞ്ഞു കുഞ്ഞു താൽപ്പര്യങ്ങളെയൊക്കെ പൊടിതട്ടിയെടുത്ത് അതിൽ മുഴുകിയിരിക്കാനായെങ്കിൽ? എന്നോ പടിയിറങ്ങിപ്പോയ ആഹ്ലാദമൊക്കെയും തിരികെ വരുന്നതു കാണാം.ജീവിതത്തെ സ്നേഹിക്കണമെങ്കിൽ ഞാൻ നോക്കിയിട്ട് ഒറ്റവഴിയേ ഉള്ളൂ…. ഇഷ്‌ടപ്പെടുവാൻ ഒരുപാടൊക്കെ ഉണ്ടായിരിക്കണം!

ps: പതിനൊന്നു മണി നേരമാകുമ്പോൾ, പേരറിയാത്ത ഏതൊക്കെയോ കുഞ്ഞിക്കിളികളെത്തും.. ആ കളകളം പറച്ചിലുകേട്ട് തൊടിയിലൂടെ നടക്കെ തിരയടിക്കുമൊരായിരം ചിന്തകൾ… വെയിൽ നാളങ്ങൾ മിറ്റത്തു കോലം വരയ്ക്കെ നിങ്ങളുമതു നോക്കി നിന്നിട്ടുണ്ടാവില്ലേ?