അധികാരത്തിനു മുന്നിൽ നട്ടെല്ല് വളയ്ക്കാൻ തയ്യാറില്ലാത്ത കോടിക്കണക്കിന് ഇന്ത്യക്കാരുടെ ശബ്ദമായതു കൊണ്ടാണോ, സഞ്ജീവ് ഭട്ടിന്റെ വായ മൂടികെട്ടാൻ നോക്കുന്നത്?
2002’ൽ മോദി വിളിച്ചു കൂട്ടിയ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ്, കലാപകാരികൾക്കെതിരെ 72 മണിക്കൂർ നേരത്തേയ്ക്ക് പോലീസ് യാതൊരു ആക്ഷനും എടുക്കരുത് എന്നു നിർദ്ദേശിച്ചത്! തെരുവിൽ നിരപരാധികളായ മുസ്ലിങ്ങളെ ഹൈന്ദവ വർഗ്ഗീയവാദികൾ ചുട്ടുകൊല്ലുമ്പോൾ, ഒരു സംസ്ഥാനത്തെ പോലീസ് സംവിധാനമാകെ കൈയ്യും കെട്ടി നോക്കി നിൽക്കുകയായിരുന്നു!
എത്രകാലം രാജ്യം ഭരിച്ചാലും, ഏതൊക്കെ പുണ്യനഗരികൾ സന്ദർശിച്ചാലും, നിങ്ങളുടെ കൈകളിൽ പറ്റിപ്പിടിച്ച രക്തക്കറകൾ മായ്ക്കുവാനാകില്ല. ഇന്ത്യൻ ജനാധിപത്യത്തിനേറ്റ കളങ്കമായി അതെന്നും ചരിത്രത്താളുകളിലുണ്ടാകും. മാനവികതയിൽ വിശ്വാസമൂന്നിയൊരു സമൂഹം ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ അവശേഷിയ്ക്കുവോളം, ഗുജറാത്ത് കലാപത്തിന്റെ സൂത്രധാരകനായ മോദിയ്ക്ക് മാപ്പു നൽകപ്പെടില്ല. നിങ്ങളുടെ കൈകൾ സഹജീവികളുടെ രക്തം പുരണ്ടതാണെന്ന് കാലം വിളിച്ചു പറയും
ഗുജറാത്ത് കലാപത്തില് നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും പങ്കുണ്ടെന്ന് കാണിച്ച് സുപ്രീംകോടതിയില് സത്യവാങ്മൂലം നൽകിയതിന്റെ പ്രതികാരമായാണ്, അനുമതിയില്ലാതെ അവധിയെടുത്തു എന്ന നിസ്സാര കാരണം പറഞ്ഞ് 2015ല് സഞ്ജീവ് ഭട്ടിനെ ഐ.പി.എസിൽ നിന്നും പിരിച്ചു വിട്ടത്!
അതിനുശേഷമാണ് അയാൾ സോഷ്യൽ മീഡിയയിലൂടെ ബി.ജെ.പിയേയും സംഘപരിവാറിനെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയത്. മോദിയുടേയും, കേന്ദ്രസർക്കാർ നയങ്ങളുടേയും പൊള്ളത്തരം തുറന്നുകാട്ടുന്ന അദ്ദേഹത്തിന്റെ പരിഹാസരൂപേണയുള്ള പോസ്റ്റുകൾക്ക് കിട്ടിയ സ്വീകാര്യത ബി.ജെ.പി നേതൃത്വത്തെ അത്രമാത്രം അസ്വസ്ഥമാക്കിയിരുന്നു. നോട്ട് നിരോധനവും, ജി.എസ്.ടിയും, പെട്രോൾ വില വർദ്ധനയേയും വിമർശിച്ചുകൊണ്ടുള്ള ആ ട്രോളുകൾ രാജ്യം ഏറ്റെടുത്തു.. മോദിയെ ചൊടിപ്പിച്ചതും അതാണ്!
എഴുത്തുകാരനായ അശോക് സെയിൻ ആ അറസ്റ്റിനോട് പ്രതികരിച്ചതിങ്ങനെയാണ്,
“മോദിയുടെ ഫാസിസ്റ്റ് നയങ്ങളെ വിമർശിയ്ക്കുന്ന ആരും നിശ്ശബ്ദരാക്കപ്പെടും. ഇന്ന് സഞ്ജീവ് ഭട്ടിന്റെ ഊഴമാണ്. ഓർക്കുക, നാളെയത് നിങ്ങൾക്ക് നേരെ വരും. നിങ്ങൾക്ക് വേണ്ടി സംസാരിയ്ക്കാൻ ആരുമപ്പോൾ ബാക്കിയുണ്ടാവില്ല.”
അനുസരണയുടെ വിധേയത്വത്തിന്റെ ഒരു ലോകക്രമമാണ് അധികാരശക്തികളെന്നും ആഗ്രഹിക്കുന്നത്.. നമ്മുടെ മൗനം അതിനുള്ള സമ്മതപത്രമാകും!
കഴിഞ്ഞ 20 മാസമായി അയാൾ ജയിലിലാണ്. സത്യം വിളിച്ചു പറഞ്ഞതിന് സത്യസന്ധനായ ഒരുദ്യോഗസ്ഥൻ അനുഭവിയ്ക്കേണ്ടി വന്ന ശിക്ഷ! ഇതേവരെ ജാമ്യം അനുവദിച്ചില്ല. ജാമ്യമാണ് നിയമമെന്നും, ജയിൽ അപവാദമാണെന്നുമാണ് (Bail is the rule, jail is the exception) നമ്മുടെ നിയമവ്യവസ്ഥയുടെ അടിസ്ഥാന പ്രമാണങ്ങളിലൊന്ന്! എന്നിട്ടും സഞ്ജീവ് ഭട്ട് എവിടെയാണെന്ന് പോലും ആർക്കും അറിഞ്ഞുകൂടാത്ത സാഹചര്യമാണുള്ളത്!
ഭരണകൂടം തെറ്റ് ചെയ്യുമ്പോൾ, എതിർക്കാതിരുന്നാൽ, ജനാധിപത്യത്തിന്റെ അന്ത്യമണിയാകും മുഴങ്ങുക! അതുണ്ടാകാതിരിയ്ക്കട്ടെ.. രാജ്യമൊന്നാകെ സഞ്ജീവ് ഭട്ടിന് നീതി കിട്ടാനായി തെരുവിലിറങ്ങേണ്ട സന്ദർഭമാണിത്. അവസാനമായി, സഞ്ജീവ് ഭട്ട് അറസ്റ്റിലായ വേളയിൽ അദ്ദേഹത്തിന്റെ ഭാര്യ ട്വിറ്ററിൽ കുറിച്ച ഗാന്ധിയുടെ വാക്കുകൾ ആവർത്തിയ്ക്കട്ടെ,
“ഏകാധിപതികളും, കൊലയാളികളും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്, പക്ഷേ ഒരുനാൾ അവർ കെട്ടിപ്പൊക്കിയ സാമ്രാജ്യങ്ങൾ തകരുക തന്നെ ചെയ്യും!”