എല്ലാ പരിമിതികളോടെയും അവനവനെ ഉൾക്കൊള്ളാനാകുമ്പോൾ മാത്രമേ സ്വാസ്ഥ്യം അനുഭവപ്പെടൂ

0
72

Sudheesh KN

ചെറുപ്പം മുതലേ പുസ്തകങ്ങളുമായി ചങ്ങാത്തം കൂടിയയാളാണ് ബ്രൂസ്‌ലി. ബുക്ക് ഷോപ്പുകളിലെ നിത്യ സന്ദർശകൻ. സ്വന്തമായി സെക്കന്റ് ഹാന്റ് പുസ്തകശാല തുടങ്ങണമെന്ന മോഹം ഒരുപാട് കാലം ഉള്ളിൽ കൊണ്ടുനടന്നയാൾ. പരിശീലനത്തിനിടെ നട്ടെല്ലിന് പരുക്കേറ്റ് ശയ്യാവലംബിയായ നാളുകളെ അയാൾ അതിജീവിച്ചത് ജിദു കൃഷ്ണമൂർത്തിയുടെ കംപ്ലീറ്റ് വർക്ക്‌സിന്റെ വായനയിലൂടെയാണ്. അയാളിലൊരു യോദ്ധാവും, ഫിലോസഫറും ഒന്നിയ്ക്കുന്നതു കാണാം

‘സെൻ ഇൻ ദി മാർഷ്യൽ ആർട്‌സ്‌’ എന്നൊരു പുസ്‌തകമുണ്ട്‌. ന്യൂയോർക്ക്‌ ഹെറാൾഡ്‌ ട്രിബ്യൂണിൽ കോളമെഴുതിയിരുന്ന ജോ ഹ്യാംസിന്റെ ആയോധനകലകളെക്കുറിച്ചുള്ള അന്വേഷണങ്ങളാണതിൽ പരിശീലിക്കുന്ന കളരിക്ക്‌ ‘ദോജോ’ എന്നു പറയും. ദോജോ ഈ പ്രപഞ്ചത്തിന്റെ ഒരു മിനിയേച്ചർ പതിപ്പാണ്‌. നമ്മുടെ ഭയങ്ങൾ, ഉത്കണ്ഠകൾ, പ്രതികരണങ്ങൾ എന്നിങ്ങനെ നാം നിത്യവും എതിരിടുന്ന ലോകം തന്നെ. അവിടെ നാം നേരിടുന്ന എതിരാളി വാസ്‌തവത്തിൽ നമ്മെ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കുന്ന പങ്കാളിയാണ്‌. ഉള്ളിൽ നാം അഭിമുഖീകരിക്കുന്ന സംഘർഷങ്ങളെ ഫലപ്രദമായി നേരിടാൻ അതു നമ്മെ പ്രാപ്‌തരാക്കും. സ്വയം മനസ്സിലാക്കൽ തന്നെയായി മാറുകയാണ് മാർഷ്യൽ ആർട്‌സ്‌ പഠനം. ബ്രൂസ്‌ലി അപൂർവ്വം ചിലർക്ക്‌ സ്വകാര്യമായി പരിശീലനം നല്കിയിരുന്നു. ഹ്യാംസിന്റെ അപേക്ഷ ബ്രൂസ്‌ലി സ്വീകരിച്ചു. അവർ തമ്മിൽ ആദ്യം കണ്ടപ്പോൾ,
‘എത്രകാലം പഠിച്ചിട്ടുണ്ട്‌’
‘കുറച്ചുകാലം’
‘പഠിച്ചതെല്ലാം മറക്കേണ്ടിവരും! എന്നാലേ പുതിയതിന്‌ ഇടം കണ്ടെത്താനാകൂ.’
ബ്രൂസ്‌ലിയുടെ മുറിയിൽ ഇംഗ്ളീഷിലും ചൈനീസിലുമുള്ള ദാർശനിക ഗ്രന്ഥങ്ങളായിരുന്നു. സെൻബുദ്ധിസം അനുസരിച്ചുള്ള ജീവിതരീതിയും തത്വചിന്തയും ബ്രൂസ്‌ലിയുടെ ജീവിതത്തിന്റെ അന്തർധാരയായിരുന്നു. ഒരിക്കൽ അദ്ദേഹം മറ്റാർക്കുമറിയാത്ത സ്വന്തം പരിമിതികളെക്കുറിച്ച്‌ വെളിപ്പെടുത്തി,

“എന്റെ വലതുകാലിന്‌ ഒരിഞ്ചു നീളം കുറവാണ്‌, കാഴ്ച്ചക്കും കുഴപ്പമുണ്ട്‌. കുട്ടിക്കാലം മുതലേ കോണ്ടാക്‌റ്റ്‌ ലെൻസ്‌ ഉപയോഗിക്കുന്നു. അടുത്തെത്തുമ്പോഴേ ആളെ കാണാനാവൂ. ശരീരം ചെറുതാണ്‌, സിനിമയിൽ ഒരു ഹീറോയ്ക്കുവേണ്ട ആകാരസൌഷ്ഠവമില്ല. ഇംഗ്ളീഷും കഷ്‌ടിയാണ്‌.“

തുടർന്നു പറഞ്ഞു… ‘കഴിഞ്ഞ കുറേയധികം വർഷങ്ങളായി ഞാൻ സിനിമയെക്കുറിച്ചു പഠിക്കുകയാണ്‌. എന്റെ കഴിവുകൾ എന്റെ പരാധീനതകളേക്കാൾ എത്രയോ വലുതാണെന്ന നിശ്ചയമുണ്ട്‌ ‘
എല്ലാ പരിമിതികളോടെയും അവനവനെ ഉൾക്കൊള്ളാനാകുമ്പോൾ മാത്രമേ സ്വാസ്ഥ്യം അനുഭവപ്പെടൂ. സ്വന്തം പരിമിതികളോർത്ത്‌ ഭ്രാന്തെടുക്കുകയല്ല, മറിച്ച്‌ സ്വന്തം കഴിവുകളെ ക്ഷമയോടെ വളർത്തികൊണ്ടുവരികയാണാവശ്യം – ബ്രൂസ്‌ലിയുടെ ജീവിതം അതാകും ഓർമ്മപ്പെടുത്തുക