റിലയൻസ് മാളുകളിൽ അന്ന് വെളുത്തുള്ളി വില 140, കർഷകന് 1 രൂപ, രണ്ടുരൂപ ചോദിച്ചപ്പോൾ 6 പേരെ വെടിവച്ചുകൊന്നു

  526

  Sudheesh KN

  നിങ്ങൾക്കറിയോ, കാർഷിക വിളകൾക്ക് ന്യായവില ആവശ്യപ്പെട്ട് മദ്ധ്യപ്രദേശിലെ മന്ദസോർ ജില്ലയിൽ സമരത്തിലേർപ്പെട്ട 6 കർഷകരെയാണ് 2017’ൽ പോലീസ് വെടിവെച്ചു കൊന്നത്. കിലോയ്ക്ക് ഒരു രൂപ നിരക്കിൽ സംഭരിച്ചു പോന്ന വെളുത്തുള്ളി 2 രൂപയ്ക്ക് സംഭരിക്കണം എന്നതായിരുന്നു ആവശ്യം. റിലയൻസ് ഫ്രഷ് സൂപ്പർമാർക്കറ്റുകളിൽ അന്ന് വെളുത്തുള്ളിയുടെ വിലയെന്താണെന്ന് അറിയുമോ? 140 രൂപ!!! ഇതിനു പറയുന്ന പേരാണ് മുതലാളിത്ത ചൂഷണം!

  ഇന്നിപ്പോൾ പ്രധാനമന്ത്രി മുതൽ ചാനൽ ചർച്ചയിൽ വന്നിരുന്ന് ബില്ലിനെ അനുകൂലിക്കുന്നവർ വരെ പറയുന്നത്. കർഷകർക്ക് അവരുടെ ഉത്പന്നം സ്വതന്ത്രമായി മാർക്കറ്റിൽ വിറ്റഴിക്കാനാകുമെന്നാണ്!എന്തൊരു അസംബന്ധമാണിത്! ചോദിക്കട്ടെ, കർഷകർക്ക് തങ്ങളുടെ ഉത്പന്നം മാർക്കറ്റിൽ വിറ്റഴിക്കുന്നതിന് നിലവിൽ യാതൊരു തടസ്സവുമില്ലല്ലോ? കമ്പോളത്തിൽ വില കിട്ടാത്തതു കൊണ്ടാണല്ലോ അവർക്ക് താങ്ങുവില നിൽകിയുള്ള എഫ്.സി.ഐ സംഭരണത്തേയും, കാർഷികോല്പന്ന വിപണന ശാലകളെ അഥവാ മണ്ടികളേയും ആശ്രയിക്കേണ്ടി വരുന്നത്!

  കോർപ്പറേറ്റുകളെ സംബന്ധിച്ചിടത്തോളം സ്വതന്ത്ര കമ്പോളത്തിന് എന്നും തടസ്സമായി നിൽക്കുന്നത് എഫ്.സി.ഐ’യും, പ്രാദേശിക മണ്ടി സമിതികളുമാണ്. ഇതു രണ്ടുമാണ് കർഷകരെ സഹായത്തിനെത്തുന്ന അത്താണികൾ. ഇതൊഴിവാക്കി കൊണ്ട് കുത്തകകൾക്ക് നേരിട്ട് ഇടപെടാൻ അവസരം ഒരുക്കിയാൽ എന്താകും സംഭവിക്കുക ? കാർഷികോത്പ്പനങ്ങൾ അധികം ദിവസം കേടു കൂടാതെ സൂക്ഷിച്ചു വെയ്ക്കാനാവില്ല. ഫലം കുത്തകൾ നിശ്ചയിക്കുന്ന വിലക്ക് ഉത്പന്നം വിറ്റൊഴിവാക്കാൻ കർഷകർ നിർബന്ധിതരാകും!

  മറ്റൊന്ന് കോർപ്പറേറ്റുകൾക്ക് ഇഷ്ടം പോലെ സാധങ്ങൾ സ്റ്റോക്ക് ചെയ്തു വെക്കാനായി അവശ്യ വസ്തു നിയമം ഭേദഗതി ചെയ്തു എന്നതാണ്. ഇതു പ്രകാരം ധാന്യങ്ങൾ, പയറു വർഗ്ഗങ്ങൾ, എണ്ണക്കുരു, ഉള്ളി, കിഴങ്ങ്‌ ഇതൊക്കെ അവശ്യ വസ്തുക്കളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി!

  നേരത്തെ ഒരു പരിധിയിലധികം ഈവക സാധങ്ങൾ സംഭരിച്ചു വെച്ചാൽ, അതിനെ പൂഴ്‌ത്തിവെയ്പ്പ് (Hoarding) എന്നാണ് പറയുക. അത് ഉയർന്ന വിലക്ക് വിൽക്കുന്നതിനെ കരിഞ്ചന്ത (Black Marketting) എന്നാണ് പറയുക. ഇതു രണ്ടും ഇന്നീ രാജ്യത്ത് നിയമവിധേയമായി തീർന്നിരിക്കുന്നു!ആർക്കാണ് ഇതു കൊണ്ടുള്ള നേട്ടം? പാവപ്പെട്ട കർഷകനോ? റിലയൻസ് ഫ്രഷ്, ആമസോൺ തുടങ്ങിയ ബഹുരാഷ്ട്ര കുത്തകകൾക്ക് ഇഷ്ടാനുസാരം ഭക്ഷ്യവസ്തുക്കൾ ശീതീകരിച്ച തങ്ങളുടെ ഗോഡൗണുകളിൽ സൂക്ഷിക്കാനും, അമിത ലാഭം കൊയ്യാനും, വിപണി നിയന്ത്രിക്കാനും സാധിക്കുന്ന അവസ്ഥയാണ് സംജാതമായിട്ടുള്ളത്.

  ഈ ബില്ലിലൂടെ കർഷകരുടെ സ്വാതന്ത്ര്യമല്ല, കോർപ്പറേറ്റുകളുടെ പരിധിയില്ലാത്ത സ്വാതന്ത്ര്യമാണ് മോദി സർക്കാർ ഉറപ്പാക്കിയിരിക്കുന്നത്! ചവുട്ടി നിൽക്കുന്ന മണ്ണാണ് ഒലിച്ചു പോയി കൊണ്ടിരിക്കുന്നത്.ഈ ഘോരമായ അന്യായം കണ്ടിട്ടും, എങ്ങനെയാ നിങ്ങൾക്ക് മൗനം പാലിക്കാനാകുന്നത്?