ഇന്നലെ വരെ കെ.എം.മാണിയും മോനും അഴിമതിയുടെ ആൾരൂപങ്ങളായിരുന്നെങ്കിൽ, ഇന്നിപ്പോൾ മാമ്മോദീസ മുങ്ങിയ സത്യക്രിസ്ത്യാനികളാണ്

0
40

Sudheesh KN

‘Politics is the last refuge of the scoundrels’ എന്ന് ജോർജ്ജ് ബർണാഡ് ഷാ’യുടെ ഒരു വാക്യമുണ്ട്! യോജിക്കുകയോ വിയോജിക്കുകയോ ആകാം. പക്ഷേ അത് അക്ഷരം പ്രതി സത്യമെന്ന് നമുക്ക് തോന്നിപോകുന്ന ചില നിമിഷങ്ങളും അവിടെയില്ലേ?

ഇന്നലെ വരെ കെ.എം.മാണിയും മോനും അഴിമതിയുടെ ആൾരൂപങ്ങളായിരുന്നെങ്കിൽ, ഇന്നിപ്പോൾ മാമ്മോദീസ മുങ്ങിയ സത്യക്രിസ്ത്യാനികളാണ്! വർഗ്ഗീയതക്കെതിരായ പോരാട്ടങ്ങളിൽ വലംകൈ ആകേണ്ടവരാണ്!അപ്പോൾ നേരത്തെ നിയമസഭ തല്ലി പൊളിച്ചതും, മരിയ്ക്കും വരെ മാണിയെ വേട്ടപ്പട്ടികളെ പോലെ ആക്രമിച്ചതും ഒക്കെ എന്ത് ധാർമ്മികതയുടെ പേരിലായിരുന്നു?
മുമ്പ് ‘കള്ളൻ മാണി’ എന്നു വിളിച്ചവരിപ്പോൾ അതേ നാക്കു കൊണ്ട് ജോസ് കെ മണിയ്ക്ക് ‘സിന്താബാദ്‌’ വിളിയ്ക്കുന്നതു കേൾക്കാനുള്ള അസുലഭ നിമിഷങ്ങൾക്കാണിപ്പോൾ കേരളം സാക്ഷ്യം വഹിക്കുന്നത്!

ബാർകോഴ വിഷയത്തിൽ നിയമസഭയ്ക്കുള്ളിൽ നടന്ന കയ്യാങ്കളിയിൽ സ്പീക്കറുടെ കസേല തള്ളിമറച്ചിട്ടയാളാണിന്ന് സ്പീക്കർ സ്ഥാനം അലങ്കരിയ്ക്കുന്ന ശ്രീരാമകൃഷ്ണൻ! വൈരുദ്ധ്യാത്മക ഭൗതികവാദം അവിടെയും രക്ഷയ്ക്കെത്തട്ടെ!അച്യുതാനന്ദൻ കേസ് നടത്തി ജയിലിലടച്ച ബാലകൃഷ്ണപിള്ളയും മകനും ഇപ്പോൾ ഏത് പക്ഷത്താണ്? ഇടതുപക്ഷത്തെത്തുമ്പോൾ എല്ലാരും വിശുദ്ധരാകും! വിട്ടുപോകുമ്പോൾ ‘പരനാറിയും!’

രാഷ്ട്രീയത്തിൽ നേരും നെറിയുമില്ലെന്ന് പറയുന്നത് വെറുതെയല്ല! അധികാരം മാത്രം ലക്ഷ്യമാകുമ്പോൾ, ഇതൊക്കെ കാണാനും കേൾക്കാനും വിധിയ്ക്കപ്പെട്ട പൊതുജനമെന്നും കഴുതയായി അവശേഷിയ്ക്കും!യേശുവിന്റെ പന്ത്രണ്ട് ശിഷ്യരിൽ ഒരാളാണ് യൂദാസ് സ്കറിയോത്ത. മുപ്പത് വെള്ളിക്കാശിനാണയാൾ യേശുവിനെ ഒറ്റിയത്. എത്ര വെള്ളിക്കാശിനാണിപ്പോൾ സി.പി.എം ‘രാഷ്ട്രീയ ധർമ്മികത’ ബലി കൊടുത്തത്? രണ്ട് സീറ്റ് കൂടുതൽ കിട്ടുമെന്നു കണ്ടാൽ ഏത് അഴുക്കു ചാലിലും വീഴാനൊരുക്കമാണ്!

PS: മാണി സാറിന്റെ കുടുംബ സഹായ നിധിയിലേക്ക് പിരിവെടുത്ത ഡിവൈഎഫ്ഐ ‘ക്കാർക്കും, പുരോഗമനവാദികൾക്കും, അതു റീഫണ്ട് ചെയ്തു കിട്ടുമോ!!