വൻതുക കോഴ വാങ്ങി നിയമനം നടത്തുന്നത് സ്വകാര്യ മാനേജ്‌മെന്റുകൾ, ശമ്പളം കൊടുക്കുന്നതോ സർക്കാരും, ഇതെവിടുത്തെ ന്യായമാണ്?

81

Morning Digest: ₹50 cr in Budget for Hindi teachers in non-Hindi ...Sudheesh KN

വൻതുക കോഴ വാങ്ങി നിയമനം നടത്തുന്നത് സ്വകാര്യ മാനേജ്‌മെന്റുകൾ, ശമ്പളം കൊടുക്കുന്നതോ സർക്കാരും. ഇതെവിടുത്തെ ന്യായമാണ്? ഇന്നലെകളിൽ സംഭവിച്ചു പോയ ഈ അബദ്ധം ഇനിയെങ്കിലും തിരുത്തപ്പെടേണ്ടേ? അതോ കാലപ്പഴക്കത്താൽ ഏത് നീതികേടും Systematize ചെയ്യപ്പെടും എന്നാണോ!

എയ്‌ഡഡ്‌ സ്‌കൂളുകളുടെ നടത്തിപ്പു ചെലവുകൾ – ശമ്പളം, ഗ്രാറ്റുവിറ്റി, പ്രൊവിഡണ്ട്‌ ഫണ്ട്‌, ബോണസ്‌, മെയിന്റനൻസ്‌ ഗ്രാന്റ്‌, പെൻഷൻ – എന്നിവയെല്ലാം നിർവ്വഹിക്കുന്നത്‌ സർക്കാറാണ്‌. എയ്‌ഡഡ് സ്‌കൂൾ അദ്ധ്യാപകർ 1.25 ലക്ഷത്തോളം വരും, മറ്റു ജീവനക്കാരും ഉൾപ്പെടെ ഏകദേശം 1.3 ലക്ഷം പേരാണ്‌ സ്‌കൂൾ മാനേജ്‌മെന്റ്‌ നിയമിച്ച്‌ സർക്കാർ ശമ്പളം കൈപ്പറ്റുന്നത്‌. പെൻഷൻ മേടിക്കുന്നവരുടെ എണ്ണം കൂടെ കണക്കാക്കിയാൽ ഈ സംഖ്യ ഇനിയും ഭീമമായി ഉയരും

എൽ.പി, യു.പി വിഭാഗത്തിൽ 10 മുതൽ 20 ലക്ഷം വരെയും, ഹൈസ്ക്കൂളിൽ 30 ലക്ഷം വരെയും, ഹയർ സെക്കന്ററിയിൽ 40 ലക്ഷം വരെയുമാണ് കോഴ വാങ്ങുന്നത്. ഏതാണ്ട്‌ 10% അദ്ധ്യാപകർ വർഷം തോറും വിരമിക്കുന്നൂവെന്നാണ്‌ കണക്ക്‌. അതായത്‌ ഉദ്ദേശം 13,000 അദ്ധ്യാപകർ. ശരാശരി കോഴ 10 ലക്ഷം വെച്ചു കൂട്ടിയാലും 1,300 കോടി രൂപയിലധികമാണ്‌ പ്രതിവർഷം കോഴയായി ഈ നിയമനങ്ങളിലൂടെ സ്വകാര്യ മാനേജ്‌മെന്റുകൾക്ക്‌ കൈവരുന്നത്‌!

കൈക്കൂലി കൊടുത്ത്‌ കുട്ടികളെ പഠിപ്പിക്കേണ്ട ഗതികേടിലാണ്‌ നമ്മുടെ നാട്ടിലെ അദ്ധ്യാപകരാകാൻ ആഗ്രഹിക്കുന്ന ചെറുപ്പക്കാർ. നിലവിലെ ഒന്നേകാൽ ലക്ഷത്തോളം വരുന്ന എയ്‌ഡഡ്‌ അദ്ധ്യാപകർ ഇങ്ങനെ കൈക്കുലികൊടുത്ത്‌ നിയമനം വാങ്ങിച്ചവരാണെങ്കിൽ ; ലജ്‌ജിച്ചു തലതാഴ്‌ത്തുക, ഈ ഒന്നേകാൽ ലക്ഷം കൈക്കൂലിക്കാരാണ്‌ നമ്മുടെ മക്കളെ മൂല്യബോധം പഠിപ്പിക്കുന്നത്‌! കഴിവു കുറഞ്ഞവർ എയ്‌ഡഡ്‌ സ്‌കൂൾ അദ്ധ്യാപകരായി വരുമ്പോൾ ഫസ്‌റ്റ്‌ ക്ലാസ്‌ യോഗ്യതയുള്ളവരിൽ പലരും തൊഴിൽരഹിതരായി തങ്ങളുടെ അഭിരുചിയ്ക്കിണങ്ങാത്ത മറ്റുമേഖലകളിൽ പണിയെടുക്കേണ്ടി വരുന്ന അവസ്ഥയാണ്‌. വിദ്യാഭ്യാസരംഗത്തെ സമഗ്രമായ പരിഷ്‌ക്കരണം മുൻനിർത്തി 1957ൽ ജോസഫ്‌ മുണ്ടശ്ശേരി കൊണ്ടുവന്ന ബില്ലിൽ വെള്ളം ചേർത്താണ്‌ എയ്‌ഡഡ്‌ സ്‌കൂൾ അദ്ധ്യാപകർക്ക്‌ സർക്കാർ ശമ്പളം നൽകുന്ന അവസ്‌ഥയും, അവരെ നിയമിക്കുവാനുള്ള അവകാശം സ്വകാര്യ മാനേജ്‌മെന്റിനുമായത്

ഫീസ് വാങ്ങാൻ മാനേജ്‌മെന്റും ശമ്പളംകൊടുക്കാൻ സർക്കാരുമെന്ന ഈ രീതി എല്ലാ ജനാധിപത്യ മര്യാദകൾക്കുമെതിരാണ്! ഈ ദുഃസ്ഥിതിക്ക് മാറ്റമുണ്ടായേ പറ്റൂ. അതിനുള്ള ഏക പോംവഴി എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പി.എസ്‌.സിയ്ക്കു വിടുകയാണ്‌. രാഷ്ട്രീയ പാർട്ടികൾ ഇതിനുള്ള ഇച്ഛാശക്തി കാണിയ്ക്കുമെന്ന് നിങ്ങൾ കരുതുന്നുവോ? അങ്ങനെയെങ്കിൽ ഇതെന്നേ നടന്നേനെ! പൊതുസമൂഹം ഈ ആവശ്യമേറ്റെടുത്ത്‌ ശക്‌തമായ പ്രക്ഷോഭ പരിപാടികൾക്ക്‌ തയ്യാറാവണം. അതിൻറെ കേന്ദ്രസഥാനത്തുണ്ടാകേണ്ടവർ ഇവിടുത്തെ ഉദ്യോഗാർത്ഥികളായ ചെറുപ്പക്കാരാണ്.

എയ്‌ഡഡ്‌ സ്ഥാപനങ്ങൾ സർക്കാർ സഹായം സ്വീകരിക്കുന്നതിനാൽ, അത്തരം സ്ഥാപനങ്ങളിലെ നിയമനങ്ങളിലും സർക്കാരിന് ഇടപെടാൻ അവകാശമുണ്ടെന്ന സുപ്രീം കോടതിയുടെ നിർണ്ണായക വിധി ഈ വർഷം ജനുവരിയിൽ വന്നിരുന്നു. ജസ്റ്റിസ് അരുൺ മിശ്രയും, യു.യു.ലളിതുമാണ് ആ വിധി പറഞ്ഞതെന്നാണ് ഓർമ്മ. അധ്യാപക നിയമനത്തിൽ മെറിറ്റിനാകണം പ്രാമുഖ്യമെന്നും, പശ്ചിമബംഗാളിലെ സർക്കാർ സഹായം ലഭിക്കുന്ന എല്ലാ മദ്രസകളിലെയും നിയമനങ്ങളിൽ പൂർണ്ണ ഉത്തരവാദിത്തം സർക്കാർ നിയോഗിക്കുന്ന കമ്മീഷനായിരിക്കുമെന്നും ആ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
1958-ൽ മുണ്ടശ്ശേരി അവതരിപ്പിച്ചതും സുപ്രീം കോടതിയുടെ ആറംഗ ഭരണഘടനാ ബഞ്ച് അംഗീകരിച്ചതുമായ കേരള വിദ്യാഭ്യാസ ബില്ലിൽ, ഇ.എം.എസ് ഗവണ്മെന്റിനെ പിരിച്ചു വിട്ടതിൽ പിന്നെ അധികാരത്തിലെത്തിയ പട്ടം താണുപിള്ളയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ്, കെ.ഇ.ആർ സെക്ഷൻ 11 ഭേദഗതി വരുത്തി സ്‌കൂൾ മാനേജർമാർക്ക് താൽക്കാലിക നിയമനാവകാശം നൽകുകയായിരുന്നു
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യമല്ല സുപ്രീംകോടതി വിധിയിൽ പറഞ്ഞതെങ്കിലും. അതു രാജ്യത്തിനാകെ ബാധകമല്ലേ? ഈ വിധിയോടെ നിയമനക്കാര്യത്തിൽ പി.എസ്.സി ക്കുള്ള അവകാശം തത്വത്തിൽ പുനഃസ്ഥാപിച്ചു കിട്ടിയിരിക്കയാണ്. വിധി വന്നപ്പോൾ കേരളത്തിലെ നിയമവകുപ്പ് ഇക്കാര്യം പഠിച്ചു വരികയാണ് എന്നു കണ്ടിരുന്നു.പിന്നീട് അതേക്കുറിച്ചൊന്നും കണ്ടില്ല!
ഇക്കാര്യത്തിലൊരു ഉറച്ച തീരുമാനമെടുക്കാൻ സർക്കാർ തയ്യാറാവുകയായെങ്കിൽ എയ്‌ഡഡ്‌ സ്‌കൂളുകളിലെ 2 .5 ലക്ഷം നിയമനങ്ങൾ പി. എസ്.സി യിൽ വന്നു ചേരും! നിലവിലെ സാഹചര്യത്തിൽ പി.എസ്.സി യുടെ അധ്യാപക റാങ്ക് ലിസ്റ്റിലും എൽ.ഡി.ക്ലർക്ക്, ലാസ്റ്റ് ഗ്രേഡ് , അസി. ഗ്രേഡ് റാങ്ക് ലിസ്റ്റിലുമുൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് 1958-ലെ വിദ്യാഭ്യാസ നിയമ പ്രകാരമുള്ള നിയമനത്തിന് അവകാശമുണ്ട്. നിലവിലെ റാങ്ക് ലിസ്റ്റിൽപ്പെട്ടവരെ മുഴുവൻ നിയമിച്ചാലും ഒഴിവുകൾ ബാക്കിയാകും ഭരണഘടനയുടെ 14 , 16 ആർട്ടിക്കിൾ പ്രകാരം, സർക്കാരിന്റെയോ, സർക്കാരിൽ നിന്നും സഹായം കൈപ്പറ്റുന്നതോ ആയ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളിൽ, അവസരങ്ങളുടെ തുല്ല്യത ഉറപ്പാക്കേണ്ടതാണ് ഈ അവകാശം അനുവദിച്ചു കിട്ടുന്നതിലേക്കായി ഒരു പൊതുതാൽപ്പര്യ ഹർജി ഉദ്യോഗാർത്ഥികളുടെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടതില്ലേ?
Advertisements