കുട്ടികൾ അവർ സ്വപ്നം കാണുന്ന ഭാഷയിൽ പഠിക്കട്ടെ, അവർ പഠിച്ച കാര്യങ്ങൾ സ്വപ്നം കാണട്ടെ

270

ഡോ. സുരേഷ് സി പിള്ള

“സുരേഷ്, നീ സ്വപ്നം കാണുന്നത് ഏത് ഭാഷയിൽ ആണ്?.”

സ്പാനിഷ് സുഹൃത്തായ ഹൌസെ ചോദിച്ചു.

“ഇപ്പോളും, മലയാളത്തിൽ തന്നെ, ഹൌസെ”

“നീയോ?”

“ഞാൻ, സ്പാനിഷിൽ ആണ്, പക്ഷെ ചില സ്വപ്നങ്ങൾ ഇപ്പോൾ ഇംഗ്ലീഷിൽ കാണാൻ തുടങ്ങിയിട്ടുണ്ട്”

ഹൌസെ, സ്പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിൽ നിന്നുള്ള എന്റെ സുഹൃത്തായിരുന്നു. ട്രിനിറ്റി കോളേജിൽ അടുത്തടുത്ത ലാബുകളിൽ ഗവേഷണം നടത്തിയവർ. സുഹൃത്ത്, അധികമാരോടും സംസാരിക്കാത്ത പ്രകൃതം. വർഷം 2000-ന്റെ ആദ്യ പകുതിയിൽ നടന്ന ഒരു സംഭാഷണമാണ് മുകളിൽ പറഞ്ഞത്. ഞാൻ സംഭാഷണം തുടർന്നു.

“എന്താണ്, ഹൌസെ നീയിപ്പോ ഇത് ചോദിക്കാൻ കാരണം?”

“ഇന്നലെ എന്റെ ഗവേഷണ സൂപ്പർ വൈസർ പ്രൊഫസ്സർ ഗ്രേയ്സൺ പറഞ്ഞു, ഭാഷയിൽ ഒഴുക്കുണ്ടാകുമ്പോളാണ് (Fluency), ആ ഭാഷ നമ്മുടെ സ്വപ്നങ്ങളിൽ വരുന്നത് എന്ന്.”

ഹൌസെ തുടർന്നു

“അടിസ്ഥാന പഠനം സ്വപ്നം കാണുന്ന ഭാഷയിൽ ആയിരിക്കണം, മനസ്സിൽ കൂടി ഒഴുകുന്ന ഭാഷയിൽ ആയിരിക്കണം, ചിന്തകളിൽ വരുന്ന ഭാഷയിൽ ആകണം എന്നാലേ കാര്യങ്ങൾ പൂർണ്ണമായും ഗ്രഹിക്കാൻ പറ്റൂ.”

പറഞ്ഞു വരുന്നത്, ശാസ്ത്രം, കണക്ക്, സാമൂഹ്യപാഠങ്ങൾ (social sciences) തുടങ്ങിയവ സ്വപ്നം കാണുന്ന, ചിന്തിക്കുന്ന ഭാഷയിൽ പഠിക്കാൻ പറ്റാത്ത കൊച്ചുകൂട്ടുകാരെ പറ്റിയാണ്.

എങ്കിലും, കഴിവുള്ള, പഠിക്കാൻ ആഗ്രഹമുള്ള പലരും, ഇംഗ്ലീഷ് മീഡിയം പഠനം കാരണം കാര്യങ്ങൾ മനസ്സിലാകാതെ നല്ല രീതിയിലുള്ള പഠനം പൂർത്തിയാക്കാതെ വന്നിട്ടുള്ള കേസുകൾ എനിക്ക് നേരിട്ടറിയാം.

പറഞ്ഞു വരുന്നത്, പൂർണ്ണമായും മലയാളത്തിലുള്ള അദ്ധ്യാപനം അല്ല.

Technical terms ഇംഗ്ലീഷിൽ തന്നെ പഠിപ്പിച്ചു, മലയാളത്തിൽ കാര്യങ്ങൾ വിശദമാക്കിയുള്ള അദ്ധ്യാപനം വേണം എന്നാണ് എന്റെ അഭിപ്രായം.

അടിസ്ഥാന വിദ്യഭ്യാസ മേഖല ആകെ തകിടം മറിഞ്ഞിരിക്കുക ആണ്.

നന്നായി ഇംഗ്ലീഷ് പറയാൻ അറിയാത്ത സയൻസ് ടീച്ചർ ക്ലാസ്സിലെങ്ങിനെ ഉദാഹരണങ്ങൾ പറയും?

ഇപ്പോളുള്ള അദ്ധ്യാപനം ക്ലാസ് റൂമുകളിലെ ടീച്ചർ മാരുടെ പുസ്തകം വായനയും, കുട്ടികളുടെ കാണാതെ പഠിത്തവും ആണ്.

വീട്ടിൽ ഇംഗ്ലീഷ് പറയുന്ന, അല്ലെങ്കിൽ പറയാൻ അവസരങ്ങൾ ഉള്ള കുട്ടികൾ എത്രെയോ വിരളമാണ്.

മനസ്സിലാകാത്ത ഭാഷയിലൂടെ എങ്ങിനെയാണ്, സയൻസും മാത്സും പഠിക്കുക?

അപ്പോൾ എളുപ്പവഴി കാണാതെ പഠിക്കുക, അത്ര തന്നെ.

ഒരു ഉദാഹരണം പറയാം, (ഇതു വായിക്കുമ്പോൾ നിങ്ങൾ ഒരു ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ആയി മാറണം).

ഐസക് ന്യൂട്ടണ്ന്റെ ഒന്നാം നിയമം (first law of motion) ആണ് പറയാൻ പോകുന്നത്.

“Sir Isaac Newton’s first law states that every object will remain at rest or in uniform motion in a straight line unless compelled to change its state by the action of an external force. This is normally taken as the definition of inertia.”

മുഴുവൻ മനസ്സിലായോ? നിങ്ങൾക്ക് മനസ്സിലായില്ലെങ്കിൽ ഒമ്പതാം ക്ലാസുകാരനും, അതു പഠിപ്പിക്കുന്ന ടീച്ചറിനും മനസ്സിലായി ക്കാണില്ല.

ഇനി ഇത് മലയാളത്തിൽ മനസ്സിലാകുന്ന തരത്തിൽ പറഞ്ഞാൽ എങ്ങിനെ ഇരിക്കും?

സർ ഐസക് ന്യൂട്ടണ്ന്റെ ഒന്നാം നിയമം (first law) പറയുന്നതെന്തെന്നാൽ ബാഹ്യമായ ഒരു ബലത്തിന്റെ (അതായത് external force) സ്വാധീനമില്ലെങ്കിൽ, ഏതൊരു വസ്തുവും, അതിന്റെ നിശ്ചലാവസ്തയിൽ തുടരുകയോ, നേര്രേഖയിൽ (straight line) ചലിച്ചു കൊണ്ടേ ഇരിക്കുകയോ ചെയ്യും. ഈ അവസ്ഥയെ ജഡത്വം (inertia) എന്ന് പൊതുവായ വ്യാഖ്യാനം കൊടുക്കാം.

ഇനി ഒരു ഉദാഹരണം പറഞ്ഞു കൊടുക്കാം നിങ്ങൾ ഒരു ഫുട്ബോൾ അടിച്ചു എന്ന് കരുതുക, പുറത്തു നിന്നുള്ള ഒരു ബലം, ഉദാഹരണത്തിന് നിങ്ങളുടെ സുഹൃത്ത് കാലുകൊണ്ട് തടഞ്ഞു നിർത്തുന്നു, വായുവിന്റെ പ്രതിരോധം (air resistance), Gravitational force, അല്ലെങ്കിൽ സമാനമായ ഒരു ബലത്തിന്റെ സ്വാധീനമില്ലെങ്കിൽ ആ ബോൾ നേര്രേഖയിൽ (straight line) ചലിച്ചു കൊണ്ടേ ഇരിക്കും.

ഇത്രയും പറഞ്ഞാൽ, ആ കുട്ടി ഈ ജന്മം ന്യൂട്ടണ്ന്റെ ഒന്നാം നിയമം മറക്കില്ല.

‘അയ്യോ’ എന്ന് പറയുമ്പോൾ ‘ഫൈൻ’ അടിക്കുന്ന, അല്ലെങ്കിൽ തല മൊട്ട അടിക്കുന്ന സ്കൂളിൽ എങ്ങിനെ ഇത് പറഞ്ഞു കൊടുക്കും?

ടീച്ചർക്ക് മലയാളം പറഞ്ഞാൽ ചിലപ്പോൾ ജോലി പോയെന്നും വരാം.

പൂർണ്ണമായ മലയാളത്തിലുള്ള അദ്ധ്യാപനവും ശരിയല്ല.

ശാസ്ത്രത്തിന്റെ ഭാഷ ഇംഗ്ലീഷ് തന്നെ ആണ്, സംശയം ഇല്ല.

ശാസ്ത്ര പദങ്ങൾ ഇംഗ്ലീഷിൽ തന്നെ നിലനിർത്തി, മാതൃഭാഷയിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം.

കുറഞ്ഞത് വിദ്യഭ്യാസമുള്ള അച്ഛനും അമ്മയും എങ്കിലും വീട്ടിൽ വച്ചെങ്കിലും കുട്ടികൾക്ക് കാര്യങ്ങൾ അവർക്കു മനസ്സിലാകുന്ന ഭാഷയിൽ പറഞ്ഞു കൊടുക്കണം.

UNESCO പറയുന്നത് “Children learn better in their mother tongue” എന്നാണ്. ഇതെന്താ നമ്മുടെ നാട്ടിൽ ആർക്കും മനസ്സിലാകാത്തത്?

“UNESCO has encouraged mother tongue instruction in primary education since 1953 (UNESCO, 1953) and UNESCO highlights the advantages of mother tongue education right from the start: children are more likely to enroll and succeed in school (Kosonen, 2005); parents are more likely to communicate with teachers and participate in their children’s learning (Benson, 2002); girls and rural children with less exposure to a dominant language stay in school longer and repeat grades less often (Hovens, 2002; UNESCO Bangkok, 2005); and children in multilingual education tend to develop better thinking skills compared to their monolingual peers (e.g., Bialystok, 2001; Cummins, 2000; King & Mackey, 2007).” (Reference: http://www.globalpartnership.org/…/children-learn-better-th…).

പറഞ്ഞു വന്നത്, ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ, ഇംഗ്ലീഷിൽ കാര്യങ്ങൾ പറഞ്ഞു കൊടുത്തിട്ട് മാതൃ ഭാഷ ഉപയോഗിച്ച് കാര്യങ്ങൾ കൂടുതലായി വ്യക്തമാക്കി കൊടുത്താൽ, നമുക്ക് നാളെ ശാസ്ത്ര അവബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കാം.

കുട്ടികൾ അവർ സ്വപ്നം കാണുന്ന ഭാഷയിൽ പഠിക്കട്ടെ. അവർ പഠിച്ച കാര്യങ്ങൾ സ്വപ്നം കാണട്ടെ. അങ്ങിനെ ശാസ്ത്ര പഠനം രസകരമാവട്ടെ.