സൂഫി പറയാതെ പോയതും ബീവി ബാക്കി വെച്ചതും..
ഉടുത്തിരുന്ന വെള്ളക്കാച്ചിയുടെ തുമ്പ് അരയിലെ വെള്ളിയരഞ്ഞാണത്തിനിടയിലേക്ക് കുത്തിയുറപ്പിച്ച്, തട്ടം മാറത്തേക്ക് വലിച്ചിട്ട് ഖബറിനു മുകളില്‍ നിന്നും ബീവി താഴെ നനഞ്ഞ മണലിലേക്ക് ഊര്‍ന്നിറങ്ങി.
140 total views

ഞാനെന്തിന് ഈ കടല്‍ത്തീരത്ത് വന്നു എന്ന് എനിക്ക് തന്നെ അറിയില്ല. എനിക്കൊന്നും നേടാനില്ല ഇവിടെ നിന്നും. അല്ലെങ്കിലും നിസ്സഹായതയുടെ ഉത്തുംഗത്തില്‍ നിന്നും തന്റെ പ്രാണനെ പറിച്ചെറിഞ്ഞ് കടലിന്റെ അഗാധതയിലേക്ക് നടന്നിറങ്ങിയവളൊട് ഞാനെന്ത് ആവശ്യപ്പെടാന്‍…?
ഏതോ ഒരു ജന്മ നിയോഗം പോലെ ഞാനിന്ന് ഈ കടപ്പുറത്ത്…
ബീവിക്കഭിമുഖമായ് നില്‍ക്കുമ്പോള്‍ അവള്‍ക്കെന്തോ എന്നോട് പറയാനുള്ളത് പോലെ..
ഉടുത്തിരുന്ന വെള്ളക്കാച്ചിയുടെ തുമ്പ് അരയിലെ വെള്ളിയരഞ്ഞാണത്തിനിടയിലേക്ക് കുത്തിയുറപ്പിച്ച്, തട്ടം മാറത്തേക്ക് വലിച്ചിട്ട് ഖബറിനു മുകളില്‍ നിന്നും ബീവി താഴെ നനഞ്ഞ മണലിലേക്ക് ഊര്‍ന്നിറങ്ങി.
“ നീയിപ്പോഴും എന്ത് സുന്ദരിയായിരിക്കുന്നു” എന്ന എന്റെ അതിശയത്തിനു നേരെ അവള്‍ കണ്‍കോണുകള്‍ ഇറുക്കി ചുണ്ട് കോട്ടി.
“ എന്നിട്ടെന്താ..ആരു കാണാനാ, വരുന്നവര്‍ക്കെല്ലാം എന്റെ പോരിശ മതി. ഇവിടെയുള്ളവര്‍ക്ക് കാശും.” ഖബറിനു സമീപത്തെ ഭണ്ഢാര പെട്ടിയില്‍ നിന്നും നോട്ടുകെട്ടുകള്‍ ബാഗില്‍ നിറക്കുന്ന മുസ്ല്യാരെ ചൂണ്ടി
ബീവി നിശ്വസിച്ചു.
“മതിയായ് എനിക്ക്, എങ്ങോട്ടേലും ഓടിപ്പോയാലോ എന്നു തോന്നും“
നിങ്ങളറിയില്ലേ ഇവളെ..? ഇത് മേലേപുല്ലാര തറവാട്ടിലെ കാര്‍ത്തിക്കുട്ടി. തന്റെ ഉള്ളില്‍ ഇരമ്പിക്കൊണ്ടിരുന്ന സ്നേഹത്തെ ശമിപ്പിക്കാന്‍ തറവാടും മച്ചിലെ ഭഗവതിയേയും വിട്ട്, വിശ്വസിച്ചവന്റെ കൂടെ ഇറങ്ങിപ്പുറപ്പെട്ടവള്‍.
അന്ന്…,
പീത്താന്‍ മാമുട്ടിയുടെ ചുമലില്‍ പറ്റിക്കിടന്ന് ഭാരതപ്പുഴയുടെ ആഴങ്ങള്‍ നീന്തിക്കടക്കുമ്പോള്‍ അവളറിഞ്ഞിട്ടുണ്ടാകുമോ അങ്ങകലെ അറബിക്കടല്‍ തനിക്കായ് കാത്ത്കിടപ്പുള്ളത്…!! ഒരിക്കലുമുണ്ടാവില്ല, വിദൂരമായ ഒരു സ്വപ്നത്തില്‍ പോലും ഒരു പെണ്ണും അങ്ങനെയൊന്നും വിചാരിച്ച് ആധി
കൊള്ളാറില്ലല്ലോ അല്ലെങ്കിലും. പിന്നീട് ,സങ്കല്പത്തിലെ ജീവിതമായിരുന്നു യാഥാര്‍ത്ഥ്യത്തേക്കാള്‍ നല്ലത് എന്നറിയുമ്പോഴേക്കും ഒരുപാട് വൈകിയിട്ടുണ്ടാകും.
“മാമുട്ടിക്ക് നിന്നെ ജീവനായിരുന്നില്ലേ..?”
നനഞ്ഞ മണലില്‍ താനുണ്ടാക്കിയ കുഞ്ഞിന്റെ രൂപത്തില്‍ ഉറ്റുനോക്കിയിരുന്നിരുന്ന ബീവി എന്റെ ചോദ്യം കേട്ട് തലയുയര്‍ത്തി. കണ്‍പീലികളില്‍ തങ്ങിനിന്നിരുന്ന കണ്ണുനീര്‍ ഞാന്‍ കാണാതിരിക്കാന്‍ തട്ടത്തിന്റെ തുമ്പ് കൊണ്ട് മറച്ച് ബീവി ചിരിച്ചു.
“ഉവ്വ് അയാക്കെന്നെ സ്നേഹമായിരുന്നു, ആരാധന, എന്റെ ശരീരത്തോട്, തറവാട്ടില്‍ വല്ല്യമ്മാവന്‍ ഭഗവതീനെ പൂജിക്കണ പോലെയാ അയാള്‍ എന്നെ സ്നേഹിക്ക്യ , അങ്ങേയറ്റം നിഷ്ഠയോടെ, ഒരു പൂജാകര്‍മ്മം ചെയ്യണ ഭാവാവും അന്നേരം അയാള്‍ടെ മുഖത്ത്…, പിന്നീട് അതും ഒരു ചടങ്ങായ് മാറീരുന്നു.”
നനഞ്ഞ മണലില്‍ കാല്‍ പിണച്ചിരിക്കുന്ന ബീവിയെ നോക്കിയിരിക്കുമ്പോള്‍ ഞാനോര്‍ത്തത് മേലേപുല്ലാരത്തറവാട്ടിലെ മച്ചില്‍ അനാഥയായ്പ്പോയ ഭഗവതിയെ…,
തറവാട്ടില്‍ നിന്നും ഇറങ്ങിപ്പോന്നേനു ശേഷം നീയെപ്പോഴെങ്കിലും ഭഗവതീനെ കണ്ടിരുന്നോ..? എന്റെ ചോദ്യത്തിനു നേരെ ബീവി തലകുലുക്കി.
“ഇല്ല, ഭഗവതിയാണെലും അവളും ഒരു പെണ്ണല്ലേ…എത്ര കാലാന്നു വെച്ചാ മച്ചിനകത്ത് ഒറ്റക്കിരിക്ക്യ …അവളെങ്ങാണ്ടോ പോയീന്ന് പറേണ കേട്ടു.”
തറവാട്ടിലെ ഒറ്റപ്പെടലില്‍ നിന്നും ഏകാന്തതയില്‍ നിന്നുമുള്ള ഒരു രക്ഷപ്പെടലായിരുന്നു കാര്‍ത്തിക്ക് അയാള്‍. അയാളവളെ സ്നേഹം കൊണ്ട് ശ്വാസം മുട്ടിക്കുമെന്നാകും അവള്‍ കൊതിച്ചിട്ടുണ്ടാകുക. അയാള്‍ടെ കൂടെ
പൊന്നാനിയിലെ മുസ്ല്യാരകംവീട്ടിലേക്ക് കാലെടുത്ത് വെക്കുമ്പോഴും ആ സ്നേഹത്തിന്റെ ആഴം തന്നെയാവും അവളെ പ്രലോഭിപ്പിച്ചിട്ടുണ്ടാകുക. തീഷ്ണമായ പ്രണയത്തിന്റെ ചൂടേറ്റ് വെന്തുരുകാനാവും ആഗ്രഹിച്ചിട്ടുണ്ടാകുക.
പ്രണയത്തില്‍ ജീവിതത്തിന്റെ ചൂടും മരണത്തിന്റെ തണുപ്പും ഒരുപോലെയുണ്ട്, സമാസമം. സ്ത്രീയുടെ ഉള്ളില്‍ ഈ രണ്ടു വികാരങ്ങള്‍ക്കും മൂര്‍ച്ചയേറും. പലപ്പോഴും പുരുഷന്മാര്‍ക്ക് അതുള്‍ക്കൊള്ളാനാകില്ല. അവള്‍ കീഴടങ്ങാനും കീഴടക്കപ്പെടാനും വിധിക്കപ്പെട്ടവള്‍!! അവളുടെ ഉള്ളില്‍ നിന്നുമയരുന്ന
സ്നേഹത്തിന്റെ ചൂടും ചൂരും പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറാണു പതിവ് ..!!! അതു കൊണ്ട് തന്നെയാകാം കാര്‍ത്തിയുടെ ശരീരത്തില്‍ നിന്നുയര്‍ന്ന തീക്ഷ്ണ ഗന്ധത്തിലും ആ മുഖത്ത് ഒളിമിന്നിയ ചൈതന്യത്തിലും പെട്ട്
ഉരുക്ക് പോലെയുള്ള പീത്താന്‍ മാമുട്ടിക്ക് പോലും നില തെറ്റിയത്. അല്ലെങ്കിലെന്തിനു അയാള്‍, തന്റെ തൃഷ്ണകളെ ശമിപ്പിക്കാനായി മനസ്സിലും ശരീരത്തിലും മഞ്ഞിന്റെ തണുപ്പുമായ് നടക്കുന്ന ഒരു ചെറുപ്പക്കാരനെ കൂട്ട്പിടിക്കണം..?
“ എന്നിട്ടും നീ അയാളെ സ്നേഹിച്ചിരുന്നു അല്ലേ..?
എന്റെ ചോദ്യം ചീറിയടിച്ച ഒരു തിരയില്‍ പെട്ട് കടലിലേക്ക് തന്നെ ഒഴുകിപ്പോയി.
“മഴ വരുന്നു..” ബീവി എണീറ്റ് കാച്ചിയില്‍ പറ്റിയ
നനഞ്ഞ മണല്‍ തട്ടിക്കളഞ്ഞ് , കടല്‍ കരയിലേക്ക് അടിച്ച് കയറുന്നത് തടയാനിട്ട കരിങ്കല്‍കല്ലുകളിലൂടെ നടന്ന് ഖബറിലേക്ക് ഇറങ്ങി.
ഒരു മാത്ര അവരൊന്നു തിരിഞ്ഞു നോക്കിയൊ….,ഇല്ല എനിക്ക് വെറുതേ തോന്നീതാവും…!!
എനിക്ക് ചുറ്റും ചന്ദനത്തിരികളുടെ സുഗന്ധം. ബീവിയെ കാണാനും അനുഗ്രഹം വാങ്ങാനും വന്നവരുടെ തിരക്ക്!!! തനിക്ക് സംഭവിച്ച ദുരന്തങ്ങള്‍ക്ക് നേരെ ഒരു ചെറുവിരല്‍ പോലും അനക്കാനാവാതെ മരണത്തിലേക്ക് നടന്നിയിറങ്ങിയ ഒരുവളോടാണ് കരഞ്ഞ് സഹായമര്‍ത്ഥിക്കുന്നതെന്ന് ഇവരറിയുന്നുണ്ടോ ആവോ…..?
ഞാനും മടങ്ങുകയാണു. ഇനിയെന്നെങ്കിലും ഇവിടെ വരാനാകുമോ എന്നെനിക്കുറപ്പില്ല. പക്ഷെ… ഒന്നെനിക്കറിയാം. ഓരോ പെണ്ണിന്റെ ഉള്ളിലും അതി തീക്ഷ്ണമായ സ്നേഹത്തിന്റെ ഉറവകളുണ്ടെന്നും,
ആ സ്നേഹം മരണത്തിനപ്പുറത്തേക്ക് കൂടി നീണ്ടു കിടക്കുമെന്നും….!
141 total views, 1 views today
