സൂഫിസത്തെക്കുറിച്ചുള്ള പൊതുകാഴ്ചകളിലെ ചില സിംബലുകൾ എടുത്തുവച്ച് കാഴ്‌ച്ചക്കാരെ ഒന്നു പറ്റിച്ചത്, അതിന്റെ അകക്കാമ്പിൽ തൊടുക പോലും ചെയ്യാത്തത്

0
218

സൂഫിയും സുജാതയും സിനിമയെക്കുറിച്ച് തോന്നിയത് ഷരീഫ് പറഞ്ഞിരിക്കുന്നത് പോലെ തന്നെയാണ്. സൂഫിസത്തെക്കുറിച്ചുള്ള പൊതുകാഴ്ചകളിലെ ചില സിംബലുകൾ എടുത്തുവച്ച് കാഴ്‌ച്ചക്കാരെ ഒന്നു പറ്റിച്ചത്. അതിന്റെ അകക്കാമ്പിൽ തൊടുക പോലും ചെയ്യാത്തത്. ഒന്നിനോടുള്ള പ്രണയം അവരവരോടും ചുറ്റുമുള്ള ഏതൊന്നിനോടുമുള്ള സത്യസന്ധമായ സ്നേഹം കൂടിയാണ്. ഒന്നിനെയും മുറിപ്പെടുത്താത്തത്. മരണത്തിനു പോലും കൊഴിയ്ക്കാനാവാത്തത്. അതിൽ രാജീവ് എന്ന കഥാപാത്രമാണ് നീതി പുലർത്തിയിട്ടുള്ളത്. പ്രണയി എന്ന നിലയിലും മനുഷ്യൻ എന്ന നിലയിലും.ബാക്കിയുള്ളവയെല്ലാം ഒരു പ്രേമകഥ എന്നു പറഞ്ഞ് മനോഹരമായ കളറുകൾ കാണിച്ച് കാഴ്‌ച്ചക്കാരെ വെറുതെയൊന്നു പറ്റിക്കുകയാണ്. മനോഹരമായ ഛായാഗ്രാഹണത്തിന് നന്ദി. ഒപ്പം മനോഹരമായ ആർട്ട് വർക്കിനും.യഥാർഥ കാമ്പ് അറിയാത്ത ആശയത്തോട് നന്ദിയില്ല.മറ്റെന്തെല്ലാം പരാജയപ്പെട്ടാലും ആശയം സത്യസന്ധമായിരിക്കണം.


Shareef Cherandathur

സൂഫിയും സുജാതയും- (സ്പോയിലര്‍ അലേർട്ട്)
പുരതനാമായ പള്ളിപ്പറമ്പും മുല്ല ബസാറും മീസാൻ കല്ലുകളുമൊക്കെ കഥാപാത്രങ്ങളായി സൂഫി മിസ്റ്റിക്ക് ആത്മീയതയുടെ പരിസരം സിനിമയിൽ മനോഹരമായി പശചാത്തലമായി ഒരുക്കിയത് ഇഷ്ടപ്പെട്ടു.എം ജയചന്ദ്രന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും ഗംഭീരം.
ഇത്തരം പരിസരങ്ങൾ സൃഷ്ടിക്കുന്നതില്‍ വിജയിച്ചെങ്കിലും സൂഫി മിസ്റ്റിസിസം ആ സിനിമയിൽ ആന്തരികമായി ഒരാശയം എന്ന നിലയിൽ മുന്നോട്ട് വെക്കുന്നതിൽ സിനിമ പരാജയപ്പെട്ടതായാണ് തോന്നിയത്. സൂഫിസം എല്ലാ വിലക്കുകളെയും അതിലംഘിക്കുന്ന സ്നേഹത്തിന്റെ മഹാ സാഗരമാണ്. വിവേചനപരമായ ഒന്നും ഇല്ല. ദൈവത്തെ ഭയം കൊണ്ട് ആരാധിക്കുന്നതല്ല സ്വയം എന്ന പോലെ സ്നേഹിക്കുന്നതാണ്. ഉപാധികളും സ്വാര്‍ത്ഥതയും ഇല്ല. പ്രണയത്തിലൂടെയും സംഗീതത്തിലൂടെയുമൊക്കെ അത് പ്രവഞ്ചത്തെ കുറിച്ച് അന്വേഷിക്കുന്നു. സംഗീതത്തിനുള്ള പ്രാധാന്യമാണ് ഏറ്റവും ആകര്‍ഷകമായി തോന്നിയിട്ടുള്ളത്.

സിനിമയിലെ സൂഫി ഗുരു അബൂബിനെ നോക്കൂ. സുജാതയുടെയും സൂഫിയുടെയും പ്രണയമറിയുന്ന സമയത്ത് അയാൾ വല്ലാതെ അസ്വസ്ഥനാകുന്നു. നിന്‍റെ സാന്നിധ്യം എനിക്ക് എത്ര സന്തോഷം ആണ് എന്ന് പ്രണയി സുജതയോട് പറയുന്നത് കേട്ട് പിറകില്‍ നില്‍ക്കുന്ന അബൂബ് ദേഷ്യത്താൽ അലറുന്നു. അമൂല്യമായി മാത്രം കാണുന്ന സംഗീതോപകരണമായ ക്ലാർനെറ്റ് അയാൾ നിലത്തെറിയുന്നു. ലോകത്തു ഒരു സൂഫി ഗുരുവും അത് ചെയ്യുമെന്ന് തോന്നുന്നില്ല (ഇങ്ങേർ എന്ത് സൂഫിയാണ്). കൂടും കുടുംബവും ഒക്കെ വേണമെങ്കിൽ നേരായ മാർഗ്ഗത്തിൽ വേണം എന്നാണ് പ്രണയിതാക്കളോട് പറയുന്നത് ഗുരു. അതായത് മതവും കുടുംബവും ഒക്കെ നോക്കണം എന്ന്. ആണും പെണ്ണും അടുത്തിരുന്നത് കണ്ടതിനാണ് ഈ പുകിലൊക്കെ. വ്യകതി പ്രണയത്തേക്കാൾ വിശാലമായ മറ്റൊരു യൂണിവേഴ്സൽ പ്രണയം മുന്നോട്ട് വെക്കുന്നത് പോലുമല്ല.

സുജാതയോടു പറയുന്നത് പ്രണയിക്കുന്നയാൾ ഈ ലോകത്ത് എവിടെയെങ്കിലും ഉണ്ടെന്നു അറിഞ്ഞാൽ മതി എന്നും ഒന്നാകുന്നതില്‍ അര്‍ത്ഥമില്ലെന്നും അതിൽ കൂടുതൽ ഒന്നും ആഗ്രഹിക്കരുത് അത് മതി എന്നുമൊക്കെയാണ്. ഇതേ ഗുരു തന്നെ തന്‍റെ ഈ ശിഷ്യനെ സ്പെഷൻ ആയാണ് കാണുന്നത്. ശിഷ്യൻ വന്നതറിഞ്ഞു ബാങ്ക് കേട്ടപ്പോൾ ശിഷ്യനെ ആ നിമിഷം തന്നെ കാണാൻ അയാൾ വെപ്രാളം കാണിക്കുന്നുണ്ട്. അതായതു താന്‍ സ്നേഹിക്കുന്ന തന്‍റെ പ്രിയപ്പെട്ട ശിഷ്യന്റെ സാന്നിധ്യം അല്‍പ്പം വൈകുന്നത് പോലും അദ്ദേഹത്തിന് സഹിക്കുന്നില്ല. ആണ്‍ പെന്‍ പ്രണയത്തിലെ പരസ്പര സാന്നിധ്യത്തെ അകറ്റാന്‍ ആദര്‍ശ പ്രസംഗം നടത്തുകയും ചെയ്യുന്നു ഈ സൂഫി ഗുരു പാട്രിയാർക്കി വ്യവസ്ഥയിലെ തന്തയെ ആണ് പ്രതിനിധീകരിക്കുന്നത്.

പണ്ട് കാലത്ത് സാമ്പ്രദായിക മതവും രാജാക്കന്മാരും പരസ്പരം പതിവ് ഒത്തു തീര്‍പ്പിലൂടെ മുന്നോട്ട് പോകുമ്പോൾ ഇതിനെതിരെ നിരന്തരം കലാപമുയര്‍ത്തി ജയിലില്‍ കിടന്നവരായിരുന്നു പല സൂഫി ആചാര്യന്മാരും. അതതു കാലത്തെ വ്യവസ്ഥയെ നിഷേധിച്ചവര്‍ ആയിരുന്നു സൂഫികള്‍ എങ്കില്‍ അബൂബ് എന്ന സൂഫി ഗുരു വ്യവസ്ഥയുടെ സംരക്ഷകന്‍ ആണ്.സുജാതക്ക് ഏത് സമയവും കടന്നു വരാനും അവള്‍ക്ക് നൃത്തം വെക്കാന്‍ വേണ്ടി ക്ലാര്‍നെറ്റില്‍ സംഗീതം പൊഴിക്കാന്‍ ആവശ്യപ്പെടാനുമുളള അടുപ്പം അബൂബും സുജാതയും ആ ദര്‍ഗയുമായുമൊക്കെ ഉണ്ടായിരുന്നു എന്നതാണ് ആകെ അയാളെ സൂഫിയാക്കുന്ന ഒരു ഘടകം ആ സിനിമയിലുള്ളത്. അയാളിലെ സംഗീതവും പ്രണയത്തില്‍ അതിശയിപ്പിക്കുന്ന രീതിയില്‍ വാര്‍ത്തെടുത്ത കഥാപാത്രമായിരുന്ന സുജാതയെ അവസാന രംഗം ആവുമ്പോഴേക്ക് ദുര്‍ബലയാക്കുന്നു. ഭര്‍ത്താവിന്റെ ചുമലില്‍ ചരിഞ്ഞത് കൊണ്ടല്ല അത്. മഹര്‍ ആയി കൊടുത്ത മാല കൊടുക്കുമ്പോള്‍ പറഞ്ഞ വാക്ക് പാലിച്ചു കഴിയുമ്പോള്‍ അതിനു ശേഷം അവരുടെ ഭാവ മാറ്റം കടമ നിറവേറ്റാനുള്ള കാത്തിരിപ്പായി അത് വരെ കാണിച്ച സുജാതയുടെ പ്രണയത്തെ ചെറുതാക്കുന്നുന്നു

പാസ്പോര്‍ട്ട് ഖബറില്‍ നഷ്ട്ടപ്പെട്ട് എന്ന് തോന്നിയപ്പോള്‍ തിരിച്ചെടുക്കേണ്ട ഡോക്യുമെന്റ് എന്ന് ആര്‍ക്കും ബോധ്യവുന്ന ഒന്ന്‍ നേരായ മാര്‍ഗ്ഗത്തില്‍ തിരിച്ചെടുക്കാന്‍ സഹായം ചോദിയ്ക്കാന്‍ സിദ്ധീഖിന് മനസ്സില്‍ തോന്നാന്‍ തക്ക ആരും മുല്ല ബസാറില്‍ ദര്‍ഗയുമായി ബന്ധപ്പെട്ട് ഇല്ലായിരുന്നു എന്നത് നിരാശപ്പെടുത്തി. അവിടുത്തെ സഹോദര്യത്തിലുള്ള മതിപ്പ് പോയി.
ജീവിതത്തെ സ്വഭാവികമായി കാണുകയും അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്ത രാജീവ് എന്ന ജയസൂര്യയുടെ കഥാപാത്രമാണ് ഇതിലെ പ്രണയത്തിനു വേണ്ടി ഏറ്റവും സാക്രിഫൈസ് ചെയ്തയാളും അത് നേടിയ ആളും. സാഹചര്യത്താല്‍ ക്ഷോഭിക്കുമ്പൊഴും അയാളുടെ തീരുമാനങ്ങള്‍ എല്ലാഴ്പ്പൊഴും നീതി പൂര്‍വ്വവും മനുഷ്യത്വപരവുമായിരുന്നു. പാസ്പ്പോര്‍ട്ട് സുജാത എടുത്തു ഒളിപ്പിച്ചു വെച്ചതാണ് എന്നറിയുമ്പോള്‍ അച്ഛനായ സിദ്ദീഖ് അടക്കം പള്ളിപ്പറമ്പില്‍ നിന്ന് പോകുമ്പോള്‍ രാജീവ് ചെയ്യുന്നത് ഓര്‍ത്താല്‍ അത് വ്യക്തമായി മനസ്സിലാവും.

സുജാതക്ക് രാജീവിനെ സ്നേഹിക്കാന്‍ കഴിയാത്തത് കൊണ്ട് 10 വര്‍ഷവും ജീവിതം നരകപൂര്‍ണ്ണമായിരുന്നു എന്നയാള്‍ പറയുന്നുണ്ട്. എന്നിട്ടും തൊട്ടടുത്തുള്ളവളെ രാജീവ് മറ്റാരോടും പരാതി പറയാതെ പത്തു വര്‍ഷത്തോളം പ്രണയത്തോട് കൂടി കാത്തിരിക്കുന്നു. സുജാത വേറെ ഒരാളെ കാത്തിരിക്കുന്നുണ്ട് എന്നത് രാജീവിന് സുജാതയോടുള്ള പ്രണയത്തിൽ ബാധിക്കുന്നേയില്ല
അവസാനം തിരിച്ചു ദുബായിലേക്ക് പോകുമ്പോള്‍ വിമാനത്തില്‍ വെച്ച് രാജീവ് സുജാതയുടെ വിരലില്‍ ആദ്യമായി എന്ന പോലെ സ്പര്‍ശിക്കുന്നതാണ് ആ സിനിമയിലെ ഏറ്റവും പ്രണയാതുരമായ ഒരു രംഗം. കുടുംബത്തിലേക്കുള്ള തിരിച്ചു പോക്കെന്ന് വിമർശിക്കാമെങ്കിലും അതിനകത്തെ ജനാധിപത്യത്തെ കൂടി രാജീവ് പ്രതിനിധീകരിക്കുന്നുണ്ട്.