language
സുഗതകുമാരിയുടെ ഓർമകൾക്ക് മുന്നിൽ കാവ്യാഞ്ജലി – ഗിരീഷ് വർമ്മ ബാലുശ്ശേരി

ഇന്ന് മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി നമ്മെ വിട്ടുപിരിഞ്ഞ ദിവസമാണ്. ആ മഹാപ്രതിഭയെ ഏറെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരാളാണ് എഴുത്തുകാരനും കവിയുമായ ഗിരീഷ് വർമ്മ ബാലുശ്ശേരി. അദ്ദേഹത്തിന്റെ പല എഴുത്തുകളിലും സുഗതകുമാരി ടീച്ചറോടുള്ള ആദരവും സ്നേഹവും കാണാൻ കഴിഞ്ഞിട്ടുണ്ട്. ഈ സ്മരണ ദിവസത്തിൽ നൽകാവുന്ന ഏറ്റവുംവലിയ ഹൃദയാഞ്ജലിയും ഗുരുദക്ഷിണയും എന്താണ് ? ഒരു കവിതയോളം വരുമോ ? ഈ കവിത തന്നെയാണ് ആ ഗുരുദക്ഷിണ… കവിത വായിക്കാം
ഗിരീഷ് വർമ്മ ബാലുശ്ശേരി
അമ്മയുടെ കവിതകളും , ആ മഹത്തായ ജീവിതവും ഒരു പാഠപുസ്തകം തന്നെയാണ് . അതിൽ നിന്നുൾക്കൊണ്ട് എഴുതിയ ഒരു കാവ്യം ഞാനിവിടെ സമർപ്പിക്കുന്നു 🙏🙏🙏
സുഗതം
ഒരു പെണ്ണിൻ മാനമുയർത്തി താങ്ങായ് നിൽക്കുന്നോ !
ഒരു കുഞ്ഞിൻ തേങ്ങലടക്കി നെഞ്ചകമൂട്ടുന്നോ !
ഒരു കാടിൻ വന്യതയിൻമേൽ
പാർവ്വണമാകുന്നോ !
ഒരു പുഴ തൻ താളമതിന്മേൽ
ശ്രുതിലയമാകുന്നോ !
ഒരു നാടിൻ ശ്വാസമിടിപ്പിൻ
മൃൺമയ മുത്തായോ!
അവളല്ലോ ആതുരമാകും
മാനസമൊന്നിന്മേൽ
ആലോലം പാടിയുറക്കും
താരാട്ടാകുന്നു …
കടന്നു പോയവരൊ
കൂടെ നടന്നവരൊ
ആരുമായ്ക്കൊള്ളട്ടെ
തൊട്ടറിയുമവർ –
തൻ,വേദന തിങ്ങുമാ
മുഖവഴക്കങ്ങളും
സുസ്മിതം തൂകിയ
തിരുമൊഴികളുമാ
ഇടംകൈയ്യറിയാതെ
പോയതിരുവെഴുത്തും ..
കേട്ടിരുന്നറിഞ്ഞിരുന്ന-
നുഭവിച്ചിരുന്നാ സ്പർശം.
ഭൂപാളിയിലാകാശത്തിൽ
തണൽ തരും മാമര കൂട്ടത്തിൽ
വിറകൊള്ളും സഹജനങ്ങളിൽ
നിൻ നിഴലൊട്ടി നിൽപ്പതും
കണ്ടാഹ്ലാദിച്ചിരുന്നു ഞാൻ .
ജീവൻ്റെ രസമൂറ്റാനെത്തും
കൃമിക്കൂട്ടങ്ങൾക്ക് നേരെ
വാക്കാൽ ,ചൂണ്ടുവിരലാൽ നീ .
സമാന ഹൃദയേ ,നിൻ പാദ –
സ്പർശമേറ്റയിരുൾക്കാടുക –
ളിന്ന് തേങ്ങി തേങ്ങി ഉലയുന്നു.
ആലംബമറ്റ പിതുങ്ങലായ്
മമ ഹൃദയവും പ്രിയമുള്ളവളേ ….
വെള്ളിടിവാളായൊരു
നിശ്ചല ദൃശ്യമായ്
മിഴിയുലയ്ക്കുന്നതാം
നിരാലംബ മുകുളം
കാഴ്ചയും ,ശ്രമവും
പിഴിയുന്നകത്തിൽ
കഴിവിൻ്റെ വേഗത്തി-
ലമർത്തിപ്പിടിക്കുന്നു
കാഴ്ചകൾ മാറുമ്പോഴാ
ദീനദൃശ്യങ്ങള-
കലുന്നനേരത്തല്ലോ
മിഴി ചുറ്റിത്തിരിയും
ഒരു വെൺ നിലാച്ചിരി
ഏകാന്തമാം നിൽപ്പ്
വിലപേശൽ, കൈചുറ്റി
പ്പിടിച്ചടുപ്പിക്കൽ ..
ദൂരെ ദൂരെയായവൾ
പിന്നിടുന്നു യാത്രായാനം
മൂകമായെന്നിന്ദ്രിയങ്ങൾ
കാറ്റുരുണ്ടു കയറുന്നു ..
വേഗം വേഗമെന്നാരൊ
പിച്ചവെച്ചൊരു കാൽ
തള്ളൽ മാത്രം തുടരുന്നു …
ചൂടേറിയ പകലിൻ
നിശ്വാസമലിയിച്ച്
രാത്രിമഴ പെയ്യുന്നു .
മഴത്തുമ്പിയുദയം
വെളിച്ചം കുടിക്കുന്ന
നിശാനർത്തകർ .
ചിറകറ്റ് വീണിഴഞ്ഞ്
മഴയിലലിഞ്ഞ്
മണ്ണോട് മണ്ണായി
വീണ്ടുമൊരുദയം
പേറിയെത്തുമെന്നോ ?
എല്ലാം മറന്നളവിലേറെയുല്ല –
സിക്കും പാവം മാനവഹൃദയം
ക്രൂരമാം വെയിലുമൊരു നിറ
നിലാവാക്കും മനുജ ജന്മം!
ഒരു തിങ്കൾക്കലയതിലൊരൂഞാ
ലിടാനൊരുങ്ങും മമ ജീവനം
മതികെട്ടുറങ്ങിയാലുമൊരു കരി –
യില വീഴും സ്വനമറിയും ഞാൻ !
നഷ്ടങ്ങളെ പുൽകി മാഴ്കിടും
ശിഷ്ടകാലത്തിലതും മറക്കും
വിശിഷ്ടമായതൊന്നിനെ തേടി
കഷ്ടമാം ജീവിതം പിന്നെയും പുലരും.
ആർക്ക് വേണ്ടി നിലനിർത്തി നീയീ കാനനം
ആർത്ത് വിളിച്ചു നിൻ ജീവന് വേണ്ടി
അവർ തൻ വരും തലമുറ മോന്താൻ
സ്വസ്ഥജീവിതം നീയന്നേയേകിയല്ലോ !
നിശബ്ദമാം താഴ് വരെയെ പുണർന്നു നീ
യൊരു പൈതലമ്മയെയെന്നപോൽ
കാട്ടുപൂക്കളും കാട്ടാറും വിയർപ്പാറ്റി
തണുനിലാപ്പന്തലൊരുക്കി മഴക്കാടും
മരുക്കാറ്റാവുന്നില്ലിന്നത്തെയൊരു കാറ്റും
വിഷധൂളിയേൽപ്പിക്കുന്നില്ലയൊരു വർഷവും
സമശീതോഷ്ണം വിതറുന്നു കാലവും
വിരാട പർവ്വമാകുന്നില്ല ജീവിതം …
നീ ജീവനുരുക്കി തനുവിയർപ്പാക്കി
നിയതിയെ മെരുക്കി നമുക്കാക്കി
തന്നോൾ നീയല്ലോ തണൽ നിലം
തേടുന്നെങ്ങൾക്ക് വ്യോമ മണ്ഡലം ..
സുഗതം – കവി തന്നെ ചൊല്ലുന്നത് കേൾക്കാം
[zoomsounds_player artistname=”BoolokamTV Interview” songname=”സുഗതം – ഗിരീഷ്വർമ ബാലുശ്ശേരി ” config=”sample–skin-wave-simple” type=”audio” dzsap_meta_source_attachment_id=”323164″ source=”https://boolokam.com/wp-content/uploads/2021/12/sugatham.mp4″ thumb=”https://boolokam.com/wp-content/uploads/2021/10/BoolokamFavicon-wh.png” autoplay=”off” loop=”off” play_in_footer_player=”default” enable_download_button=”off” enable_downloads_counter=”off” download_custom_link_enable=”off” open_in_ultibox=”off”]
**
9,269 total views, 4 views today