വിശപ്പാറ്റുന്ന കരങ്ങൾക്ക് ആദരം
ജോർദാൻ തലസ്ഥാനമായ അമ്മാനിലെ ജബൽ അൽ ഖാലാ കുന്നിൻമുകളിലെ തകർന്ന റോമൻ ക്ഷേത്രത്തിന് മുന്നിൽ നിൽക്കുേമ്പാഴാണ് ഭീമാകാരനായ ഒരു വിമാനം തലക്ക് മുകളിലൂടെ പറന്നുപോയത്. വിമാനത്തിെൻറ അസാധാരണ വലിപ്പം കണ്ട് പെട്ടന്ന് ക്യാമറയെടുത്ത് ഫോക്കസ് ചെയ്തെങ്കിലും വിമാനം ലെൻസിെൻറ പരിധി വിട്ടകന്നിരുന്നു. ചിത്രം കിട്ടാതെ നിരാശനായി നിൽക്കവേ ഒപ്പമുണ്ടായിരുന്ന ജോർദാനിലെ പ്രമുഖ മാധ്യമപ്രവർത്തകനായ മലയാളി സുഹൃത്ത് അടുത്തെത്തി. ‘നോക്കാം, ഇനിയും വരും ഇതേപോലുള്ള വിമാനങ്ങൾ’ -അദ്ദേഹം പറഞ്ഞു.
അതിെൻറ വിശേഷങ്ങൾ പിന്നീട് അദ്ദേഹം പറയാൻ തുടങ്ങി. അതൊന്നും സാധാരണ യാത്ര വിമാനങ്ങളല്ല, യു.എന്നിെൻറ നിയന്ത്രണത്തിലുള്ള വേൾഡ് ഫുഡ് പ്രോഗ്രാമിെൻറ (ഡബ്ല്യു.എഫ്.പി) വലിയ കാർഗോ വിമാനങ്ങളാണ്. യുദ്ധം കൊടുമ്പിരികൊള്ളുന്ന അയൽ രാജ്യമായ സിറിയയിലെ അഭയാർഥി ക്യാമ്പുകളിലേക്ക് ഭക്ഷണവുമായി പോകുന്നതാണ്. എല്ലാ ദിവസവും അസംഖ്യം സർവീസുകളാണ് അമ്മാൻ വിമാനത്താവളത്തിൽ നിന്ന് സിറിയയുടെ വിശപ്പകറ്റാൻ ഇങ്ങനെ പറന്നുപോകുന്നത്. പറഞ്ഞുനിൽക്കവേ അടുത്ത വിമാനം അതാ പോകുന്നു. വിമാനത്തിെൻറ വാലിലെ ഡബ്ല്യു. എഫ്.പി എന്ന മുദ്ര തെളിഞ്ഞുകാണാം.
ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് ദരിദ്രരുടെ വിശപ്പകറ്റുന്ന ഡബ്ല്യു.എഫ്.പിക്കാണ് ഇത്തവണത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനം. എത്രയോ കാലത്തിന് ശേഷം അർഹിക്കുന്ന കരങ്ങളിൽ ആ സമ്മാനം എത്തിയിരിക്കുന്നു. യുദ്ധത്തിെൻറയും സംഘർഷത്തിെൻറയും ആയുധമായി വിശപ്പിനെ ഉപയോഗിക്കുന്നതിന് എതിരായ ചാലക ശക്തിയാണ് ഡബ്ല്യു.എഫ്.പിയെന്ന് വിലയിരുത്തിയാണ് നോർവീജിയൻ നോബൽ കമ്മിറ്റി അവരെ തെരഞ്ഞെടുത്തത്.
ഒാരോദിനവും നൂറുദശലക്ഷത്തിലേറെ വിശക്കുന്ന കുട്ടികൾക്കും വനിതകൾക്കും പുരുഷൻമാർക്കും ഭക്ഷണം എത്തിക്കാൻ തങ്ങളുടെ ജീവൻ പോലും അപകടത്തിലാക്കി പ്രവർത്തിക്കുന്ന ജീവനക്കാർക്കുള്ള അംഗീകാരമാണിതെന്ന് ഡബ്ല്യു.എഫ്.പി ട്വീറ്റ് ചെയ്തു. ജീവിതത്തിലാദ്യമായി തനിക്ക് വാക്കുകൾ നഷ്ടപ്പെടുന്നുവെന്ന് ഡബ്ല്യു.എഫ്.പി തലവൻ ഡേവിഡ് ബീസ്ലി പ്രതികരിച്ചു.