ശക്തമായ താക്കീതോ ഫൈനോ ഒന്നുമല്ലെങ്കിൽ അറസ്റ്റ് നടപടികളോ ചെയ്യേണ്ടിടത്താണ് ഇജ്ജാതി പേക്കൂത്ത്

93

Suhair

നാലഞ്ചു വർഷങ്ങൾക്ക് മുൻപാണ്, ബാംഗ്ലൂരിൽ അന്ന് ola/uber ക്യാബ് ഓടിക്കലായിരുന്നു പരിപാടി. ഡ്രൈവിങ് ഒരു പാഷൻ ആയതുകൊണ്ട് അതൊരു കഠിന ജോലി ആയൊന്നും തോന്നിയിരുന്നില്ല, എന്നിരുന്നാലും ബാംഗ്ലൂരാണ് ട്രാഫിക് ഊഹിക്കാമല്ലോ. വലിയ സിറ്റി ആയത്കൊണ്ട് തന്നെ എല്ലാ ദിവസവും റൂമിലേക്ക് വരാറില്ല. ക്ഷീണം തോന്നുമ്പോൾ എവിടെയെങ്കിലും തണലത്തു നിർത്തി കാല് നീട്ടിവെച്ചു സീറ്റും പിറകിലേക്കാക്കി കിടക്കും. ബാക്കി നേരമെല്ലാം ഓൺലൈനിൽ ഇടും ആപ്. മിക്ക ദിവസവും മൂന്നോ നാലോ തവണ എയർപോർട്ട് ഓട്ടം കിട്ടാറുണ്ട്. അന്നേര അവിടത്തെ വാഷ്റൂം ഉപയോഗിച്ചു കുളിയും നനയും തീർക്കും. ഇച്ചിരി പൈസ സേവിങ് കാലവും ആയതിനാൽ നല്ലോണം ബഡ്ജറ്റ് ഫ്രണ്ടലി ലൈഫ് ആയിരുന്ന്. രണ്ടോ മൂന്നോ ദിവസം കൂടുമ്പോഴാണ് റൂമിലേക്ക് പോവുക.

സർവീസ് ഓറിയന്റട് ജോലിയുടെ പ്രത്യേകത ഒരുപാട് ആളുകളുമായി ഇടപഴകാം, അതും പല തരത്തിൽ വ്യത്യസ്തരായവർ. ഒരു മെട്രോ സിറ്റി ആയത്കൊണ്ട് തന്നെ ഭാഷ കൊണ്ടും വേഷം കൊണ്ടും പലവിധ ജോലി കൊണ്ടും വ്യത്യസ്തർ. ഓരോ ദിവസവും കിടിലോൽക്കിടിലം അനുഭവങ്ങൾ ഉണ്ടാവുമായിരുന്നു ചിരിക്കാനും ചിന്തിക്കാനുമായി. പറഞ്ഞു വന്നത്, അങ്ങനെയിരിക്കെ ഒരിക്കൽ കെ ആർ പുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു പിക്ക് അപ്പ് ലഭിക്കുകയുണ്ടായി. ചില നേരം ഈ കോപ്പിലെ ആപ് പണി തരും. ഓർമ്മ ശെരിയാണെങ്കിൽ അന്നൊരു തിങ്കളാഴ്‌ച രാവിലെയാണ്. വീക്കെൻഡ് ഒക്കെ കഴിഞ്ഞു ആളുകൾ തിരിച്ചു വരുന്ന സമയം. ബാംഗ്ലൂർ ഒരിക്കൽ പോയ ആളുകൾക്ക് തന്നെ കെ ആർ പുരവും ഹെബ്ബാളും ഒന്നും മറക്കാൻ കഴിഞ്ഞെന്നു വരില്ല. അപ്പോ പിന്നെ തിങ്കളാഴ്ച രാവിലത്തെ കാര്യം പറയേണ്ടല്ലോ. വൈറ്റ് ഫീൽഡിലേക്ക് മാന്യത ടെക് പാർക്കിലേക്കും അല്ലാതെ തന്നെ പോവുന്നവരുടെ തിരക്കിന്‌ പുറമേയാണ് ഈ ട്രെയിനിൽ വന്നിറങ്ങുന്നവർക്ക് പോകാനുള്ള വണ്ടികൾ.

വണ്ടി ഉപയോഗിച്ചു ശീലമുള്ളവർക്ക് മനസ്സിലാവും ചില നേരം ഒരു ചെറിയ ദൂരം നമ്മൾ മുന്നോട്ട് പോയാൽ പിന്നെ യൂ ടേൺ എടുത്തു വരുക വലിയ ചടങ്ങാണ്. ഒരുപാട് സമയം പോവും, അതിലും നല്ലത് ആ ട്രിപ്പ് ക്യാൻസൽ ചെയ്തു അടുത്തത് നോക്കുന്നതാവും നല്ലത്. എന്റെ കഷ്ടകാലത്തിന് കിട്ടിയ ട്രിപ്പിന്റെ പിക്കപ്പ് ആണെങ്കിൽ ഒരിത്തിരി പിറകിൽ ആയി. വണ്ടി റിവേഴ്‌സ് എടുക്കുന്നതിന് യാതൊരു സ്കോപ്പും ഇല്ല. അതിനുപുറമേ ട്രിപ്പ് കണക്ടഡ് ആയപാടെ കസ്റ്റമർ വിളിച്ചു ദയവ് ചെയ്തു ക്യാൻസൽ ചെയ്യരുതെന്ന് അപേക്ഷയും വെച്ചിരുന്നു. ഡ്രൈവർ സൈഡ് ട്രിപ്പ് ക്യാൻസൽ ഒരുപാട് സ്വയം അനുഭവിച്ചിട്ടുള്ളത് കൊണ്ട് അത് ചെയ്യുന്നില്ലെന്ന് തീരുമാനിച്ചു. ഞാനെന്റെ പൊസിഷൻ പറഞ്ഞപ്പോൾ അങ്ങേര് “സാരമില്ല, കുറഞ്ഞ ദൂരമല്ലേ.. ചെറിയ ലഗേജേ ഉള്ളൂ. നടന്നു വന്നേക്കാം” എന്നും മറുപടി നൽകിയാരുന്നു
. അവിടത്തെ തിരക്കും ആ റഷ് ടൈമിങ്ങിന്റെയും എല്ലാം ഇടക്ക് ഇപ്പറഞ്ഞതൊക്കെ ഫ്രാക്ഷൻ ഓഫ് സെക്കൻസ് എന്നപോലാണ് സംഭവിച്ചത്. വണ്ടി ആണെങ്കിൽ ട്രാക്കിൽ ആണ്. എന്തിന് ട്രാഫിക് ജാം കാരണം പതുക്കെ മൂവ് ചെയ്യുന്നേയുള്ളൂ എന്നു സാരം. അല്ലേലും കണ്ടകശനി വരുമ്പോ ഒക്കെ കൂടി ട്രെയിൻ പിടിച്ചു ഒരുമിച്ചേ വരുകയുള്ളൂ പറയും പോലെ, പൊടുന്നനെ അതാ എന്റെ മുൻപിലെ വണ്ടികൾ എല്ലാം ഒഴിഞ്ഞു. കസ്റ്റമർ ബാക്കിൽ നിന്നും ഏത് നിമിഷവും വന്നു ഡോർ ഓപ്പൺ ചെയ്തേക്കാം എന്നുള്ളത് കൊണ്ട് മാക്സിമം ഇടത്തോട്ട് ഒതുക്കിയാണ് ഞാൻ നീങ്ങുന്നത്. ബാക്കിലും സൈഡിലും ഉള്ളവന്മാരുടെ ഹോണടി കൊണ്ട് ഒരു രക്ഷയുമില്ല. പുറത്തെ പൊടി ഉള്ളത് കൊണ്ടും ഏസി ഇടുന്നത് കൊണ്ടും സദാ ഗ്ലാസ് പൊന്തിച്ചു വെക്കുന്ന ഞാനന്നേരം എന്ത് ഒലക്കക്ക് ആവോ ഡ്രൈവർ സൈഡിലെ മാത്രം ഗ്ലാസും താഴ്ത്തി വെച്ചിരുന്നു. പെട്ടെന്നായിരുന്നു ഒരു പോലീസുകാരൻ വന്നു വിൻഡോയുടെ ഉള്ളിലൂടെ കൈയിട്ടതും വണ്ടി ഓഫാക്കി കീ എടുത്തു പോയതും. അതേ നേരത്തു തന്നെ കസ്റ്റമർ വന്നു ബാക് ഡോറ് തുറന്നു വണ്ടിക്കുള്ളിൽ കയറുകയും ചെയ്തു. സുഭാഷ് !!
ഒരുപിടിയുമില്ല എന്തു ചെയ്യണമെന്ന്. പോലീസുകാരൻ ആണെങ്കിൽ ഒന്ന് നോക്കുന്ന പോലും ഇല്ല. ആ പരിസരമാണെങ്കിൽ ഹോണടികളാൽ സമ്പൽസമൃദമായ ഒച്ചപ്പാടും ബഹളവും, ഏത്.. എന്റെ വണ്ടിയുടെ പിറകിൽ കിടക്കുന്ന വണ്ടികൾ അടക്കം ട്ടോ.. വേറെ നിവർത്തിയൊന്നുമില്ല, ഡോറ് തുറന്നു പുറത്തിറങ്ങി പോലീസ് ഓഫീസറുടെ അടുക്കലേക്ക് നടന്നു. ങേ..ഹെ, അങ്ങേർക്ക് യാതൊരു മൈൻഡും ഇല്ല. പേപ്പറും കാര്യങ്ങളും എല്ലാം കറക്റ്റ് ആണെന്ന ധൈര്യമുണ്ടെങ്കിലും കഷ്ടപ്പെട്ട് രാപ്പകൽ ഇല്ലാതെ ഓടി കിട്ടുന്നതിൽ ഫൈൻ ആയിട്ട് എത്രയിപ്പോ പോവുമെന്നു ആലോചിച്ചു ഒരുപിടിയുമില്ലാതെ നിൽക്കുവാണ്.
സാർ.. സാ….ർ.. എന്ന വിളിയിൽ മയക്കി എടുക്കാൻ ശ്രമിച്ചു അറിയാവുന്ന ഇംഗ്ളീഷിൽ സാഹചര്യവും സോറിയുമൊക്കെ പറഞ്ഞു തുടങ്ങിയപ്പോഴാണ് അങ്ങേർക്ക് കന്നട മാത്രമേ ഗൊത്തത്തുള്ളൂ എന്നു മനസ്സിലാവുന്നത്. വീണ്ടും സുഭാഷ്.. ഇടി വെട്ടിയവനെ പാമ്പും പഴുതാരയും അതും കഴിഞ്ഞു എന്തൊക്കെ ഉണ്ടോ അതെല്ലാം ഒരുമിച്ചു കടിച്ച അവസ്ഥ. എങ്ങനെയൊക്കെയോ മലയാളവും തമിഴും ഇംഗ്ളീഷും കൂട്ടി കലർത്തി സോറിയൊക്കെ പറഞ്ഞു വരുമ്പോഴാണ് ‘ഠപ്പേ..’ന്ന് മോന്തക്ക് ഒന്ന് കിട്ടുന്നത്. തികച്ചും അപ്രതീക്ഷതവും മറ്റെന്തൊക്കെയോ കൂടി ആയതിനാൽ ഒരു നിമിഷത്തേക്ക് ഒന്നും മനസ്സിലായില്ല. കിളി പാറിപ്പോയ അവസ്ഥ ! ശേഷം എന്തൊക്കെയോ അങ്ങേരുടെ ഭാഷയിൽ പറഞ്ഞു കീ കയ്യിൽ തന്നു വേഗം സ്ഥലം വിട്ടോളാൻ പറഞ്ഞു.
പിന്നീടെല്ലാം യാന്ത്രികമായിരുന്നു. ആ ട്രിപ്പ് കംബ്ലീറ്റ് ചെയ്തത് പോലും സ്വബോധത്തിലല്ല. ദേഷ്യവും അമർഷവും സങ്കടവും കരച്ചിലും എല്ലാം കൂടി ചേർന്നുള്ള ഒരവസ്ഥ. ഇതാ ഇപ്പോഴും അതോർക്കുമ്പോ ഉപ്പൂറ്റി മുതൽ മേലോട്ട് മുഴുവൻ ഒരു തരിപ്പാണ്. അന്നങ്ങേരു എത്ര രൂപാ ഫൈൻ വാങ്ങിച്ചാലും ആ ട്രിപ്പ് ക്യാൻസൽ ആക്കി സ്റ്റേഷനിലേക്ക് വിളിപ്പിച്ചാലും ഒന്നും എനിക്ക് വിഷമം ഉണ്ടാവില്ലായിരുന്നു. പക്ഷെ..
അതൊരു പ്രത്യേക അവസ്ഥയാണ്. നമ്മളെക്കാൾ അധികാരം/പവർ കയ്യിലുള്ള ആളിൽ നിന്നും പബ്ലിക് ആയി അപമാനം ഏറ്റുവാങ്ങി തിരിച്ചു ഒന്നും ചെയ്യാൻ കഴിയാതെ അവിടെ നിന്നും പോരേണ്ടി വരുന്ന അവസ്ഥ. കൂടുതൽ പറയുന്നില്ല.
ഇന്നും ഇന്നലെയുമൊക്കെ ആയി പോലീസ് സേനയിൽ നിന്നും ഇവിടെ കേരളത്തിൽ ലോക് ഡൗണ് തെറ്റിച്ചെന്നും പറഞ്ഞു ഏത്തമിടിയിക്കലും അല്ലാതെയുമുള്ള ശിക്ഷ നൽകുന്ന കുറച്ചു വീഡിയോസ് കാണുകയുണ്ടായി. എന്ത് മൈ@# ആണേലും ബലം പ്രയോഗിക്കേണ്ട സന്നർഭം അല്ലാതെ അത്തരുണം ക്രൂര വിനോദംപോൽ ഓരോന്ന് ചെയ്യിപ്പിക്കുന്ന, അതും പോരാഞ്ഞു വീഡിയോയും എടുക്കുന്ന എമാന്മാരൊക്കെ തികഞ്ഞ സാഡിസ്റ്റുകളാണ്.
ശക്തമായ താക്കീതോ ഫൈനോ ഒന്നുമല്ലെങ്കിൽ അറസ്റ്റ് നടപടികളോ ചെയ്യേണ്ടിടത്താണ് ഇജ്ജാതി പേക്കൂത്ത്.
ഒരുകണക്കിന് ആ വീഡിയോ എടുത്തത് നന്നായി, അവരുടെ കുഴി അവര് തന്നെ തോണ്ടി.
ഇന്നത്തെ പത്രസമ്മേളനത്തിൽ അവർക്കെതിരെ അന്വേഷം ഉണ്ടാവുമെന്നൊക്കെ കാണുകയുണ്ടായി. ഇനി എന്തൊക്കെ ആയാലും അവർക്കുണ്ടായ അപമാനം ഇല്ലാതാക്കാൻ സാധിക്കില്ല. തുടർന്നുള്ള ദിവസങ്ങളിലെങ്കിലും ഇതുപോലുള്ള തെമ്മാടിത്തരങ്ങൾ ആവർത്തിക്കാതെ ഇരിക്കണമെന്ന് മുഖ്യമന്ത്രി, സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രി ഉറപ്പ് വരുത്തേണ്ടതുണ്ട്.

Advertisements