സുജിത് കുമാർ (സോഷ്യൽ മീഡിയയിൽ എഴുതിയത് )

വീട്ടിലെ വാട്ടർ ടാങ്ക് വർഷത്തിലൊരു തവണയെങ്കിലും വൃത്തിയാക്കാത്തവരുണ്ടാകില്ല. ഫാനിലെയും ട്യൂബ് ലൈറ്റിലെയും പൊടി ഇടയ്ക്കൊക്കെയെങ്കിലും തുടച്ച് വൃത്തിയാക്കാത്തവരുണ്ടാകില്ല. വാട്ടർ ടാപ്പുകളിലെ ലീക്കുകൾ എത്രയും പെട്ടന്ന് അടയ്ക്കാൻ ശ്രമിക്കാത്തവരുണ്ടാകില്ല. പക്ഷേ ഇതിനേക്കാൾ എല്ലാം പരമപ്രധാനമായ എർത്തിംഗിന്റെ കാര്യം വരുമ്പോൾ വീട്ടിലെ എർത്തിംഗ് എവിടെയാണെന്ന് അറിയാമോ എന്ന് ചോദിച്ചാൽ മേലോട്ട് നോക്കുന്നവരുടെ എണ്ണവും കുറവാകാൻ വഴിയില്ല . ഏതോ ഒരു കാലത്ത് വീട് വയറിംഗ് ചെയ്തപ്പോൾ എവിടെയോ അടിച്ച് താഴ്ത്തിയ ഒരു ജി ഐ പൈപ്പും അതിൽ ചുറ്റിയ ഒരു ചെമ്പുകമ്പിയിലും കവിഞ്ഞൊരു ഓർമ്മ എർത്തിംഗിനെക്കുറിച്ച് ഉണ്ടാകാൻ വഴിയില്ല. ഇനി അറിയുന്നവരാകട്ടെ വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പറഞ്ഞ എർത്തിംഗ് ഏതവസ്ഥയിലാണെന്ന് നോക്കാനൊന്നും പൊതുവേ മിനക്കെടാറില്ല. എന്തെങ്കിലുമൊക്കെ കാര്യമായ പ്രശ്നങ്ങൾ വരുമ്പോൾ ഇലക്ട്രീഷ്യന്മാരോ വൈദ്യുത ബൊഡിലെ ഉദ്യോഗസ്ഥരോ പറയുമ്പോഴോ ഒക്കെ ആയിരിക്കും എർത്തിംഗിനെക്കുറിച്ച് ചിന്തിക്കുന്നത്.

എർത്തിംഗ് എന്നാൽ ഒരു ജി ഐ പൈപ്പ് കുഴിച്ചിടുന്നതാണോ? അത്ര ലാഘവത്തോടെ ചെയ്യേണ്ടുന്ന ഒന്നാണോ എർത്തിംഗ്? ഒരിക്കലും പരിപാലനം ആവശ്യമില്ലാത്തതാണോ എർത്തിംഗ് ? നിങ്ങൾ എപ്പോഴെങ്കിലും എർത്ത് റസിസ്റ്റൻസ് പരിശോധിക്കുന്നത് കണ്ടിട്ടുണ്ടോ?
പൊതുവേ ഗൃഹ വൈദ്യുതീകരണത്തിൽ എർത്തിംഗിന് പലരും അതിന്റേതായ പ്രാധാന്യം കൊടുത്ത് കാണാറില്ല. അതേ സമയം വ്യവസായ സ്ഥാപനങ്ങളിലും മറ്റും സ്ഥിതി വ്യത്യസ്ഥമാകുന്നു. വീട്ടിലാണെങ്കിലും വ്യവസായ സ്ഥാപനങ്ങളിൽ ആണെങ്കിലും എർത്തിംഗിന് അതിന്റേതായ സ്ഥാനം ഉണ്ട്.

എന്തെങ്കിലും സാങ്കേതിക തകരാറുമൂലമോ ഇടിമിന്നൽ മൂലമോ ഒക്കെ ഭൂമിയിലേക്ക് ഒഴുകേണ്ട വൈദ്യുതിക്ക് പറയുന്ന പേരാണ്‌ ഫാൾട്ട് കറന്റ്. ഇത്തരത്തിലുള്ള അനാവശ്യമായതും അപകടകരമായതുമായ വൈദ്യുതിയെ ഉപകരണങ്ങൾക്കും അതുപയോഗിക്കുന്ന മനുഷ്യർക്കും ദോഷകരമായി ബാധിക്കാത്ത രീതിയിൽ സുരക്ഷിതമായി ഭൂമിയിലേക്ക് വഴി തിരിച്ചു വിടുന്നതിനുള്ള സംവിധാനമാണ്‌ എർത്തിംഗ്. ഫോൾട്ട് കറന്റിന്റെ തീവ്രതയുടെ അടിസ്ഥാനത്തിലാണ്‌ ഏത് തരം എർത്തിംഗ് വേണം , എർത്തിംഗിനായി ഉപയോഗിക്കുന്ന അനുബന്ധ ഉപകരണങ്ങൾ ഏത്രശേഷിയുള്ളതായിരിക്കണം, എർത്തിംഗ് സംവിധാനത്തിന്റെ പ്രതിരോധം എത്രയായിരിക്കണം എന്നൊക്കെ തീരുമാനിക്കപ്പെടുന്നത്. അതായത് വളരെ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഹൈപവർ ഉപകരണങ്ങൾ ഉള്ള ഒരു ഫാക്റ്ററിയിലെ എർത്തിംഗ് സംവിധാനവും വീടുകളിലെ എർത്തിംഗ് സംവിധാനങ്ങളും വ്യത്യാസപ്പെട്ടിരിക്കും. ഇവിടെ നമ്മുടെ വിഷയം വീടുകളിലെ എർത്തിംഗ് ആയതിനാൽ അതിനെക്കുറിച്ച് പറയാം. എർത്ത് റസിസ്റ്റൻസ് 1 ഓമിൽ താഴെ ആയിരിക്കുന്നതാണ്‌ ഏറ്റവും നല്ലത് എങ്കിലും പൊതുവേ ഹൈ ടെൻഷൻ ഉപയോഗങ്ങൾക്കും വ്യാവസായിക സ്ഥാപനങ്ങൾക്കും മാത്രമേ ഇത് നിഷ്കർഷിക്കാറുള്ളൂ. ഗാർഹിക ഉപയോഗത്തിനായി 8 ഓം വരെ ആകാം. എർത്ത് റസിസ്റ്റൻസ് മണ്ണിന്റെ ഘടന, മണ്ണിലെ ലവണാംശം, ഊഷ്മാവ്, ജലാംശം, ഉപയോഗിക്കുന്ന എർത്തിംഗ് ഇലക്ട്രോഡ്, എർത്തിംഗ് വയറിന്റെ നീളവും കനവും തുടങ്ങി വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. അതിനാൽ എല്ലായിടത്തും ഒരേ തരത്തിലുള്ള എർത്തിംഗ് സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനാകില്ല. പ്രധാനമായും രണ്ട് തരത്തിലുള്ള എർത്തിംഗ് രീതികളാണ്‌ നിലവിലുള്ളത്. ഒന്ന് പരിപാലനം ആവശ്യമുള്ളതും രണ്ട് ദീർഘകാലം പരിപാലനം ആവശ്യമില്ലാത്തതും. ഇതിൽ പരിപാലനം ആവശ്യമുള്ളവയെത്തന്നെ നിർമ്മാണ സാങ്കേതികതകൾ അനുസരിച്ച് വീണ്ടും തരം തിരിക്കാം. പരിപാലനം അധികം ആവശ്യമില്ലാത്ത എർത്തിംഗ് രീതിയാണ്‌ കെമിക്കൽ എർത്തിംഗ്. എർത്തിംഗിനെ സംബന്ധിച്ചുള്ള ആധികാരിക മാനദണ്ഡം ഇന്ത്യൻ സ്റ്റാൻഡേഡ് IS : 3043 ആണ്‌. ഏത് തരം എർത്തിംഗ് ഉപയോഗിച്ചാലും ലക്ഷ്യം ഒന്നു തന്നെ. ഏർത്ത് റസിസ്റ്റൻസ് പരമാവധി കുറച്ചുകൊണ്ടുവരിക. അതിനായി ഏത് മാർഗ്ഗങ്ങളും അവലംബിക്കാം.

എർത്തിംഗ് എവിടെ വേണം ?

1. കെട്ടിടങ്ങളിൽ നിന്നും മറ്റ് നിർമ്മിതികളിൽ നിന്നും വലിയ വൃക്ഷങ്ങളിൽ നിന്നുമെല്ലാം ചുരുങ്ങിയത് ഒന്നര മീറ്ററെങ്കിലും അകലത്തിലേ എർത്ത് പിറ്റ് സ്ഥാപിക്കാവൂ.
2. രണ്ട് എർത്ത് പിറ്റുകൾ തമ്മിൽ ചുരുങ്ങിയത് 5 മീറ്റർ എങ്കിലും അകലം ഉണ്ടായിരിക്കണം.
3. പാറക്കെട്ടുകളും കല്ലും നിറഞ്ഞ ഭാഗങ്ങൾ ഒഴിവാക്കുക.

പരമ്പരാഗത എർത്തിംഗ് രീതികൾ

1. പൈപ്പ് എർത്തിംഗ്
2. പ്ലേറ്റ് എർത്തിംഗ്
3. റോഡ് എർത്തിംഗ്
4. സ്ട്രിപ് എർത്തിംഗ്

പ്രധാനമായും വീടുകൾക്കും ചെറുകിട വ്യവസായ സ്ഥാപനങ്ങൾക്കുമൊക്കെയായി പൊതുവായി പിൻതുടർന്നു പോരുന്ന താരതമ്യേന ചെലവ് കുറഞ്ഞ രണ്ട് തരം എർത്തിംഗ് രീതികൾ പരിചയപ്പെടാം.

1. പൈപ്പ് എർത്തിംഗ് : ഏറ്റവും ചെലവ് കുറഞ്ഞതും അതുകൊണ്ട് തന്നെ വീടുകളിൽ ഏറ്റവും ഉപയോഗപ്പെടൂത്തുന്നതുമായ ഒരു രീതിയാണ്‌ പൈപ്പ് എർത്തിംഗ്. പൈപ്പ് എർത്തിംഗ് തന്നെ പല രീതിയിൽ ചെയ്യാമെങ്കിലും അധികം അദ്ധ്വാനമില്ലാതെ ചെലവ് കുറഞ്ഞ രീതിയിൽ മാനദണ്ഡങ്ങളിൽ നിന്നും കാര്യമായ വ്യത്യാസങ്ങളൊന്നുമില്ലാതെ ഉണ്ടാക്കാൻ കഴിയുന്ന ഒരു മാർഗ്ഗത്തെക്കുറിച്ചാണ്‌ പറയുന്നത്. മൂന്നു മുതൽ മൂന്നര മീറ്റർ വരെ ആഴമുള്ളതും 1.5m x 1.5m സമചതുരാകൃതിയിലുള്ള കുഴി തയ്യാറാക്കുക. ഇതിലേക്ക് 65 മില്ലിമീറ്റർ വ്യാസമുള്ള ദ്വാരങ്ങൾ ഇട്ട മൂന്നു മീറ്റർ നീളമുള്ള ഒരു ജി ഐ പൈപ്പ് ഇറക്കി വയ്ക്കുന്നു. ഇറക്കി വയ്ക്കുന്നതിനു മുൻപായി അര അടി ഉയരത്തിൽ കുഴിയിൽ കരി നിറയ്ക്കണം. കുഴിയുടെ കൃത്യം നടുഭാഗത്തായി വച്ചിരിക്കേണ്ട പൈപ്പിനു ചുറ്റുമായി അര അടി വീതം കനത്തിൽ ഒന്നിടവിട്ട് ഉപ്പും കരിയും നിറയ്ക്കുക. ഇവിടെ എന്താണ്‌ ഉപ്പിന്റെയും കരിയുടേയും ധർമ്മം എന്ന് ചിന്തിക്കുന്നുണ്ടാകും. ഉപ്പ് എർത്തിന്റെ ചാലക ശേഷി കൂട്ടി പ്രതിരോധം കുറയ്ക്കുന്നു. കരി ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ഇവിടെ കുഴിയുടെയും പൈപ്പിന്റെയും അളവുകളിൽ ഏറ്റക്കുറച്ചിലുകൾ അനുവദനീയമാണെങ്കിലും പൈപ്പിന്റെ നീളം ഒരിക്കലും 2.5 മീറ്ററിൽ കുറയാതിരിക്കാൻ ശ്രദ്ധിക്കുക. കുഴിയെടുക്കുമ്പോൾ ആഴക്കുറവ് മൂലം പൈപ്പ് കുത്തനെ വയ്ക്കാൻ പറ്റുന്നില്ലെങ്കിൽ പരമാവധി ലംബമായി 30 ഡിഗ്രി ചെരിവ് വരെ ആകാവുന്നതാണ്‌. പക്ഷേ അതനുസരിച്ച് കുഴിയുടെ വലിപ്പത്തിൽ വ്യത്യാസം വരുത്തേണ്ടി വരും. പലയിടങ്ങളിലും ജി ഐ പൈപ്പ് കുറഞ്ഞ വ്യാസമുള്ളതും ഉപയോഗിക്കുന്നത് കണ്ടീട്ടൂണ്ട്. പക്ഷേ ഒരു കാര്യം മനസ്സിലാക്കുക വ്യാസം കൂടുന്തോറും ഉപരിതല വിസ്തീർണ്ണം കൂടുന്നതിനാൽ അത് എർത്ത് റസിസ്റ്റൻസ് കുറയ്ക്കാൻ സഹായകരമാകുന്നു. പക്ഷേ വ്യാസം കൂടി കനം കുറഞ്ഞ പൈപ് ആണ്‌ ഉപയോഗിക്കുന്നത് എങ്കിൽ പെട്ടന്ന് ദ്രവിച്ച് പോകാനുള്ള സാദ്ധ്യതയും കൂടുതലാണ്‌. അതിനാൽ നല്ല കട്ടിയുള്ള വ്യാസം കൂടിയ ജി ഐ എർത്തിംഗ് പൈപ്പുകൾ തെരഞ്ഞെടുക്കുക. 40 മില്ലി മീറ്ററിലും കുറവ് വ്യാസമുള്ള പൈപ്പുകൾ തെരഞ്ഞെടുക്കാതിരിക്കുക. ഫില്ലിംഗിനായി 25 കിലോ മരക്കരിയും 50 കിലോ ഉപ്പും എങ്കിലും ആവശ്യമായി വരും . നിർഭാഗ്യവശാൽ ഇത്രയും കരിയും ഉപ്പും പൊതുവേ ഉപയോഗിച്ച് കാണുന്നില്ല. ചെടികൾക്ക് വളമിടുന്നതുപോലെ കുഴിയുടെ അടിയിൽ പരമാവധി ഒരു ചാക്ക് ഉപ്പും ഒരു ചാക്ക് കരിപ്പൊടിയും ഇട്ട് ബാക്കി ഭാഗം മണ്ണിട്ട് മൂടുന്നതാണ്‌ പൊതുവേ കണ്ടു വരുന്നത്. ഇത് എത്രത്തോളം ഗുണം നൽകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഉപ്പ് പൈപ്പിനെ വേഗത്തിൽ ദ്രവിപ്പിക്കുന്നു എന്നതിനാൽ പകരമായി റഡിമേഡ് ആയി ലഭ്യമായ എർത്തിംഗ് ബാക്ക് ഫിൽ കോമ്പൗണ്ടുകളും ഉപയോഗിക്കാവുന്നതാണ്. വില കൂടുതൽ ആയിരിക്കും എന്നു മാത്രം. മണ്ണിനു പുറത്തേക്ക് തള്ളി നിൽക്കുന്ന എർത്തിംഗ് പൈപ്പിനു ചുറ്റും ഇഷ്ടിക കെട്ടി അടപ്പിട്ട് സൂക്ഷിക്കേണ്ടതാണ്‌.

2. പ്ലേറ്റ് എർത്തിംഗ് : പൈപ്പ് എർത്തിംഗിനേക്കാൾ ചെലവ് കൂടിയ എർത്തിംഗ് ആണ്‌ പ്ലേറ്റ് എർത്തിംഗ്. പക്ഷേ കൂടുതൽ ഈട് നിൽക്കുന്നതും താരതമ്യേന എർത്ത് റസിസ്റ്റൻസ് വളരെ കുറവായതിനാലും വീടുകളേക്കാൾ കൂടൂതലായി വ്യവസായ സ്ഥാപനങ്ങളിലാണ്‌ പ്ലേറ്റ് എർത്തിംഗ് പ്രധാനമായും ഉപയോഗപ്പെടുത്തുന്നത്. മൂന്നു മീറ്റർ ആഴമുള്ള 1.5 x 1.5 മീറ്റർ കുഴി തന്നെയാണ്‌ പ്ലേറ്റ് എർത്തിംഗിനായും ഉപയോഗിക്കുന്നത്. എർത്തിംഗ് ഇലക്ട്രോഡ് ആയി കോപ്പർ പ്ലേറ്റോ അല്ലെങ്കിൽ ജി ഐ പ്ലേറ്റോ ഉപയോഗിക്കുന്നതിനാലാണ്‌ ഇതിന് പ്ലേറ്റ് എർത്തിംഗ് എന്ന് വിളിക്കുന്നത്. കോപ്പർ പ്ലേറ്റ് ഉപയോഗിക്കുന്നത് കൂടുതൽ മെച്ചപ്പെട്ട എർത്തിംഗ് നൽകുമെങ്കിലും ചെലവ് കാര്യമായിത്തന്നെ കൂടും എന്നതിനാൽ ജി ഐ പ്ലേറ്റുകളും ഉപയോഗപ്പെടുത്തുന്നു. 2 അടി നീളവും 2 അടി വീതിയും 3.15 മില്ലീ മീറ്ററിൽ കുറയാത്ത കനവുമുള്ള കോപ്പർ പ്ലേറ്റുകളാണ്‌ ഉപയോഗിക്കേണ്ടത്. ജി ഐ ആണെങ്കിൽ കനം ഇതിന്റെ ഇരട്ടിയിൽ അധികം ആയിരിക്കണം. അതായത് 6.3 മില്ലി മീറ്റർ എങ്കിലും വേണ്ടി വരും. ഈ ഇലക്ട്രോഡ് പ്ലേറ്റ് ഒരു 2.5 ഇഞ്ച് ജി ഐ പൈപ്പുമായി ബന്ധിപ്പിച്ചിരിക്കും. പൈപ്പിന്റെ ഉള്ളിലൂടെയോ പുറത്തു കൂടിയോ പ്ലേറ്റിലേക്ക് എർത്തിംഗ് വയറോ സ്ട്രിപ്പോ ഘടിപ്പിക്കാവുന്നതാണ്‌. വെള്ളമൊഴിച്ച് കൊടുത്ത് ഇലക്ട്രോഡിനു ചുറ്റും ഈർപ്പം നിലനിർത്താനായി വെള്ളം ഒഴിച്ച് കൊടുക്കുന്നതിനായാണ്‌ ജി ഐ പൈപ്പ് ഉപയോഗപ്പെടുന്നത്. പ്ലേറ്റിനെ യഥാ സ്ഥാനത്ത് ഉറപ്പിച്ച് നിർത്തുക എന്നതും ജി ഐ പൈപ്പ് തന്നെ. പ്ലേറ്റിനു ചുറ്റുമായി കരിപ്പൊടിയും ഉപ്പും കലർന്ന മിശ്രിതമോ ബാക് ഫിൽ കോമ്പൗണ്ടോ നിറച്ച് കൊടുക്കണം. പ്ലേറ്റ് മുഴുവനായും ഈ മിശ്രിതത്തിൽ മുങ്ങിയിരിക്കണം . പ്ലേറ്റിനു മുകളിലുള്ള ഭാഗത്തും പൈപ്പ് എർത്തിംഗിലെന്നപോലെ ഒന്നിടവിട്ട് അടുക്കുകളായി ഉപ്പും കരിപ്പൊടിയും നിറയ്ക്കാവുന്നതാണ്‌ അല്ലെങ്കിൽ ബാക്ക് ഫിൽ കോമ്പൗണ്ടും ഉപയോഗിക്കാം . നല്ലൊരു കോപ്പർ പ്ലേറ്റ് എർത്തിംഗ് പിറ്റ് ഉണ്ടാക്കാൻ 10000 രൂപയിലും മുകളിൽ ചെലവ് വരും.

പരിപാലനം ആവശ്യമില്ലാത്ത എർത്തിംഗ്

പ്രത്യേക തരത്തിൽ നിർമ്മിക്കപ്പെട്ട ഒരു പൈപ്പിനകത്ത് മറ്റൊരു പൈപ്പോ ലോഹ ദണ്ഡോ ഇറക്കി വച്ച് അതിനിടയിൽ പ്രത്യേക രാസവസ്തുക്കൾ നിറച്ച കോപ്പർ / ജി ഐ ഇലക്ട്രോഡുകളും എർത്ത് പിറ്റിൽ നിറയ്ക്കാനുള്ള ബാക്ക് ഫില്ലിംഗ് കോമ്പൗണ്ട് ആയി പ്രത്യേക രാസവസ്തു മിശ്രിതവും ഉൾപ്പെട്ടതായിരിക്കും ഇത്തരം എർത്തിംഗ് സംവിധാനങ്ങൾ. കെമിക്കൽ എർത്തിംഗ് എന്നും ഇവ അറിയപ്പെടുന്നു. ഇത്തരം എർത്ത് പിറ്റുകൾക്ക് മറ്റ് പരമ്പരാഗത എർത്തിംഗ് സംവിധാനങ്ങളിൽ നിന്നും വ്യത്യസ്തമായി എർത്ത് റസിസ്റ്റൻസ് കുറയ്ക്കുന്നതിനായി വേനൽക്കാലങ്ങളിലും മറ്റും വെള്ളം ഒഴിച്ച് കൊടുക്കേണ്ട ആവശ്യം വരുന്നില്ല.

ഈർപ്പം നിലനിർത്തുന്ന ബെന്റോണൈറ്റ് കളിമണ്ണ്, അലുമിനിയം സിലിക്കേറ്റ്, ഗ്രാഫൈറ്റ് തുടങ്ങിയവയുടെ മിശ്രിതം ആണ്‌ ഇവിടെ ബാക്ക് ഫില്ലിംഗ് കോമ്പൗണ്ട് ആയി ഉപയോഗിക്കുന്നത്. റസിസ്റ്റിവിറ്റി വളരെ കുറവാണെന്ന് മാത്രമല്ല ചൂടിനും തണുപ്പിനുമനുസരിച്ച് റസിസ്റ്റിവിറ്റിയിൽ കാര്യമായ മാറ്റങ്ങള്‌ വരുന്നുമില്ല എന്നതും എടുത്ത് പറയേണ്ടതാണ്‌. ചെലവ് പരമ്പരാഗത എർത്തിംഗ് സംവിധാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതൽ ആയതിനാൽ സാധാരണ എർത്തിംഗ് രീതികൾ അനുയോജ്യമല്ലാത്ത സാഹചര്യങ്ങളിലും വളരെ മെച്ചപ്പെട്ട എർത്തിംഗ് ആവശ്യമുള്ള വ്യവസായിക സ്ഥാപനങ്ങളിലുമാണ്‌ പൊതുവേ മെയിന്റനൻസ് ഫ്രീ എർത്തിംഗ് പിറ്റുകൾ ഉപയോഗിക്കാറ്.

മിന്നൽ രക്ഷാ ചാലകങ്ങൾക്കായുള്ള എർത്തിംഗ്

1. മിന്നൽ രക്ഷാ ചാലകങ്ങൾക്കായി പ്രത്യേകമായിത്തന്നെ എർത്തിംഗ് നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്‌.
2. സാധാരണ എർത്ത് പിറ്റിൽ നിന്നും നിശ്ചിത ദൂര പരിധി പാലിച്ചുകൊണ്ട് മാത്രമേ ഇത്തരം എർത്ത് പിറ്റുകൾ നിർമ്മിക്കാവൂ.
3. ഇത്തരം എർത്ത് പിറ്റുകൾകളിൽ മിന്നൽ രക്ഷാ ചാലകങ്ങളെയും എർത്തിംഗ് ഇലക്ട്രോഡിനെയും ബന്ധിപ്പിക്കുന്നതിനായി കോപ്പർ അല്ലെങ്കിൽ ജി ഐ സ്ട്രിപ്പുകൾ തന്നെ ഉപയോഗിക്കണം. ഒരിക്കലും കമ്പികൾ ഉപയോഗിക്കരുത്.

ചില കാര്യങ്ങൾ ഒറ്റ നോട്ടത്തിൽ

1.ഒരു ജി ഐ പൈപ്പ് മണ്ണിലേക്ക് അടിച്ച് താഴ്ത്തി അതിൽ ചെമ്പ് കമ്പി ചുറ്റിയാൽ ശരിയായ എർത്തിംഗ് ആകണമെന്നില്ല.
2. വീട്ടിൽ നല്ലൊരു എർത്ത് പിറ്റ് നിർമ്മിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക.
3. വർഷത്തിൽ ഒരിക്കലെങ്കിലും എർത്ത് പിറ്റും അതിലേക്കുള്ള കണ‌‌ക്ഷനുകളും പരിശോധിക്കുക.
4. എർത്ത് പിറ്റ് പരിശോധിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന അവസരങ്ങളിൽ വീട്ടീലേ ഉപകരണങ്ങളിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
5. വേനൽക്കാലങ്ങളിലും വരണ്ട കാലാവസ്ഥ ഉള്ള അവസരങ്ങളിലും എർത്ത് പിറ്റിൽ കുഴലിലൂടെ വെള്ളം ഒഴിച്ച് കൊടുക്കുക.
6.നിങ്ങളുടെ എർത്ത് പിറ്റ് ഒരു ചിരഞ്ജീവി അല്ലെന്ന് മനസ്സിലാക്കുക. പൈപ്പ് എർത്ത് ആണെങ്കിൽ പരമാവധി പത്തു വർഷമൊക്കെയേ ആയുസ്സ് ഉണ്ടാകാൻ വഴിയുള്ളൂ. പുറത്ത് നോക്കുമ്പൊൾ നല്ല രൂപത്തിലും ഭാവത്തിലുമാണെന്ന് തോന്നാമെങ്കിലും മണ്ണിനടിയിലുള്ള ഭാഗം പൂർണ്ണമായും ദ്രവിച്ച് പോയിരിക്കാം.
7. വാർഷിക പരിപാലനത്തിന്റെ ഭാഗമായി എർത്ത് റസിസ്റ്റൻസ് പരിശോധിക്കാനുള്ള സൗകര്യമുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്തുക. ചില ഇലക്ട്രീഷ്യന്മാരെങ്കിലും എർത്ത് റസിസ്റ്റൻസ് പരിശോധിക്കുന്ന മീറ്ററുകൾ ഉപയോഗിക്കാൻ അറിയുന്നവർ ആയിരിക്കും.
8. നിശ്ചിത ആഴത്തിൽ കുഴിയെടുത്ത് എർത്ത് പിറ്റുകൾ നിർമ്മിക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഒന്നിൽ കൂടുതൽ എർത്ത് പിറ്റുകൾ നിർമ്മിച്ച് അവ പരസ്പരം ബന്ധിപ്പിച്ച് ഉപയോഗിക്കുക. കൂടുതൽ മെച്ചപ്പെട്ട എർത്തിംഗ് രീതികൾ ഉപയോഗിക്കുക. കരിക്കും ഉപ്പിനും പകരമായി കെമിക്കൽ എർത്ത് പിറ്റുകളിൽ ഉപയോഗിക്കുന്ന ബാക്ക് ഫില്ലിംഗ് കോമ്പൗണ്ടുകൾ ഉപയോഗിക്കാം.
9. നല്ല ഗുണനിലവാരമുള്ള ചെമ്പ് കമ്പികളോ ചെമ്പ് തകിടുകളോ ആയിരിക്കണം എർത്തിംഗിനായി ഉപയോഗിക്കേണ്ടത്. ചെമ്പ് കമ്പികൾ ആണുപയോഗിക്കുന്നത് എങ്കിൽ പ്രധാന ഡിസ്ട്രിബ്യൂഷൻ പോയന്റിൽ നിന്നും രണ്ട് കമ്പികളെങ്കിലും എർത്തിംഗ് ഇലക്ട്രോഡിലേക്ക് ബന്ധിപ്പിച്ചിരിക്കണം. ഒന്ന് ഏതെങ്കിലും കാരണവശാൽ വേർപെട്ട് പോയാൽ മറ്റൊന്നിലൂടെ എർത്തിംഗ് ലഭിക്കും.
10. എർത്തിംഗ് വയറുകളും സ്ട്രിപ്പുകളും ബന്ധിപ്പിക്കാൻ ടിൻ ചെയ്ത കോപ്പർ അല്ലെങ്കിൽ സ്റ്റെയിൻലെസ് സ്റ്റീൽ നട്ട് ബോൾട്ടുകൾ ഉപയോഗിക്കുക. ഒരിക്കലും എർത്ത് കമ്പികൾ നീളം കുറവാണെങ്കിൽ പിരിച്ച് ഏച്ചു കെട്ടരുത്.
ലക്ഷങ്ങൾ ചെലവഴിച്ച് വീടുണ്ടാക്കി അതിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ഗൃഹോപരണങ്ങൾ വാങ്ങി ഉപയോഗിക്കുമ്പോഴും അവയെ സംരക്ഷിക്കാൻ മാത്രമല്ല ഒരിക്കലും വിലമതിക്കാനാകാത്ത മനുഷ്യ ജീവൻ സംരക്ഷിക്കാനും നല്ലൊരു എർത്ത് പിറ്റ് അത്യാവശ്യമാണെന്നറിയുക. അതിനാൽ ഈ വിഷയത്തിൽ പിശുക്ക് കാട്ടേണ്ടതുണ്ടോ എന്ന് പരിശോധിക്കുക.

You May Also Like

ഉറുമ്പ് വിചാരിച്ചാൽ സിംഹം കഴിക്കുന്ന ഭക്ഷണം മാറ്റാൻ കഴിയുമോ ?

ഉറുമ്പ് വിചാരിച്ചാൽ സിംഹം കഴിക്കുന്ന ഭക്ഷണം മാറ്റാൻ കഴിയുമോ ? എഴുതിയത് : Anoop nair…

ചാനൽ പ്രോഗ്രാമുകൾ കാണുമ്പോൾ ഇടയ്ക്ക് ഒരു കോഡ് സ്‌ക്രീനിൽ തെളിഞ്ഞു വരുന്നത് കാണാം. എന്തിനാണത് ?

നിങ്ങൾ ടെലിവിഷൻ ചാനൽ പ്രോഗ്രാമുകൾ കാണുമ്പോൾ ഇടയ്ക്ക് സ്ക്രീനിൽ ചില നമ്പറുകൾ പോലെ ഒരു കോഡ്…

ക്രൂയിസ് കപ്പലുകളിൽ 13-ാം നമ്പർ ഡെക്കും, മുറികളുമില്ല കാരണമെന്ത് ?

ക്രൂയിസ് കപ്പലുകളിൽ 13-ാം നമ്പർ ഡെക്കും, മുറികളുമില്ല കാരണമെന്ത് ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം…

ചിത്രത്തിൽ ഉള്ളത് യഥാർത്ഥ നായ അല്ല, ഒരുപാട് പണംമുടക്കി നായയെ പോലെയായ ഒരു മനുഷ്യനാണ്

അറിവ് തേടുന്ന പാവം പ്രവാസി ചിത്രത്തിൽ ഉള്ളത് യഥാർത്ഥ നായ അല്ല. പന്ത്രണ്ടു ലക്ഷം രൂപ…