സർക്കാർ പദ്ധതികൾ അർഹരായവരിലേക്ക് തന്നെയാണ്‌ എത്തുന്നതെന്ന് ഉറപ്പു വരുത്താനായി നമ്മുടെ ഇന്റലിജൻസ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തേണ്ടതാണ്

65

നമ്മുടെ ഇന്റലിജൻസ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തേണ്ടത് കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാനും കണ്ടുപിടീക്കാനും വേണ്ടി മാത്രമാണോ? സർക്കാർ പദ്ധതികൾ അർഹരായവരിലേക്ക് തന്നെയാണ്‌ എത്തുന്നതെന്ന് ഉറപ്പു വരുത്താനായി എന്തുകൊണ്ട് വേണ്ട രീതിയിൽ ഇന്റലിജൻസ് സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നില്ല? ഒരു ഉദാഹരണം പറയാം. ഇക്കഴിഞ്ഞ വെള്ളപ്പൊക്കം ഉണ്ടായപ്പോൾ ഒരു രൂപയുടെ പോലും നാശനഷ്ടം ഉണ്ടാകാത്തവർക്ക് പോലും രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ട്. അതേ സമയം വീട് മുഴുവൻ തകർന്ന് പോയവർക്ക് ചില സാങ്കേതിക കാരണങ്ങളാൽ ഒന്നും കിട്ടാതെയും ഇരുന്നിട്ടുണ്ട്.

രണ്ടു ലക്ഷം കിട്ടിയതിൽ എല്ലാ പാർട്ടിക്കാരും ഉള്ളതിനാൽ ആരും ആരെയും കുറ്റപ്പെടുത്തില്ല പരാതി പറയില്ല. ഒന്നും കിട്ടാത്തവന് ചോദിക്കാനും പറയാനും ആരും ഉണ്ടാകാത്തതിനാൽ അവനു വേണ്ടിയും പറയാൻ ആരുമുണ്ടാകില്ല. ഒരു അപേക്ഷ കൊടുത്ത് ചില ബൈനറികൾ വിലയിരുത്തി സർക്കാർ ധനസഹായം കൊടുക്കുന്ന പരിപാടികൊണ്ട് വളരെ അർഹരായവർക്കാണ്‌ അതിന്റെ ഗുണം കിട്ടാതെ പോകുന്നത്. ഉള്ളവർക്ക് തന്നെ വീണ്ടും കിട്ടുന്ന സ്ഥിതിവിശേഷം ഉണ്ടാകുന്നു. ഇതൊഴിവാക്കാൻ സാധാരണ സർക്കാർ മെക്കാനിസം പോരാതെ വരുന്നു. അതിനായി സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു ഇന്റലിജൻസ് സംവിധാനം തന്നെ ആവശ്യമാണ്‌. ഇത്തരം ഇന്റലിജൻസ് സംവിധാനങ്ങൾ എല്ലാ വകുപ്പുകളിലും ഉണ്ടെങ്കിലും അതെല്ലാം കടലാസിൽ മാത്രം ആയിരിക്കും.
ലൈഫ് മിഷൻ പദ്ധതിപ്രകാരം രണ്ട് ലക്ഷത്തിലധികം പേർക്ക് വീട് ലഭിച്ചിട്ടുണ്ട്. രണ്ടു ലക്ഷം എന്നത് ചെറിയ ഒരു സംഖ്യ അല്ല. ഈ സാഹചര്യത്തിലും ഷീറ്റിട്ട് മറച്ച ചോർന്നൊലിക്കുന്ന വീടുകളിൽ കഴിയേണ്ടി വരുന്നവർ ഉണ്ടാവുക എന്നത് വളരെ സങ്കടകരമാണ്‌. സ്വന്തന്ത്ര ഇന്റലിജൻസ് സംവിധാനങ്ങൾ ശകതിപ്പെടുത്താൻ വകയിരുത്തുന്ന തുക ഒരിക്കലും നഷ്ടമാകില്ല. അവ സർക്കാർ പദ്ധതികൾ അതിന്റെ യഥാർത്ഥ ഗുണഭോക്താക്കളിലേക്ക് എത്താൻ വളരെയധികം സഹായകമായിത്തീരും.