പണ്ടൊക്കെ മൊബൈൽ ഫോണിൽ വിളി വരുമ്പോഴു സംസാരിക്കുമ്പോഴുമെല്ലാം ടിവിയിലും ഓഡിയോ സിസ്റ്റത്തിലുമൊക്കെ വണ്ട് മുരളുന്നതുപോലെ ഒരു ശബ്ദം കേൾക്കാമായിരുന്നല്ലൊ ഇപ്പോഴെന്താ അത് കേൾക്കാത്തത്?
സുജിത് കുമാർ എഴുതിയ പോസ്റ്റ് വായിക്കാം

മൊബൈൽ ഫോണുകൾ വഴി ടിവിയിലും ഓഡിയോ സിസ്റ്റത്തിലുമൊക്കെ ഇതുപോലെ ഉണ്ടാകുന്ന വണ്ട് മൂളുന്ന ശബ്ദം ജി എസ് എം ബസ്സ് എന്ന പേരിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്. അതായത് ജി എസ് എം ഫോണുകൾക്ക് മാത്രം ഉണ്ടായിരുന്ന ഒരു പ്രശ്നമായിരുന്നതിനാലാണ് ഇതിനെ ജി എസ് എം ബസ്സ് എന്ന് വിളിച്ചിരുന്നത്. എന്തുകൊണ്ടാണീ ശബ്ദം ഉണ്ടാകുന്നത്? മൊബൈൽ ഫോണുകളിൽ ഏത് തരം സാങ്കേതിക വിദ്യ ആയിരുന്നു ഉപയോഗിച്ചിരുന്നത് എന്നതിനെ ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാൻ ശ്രമിക്കാം.
ഒരു മുറിയിൽ ഇരുപതു പേർ ഉണ്ട്. ഇതിൽ പത്തു പേർക്ക് പത്തു പേരോട് ഒരേ സമയത്ത് സംസാരിക്കണം. എല്ലാവരും ഒരേ സമയത്ത് സംസാരിക്കാൻ തുടങ്ങിയാൽ എങ്ങിനെ ഇരിക്കും? ആകെ ഒരു ബഹളമയം ആയിരിക്കും അല്ലേ? ആർക്കും ഫലപ്രദമായി ആശയ വിനിമയം നടത്താനാകില്ല. അപ്പോൾ എന്താണിതിനൊരു പ്രതിവിധി? ഇതിനായി വിവിധ മാർഗ്ഗങ്ങളുണ്ട്. അതിൽ രണ്ടെണ്ണം ഇതാണ്.
1. പരസ്പരം സംസാരിക്കാൻ ആഗ്രഹിക്കുന്ന പത്ത് ജോഡികൾക്കും രണ്ട് രണ്ട് കുഴലുകള്നൽകുക. ഒന്ന് സംസാരിക്കാനുള്ള കുഴലും ഒന്ന് മറുവശത്തുള്ള ആൾ സംസാരിക്കുന്നത് കേൾക്കാനുള്ള കുഴലും. സംസാരം ഇങ്ങനെ കുഴലുകൾ വഴി ആകുമ്പോൾ മറ്റുള്ളവർക്ക് ശല്ല്യവും ഉണ്ടാകില്ല എല്ലാവർക്കും ഫലപ്രദമായി ആശയ വിനിമയം നടത്താനും കഴിയും — ഇവിടെ കുഴലിനെ മാറ്റി ഓരോരുത്തർക്കും ഓരോ ഫ്രീക്വൻസി എന്ന് കണക്കിലാക്കിയാൽ ആ സാങ്കേതിക വിദ്യയെ ഫ്രീക്വൻസി ഡിവിഷൻ മൾടിപ്ലക്സിംഗ് FDMA എന്ന് വിളിക്കാം.
2 മറ്റൊരു മാർഗ്ഗം പ്രായോഗികമായി അല്പം വിഷമമുണ്ടാക്കുന്നതാണെങ്കിലും ശരിയായ രീതിയിൽ നിയന്ത്രിക്കാൻ ഒരാളുണ്ടെങ്കിൽ നടക്കും. ഈ പത്തു ജോഡികൾക്കും ഓരോ മിനിട്ട് വച്ച് സംസാരിക്കാൻ അവസരം നൽകുക. അതായത് ഒന്നാമത്തെ ജോഡി സംസാരിച്ച് ഒരു മിനിട്ട് ആകുന്നതു വരെ മറ്റ് ജോഡികൾ കാത്തിരിക്കുക. അപ്പോഴും സുഗമമല്ലെങ്കിലും തടസ്സങ്ങളില്ലാത്ത ആശയ വിനിമയം സാദ്ധ്യമാകും. ഇതിന്റെ പേരാണ് ടൈം ഡിവിഷൻ മൾട്ടിപ്പിൾ ആക്സസ് (TDMA)
ആദ്യം സൂചിപ്പിച്ച രീതിയിൽ ഓരോരുത്തർക്കും പ്രത്യേകമായി കുഴലുകൾ നൽകിക്കൊണ്ടുള്ള ഫ്രീക്വൻസി ഡിവിഷൻ മൾട്ടിപ്പിൾ ആക്സസ് നല്ലൊരു മാർഗ്ഗമായിത്തോന്നുന്നുണ്ട് അല്ലേ. ശരിയാണ് പക്ഷേ അവിടെ ഒരു പ്രശ്നം വരുന്നു. ആളുകളുടെ എണ്ണം കൂടുന്നതിനനുസരിച്ച് കുഴലുകളുടെ എണ്ണം കൂട്ടണം. നിർഭാഗ്യവശാൽ അത്രയധികം കുഴലുകൾ ലഭ്യമല്ല. അപ്പോൾ എന്തു ചെയ്യും. അവിടെ രണ്ടാമത്തെ മാർഗ്ഗം രക്ഷക്കായെത്തുന്നു. ഉദാഹരണത്തിന് ഇരുപതുപേർക്ക് പകരം നൂറുപേർക്ക് ആശയവിനിമയം നടത്തേണ്ട സാഹചര്യം വരുന്നു. അതനുസരിച്ച് ഓരോ കുഴലും പത്തുപേർക്കായി പകുത്ത് നൽകുന്നു. അതായത് ഒരു കുഴലിലൂടെ പത്തു പേർക്ക് സംസാരിക്കാം. അങ്ങനെ 100 പേർക്കായി പത്തു കുഴലുകൾ. ഒരേ സമയം ഒരു കുഴലിലൂടെ ഒരാൾക്ക് മാത്രമല്ലേ സംസാരിക്കാനാകൂ.. അതിനാൽ ഒരു മിനിട്ടിനെ പത്തായി പകുത്ത് ഓരോരുത്തർക്കുമായി നൽകുന്നു. അതായത് ആറു സെക്കന്റ് ഒരാൾ സംസാരിക്കുന്നു. മാറി നിൽക്കുന്നു. അടുത്ത ആൾ സംസാരം തന്റെ ആറുമിനിട്ട് സംസാരം തുടങ്ങുന്നു.. തന്റെ സമയം കഴിഞ്ഞാൽ അടുത്ത ആൾക്ക് കൈമാറുന്നു.. അങ്ങനെ പോകുന്നു.
രണ്ടാം തലമുറ വരെ ഉണ്ടായിരുന്ന ജി എസ് എം സാങ്കേതികവിദ്യയിൽ ഇതാണ് ഉപയോഗപ്പെടുത്തിയിരുന്നത്. അതായത് നിങ്ങളുടെ മൊബൈൽ ഫോണിനായി ഒരു പ്രത്യേക ഫ്രീക്വൻസി ലഭിച്ചിട്ടുണ്ടാകുമെങ്കിലും എല്ലായ്പ്പോഴും അത് ട്രാൻസിമ്റ്റ് ചെയ്യുകയോ റിസീവ് ചെയ്യുകയോ ചെയ്യുന്നില്ല. മൊബൈൽ ഫോൺ വെറുതേ ഇരിക്കുമ്പോൾ ട്രാൻസിമ്റ്റ് ചെയ്യുന്നില്ല എന്നല്ല കേട്ടോ ഉദ്ദേശിച്ചത് നിങ്ങൾ സംസാരിച്ച് കൊണ്ടിരിക്കുമ്പോഴും അത് മുഴുവൻ സമയവും യഥാർത്ഥത്തിൽ ട്രാൻസ്മിറ്റ് ചെയ്യുന്നില്ല. ഒരേ ഫ്രീക്വൻസിയിൽ മറ്റു മൊബൈൽ ഫോണുകൾക്കൊപ്പം അതിനനുവദിച്ച സമയത്ത് മാത്രമേ ട്രാൻസ്മിറ്റ് ചെയ്യുകയും റിസീവ് ചെയ്യുകയും ചെയ്യുന്നുള്ളൂ. പക്ഷേ ഈ ഇടവേള വളരെ ചെറുതായതിനാൽ നമുക്ക് സംസാരം മുറിയുന്നതായി തോന്നില്ല. 0.004615 സെക്കന്റിന്റെ ഇടവേളകളിലാണ് ഫോണുകൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. അതായത് 0.00465 സെക്കന്റ് (4.6 മില്ലി സെക്കന്റ്) ഇടവേളകൾ ഉള്ള പൾസുകളായാണ് ഫോണിന്റെ ആന്റിന റേഡിയേറ്റ് ചെയ്യുന്നതെന്ന് പറയാം. ഉദാഹരണത്തിന് നിങ്ങളുടെ ഫോൺ 900 മെഗാഹെട്സ് എന്ന ചാനലിൽ ആണ് പ്രവർത്തിക്കുന്നത് എങ്കിലും അത് 0.004615 സെക്കന്റിന്റെ ഇടവേളകളിൽ ആയിരിക്കും എന്നു സാരം. ഇവിടെ 0.004615 നെ ഫ്രീക്വൻസിയിലേക്ക് ഒന്ന് മാറ്റി നോക്കിയാൽ അത് 1/0.004615 = 216.684 അഥവാ 217 ഹെട്സ് ഫ്രീക്വൻസി ആണെന്ന് കാണാം. നമ്മൂടെ ചെവിക്ക് 20 ഹെട്സ് മുതൽ 20 കിലോ ഹെട്സ് വരെയുള്ള ശബ്ദ തരംഗങ്ങളെ കേൾക്കാനാകും. അതിനാൽ ഏതെങ്കിലും സ്പീക്കറിനടുത്തോ ഓഡിയോ സിസ്റ്റത്തിനടുത്തോ മൊബൈൽ ഫോൺ പ്രവർത്തിപ്പിക്കുമ്പോൾ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ലോഹഭാഗങ്ങൾ ആന്റിനയായി പ്രവർത്തിക്കുകയും ഫോണിൽ നിന്നുള്ള സിഗ്നലുകളെ സ്വീകരിക്കുകയും ചെയ്യുന്നു. അങ്ങനെ ഉപകരണങ്ങളിലെ ലൗഡ് സ്പീക്കറിലൂടെ നേരത്തേ സൂചിപ്പിച്ച 217 ഹെട്സ് തരംഗങ്ങൾ ശബ്ദമായി വണ്ട് മൂളുന്നതുപോലെ കേൾക്കാനാകുന്നു. ഇതാണ് കുപ്രസിദ്ധമായ ജി എസ് എം ബസ്സ്.
മൂന്നാം തലമുറയും അതിനു ശേഷവുമുള്ള മൊബൈൽ ഫോൺ സാങ്കേതികവിദ്യയിൽ മേൽപ്പറഞ്ഞ FDMA/TDMA സാങ്കേതിക വിദ്യകൾ ഉപയോഗിക്കാത്തതിനാൽ ഒരു ശല്ല്യമായിരുന്ന ജി എസ് എം ബസ്സും സ്വാഭാവികമായും അപ്രത്യക്ഷമായി.
അധിക വായനയ്ക്കായി വിവിധ സെല്ലുലാർ മൊബൈൽ കമ്യൂണിക്കേഷൻ സാങ്കേതികവിദ്യകളെക്കുറിച്ച് മുൻപൊരിക്കലെഴുതിയ പോസ്റ്റ്
നിങ്ങളുടെ മൊബൈൽ ഫോൺ GSM ആണോ CDMA ആണോ?
റിലയൻസ് ടാറ്റാ ഇൻഡിക്കോം തുടങ്ങിയ ഇന്ത്യൻ CDMA നെറ്റ് വർക്കുകൾ പൂട്ടിപ്പോയതോടെ മിക്കവർക്കും CDMA യെക്കുറിച്ച് വലിയ തെറ്റിദ്ധാരണകളുണ്ട്. CDMA ഒരു പഴഞ്ചൻ സാങ്കേതിക വിദ്യ ആയതുകൊണ്ടായിരിക്കും അവർ പൂട്ടിപ്പോയതെന്ന് വിശ്വസിക്കുന്നവർ കുറവല്ല. യഥാർത്ഥത്തിൽ നിങ്ങൾ ഇപ്പോൾ ഉപയോഗിക്കുന്ന ആധുനിക സ്മാർട്ട് ഫോണുകൾ എല്ലാം CDMA ആണെന്ന് എത്രപേർക്ക് അറിയാം ?
ജി എസ് എം എന്നത് മൊബൈൽ ശ്രുംഖലകൾക്കും അവയിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾക്കുമെല്ലാമുള്ള പൊതു മാനദണ്ഡങ്ങൾ ആണെങ്കിൽ CDMA എന്നത് ഒരു സാങ്കേതിക വിദ്യയാണ്. അതായത് ജി എസ് എം ഒരു സാങ്കേതിക വിദ്യ അല്ല. അതുകൊണ്ട് രണ്ട് സാങ്കേതിക വിദ്യകൾ എന്ന രീതിയിൽ ഇതിനെ താരതമ്യപ്പെടുത്താനാകില്ല. മൊബൈൽ ഫോൺ സാങ്കേതിക വിദ്യയുടെ കാര്യത്തിൽ ഒരു അടിസ്ഥാന മാനകം ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് യൂറോപ്യൻ രാജ്യങ്ങൾക്ക് തോന്നിയതിനാൽ അവർ രണ്ടാം തലമുറ മൊബൈൽ ഫോൺ നെറ്റ്വർക്കുകൾ പരസ്പര പൂരകങ്ങളായി സുഗമമായി പ്രവർത്തിക്കുന്നതിനാവശ്യമായ പൊതു നിബന്ധനകൾ ഏകോപിപ്പിച്ചുകൊണ്ട് ഗ്ലോബൽ സിസ്റ്റം ഫോർ മൊബൈൽ കമ്യൂണിക്കേഷൻ (GSM) രൂപീകരിച്ചു . ഇങ്ങനെ യൂറോപ്യൻ രാജ്യങ്ങൾക്ക് ജി എസ് എം എന്ന ഒരു പൊതു മാനദണ്ഡം ആദ്യമേ രൂപീകരിക്കാനായതിനാൽ അതിലെ നിബന്ധനകൾ പാലിച്ചുകൊണ്ട് പൊതുവായ രീതിയിലുള്ള വിവിധ മൊബൈൽ നെറ്റ് വർക്കുകൾ നിലവിൽ വന്നു. ഒരു രാജ്യത്തു നിന്നും മറ്റൊരു രാജ്യത്തേക്ക് സഞ്ചരിക്കുമ്പോഴും തടസ്സമില്ലാത്ത ആശയ വിനിമയം സാദ്ധ്യമാക്കാൻ ഇതു വഴി കഴിഞ്ഞതിനാൽ വളരെ വേഗം തന്നെ ജി എസ് എം സ്റ്റാൻഡേഡ് യൂറോപ്പിലും യൂറോപ്പുമായി വ്യാപാര വാണിജ്യ ബന്ധങ്ങളുള്ള മറ്റ് ഏഷ്യൻ രാജ്യങ്ങളിലേക്കും അതേ പോലെ പകർത്തപ്പെട്ടു. ഇതേ കാലയളവിൽ തന്നെ അമേരിക്കയിലും റഷ്യയിലും സമാന്തരമായി മറ്റ് സാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന വിവിധ രണ്ടാം തലമുറ മൊബൈൽ ശ്രുംഖലകൾ വികസിച്ചു വന്നു. മൊബൈൽ കമ്യൂണിക്കേഷനായി പ്രത്യേക നിബന്ധനകളോ മാനദണ്ഡങ്ങളോ വിവിധ സാങ്കേതിക വിദ്യകളെ ഏകോപിപ്പിക്കാനോ അമേരിക്ക ശ്രമിച്ചില്ല. മറിച്ച് പൂർണ്ണമായും ഇക്കാര്യം വിപണിക്ക് വിട്ടുകൊടുക്കുകയാണുണ്ടായത്. അതുകൊണ്ട് അമേരിക്കയിൽ വിവിധ പോക്കറ്റുകളിലായി പരസ്പര ഏകോപനമില്ലാത്ത വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന മൊബൈൽ നെറ്റ് വർക്കുകൾ വളർന്നു വന്നു. അത്തരത്തിൽ രണ്ടാം തലമുറയിൽ പെട്ട മൊബൈൽ ഫോൺ ശ്രുംഖലകളിൽ അമേരിക്കയിലും റഷ്യയിലും മറ്റും ഉപയോഗപ്പെടുത്തിയ ഒരു പ്രത്യേക സാങ്കേതിക വിദ്യയാണ് സി ഡി എം എ. പ്രശസ്ത ചിപ്പ് നിർമ്മാതാക്കളായ ക്വാൾകോം ആണിതിന്റെ ഉപജ്ഞാതാക്കൾ. ഇതിനെക്കുറിച്ചു പറയുന്നതിനു മുൻപ് മൊബൈൽ ശ്രുംഖലകളിൽ ഒരേ സമയം ആശയ വിനിമയം സാദ്ധ്യമാക്കുന്ന വിവിധ സാങ്കേതിക വിദ്യകളെക്കുറിച്ച് ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കാം:
ഒരു മുറിയിൽ ഇരുപതു പേർ ഉണ്ട്. ഇതിൽ പത്തു പേർക്ക് പത്തു പേരോട് ഒരേ സമയത്ത് സംസാരിക്കണം. എല്ലാവരും ഒരേ സമയത്ത് സംസാരിക്കാൻ തുടങ്ങിയാൽ എങ്ങിനെ ഇരിക്കും? ആകെ ഒരു ബഹളമയം ആയിരിക്കും അല്ലേ? ആർക്കും ഫലപ്രദമായി ആശയ വിനിമയം നടത്താനാകില്ല. അപ്പോൾ എന്താണിതിനൊരു പ്രതിവിധി? നാലു തരത്തിൽ ഇതിനെ മറികടക്കാം.
2 മറ്റൊരു മാർഗ്ഗം പ്രായോഗികമായി അല്പം വിഷമമുണ്ടാക്കുന്നതാണെങ്കിലും ശരിയായ രീതിയിൽ നിയന്ത്രിക്കാൻ ഒരാളുണ്ടെങ്കിൽ നടക്കും. ഈ പത്തു ജോഡികൾക്കും ഓരോ മിനിട്ട് വച്ച് സംസാരിക്കാൻ അവസരം നൽകുക. അതായത് ഒന്നാമത്തെ ജോഡി സംസാരിച്ച് ഒരു മിനിട്ട് ആകുന്നതു വരെ മറ്റ് ജോഡികൾ കാത്തിരിക്കുക. അപ്പോഴും സുഗമമല്ലെങ്കിലും തടസ്സങ്ങളില്ലാത്ത ആശയ വിനിമയം സാദ്ധ്യമാകും. ഇതിന്റെ പേരാണ് ടൈം ഡിവിഷൻ മൾട്ടിപ്പിൾ ആക്സസ് (TDMA)
3 അടുത്ത മാർഗ്ഗം സംസാരിക്കാൻ ആഗ്രഹിക്കുന്ന ജോഡികളെയൊക്കെ പത്ത് ഗ്രൂപ്പുകളായി തിരിച്ച് മുറിയുടെ വ്യത്യസ്ഥ ഇടങ്ങളിൽ കൊണ്ടുപോയി നിർത്തുക. അവരോട് ശബ്ദം അല്പം കുറച്ച് സംസാരിക്കണമെന്ന നിബന്ധന കൂടി വയ്ക്കുക. അങ്ങനെയും തടസ്സങ്ങളില്ലാത്ത ആശയ വിനിമയം സാദ്ധ്യമാകും. ഇതിനു പറയുന്ന പേരാണ് സ്പേസ് ഡിവിഷൻ മൾട്ടിപ്പിൾ ആക്സസ് എന്ന്.
4. അടുത്ത വിദ്യ അല്പം കൂടി ഇന്നൊവേറ്റീവ് ആണ്. ഇവിടെ ആരും അച്ചടക്കം പാലിക്കാനും ശബ്ദം കുറയ്ക്കാനുമൊന്നും തയ്യാറാകുന്നില്ല. പക്ഷേ ആശയ വിനിമയം നടത്തുകയും വേണം. അതിനും ഒരു വഴിയുണ്ട്. ഈ പത്തു ജോഡികളോടും പത്ത് ഭാഷകളിൽ ആയി സംസാരിച്ചുകൊള്ളാനുള്ള അവസരം നൽകുക. ഒരേ ഒരു നിബന്ധനയേ ഉള്ളൂ ഒരു ജോഡി സംസാരിക്കുന്ന ഭാഷ മറ്റേ ജോഡിക്ക് അറിയുന്നത് ആയിരിക്കരുത്. ഉത്തരേന്ത്യയിലെ ബഹളമയമായ കല്ല്യാണ വീടുകളിൽ പോയി നോക്കിയാൽ ബഹളത്തിനിടയിലും മലയാളികളും തമിഴന്മാരും തെലുങ്കന്മാരുമൊക്കെ അവരവരുടെ ഗ്രൂപ്പുകൾ ഉണ്ടാക്കി യാതൊരു തടസ്സവും അനുഭവപ്പെടാതെ ആശയ വിനിമയം നടത്തുന്നത് കാണാൻ കഴിയും. ഈ സാങ്കേതിക വിദ്യയ്ക്ക് പറയുന്ന പേരാണ് കോഡ് ഡിവിഷൻ മൾട്ടിപ്പിൾ ആക്സസ് (CDMA). ഇവിടെ ഓരോ ഭാഷയും ഓരോ കോഡ് തന്നെയാണല്ലോ. പരസ്പരം ഇടകലർന്ന് ശല്ല്യം ചെയ്യാത്ത കോഡ്.
രണ്ടാം തലമുറ വരെയുള്ള ജി എസ് എം നെറ്റ്വർക്കുകൾ ഉപയോഗിക്കുന്നത് ആദ്യത്തെയും രണ്ടാമത്തെയും സാങ്കേതിക വിദ്യകൾ കൂടിച്ചേർന്നാണ്. അതായത് നൂറു പേർക്ക് പരസ്പരം സംസാരിക്കണമെങ്കിൽ ഇവരെ പത്തു പേരുള്ള ഗ്രൂപ്പുകളായി തിരിച്ച് ഓരോ അഞ്ചുപേർക്കും അവരവരുടെ ഗ്രൂപ്പിൽ സംസാരിക്കാനായി ക്യൂ സംവിധാനം ഏർപ്പെടുത്തുന്ന FDMA, TDMA സാങ്കേതിക വിദ്യകൾ കൂടിച്ചേർന്നത്.
മൂന്നാമത് പറഞ്ഞ ഉദാഹരണത്തിന്റെ അടിസ്ഥാനത്തിലാണ് ജി എസ് എം എന്നോ സി ഡി എം എ എന്നോ ഭേദമില്ലാത്ത എല്ലാ മൊബൈൽ നെറ്റ്വർക്കുകളും പ്രവർത്തിക്കുന്നത്.
സാങ്കേതികമായിപ്പറഞ്ഞാൽ ഏറ്റവും മെച്ചപ്പെട്ടത് സി ഡി എം എ തന്നെയാണ്. രണ്ടാം തലമുറ മൊബൈൽ നെറ്റ്വർക്കുകൾ വരെയേ യഥാർത്ഥത്തിൽ CDMA-GSM യുദ്ധത്തിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. 2000 ത്തിനു ശേഷം മൂന്നാം തലമുറ മൊബൈൽ നെറ്റ്വർക്കുകളിൽ എല്ലാം CDMA യുടെ വിവിധ രൂപങ്ങളാണ് ഉപയോഗിച്ചു വരുന്നത്. പഴയ 2ജി മൊബൈൽ ഫോണുകൾ ടിവിയുടേയും മറ്റ് ഓഡിയോ സിസ്റ്റങ്ങളുടെയും അടുത്ത് വച്ചാൽ കോൾ വരുമ്പോഴും സംസാരിക്കുമ്പോഴുമൊക്കെ ഒരു പ്രത്യേക തരം ഒച്ച കേൾക്കുന്നത് അറിയാമല്ലോ. അതിന്റെ പേരാണ് GSM Buzz. നിങ്ങളുടെ പുതിയ് 3 ജി, 4 ജി ഫോണുകൾ ഉപയോഗിക്കുമ്പോൾ ആ പ്രശ്നം ഉണ്ടാകുന്നില്ല എന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? രണ്ടാം തലമുറ ജി എസ് എം ഫോണുകളിൽ ഉപയോഗിക്കുന്ന TDMA സാങ്കേതിക വിദ്യയാണിവിടുത്തെ വില്ലൻ. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. മൂന്നാം തലമുറയിൽ ഇതിനു പകരമായി CDMA സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതോടെ കുപ്രസിദ്ധമായ ജി എസ് എം ബസ്സും പമ്പ കടന്നു.
വാൽക്കഷണം: ഇന്ന് ഏപ്രിൽ 3 മൊബൈൽ ഫോണിന്റെ മുതു മുത്തച്ഛന്റെ ജന്മദിനം. 1973 ഏപ്രിൽ മൂന്നിന് മോട്ടറോള പുറത്തിറക്കിയ രണ്ടു കിലോഗ്രാം ഭാരമുള്ള ‘മൊബൈൽ’ ഫോണിൽ നിന്നും പരിണമിച്ചുണ്ടായതാണിന്നു കാണുന്ന കുഞ്ഞൻ ഫോണുകളെല്ലാം.