Connect with us

സുഹൃത്തിന്റെ തിരോധാനം

ബിജു ഓടുകയാണ്, അതിവേഗത്തില്‍. ശ്വാസം നിലച്ചു പോകുമെന്നു തോന്നുന്നുണ്ടവന്. എവിടെയെങ്കിലും ഒന്നിരിക്കണം. ഒന്നണയ്ക്കണം. നെഞ്ച് ശ്വാസം കിട്ടാതെ പിടയുന്നു. എന്നാല്‍ അതിനവന് ആവുമായിരുന്നില്ല.

 81 total views

Published

on

 

സുഹൃത്തിന്റെ തിരോധാനംബിജു ഓടുകയാണ്, അതിവേഗത്തില്‍. ശ്വാസം നിലച്ചു പോകുമെന്നു തോന്നുന്നുണ്ടവന്. എവിടെയെങ്കിലും ഒന്നിരിക്കണം. ഒന്നണയ്ക്കണം. നെഞ്ച് ശ്വാസം കിട്ടാതെ പിടയുന്നു. എന്നാല്‍ അതിനവന് ആവുമായിരുന്നില്ല. ദിശയറിയാതെ, ദിക്കറിയാതെ, ലക്ഷ്യമില്ലാതെ ഓടുകയാണ്. രക്ഷപെടണം. എങ്ങനെയെങ്കിലും ഇവിടെ നിന്ന്..രഘു എവിടെ? അവനെ കാണുന്നില്ല. കുറച്ച് മുന്‍പ് വരെ അവന്‍ പിന്നിലുണ്ടായിരുന്നു.. അവനെ ആരെങ്കിലും പിടിച്ചിട്ടുണ്ടാവുമോ..? ഇടയ്‌ക്കൊന്ന് തിരിഞ്ഞു നോക്കുമ്പോള്‍ വളവ് തിരിഞ്ഞു ഒരു കൂട്ടം ഓടി വരുന്നത് വലതു കണ്‍കോണിലൂടെ കണ്ടു. ബിജു അവസാനത്തെ തുള്ളി ഊര്‍ജ്ജവും സംഭരിച്ച് ഓട്ടം തുടര്‍ന്നു..

ഏകദേശം ഒരാഴ്ച്ച മുന്‍പ്…

‘ഞാനന്നൊരു കാര്യം പറഞ്ഞില്ലേ..?’

മുന്നിലിരിക്കുന്ന, കരി പിടിച്ച ചെറിയ മണ്ണെണ്ണ വിളക്കില്‍ നിന്നും മുകളിലേക്ക് പുളഞ്ഞു പോകുന്ന കറുത്ത പുകച്ചുരുളുകളിലേക്ക് നോക്കി കൊണ്ടാണ് അശ്രദ്ധമായി രഘുവതു പറഞ്ഞത്.

‘എന്തു കാര്യം?’ ബിജുവിനു രഘുവെന്താണുദ്ദേശിച്ചതെന്നു മനസ്സിലായില്ല.

‘ടാ, പതുക്കെ പറയെടാ..കുറച്ച് ദൂരെ.. ഞാനന്ന് പോയ കാര്യം..’

‘ഏത്? ആ പെണ്ണിനെ കാണാന്‍ പോയ..’ അതു പറയുമ്പോള്‍ ബിജുവിന്റെ കണ്ണുകള്‍ വികസിച്ചു.

Advertisement

‘അതു തന്നെ..നീയൊന്നു പതുക്കെ പറ..’

താനിരിക്കുന്ന കടയുടെ ചുറ്റിലുമായി വ്യാപിച്ചിരിക്കുന്ന ഇരുട്ടിലേക്ക് നോക്കി കൊണ്ട് രഘു ശബ്ദം താഴ്ത്തി കൊണ്ട് ഒരു താക്കീതെന്ന പോലെ പറഞ്ഞു.

രഘുവിന്റെ അപ്പന്റെയാണ് ആ പഴയ പലചരക്കു കട. പതിനഞ്ചു വര്‍ഷത്തിലധികമായി ആ കട റെയില്‍ പാളത്തിനടുത്തായി സ്ഥിതി ചെയ്യുന്നു. ആഴ്ച്ചയില്‍ ഒന്നോ രണ്ടോ ദിവസം മാത്രമെ വേലായുധേട്ടന്‍ എന്നറിയപ്പെടുന്ന ആ മനുഷ്യന്‍ ആ കടയില്‍ വന്നിരിക്കാറുള്ളൂ. വലിയ കണ്‍സ്യൂമര്‍ സ്‌റ്റോറുകള്‍ വരികയും, രാത്രികളില്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തുകയും ചെയ്തപ്പോള്‍, സ്വാഭാവികമായി ആ പഴയ കടയില്‍ കച്ചവടം കുറഞ്ഞു. അതിലയാള്‍ക്ക് ചെറിയ ഒരു ആവലാതിയുണ്ട്. രഘുവും ബിജുവും കുഞ്ഞുനാളു മുതലെ കളിച്ചു വളര്‍ന്നവരാണ്. കൗമാരപ്രായമായപ്പോഴേക്കും അവര്‍ ജീവിതത്തിലെ മുന്‍കൂട്ടി എഴുതപ്പെട്ട തിരക്കഥയനുസരിച്ച് രണ്ടു വഴികളിലേക്ക് നടന്നു തുടങ്ങിയിരുന്നു. എങ്കിലും അവര്‍ക്കിടയിലുള്ള സൗഹൃദബന്ധം തുടരുക തന്നെ ചെയ്തു. പുതിയ പുതിയ കാര്യങ്ങളറിയുന്നതില്‍ സ്വാഭാവികമായ താത്പര്യം ഉണ്ടാവുന്നതിനിടയിലാണ് തങ്ങള്‍ ഇതുവരേയും അനുഭവിക്കാത്തതും, അറിവു സമ്പാദിക്കാത്തതുമായ ചില ജീവിതവിഷയങ്ങളുണ്ടെന്നു മനസ്സിലാക്കിയത്. എതിര്‍ ലിംഗത്തിലുള്ളവരുടെ മൃദുലമായ ശരീരഭാഗങ്ങളില്‍ ആകര്‍ഷിക്കപ്പെട്ടു തുടങ്ങിയത് തങ്ങളുടെ ശരീരത്തിലുണ്ടായ ചില ജൈവപരമായ അത്ഭുതങ്ങളുടെ ഫലമായിട്ടായിരുന്നുവെന്നോ, ഇതിനു മുന്‍പെ തങ്ങളെ കടന്നു പോയവരും വളര്‍ച്ചയുടെ ഇതെ ഘട്ടങ്ങള്‍ താണ്ടിയാണ് പോയിരുന്നതെന്നും അവര്‍ മനസ്സിലാക്കാന്‍ ശ്രമിച്ചതേയില്ല. പത്താം ക്ലാസ്സില്‍ പരാജയപ്പെട്ടതില്‍ രഘുവിനു അശേഷം വിഷമം ഉണ്ടായിരുന്നില്ല. ഒരു കടയുണ്ട്. അതിനി നടത്തികൊണ്ട് പോകേണ്ടത് താന്‍ തന്നെ. ആ ഒരു ചിന്ത അവനു അളവില്ലാത്ത ആത്മവിശ്വാസമാണു നല്‍കിയത്. ബിജു കുറച്ചകലെയുള്ള കോളേജിലേക്ക് പഠിക്കാന്‍ പോയി തുടങ്ങിയിരുന്നു. കൂടെയുള്ള സുഹൃത്തുക്കള്‍ പ്രണയത്തിനെ കുറിച്ച് പറയുമ്പോള്‍, സ്ത്രീവിഷയങ്ങളില്‍ അവര്‍ക്കുള്ള അവഗാഹം പങ്കു വെച്ചപ്പോള്‍, തനിക്കു മാത്രമെന്തെ ഇതിനൊരു ഭാഗ്യമുണ്ടാകുന്നില്ല എന്നോര്‍ത്ത് വിഷമിച്ചു. ജീവിതത്തിലെ സുവര്‍ണ്ണ നിമിഷങ്ങള്‍ വെറുതെ പാഴാക്കി കളയുകയാണെന്ന് സുഹൃത്തുക്കള്‍ നിരന്തരം പറഞ്ഞു കേള്‍പ്പിച്ചപ്പോള്‍, തനിക്കുണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടം താന്‍ കരുതുന്നതിലും എത്രയോ അധികമാണെന്നും തോന്നി തുടങ്ങി.

അലറി പാഞ്ഞു കൊണ്ട് വന്ന തീവണ്ടി, കടയും അതു നിന്ന ഭൂമിയും വിറപ്പിച്ചു കൊണ്ട് പോയ ഒരു സന്ധ്യാസമയത്താണ് രഘു ബിജുവിനോട് ആദ്യമായി ആ രഹസ്യം പറഞ്ഞത്. ബിജു സ്വപ്നം കണ്ടിരുന്ന ആ സുഖങ്ങള്‍ രഘു ഒന്നു രണ്ടു ആഴ്ച്ചകള്‍ക്കു മുന്‍പെ അനുഭവിച്ചു കഴിഞ്ഞിരുന്നുവെന്ന സത്യം. ആ വാര്‍ത്ത കേട്ടപ്പോള്‍ അസൂയയാണ് ബിജുവിനാദ്യം തോന്നിയത്.

‘എന്നാല്‍ ഇങ്ങനെ ഒരു സംഭവം നടന്നിട്ട് നീ ഇപ്പോഴാണല്ലോ എന്നോട് പറയുന്നത്’ നിരാശയോടെ, രഘുവിനെ കുറ്റപ്പെടുത്തുന്ന സ്വരത്തില്‍ ബിജു ചോദിച്ചു.

‘അതെങ്ങനെയാ? നീ പഠിക്കാന്‍ പോയിട്ട് വരുമ്പോ നേരം താമസിക്കത്തില്ലേ?’

‘അല്ല, നിന്നോടിക്കാര്യം ആരാ പറഞ്ഞത്?’

Advertisement

‘അതു നീ അറിയണ്ട, നിനക്ക് പോകണോന്നുണ്ടെങ്കില്‍ പറ. ഞാന്‍ കൊണ്ടു പോകാം’

ആ ഒരു വാഗ്ദാനത്തിനൊരുത്തരം ഉടന്‍ കൊടുക്കാന്‍ ബിജുവിനു കഴിഞ്ഞില്ല.

‘അത്..ആരെങ്കിലും അറിഞ്ഞാല്‍..’

‘എങ്ങനെയറിയാന്‍? ഇപ്പോള്‍ തന്നെ.. ഞാന്‍ പോയ കാര്യം തന്നെ നീ അറിഞ്ഞോ?’

‘വല്ല പോലീസും മറ്റും..’ ബിജു തന്റെ സംശയങ്ങള്‍ ഒരോന്നോരായി നിരത്തുകയാണെന്ന് രഘുവിനു മനസ്സിലായി.

അപ്പോള്‍ പോകുന്നതില്‍ അവനു വിരോധമൊന്നുമില്ല. ഭയമാണ് പ്രശ്‌നം.

‘നീ വിചാരിക്കുന്ന പോലെയല്ല..കുറച്ച് ദൂരം പോണം..ഒരു കാര്യം ചെയ്യാം, ഈ വരുന്ന ശനിയാഴ്ച്ച പോകാം. എന്താ?’

Advertisement

ഇത്ര പെട്ടെന്ന് പോകണോ?. അവന്‍ കൂടെയുള്ളപ്പോള്‍ ശരിക്കും ഒന്നിനേയും പേടിക്കേണ്ട കാര്യമില്ല. രഘുവിനു നല്ല തടിമിടുക്കുണ്ട്. ആരോടും എന്തും പറഞ്ഞു നില്‍ക്കാന്‍ അവനറിയാം. ലോകപരിചയം കൂടുതലുണ്ട്. എത്ര പേരെയാണ് ദിവസവും കാണുന്നതും, സംസാരിക്കുന്നതും. ഈ ചുറ്റുവട്ടത്ത് അവനെ അറിയാത്തവരായി ആരുമില്ല.

‘അമ്മ വല്ലതും അറിഞ്ഞാല്‍..’ എന്തൊ ചില അരുതായ്മകള്‍ താന്‍ ചെയ്യാന്‍ പോകുകയാണ്. ആരൊക്കെയോ പിന്നിലേക്ക് പിടിച്ച് വലിക്കുന്നതു പോലെ.

‘നിന്നെ കൊണ്ട് തോറ്റു. അമ്മയെങ്ങനെ അറിയാനാണ്?! ഇതൊക്കെ ചെറിയ കാര്യമല്ലേ? എല്ലാവരുടെയും ജീവിതത്തില്‍ ഇതൊക്കെ ഉണ്ടാവും. നിനക്ക് നമ്മുടെ ശശിയെ അറിയാവോ?’

‘ങെ..ഏത് ആ കുള്ളന്‍ ശശിയാ?’

‘അവന്‍ കുള്ളനൊന്നുമല്ല.. നീയാ കുള്ളന്‍. അവനീ കാര്യത്തില്‍ ജഗജില്ലിയാ..’

‘പക്ഷെ..അവനെ കണ്ടാല്‍ ഒന്നും തോന്നൂല്ലല്ലോ..’

‘ഇതെങ്ങെയാടാ കണ്ടാല്‍ തോന്നുന്നേ!.. നിനക്ക് വേണ്ടെങ്കില്‍ വേണ്ട..വിട്ടേക്ക്’

Advertisement

താന്‍ വിലകുറച്ചു കണ്ടിരുന്ന ശശി തന്നെ തോല്‍പ്പിച്ചിരിക്കുന്നു. താനിവിടെ ഇപ്പോഴും സ്വപ്നങ്ങളില്‍ മുഴുകി നടക്കുകയാണ്. ഇപ്പോഴിതാ അന്വേക്ഷിച്ചത് പോലുമില്ല, ആഗ്രഹിച്ചതേയുള്ളൂ ആ അവസരമാണ് മുന്നില്‍ വന്നിരിക്കുന്നത്. വിശദമായി എല്ലാമറിയണം. ബിജുവിനു ചോദിക്കാന്‍ നൂറു കൂട്ടം ചോദ്യങ്ങളുണ്ടായിരുന്നു.

അന്നു രാത്രി ബിജുവിനെ ചിന്തകള്‍ ഉറങ്ങാനനുവദിച്ചില്ല.

എന്തു കള്ളം പറയും?

പോയിവരാന്‍ എത്ര നേരമെടുക്കും?

കാണാനെങ്ങനെയുണ്ടാവും?

സ്വയം ചോദിച്ച ചോദ്യങ്ങള്‍ക്കിടയില്‍ കിടന്ന് ബിജു ഉറങ്ങി പോയി.

Advertisement

ഉണര്‍ന്നെഴുന്നേറ്റപ്പോഴും ചിന്തകള്‍ ബിജുവിനെ പിന്തുടര്‍ന്നു.

കൃത്യമായി സ്ഥലമെവിടെയെന്ന് രഘു പറഞ്ഞിട്ടില്ലെങ്കിലും ബസ്സില്‍ പോകണമെന്നല്ലേ പറഞ്ഞത്? അപ്പോള്‍ കുറച്ചകലെയാണ്. അതേതായാലും നന്നായി. ഇവിടെ ഞാന്‍ മര്യാദാപുരുഷോത്തമനാണ്. നല്ല അനുസരണയുള്ള ഒരു മകനാണ്. അനാവശ്യമായി ഒരു വാക്ക് പോലും ആരോടും സംസാരിക്കാത്തവനാണ്. ഒരേയൊരു സന്തതിയാണ്… ആ ഒരു ചിന്ത മാത്രം ബിജുവിനെ കുഴപ്പിച്ചു. എല്ലാ പ്രതീക്ഷകളോടുമാണ് അമ്മ വളര്‍ത്തുന്നത്. വീടിന്റെ നെടും തൂണാവേണ്ടവനാണ്. അച്ഛന്റെ മരണം, എല്ലാ ഉത്തരവാദിത്വവും എന്റെ ചുമലിലേക്കാണ് എടുത്തു വെച്ചത്. പക്ഷെ..ഇതു ഞാനെന്തിനെന്റെ താത്പര്യങ്ങളുമായി കൂട്ടിക്കുഴയ്ക്കണം? വെറുമൊരു നേരമ്പോക്ക്. അല്ലെങ്കില്‍ തന്നെ ഈയൊരു കാര്യം ചെയ്യാനാഗ്രഹിക്കുന്ന ആദ്യത്തെ ആളൊന്നുമല്ലല്ലോ ഞാന്‍.

ആഗ്രഹങ്ങള്‍ കെട്ടു വിട്ടു പായുമ്പോള്‍, അതിനനുസരിച്ചുള്ള ന്യായവാദങ്ങള്‍ കണ്ടെത്താന്‍ എളുപ്പമാണ്. താന്‍ ചിന്തിക്കുന്നതും, പ്രവര്‍ത്തിക്കുന്നതും തികച്ചും സ്വാഭാവികമാണെന്നു തന്നെ ബിജുവിനു തോന്നി.

വീട്ടില്‍ പറയാന്‍ ഒരു കാരണം. അതു നിസ്സാരമാണ്. ഒരു സിനിമ കാണാന്‍ പോകുന്നു. അവിടെ അടുത്തൊരു സുഹൃത്തുണ്ട്. അവന്റെ വീട്ടിലും ഒന്ന് പോകണം. അതു നന്നായി പറഞ്ഞു ഫലിപ്പിക്കാന്‍ ബിജു ശ്രമിച്ചു.

ശനിയാഴ്ച്ച.

പറഞ്ഞയിടത്ത് ബസ്സിറങ്ങിയപ്പോള്‍ രഘു അടുത്തുള്ള പീടികയുടെ മുന്നില്‍ തന്നെ നില്‍ക്കുന്നത് കണ്ടു. ഒന്നിച്ച് പോകുന്നത് ബുദ്ധിയല്ല എന്ന് പറഞ്ഞത് രഘുവാണ്. അവന്റെ കൃത്യനിഷ്ഠ അത്ഭുതപ്പെടുത്തുന്നില്ല. അവന്‍ വാക്ക് പറഞ്ഞാല്‍ വാക്കാണ്. അവനെ വിശ്വസിക്കാം. എങ്കിലും ഒരു ചെറിയ ഒരു ഭയം ഇല്ലാതില്ല. അതു പക്ഷെ പുറത്ത് കാട്ടാന്‍ പാടില്ല. എന്റെ മൂക്കിനു താഴെയും കറുത്ത രോമങ്ങളുണ്ട്. ജീവിതത്തില്‍ ഓര്‍ത്തു വെയ്ക്കാനുള്ള ഒരു ദിവസമാണിന്ന്.

രഘു ചുറ്റും നോക്കി. ഈ പ്രദേശത്തെ കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും, ഇതാദ്യമായാണ് ഇവിടെ വരുന്നത്. ഒന്നോ രണ്ടോ ഓട്ടോറിക്ഷകള്‍ അവരെയും കടന്നു പോയി. ചില സൈക്കിളുകള്‍, ജവുളി കടകള്‍, ചായപീടികകള്‍. പട്ടണമാവാന്‍ കൊതിച്ചു നില്‍ക്കുന്ന ഒരു ഗ്രാമപ്രദേശമെന്ന് ഒറ്റ നോട്ടത്തില്‍ തോന്നും. കുറച്ച് നടന്ന് അവര്‍ ചെറിയ ഒരു റോഡിലേക്ക് കയറി. കുറച്ച് കഴിഞ്ഞു ആ വഴിയും ചെറുതായി. ഇപ്പോള്‍ ഒന്നോ രണ്ടോ പേര്‍ക്ക് നടക്കാവുന്ന വീതി മാത്രമേയുള്ളൂ. ഇരു വശത്തും പറമ്പ്. തെങ്ങിന്‍ തോപ്പാണ്. കൈലിയുടുത്ത് ഒന്നു രണ്ടു ചെറുപ്പക്കാര്‍ അവരെ കടന്നു പോയി. അതിലൊരുവന്‍ തന്നെ തുറിച്ച് നോക്കിയോ? ബിജുവിനു സംശയമായി.

Advertisement

‘എടാ ഇനി എത്ര ദൂരമുണ്ട്?’ ബിജുവിനു ആകാംക്ഷ അടക്കാനായില്ല. രഘുവാണങ്കില്‍ ഒന്നും സംസാരിക്കാതെ പോവുകയാണ്.

‘നീ വാ..’

നടന്ന് അവര്‍ വഴി വിട്ട് ഒരു പറമ്പിലേക്ക് കയറി. അതിരു തിരിച്ച് ചില കല്ലുകള്‍ മാത്രമാണ് അടുക്കി വെച്ചിരിക്കുന്നത്. മുട്ടോളം പൊക്കത്തില്‍ കുറ്റിച്ചെടികള്‍, ചേമ്പിലകള്‍ അവിടവിടെ ഉയര്‍ന്നു നില്‍ക്കുന്നു. ദൂരെയായി പാടം കാണാം. അവിടം മുഴുവനും തൊട്ടാവടി ചെടികളുണ്ടായിരുന്നു. ചെറിയ ചെറിയ പൂവുകള്‍. തൊട്ടാവാടിയുടേതാവാം, ഏതൊ ചെടിയുടെ മുള്ളുകള്‍ ബിജുവിന്റെ കാലിലുരസുകയും പോറലുണ്ടാവുകയും ചെയ്തു.

‘ഇവിടെ മുഴുവനും മുള്ളാണല്ലോ..’ അതു പറഞ്ഞു ബിജു നിന്നു കാലുയര്‍ത്തി. ചെറുതായി ചോര പൊടിഞ്ഞിരിക്കുന്നു.

‘ചോര വന്നല്ലോ! അപ്പോളെല്ലാം നന്നാവും. ഇനി ഒന്നും പേടിക്കണ്ട!’ രഘുവതു പറഞ്ഞത് തമാശയ്ക്കായിട്ടാണോ അല്ലയോ എന്നു ബിജുവിനു മനസ്സിലായില്ല. അല്ലെങ്കില്‍ തന്നെ എന്തിനു പേടിക്കണം? മുഖത്ത് പേടിയുടെ ഭാവമുണ്ടോ? അമര്‍ഷം പുറമെ കാട്ടാതെ രഘുവിന്റെ പിന്നാലെ നടന്നു. ഇതു വരെ ആയില്ലേ. ഇനി ചിലപ്പോള്‍ കുറച്ച് ദൂരം മാത്രമെ ഉണ്ടാവൂ.

ചെന്നു നിന്നത് ഒരു ഓടിട്ട വീടിനു മുന്നിലാണ്. പായലു പിടിച്ച മതിലുകള്‍ വീടിനെ വളഞ്ഞു നില്‍പ്പുണ്ട്. ഉയരത്തില്‍ നിന്നും നോക്കിയാല്‍ ഒരു പക്ഷെ ഒരു വലിയ പാമ്പ് ആ വീടിനെ ചുറ്റി കിടക്കുകയാണോ എന്നു തോന്നുമായിരികും. ഒരു നിമിഷം വീട്ടിലേക്ക് നോക്കി നിന്ന ബിജുവിനെ രഘു കൈയ്യില്‍ പിടിച്ച് കൊണ്ട് വീട്ടിനു മുന്‍വാതിലിനു മുന്നില്‍ കൊണ്ട് നിര്‍ത്തി. പതുക്കെ രണ്ട് മുട്ട്. വാതില്‍ തുറന്ന് വന്നത് ഒരു മദ്ധ്യവസ്‌ക്കനായിരുന്നു. അയാളുടെ കണ്ണിനു താഴെയായി വീര്‍ത്ത സഞ്ചികള്‍ പോലെ മാംസം തുളുമ്പി നിന്നിരുന്നു. നരച്ച താടി രോമങ്ങളില്‍ അലസമായി തടവി കൊണ്ട് അയാള്‍ രണ്ടു പേരെയും നോക്കി. നോക്കിയെന്നു പറഞ്ഞാല്‍ പോര, കണ്ണുകള്‍ കൊണ്ട് ഉഴിഞ്ഞു എന്നു തന്നെ പറയണം. ബിജുവിനു താന്‍ ഒരു നിമിഷം കൊണ്ട് വിവസ്ത്രനായതു പോലെ തോന്നി. ഒരു സ്വാഭാവിക പ്രതികരണം പോലെ ബിജു രഘുവിന്റെ പിന്നിലേക്ക് ഒതുങ്ങി. അയാളുടെ കണ്ണുകളും നോട്ടവും ശരിയല്ല. ഏതോ മൃഗത്തിന്റെ രൂപമാണയാള്‍ക്ക്. ഏതു മൃഗമാണത്?

‘മനസ്സിലായില്ലേ..?’ രഘു ശബ്ദം താഴ്ത്തി ചോദിച്ചു.

Advertisement

‘ഉം..’ ഒരു വരണ്ട മൂളല്‍ വാതിലിനു കുറുകെ നിന്ന ആ രൂപത്തില്‍ നിന്നും പുറത്തു വന്നു.

‘ഇതാണ് ഞാന്‍ പറഞ്ഞ..’ രഘു തുടര്‍ന്നു

‘ഉം ഉം..’ ഈ പ്രാവശ്യം മൂളലിനു ഒരു പ്രത്യേക താളമുണ്ടായിരുന്നു.

‘കൊണ്ടു വന്നിട്ടുണ്ടൊ?’ അപ്പോള്‍ രൂപത്തിനു സംസാരിക്കാനറിയാം. ബിജു അയാളില്‍ നിന്നു കണ്ണെടുത്ത് ചുറ്റും നോക്കി.

ഒരു വല്ലാത്ത പ്രദേശം. ദൂരെയെവിടെയോയിരുന്നു ഒരു ഉപ്പന്‍ പതിവു ചോദ്യം ഉറക്കെ ചോദിക്കുന്നത് കേള്‍ക്കാം. ബിജു വിനു ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കണമെന്നുണ്ടായിരുന്നു.

എന്തു പ്രായം വരും?

വല്ല അസുഖവും വരുമോ?

Advertisement

പക്ഷെ ഇതൊക്കെ നേരത്തെ ചോദിക്കേണ്ട ചോദ്യങ്ങളായിരുന്നു. ഇനിയിപ്പോള്‍ സമയമില്ല.

സഞ്ചി തൂക്കിയിട്ട കണ്ണുകള്‍ ചുറ്റും ആരേയോ പരതി. എന്നിട്ടയാള്‍ ഒരു വശത്തേക്ക് വഴിമാറി. ബിജുവും രഘുവും അകത്തേക്ക് കയറിയതും ശബ്ദമുണ്ടാക്കാതെ വാതിലടച്ചു.

വെയിലില്‍ നിന്നും വന്നു കയറിയതു കൊണ്ട് ഒരു നിമിഷം കാഴ്ച്ച നഷ്ടമായിരുന്നു രണ്ടു പേര്‍ക്കും. പിന്നീട് സാവധാനം എല്ലാം തെളിഞ്ഞു വന്നു. കുമ്മായമിളകി തുടങ്ങിയ ചുവരുകള്‍. ഒരു മൂലയിലായി ചുളുങ്ങി കിടക്കുന്ന ചുളിവു നിറഞ്ഞ ഒരു പഞ്ഞിമെത്ത, ഒരു ചെറിയ മേശ. അതിനു മുന്നിലായി ഒരു കസേര. അതിലൊരു മുഷിഞ്ഞ തോര്‍ത്ത്. ഒരു മൂലയില്‍ ചുരുട്ടി വെച്ച ഒരു പായ. ഇയാള്‍ സദാ സമയവും ഉറക്കമായിരിക്കും. ആ മെത്ത കണ്ടാലറിയാം, ഇപ്പോള്‍ കിടപ്പില്‍ നിന്നെഴുന്നേറ്റ് വന്നതേയുള്ളൂവെന്ന്.

രഘു ചോദ്യഭാവത്തില്‍ അയാളെ നോക്കി. ഒരു മുറിയുടെ ചാരി കിടന്ന തടി വാതിലിലേക്ക് അയാള്‍ താടിയുയര്‍ത്തി കാണിച്ചു. രഘും ബിജുവിനോട് കണ്ണു കൊണ്ട് ‘അങ്ങോട്ട് പോയ്‌ക്കോളൂ’ എന്നാംഗ്യം കാണിച്ചു.

ഇതാണ് താന്‍ കാത്തിരുന്ന മുഹൂര്‍ത്തം. ഇതാണാ ആ സ്വപ്ന മുഹൂര്‍ത്തം. എന്നാല്‍ കാലുകള്‍ ചലിക്കുന്നില്ല. കൈകളില്‍ തണുപ്പ് പടര്‍ന്നിരിക്കുന്നു. തല ശൂന്യമായിരിക്കുന്നു. ഇതു മുഴുവനും സ്വപ്നമായിരിക്കും. ഞാനിപ്പോള്‍ ഉണരും. വീണ്ടും എന്റെ കിടക്കയില്‍ മലര്‍ന്ന് കിടക്കുന്നതായറിയും. വലത്തേക്ക് തല ചെരിച്ചു നോക്കിയാല്‍ ഒരു പാളി തുറന്നിട്ടിരിക്കുന്ന ജനലു കാണും. ഇല്ല, ഇതൊന്നും സ്വപ്നമല്ല. ഇതാണ് യാഥാര്‍ത്ഥ്യം. എത്രയോ ദൂരം സഞ്ചരിച്ച്, കുമ്മായമിളകി വീഴുന്ന ചുവരുകളുള്ള ഒരു വീടിനുള്ളിനാണിപ്പോള്‍.

രഘു വീണ്ടും ബിജുവിനെ കണ്ണു കാണിച്ചു. മൂന്നാമന്‍ ഇതൊന്നും ശ്രദ്ധിക്കാത്ത മട്ടില്‍ ശബ്ദമുണ്ടാക്കാതെ നടന്നു പോയി തറയിലിട്ടിരുന്ന പഞ്ഞിമെത്തയില്‍ ചുരുണ്ട് കിടപ്പായി. അത്രയും സമാധാനം. അയാളുടെ സാന്നിധ്യം തന്നെ ഒരു വല്ലാത്ത അറപ്പുണ്ടാക്കിയിരുന്നു. താന്‍ രഘുവിനു കൊടുത്ത പണമെപ്പോഴാണ് അയാള്‍ക്ക് കൊടുത്തത്. അത് ശ്രദ്ധയില്‍ പെട്ടില്ലല്ലോ. ആരുടെയും ശ്രദ്ധയില്‍ പെടാതെ കാര്യങ്ങള്‍ ചെയ്യാനുള്ള വൈദഗ്ദ്യമവനുണ്ട്.

വാതിലിനു നേരെ നടക്കുമ്പോള്‍ പൊട്ടിയടര്‍ന്ന സിമന്റു തറയില്‍ നിന്നും തണുപ്പ് ചെരുപ്പിടാത്ത കാലില്‍ കൂടി അരിച്ച് കയറുന്നത് ബിജു അറിഞ്ഞു. വാതിലില്‍ മുട്ടണോ? വേണ്ട. ചാരി കിടക്കുകയല്ലേ? അനുവാദം കിട്ടിയതല്ലേ? തല ചെരിച്ച് ഒരു വട്ടം കൂടി രഘുവിനെ നോക്കിയ ശേഷം വാതില്‍ തള്ളി തുറന്ന് ബിജു അകത്തേക്ക് കയറി. നേരിയ വെളിച്ചം വിതറുന്ന ഒരു ബള്‍ബ് മച്ചില്‍ നിന്നും ഇറക്കിയിട്ടിട്ടുണ്ട്. മുറിയുടെ ഒരു മൂലയില്‍ ഒരു രൂപമുണ്ട്. ചുരിദാറാണ് വേഷം. മുടിയഴിച്ചിട്ടിരിക്കുകയാണ്. മുന്‍വശത്തേക്ക് ചുമലിലേക്ക് കുറച്ച് വീണ് കിടക്കുന്നു. രൂപത്തിനു നിറം കറുപ്പുമല്ല, വെളുപ്പുമല്ല. അവള്‍ക്ക് തന്നെക്കാള്‍ പ്രായം കുറവാണ്! എന്തായായിരിക്കും ഇവളും, മുന്‍വശത്തെ മുറിയില്‍ ചുരുണ്ടു കൂടി കിടങ്ക്കുന്ന മൃഗരൂപവുമായുള്ള ബന്ധം? ഇനി മകളാവുമോ? അതോ മറ്റെവിടെ നിന്നെങ്കിലും ഇവളെ കൊണ്ടു വന്നതാവുമോ? ഈ മാതിരി അനാവശ്യ ചിന്തകളില്‍ മുങ്ങി പോകുമായിരുന്നു. എന്നാല്‍ അവള്‍ ബിജുവിനെ തന്നെ സൂക്ഷിച്ച് നോക്കുകയായിരുന്നു. വികാരമെല്ലാം തണുത്തു പോയിരിക്കുന്നു. ഭയം മാത്രമാണ് ബാക്കി.

Advertisement

‘വാതിലടയ്ക്ക്..’ മൃദുവെങ്കിലും മൂര്‍ച്ചയുള്ള സ്വരം.

നല്ല അനുസരണയോടെ ബിജു വാതിലടച്ചു.

നടന്നു അവളുടെ അടുക്കലേക്ക് പോയി. ഇതാദ്യമായാണ് ഇങ്ങനെ ഒരു കാര്യത്തിനു പോകുന്നതെന്നവള്‍ അറിയരുത്. തന്റെ മൂക്കിനു താഴെയും കറുത്ത രോമങ്ങളുണ്ട്. ആ കാര്യം ഒരിക്കലും മറക്കാന്‍ പാടില്ല.

നേരെ ചെന്ന് അവളുടെ കൈയ്യില്‍ പിടിക്കുകയാണ് ചെയ്തത്.

‘ആദ്യമായിട്ടാണല്ലേ..?’ അതു പറഞ്ഞ് അവള്‍ ചെറുതായി ചിരിച്ചു. ഒപ്പം വലതു കൈയുയര്‍ത്തി സ്വന്തം വാ പൊത്തുകയും, മുഖം കുനിക്കുകയും ചെയ്തു.

ഒന്നു വിളറിയെങ്കിലും ബിജുവും ചിരിച്ചു.

‘..എങ്ങനെ മനസ്സിലായി..?’ മൂക്കിനു താഴെയുള്ള രോമങ്ങളുടെ കാര്യം ഒരു നിമിഷം മറന്ന്, വളരെ നിഷ്‌ക്കളങ്കമായി അവന്‍ ചോദിച്ചു.

Advertisement

‘അതു പറഞ്ഞു തരാം..’ അതു പറഞ്ഞു അവള്‍ ബിജുവിന്റെ കൈയ്യില്‍ പിടിച്ചു.

ഘോര മഴ പെയ്യുന്ന നേരത്ത് മിന്നല്‍ പിണറുകള്‍ ആകാശത്ത് നൃത്തം വെച്ച് അപ്രത്യക്ഷമാകുന്നത് കണ്ടിട്ടുണ്ട്. എന്നാല്‍ ഇതാദ്യമായി സ്വന്തം ശരീരത്തിനുള്ളില്‍ മിന്നലുകള്‍ ജനിക്കുന്നതും, അത് ശരീരം മുഴുവനും വ്യാപിക്കുന്നതും ബിജു മനസ്സിലാക്കി.

പുറത്ത് ബിജു പോക്കറ്റില്‍ നിന്നും ഒരു സിഗറെറ്റെടുത്ത് കത്തിച്ചു. തീപ്പെട്ടി ഉരച്ചതിന്റെ ശബ്ദം കേട്ട് പുതപ്പിനുള്ളില്‍ നിന്നും ഒരു തല ഉയര്‍ന്ന് വന്നു. എന്നിട്ടതു പോലെ ഉള്ളിലേക്ക് പോയി.

കുറെ നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍, പുറത്ത് ചില കാല്‍പെരുമാറ്റങ്ങള്‍ കേട്ടതു പോലെ രഘുവിനു തോന്നി. രഘു എഴുന്നേറ്റ് ചെന്ന് മുന്‍വശത്തെ വാതിലിന്റെ വിടവിലൂടെ നോക്കി.

എന്നിട്ട് പരിഭ്രാന്തിയോടെ ബിജു കയറി പോയ മുറിയുടെ മുന്നിലേക്ക് ഓടി.

‘തുറക്കടാ, തുറന്ന് പുറത്തേക്ക് വാടാ..’

രഘുവിന്റെ പരിഭ്രാന്തി നിറഞ്ഞ ശബ്ദം കേട്ട്, തന്നെ മൂടിയിരിക്കുന്ന നീളമുള്ള മുടിയിഴകള്‍ക്കിടയില്‍ നിന്ന് ബിജു തലയുയര്‍ത്തി.

Advertisement

രഘുവിന്റെ ശബ്ദം തന്നെയല്ലേ?

വാതിലില്‍ തുടര്‍ച്ചയായി മുട്ട് കേട്ടു കൊണ്ടിരുന്നു.

എന്താണ്..? എന്താണ് നടക്കുന്നത്..?

‘എടാ..ഓടിക്കോടാ..’

പരിഭ്രാന്തി മാത്രമല്ല, ഒരു വലിയ അപകടം മുന്നില്‍ കണ്ടതു പോലുള്ള നിലവിളിയാണ്. രക്ഷപെടാനുള്ള മുന്നറിയിപ്പാണ്. എന്തോ പ്രശ്‌നമുണ്ടായിട്ടുണ്ട്. അല്ലെങ്കില്‍ അവന്‍ ഇങ്ങനെ വിളിക്കില്ല. അവന്റെ ഈ ശബ്ദം തനിക്കപരിചിതമാണ്.

ബിജു ചാടിയെഴുന്നേറ്റ് വസ്ത്രങ്ങളണിഞ്ഞു. ഷര്‍ട്ടിന്റെ കുടുക്കുകളിടുന്നതിനൊപ്പം നടന്ന് ചെന്ന് വാതില്‍ തുറന്നു മുന്നിലേക്ക് രണ്ടു ചുവടു വെച്ച് നിന്നു. തൊട്ടു മുന്നില്‍ തന്നെ രഘു നില്‍പ്പുണ്ടായിരുന്നു.

‘എടാ..കുറേ പേര്..നമുക്ക് എത്രേം വേഗം ഇവിടുന്ന് പോണം’ അതു പറയുമ്പോള്‍ രഘു ചെറുതായി കിതയ്ക്കുണ്ട്. ഇത്രയും ഭയം അവന്റെ മുഖത്ത് ഇതിനു മുന്‍പ് കണ്ടിട്ടില്ല. ഇതു വളരെ ഗൗരവമുള്ള സംഭവമാണ്. മദ്ധ്യവയസ്‌ക്കന്‍ എഴുന്നേറ്റ് പഞ്ഞിമെത്തയില്‍ നില്‍ക്കുകയാണ്. ഉറക്കം അയാളുടെ കണ്ണുകളില്‍ ഇപ്പോഴില്ല. കണ്ണും മിഴിച്ച്, വായും പൊളിച്ചങ്ങനെ നില്‍ക്കുകയാണ്. ബിജുവിനു തലയിലേക്ക് രക്തം ഇരച്ച് കയറുന്നതായി തോന്നി. തലമുടിക്ക് തീ പിടിച്ചത് പോലെയാണ് രഘു നില്‍ക്കുന്നത്.

Advertisement

‘തുറക്കടാ..’

‘ഇന്നു കൊണ്ടിതു അവസാനിപ്പിക്കും’

‘കുറച്ച് നാളായി തുടങ്ങീട്ട്’

‘ഇറങ്ങി വാടാ നായിന്റെ മക്കളെ..!’

വീടിനു പുറത്ത് നിന്നുമുള്ള ആക്രോശങ്ങളുടെയും, ഭീഷണികളുടെയും ശബ്ദം ഉയരുന്നത് ബിജു അപ്പോഴാണ് ശ്രദ്ധിച്ചത്. ശബ്ദങ്ങളുടെ ശക്തി കൂടി വരുന്നു.

അതു ആക്രോശങ്ങളോ, ഭീഷണികളോ അല്ല, ആയിരം അപായമണികള്‍ ഒന്നിച്ചടിക്കുന്ന ശബ്ദമാണ്!

ബിജു ഒരു നിമിഷം തിരിഞ്ഞു നോക്കി.

Advertisement

ചാരിയിട്ടിരുന്ന വാതില്‍ മറഞ്ഞ് അഴിഞ്ഞമുടിയോടെ, ആ പെണ്മുഖം. ഒരു കണ്ണു മാത്രം കാണാം. നിര്‍വ്വികാരത നിറഞ്ഞ ഒരു കണ്ണ്. വാതില്‍ പിടിച്ചിരുന്ന ചുവന്ന വളയിട്ട കൈകള്‍ പതുക്കെ താഴേക്കൂര്‍ന്ന് അകത്തേക്ക് മറഞ്ഞു. വാതിലടയുകയും ചെയ്തു.

‘നീ വാ’ അതും പറഞ്ഞ് രഘു ബിജുവിന്റെ കൈയ്യില്‍ ബലമായി പിടിച്ചു കൊണ്ട് വീടിന്റെ പിന്‍ഭാഗത്തേക്ക് ഓടി. വാതില്‍ തുറന്ന് പുറത്തേക്ക് രണ്ടു പേരും ചാടുകയായിരുന്നു. അപ്പോഴേക്കും വീട് ചുറ്റി പിന്‍ഭാഗത്തേക്കോടി വരുന്ന കുറച്ചു പേരെ അവര്‍ കണ്ടു. സര്‍വ്വശക്തിയുമെടുത്തോടുമ്പോള്‍, ‘അവന്മാരതാ!’, ‘വിടരുത് ഒരുത്തനേയും’ എന്ന ചില വിളികള്‍ അവരെ പിന്‍തുടര്‍ന്നു.

‘ടാ, ആദ്യം കാണുന്ന ബസ്സില്‍ കയറിക്കോ’ ഓടുന്നതിനിടയില്‍ രഘു വിളിച്ചു പറഞ്ഞതു ബിജു കേട്ടു.

ഓട്ടത്തിന്റെ വേഗത കൂടി. ഏതോ ഒരു നിമിഷത്തില്‍ അവര്‍ വഴി പിരിഞ്ഞോടി. കുറേ ദൂരം പിന്നിട്ട രഘു തിരിഞ്ഞു നോക്കുമ്പോള്‍ ആരേയും കാണുകയുണ്ടായില്ല. ബിജു…ബിജു എവിടെ? അവനെവിടെയെങ്കിലും വീണു പോയിരിക്കുമോ? അതോ അവരവനെ പിടികൂടിയിരിക്കുമോ? അതോ എവിടെയെങ്കിലും ഒളിച്ചിരിക്കുകയാണോ?.. പാലത്തിനടുത്ത് വരെ അവനുണ്ടായിരുന്നു. അവിടെ വെച്ചായിരിക്കും അവന്‍ മാറി ഓടിയിട്ടുണ്ടാവുക. പാലത്തിനപ്പുറം ഒരു ബസ്‌റ്റോപ്പുണ്ട്. അവിടെ ഞാന്‍ പോയിട്ടുള്ളതാണ്. രഘു ഓര്‍ത്തെടുത്തു. ഒരു പക്ഷെ അവന്‍ ഇപ്പോള്‍ ബസ്സില്‍ തിരിച്ചുള്ള യാത്രയിലായിരിക്കും. ശ്ശെ, എന്റെ കൂടെ വന്നിട്ട്.. തനിക്ക് പറ്റിയ ഒരു തോല്‍വിയാണ്. ഈ കാര്യങ്ങളില്‍ ഇതു വരെ ഒരു ചെറിയ പിഴവ് പോലും വന്നിട്ടില്ല. ഞാന്‍ വിളിച്ചു കൊണ്ട് വന്നിട്ട്..ഇനി അവന്റെ മുഖത്തെങ്ങനെ നോക്കും?..

രഘു തിരിച്ചെത്തിയപ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു.

‘ഇനി അപ്പന്‍ പോയ്‌ക്കോള്ളൂ’

കടയിലേക്ക് കയറുമ്പോള്‍ രഘു പറഞ്ഞു.

Advertisement

‘നീ ഊണു വല്ലതും കഴിച്ചോ?’

‘ഉം..’

വിശപ്പെവിടെ? അതെപ്പോഴോ കെട്ടു പോയിരുന്നു. ബസ്സിറങ്ങിയപ്പോള്‍ അടുത്തുള്ള പീടികയില്‍ നിന്ന് ഒരു ഗ്ലാസ് നാരങ്ങാ വെള്ളം, രണ്ടു ചെറു പഴവും കഴിച്ചതാണ്.

ആളുകള്‍ വരികയും പോവുകയും ചെയ്തു കൊണ്ടിരുന്നു. അപ്പോഴെല്ലാം ബിജുവിന്റെ മുഖം അവിടെല്ലാം രഘു തിരഞ്ഞു കൊണ്ടിരുന്നു. അവന്‍ ഏതു നിമിഷവും മുന്നില്‍ പ്രത്യക്ഷപ്പെടാം. കുഴപ്പമില്ല. അവനെ സമാധാനപ്പെടുത്താവുന്നതേയുള്ളൂ. അല്ലെങ്കില്‍ തന്നെ ഞാന്‍ അവനെ ചതിച്ചതൊന്നുമല്ലല്ലോ. ആരു വിചാരിച്ചു ഇങ്ങനെയൊക്കെ ആവുമെന്ന്.

‘നീ നമ്മുടെ ബിജുവിനെ കണ്ടോ?’

സന്ധ്യ കഴിയാറായപ്പോള്‍ പത്രമിടുന്ന ജോണി വന്നു രഘുവിനോട് ചോദിച്ചു. രഘു കടയടയ്ക്കാനുള്ള തിരക്കിലായിരുന്നു.

‘ഇല്ല..ഇന്നു കണ്ടതേയില്ല..എന്തായേട്ടാ?’

Advertisement

‘അവനിന്ന് രാവിലെ സിനിമയ്‌ക്കെന്ന് പറഞ്ഞ് എവിടെയോ പോയതാ..ഇതു വരെ വീട്ടില്‍ തിരിച്ചു വന്നിട്ടില്ല..അവന്റെ അമ്മ അതാ കരഞ്ഞു കൊണ്ട് നടക്കുന്നു..’

അതു പറഞ്ഞു ജോണി സൈക്കിള്‍ ചവിട്ടി പോയി. ജോണി പോകുന്നതും നോക്കി നില്‍ക്കുമ്പോള്‍ രഘുവിനു ഉള്ളിലൊരു സര്‍പ്പമിഴയുന്നതു പോലെ തോന്നി.

എന്തോ പ്രശ്‌നമുണ്ടായിട്ടുണ്ട്. ചിലപ്പോള്‍ അവന്മാരൊക്കെ ബിജുനെ പിടിച്ചു കാണും. പോലീസ് കേസോ മറ്റോ ആയിട്ടുണ്ടാവുമോ?. പോലീസ് എങ്കില്‍ ഇവിടെയും വരാന്‍ സാദ്ധ്യതയുണ്ട്. അവിടെ വെച്ച് ബഹളമുണ്ടാക്കിയവരില്‍ ചിലരെങ്കിലും എന്റെ മുഖം കണ്ടിട്ടുണ്ടാവും. എന്നെ തിരിച്ചറിയും. ചോദ്യം ചെയ്യും. സത്യമെല്ലാം പറയേണ്ടിവന്നാല്‍ ഈ നാട്ടിലിനി എങ്ങനെ തലയുയര്‍ത്തി നടക്കും?. അവനേം വിളിച്ചോണ്ട് ഏതു സമയത്താണ് പോയത്..ഇതിപ്പോള്‍ എന്താവുമോ ..?

രാത്രിയായപ്പോള്‍ ബിജുവിന്റെ അമ്മ രഘുവിനെ തേടി വീട്ടില്‍ വന്നു.

‘മോനെ, നീയിന്ന് ബിജൂനെ കണ്ടാ?’

‘ഇല്ല മാമി’ ചെറുപ്പം മുതല്‍ അങ്ങനെയാണ് ബിജുവിന്റെ അമ്മയെ വിളിച്ചു പോന്നിരുന്നത്.

‘നിന്നോട് അവന്‍ വല്ലതും പറഞ്ഞോ ?’

Advertisement

‘ഉം..ഉം..ഒന്നും പറഞ്ഞില്ല..’

കള്ളം പറയാന്‍ ഒരു നിമിഷം പോലുമെടുക്കുന്നില്ല. രഘു സ്വയം അത്ഭുതപ്പെട്ടു.

ഇവിടെ എന്റെ ഭാഗം രക്ഷിക്കാന്‍ ഞാന്‍ മാത്രമേയുള്ളൂ. ഒരു തരത്തിലും ഒരു സൂചന പോലും കൊടുക്കരുത്.

ആ രാത്രിയില്‍ രഘുവിനെ ചിന്തകള്‍ ഉപദ്രവിച്ചു കൊണ്ടിരുന്നു. അവന്‍ ഇനി നാടു വിട്ട് പോയിക്കാണുമോ?

എന്തിനു നാടു വിടണം? അവനെ അവിടെ ആരും തിരിച്ചറിയാന്‍ ഒരു വഴിയുമില്ല.

എന്തായാലും എത്രയും വേഗം അവന്‍ തിരിച്ചു വന്നാല്‍ മതിയാരുന്നു..

പിറ്റേന്ന് ഉച്ച കഴിഞ്ഞിട്ടും ബിജുവിനെ കുറിച്ച് ഒരറിവും ആര്‍ക്കും ലഭിച്ചില്ല എന്നറഞ്ഞപ്പോള്‍ രഘുവിനു മാനസിക സമര്‍ദ്ദം താങ്ങാവുന്നതിനപ്പുറമായി. ഒന്നവിടം വരെ അന്വേഷിച്ചു പോയാലോ?. വേണ്ട അതപകടമാണ്. അവന്‍ തിരിച്ചു വരിക തന്നെ ചെയ്യും. എന്നാല്‍ ആ വിചാരങ്ങളെ തകര്‍ത്തത് ഓടി കിതച്ചു കൊണ്ട് വന്ന സുധീറിന്റെ വാക്കുകളാണ്. പരമേട്ടന്റെ മകനാണ്.

Advertisement

‘നമ്മുടെ ബിജു മരിച്ചു പോയെടാ..പൊഴേല് മുങ്ങി മരിച്ചെന്നാ കേട്ടത്..’

അത്രയുമേ രഘു കേട്ടുള്ളൂ. നീന്തലറിയാത്ത അവനെന്തിനു പുഴയില്‍ ചാടണം? ചിലപ്പോള്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍ ചാടിയതാണോ? പിടിക്കപ്പെടും എന്നായപ്പോള്‍ നാണക്കേട് ഉണ്ടാവാതിരിക്കാന്‍…അങ്ങനെ വല്ലതും? ഇനി..ചിലപ്പോള്‍..മരിച്ചത് അവനാവില്ല…

രഘു കട പൂട്ടി ബിജുവിന്റെ വീടിലേക്ക് പോയി.

സന്ധ്യക്കു മുന്‍പ് ഒരാമ്പുലന്‍സ് വന്ന് ബിജുവിന്റെ വീടിനടുത്ത് നിന്നു.

അങ്ങോട്ട് പോകണമോ വേണ്ടയോ. രഘു കുറച്ചകലെയായി നിന്നു. സ്ത്രീകളുടെ കരച്ചിലുകള്‍ ഉയര്‍ന്നു. ആരൊക്കെയോ ചേര്‍ന്ന് ശരീരം വീട്ടിനുള്ളിലേക്ക് എടുത്തു കൊണ്ടു പോയി.

രഘു ചെന്നു നോക്കി.

മുഖം നീരു വന്നു വീങ്ങിയിരിക്കുന്നു. കണ്ണിലും കവിളിലും നിറയെ ദ്വാരങ്ങള്‍. മുഖം മുഴുവനും ഏതോ പൊടി കൊണ്ട് പൂശിയിരിക്കുന്നു. പൗഡറാണോ?. അവന്റെ മുഖം തന്നെയാണോ എന്നറിയാന്‍ ബുദ്ധിമുട്ടുണ്ട്. എങ്കിലും താടിക്കു താഴെയുള്ള മറുക്…അതവിടെ തന്നെയുണ്ട്. ഇതവന്‍ തന്നെ..

Advertisement

മുഖകുരു വന്നപ്പോള്‍ വിഷമം പറഞ്ഞവനാണ്..അവന്റെ മുഖമാണ് മീനുകള്‍ കൊത്തിയും പാറകളിലുരഞ്ഞും..

രഘു മുഖം തിരിച്ചു.

തനിക്കൊരു കള്ളന്റെ മുഖഭാവമുണ്ടോ?.

ബിജു എങ്ങനെ മരിച്ചുവെന്ന് ഇപ്പോഴും ആര്‍ക്കും ശരിയായ ധാരണയില്ലെന്ന് അവിടെ കൂടി നില്‍ക്കുന്നവരുടെ വാക്കുകളില്‍ നിന്ന് മനസ്സിലായി. രഘു സാവധാനം വീടിനു പുറത്തേക്ക് നടന്നു.

‘ടാ എന്നിക്കൂടെ താടാ..’ സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാരങ്ങാ മിഠായി എന്റെ കൈയ്യില്‍ നിന്ന് ചോദിച്ച് വാങ്ങുന്ന ബിജുവിന്റെ മുഖം.

‘ഈ ഉടുപ്പെങ്ങനെയുണ്ട്?’ ഓണത്തിനു അമ്മ വാങ്ങി കൊടുത്ത പുതിയ കുപ്പായമിട്ട് വന്ന് മുന്നില്‍ ഗമയില്‍ നിന്നിരുന്നു അവന്‍..

‘അമ്മ വല്ലതും അറിഞ്ഞാല്‍..’ ഒരാഴ്ച്ച മുന്‍പ് അവന്‍ ചോദിച്ച ചോദ്യം ഇപ്പോഴും ചെവിക്കുള്ളിലുണ്ട്..

Advertisement

‘ആദ്യം കാണുന്ന ബസ്സില്‍ കയറിക്കോ’..ഇന്നലെയതു പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ എന്റെ നേരെയല്ലായിരുന്നു.. അവിടപ്പോള്‍ ഒരു പക്ഷെ ഭയം എന്നൊരു ഭാവം മാത്രമെ ഉണ്ടാവുമായിരുന്നുള്ളൂ..

ഇരുട്ടിലേക്കിറങ്ങി നടക്കുമ്പോള്‍ രഘു കണ്ണു തുടച്ചു. തോളില്‍ കൈയ്യിട്ട് ആറ്റുവക്കില്‍ അവനോടൊപ്പം ഇരിക്കുമായിരുന്നു..അവനെ കാണാതാകുമ്പോഴൊക്കെ അവിടെയാണ് തേടി പോയിട്ടുള്ളത്. അവനവിടുണ്ടാകും. അവിടെ തന്നെയുണ്ടാവും. രഘു ആറ്റിന്‍ക്കരയിലേക്ക് നടന്നു. ഒറ്റയ്ക്ക്..പിന്നിലുയരുന്ന അലമുറകള്‍ ശ്രദ്ധിക്കാതെ..

 82 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema8 hours ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema1 day ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment1 day ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema2 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment3 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema3 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema4 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema5 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema6 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

Advertisement