വൈദ്യുത വാഹന യുഗം ആണെന്നൊക്കെ പറയുന്നുണ്ടല്ലോ, ഒരു സാധാരണ ഉപഭോക്താവെന്ന നിലയിൽ നെക്സൊൺ ഇ വിയുടെ ഗുണങ്ങളും ദോഷങ്ങളുമൊന്ന് പരിശോധിച്ച് നോക്കാം

95

സുജിത് കുമാർ

ടാറ്റാ നെക്സോൻ ഇലക്ട്രിക് കാറുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമായിരിക്കുകയാണല്ലോ. ഇനി വൈദ്യുത വാഹനങ്ങളുടെ യുഗം ആണെന്ന പൊതുവായ വിലയിരുത്തലുകൾ ഉള്ളതിനാൽ പുതിയതായി വാഹനം വാങ്ങാൻ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്‌ നെക്സോൺ ഇ വി. അതോടൊപ്പം തന്നെ വലിയ തോതിൽ ആശയക്കുഴപ്പം ഉണ്ടാക്കുന്നതും. ഈ സാഹചര്യത്തിൽ ഒരു സാധാരണ ഉപഭോക്താവെന്ന നിലയിൽ നെക്സൊൺ ഇ വിയുടെ ഗുണങ്ങളും ദോഷങ്ങളുമൊന്ന് പരിശോധിച്ച് നോക്കാം.

— ഗുണങ്ങൾ —

 1. വില – നിലവിൽ വിപണിയിലുള്ള മറ്റ് കമ്പനികളുടെ വൈദ്യുത കാറുകളെ അപേക്ഷിച്ച് വലിയ വിലക്കുറവ്. 16 ലക്ഷത്തിനടുത്ത് ഓൺറോഡ് പ്രൈസ് .
 2. നെക്സോൺ ടാറ്റയുടെ ഒരു ജനപ്രിയ കോമ്പാക്റ്റ് എസ് യു വി മോഡൽ ആണ്‌. നെക്സോണിന്റെ അതേ ലുക്കും ഫീലും ലോകോത്തരം സുരക്ഷാ സംവിധാനങ്ങളുമെല്ലാം ഇതിലും ഉള്ളതിനാൽ കാഴ്ച്ചയിലും ഉപയോഗത്തിലും കാര്യമായ വ്യത്യാസങ്ങൾ ഒന്നും തന്നെ അനുഭവപ്പെടില്ല. പിക്കപ്പ്, സ്പീഡ് എന്നിവയുടെ കാര്യത്തിലൊന്നും വ്യത്യാസങ്ങൾ അനുഭവപ്പെടില്ല എന്നതിനോടൊപ്പം സാധാരണ ഡീസൽ / പെട്രോൾ വാഹനങ്ങളുടേതുപോലെ ശബ്ദ ശല്ല്യങ്ങളുമുണ്ടാകില്ല.
 3. പരിപാലനച്ചെലവ് വളരെ കുറവായിരിക്കും. പൊതുവേ വൈദ്യുത വാഹനങ്ങളിൽ മൊട്ടോറും ബാറ്ററിയും ഇലക്ട്രൊണിക് കണ്ട്രോൾ പാർട്സുമല്ലാതെ സങ്കീർണ്ണമായ യന്ത്രഭാഗങ്ങളൊന്നുമില്ലാത്തതിനാൽ പരിപാലനച്ചെലവ് തീരെ കുറവായിരിക്കും. അതായത് ഒരു പെട്രോൾ വാഹനത്തിനു ഷെഡ്യൂൾഡ് സർവീസ് ഇനത്തിൽ പ്രതി വർഷം അയ്യായിരം രൂപ ചെലവുണ്ടെങ്കിൽ അതിന്റെ നാലിലൊന്ന് പോലും വൈദ്യുത വാഹനങ്ങൾക്ക് വരില്ല. വീൽ ബാലൻസിംഗ്, അലൈൻമെന്റ്, ടയർ, ബ്രേക്ക് തുടങ്ങിയ വകയിൽ മാത്രമേ ചെലവുണ്ടാകൂ.
 4. റണ്ണിംഗ് കോസ്റ്റ് താരതമ്യേന കൂറവായിരിക്കും. മോട്ടോറിന്റെ പവർ, ബാറ്ററി കപ്പാസിറ്റി, മൈലേജ് എന്നിവയൊക്കെ സ്റ്റാൻഡേഡ് റേറ്റ് നോക്കിയാൽ 75 പൈസ ആണ്‌ ഒരു കിലോമീറ്ററിനു വൈദ്യുത ചാർജ് ആയി വരേണ്ടത് എങ്കിലും അതിന്റെ ഇരട്ടി എങ്കിലും പ്രായോഗിക സാഹചര്യങ്ങളിൽ എടുത്താൽ തന്നെ പരമാവധി 1.5 രൂപയൊക്കെയേ ഇന്ധന ഇനത്തിൽ (ചാർജിംഗ്) റണ്ണിംഗ് കോസ്റ്റ് ആയി വരികയുള്ളൂ. എട്ടു വർഷക്കാലം ബാറ്ററി-മോട്ടോർ വാറന്റി ഉള്ലതിനാൽ ആദ്യത്തെ എട്ടു വർഷക്കാലം നല്ല ഓട്ടമുള്ളവർക്ക് ഉപയോഗിച്ച് പണം മുതലാക്കാൻ കഴിയേണ്ടതാണ്‌.

 5. പ്രത്യക്ഷത്തിലും പരോക്ഷമായുമൂള്ല ഏറ്റവും വലിയ ഗുണം ഏത് വൈദ്യുത വാഹനങ്ങളെപ്പോലെത്തന്നെയും താരതമ്യേന പരിസ്ഥിതി / ശബ്ദ മലിനീകരണങ്ങൾ കുറവായിരിക്കും എന്നതു തന്നെ. ഇത് ചാർജ് ചെയ്യാനായി ലഭിക്കുന്ന വൈദ്യുതി ഉണ്ടാക്കുന്നത് താപ വൈദ്യുത നിലയങ്ങളിൽ നിന്നല്ലേ അതുകൊണ്ട് ആ കണക്കിനു നോക്കിയാൽ ലാഭമുണ്ടാകുമോ എന്നൊക്കെയുള്ള ചോദ്യങ്ങളുണ്ട്. അത് കൂടി കണക്കിലെടുത്താലും വൈദ്യുത വാഹനങ്ങൾ മറ്റ് ഫോസിൽ ഫ്യുവൽ ഉപയ്യോഗിക്കുന്ന വാഹനങ്ങളേക്കാൾ എമിഷന്റെ കാര്യത്തിലും ശബ്ദ മലിനീകരണത്തിന്റെ കാര്യത്തിലും പരിസ്ഥിതി സൗഹൃദം തന്നെയാണ്‌.

— ദോഷങ്ങൾ —

 1. ഇതേ സെഗ്മെന്റിൽ ഉള്ള സാധാരണ ഡീസൽ / പെട്രൊൾ കാറുകൾക്ക് പകരമായി വലിയ ലാഭം പ്രതീക്ഷിച്ചുകൊണ്ട് ഇപ്പോൾ ഇതു വാങ്ങുന്നത് പ്രതീക്ഷിക്കുന്ന ലാഭം നൽകണമെന്നില്ല. കാരണം നെക്സോണിന്റെ തന്നെ പെട്രൊൾ വേരിയന്റുമായി താരതമ്യപ്പെടുത്തിയാൽ അഞ്ചു ലക്ഷം രൂപയെങ്കിലും അധികമായി നൽകേണ്ടി വരുന്നതും അതിന്റെ പലിശയുമൊക്കെ കണക്കാക്കിയാൽ നിത്യോപയോഗത്തിൽ കാര്യമായ ലാഭം പ്രതീക്ഷിക്കേണ്ടതില്ലെന്ന് മാത്രവുമല്ല നഷ്ടവുമുണ്ടാകാം. അതിനാൽ കാര്യമായ ഓട്ടം ഇല്ലാത്തവർക്ക് ഒട്ടും അനുയോജ്യമല്ല.
 • നിലവിലെ സ്പെസിഫിക്കേഷനുക്കൾ വച്ചും ചാർജിംഗ് സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലവും ദീർഘ ദൂര യാത്രകൾക്ക് ഒട്ടും തന്നെ അനുയോജ്യമല്ല. 312 കിലോമീറ്റർ ആണ്‌ പരമാവധി മൈലേജ് ഒരു ചാർജിംഗിൽ പറയുന്നത്. ഇത് സ്റ്റാൻഡേഡ് കണ്ടീഷനുകളിൽ ആണ്‌. വളവുകളും തിരുവുകളുമുള്ളതും കയറ്റിറക്കങ്ങൾ ഉള്ളതുമായ നമ്മുടെ റോഡുകളിലും സിറ്റി ട്രാഫിക്കിലും ശരാശരി കണക്ക് കൂട്ടിയാൽ 200 കിലോമീറ്റർ റേഞ്ചിലേ പ്രതീക്ഷിക്കേണ്ടതുള്ളൂ. ഈ സാഹചര്യത്തിൽ കൊച്ചിയിൽ നിന്ന് ഒന്ന് മൂന്നാർ പോയി വരണമെങ്കിൽ രണ്ടു പ്രാവശ്യം ചിന്തിക്കേണ്ടി വരും. എല്ലായിടത്തും ചാർജിംഗ് സ്റ്റേഷനുകൾ ഒക്കെ ആയി വരുന്ന സാഹചര്യത്തിൽ കാര്യങ്ങൾക്ക് മാറ്റം വരാം. പക്ഷേ സമയമെടുക്കും.
 • ഹോം ചാർജിംഗിൽ 80 ശതമാനം ചാർജ് എത്താൻ എട്ടുമണിക്കൂർ എങ്കിലുമെടുക്കും. ഡി സി ഫാസ്റ്റ് ചാർജിംഗിൽ 1 മണിക്കൂർ. ഇതിൽ ഡിസി ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ഇപ്പോൾ നഗരങ്ങളിൽ മാത്രമേ ലഭ്യമാകൂ എന്നതിനാലും ഒരു മണിക്കൂർ എങ്കിലും ചാർജിംഗിനു വേണ്ടി നിർത്തി ഇടേണ്ടി വരുമെന്നതുമൊക്കെ മുൻകൂട്ടി കാണണം. അതുകൊണ്ട് തന്നെ പവർ ബാങ്ക് കയ്യിലില്ലാത്ത സാഹചര്യത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ ഉണ്ടാകുന്ന തരത്തിലുള്ള ഒരു ആശങ്ക എപ്പോഴും ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുമ്പോഴും ഉണ്ടാകും.

 • വിപണീയിലെ പുതിയ ഒരു മോഡൽ ആയതിനാൽ ഏതൊരു പുതിയ വാഹനത്തെയും പോലെ ഫിൽഡിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന ധാരാളം പ്രശ്നങ്ങൾ ഇതിൽ ഇപ്പോൾ ഉണ്ടാകും. അത്തരം പ്രശ്നങ്ങൾ ഫീഡ്ബാക്കുകൾ അനുസരിച്ച് പരിഹരിക്കപ്പെടാൻ കുറച്ച് സമയമെടുക്കും. ഉദാഹരണമായി നിലവിൽ തന്നെ പല പ്രശ്നങ്ങളും വാങ്ങിച്ച് ഉപയോഗിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നുണ്ട്. ആരെങ്കിലുമൊക്കെ വാങ്ങി ഉപയോഗിക്കാതെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കപ്പെടില്ല എന്നതിനാൽ ഇതിനെക്കുറിച്ച് അധികം തല പുണ്ണാക്കിയിട്ട് കാര്യമില്ല എങ്കിലും ഒന്ന് ക്ഷമിച്ചാൽ അതിന്റെ ഗുണഫലം കൂടി അനുഭവിക്കാമെന്നു മാത്രം.

 • — നിലവിൽ ആർക്കെല്ലാമാണ്‌ ഇത് അനുയോജ്യം ? —

  1. പരിസ്ഥിതി പ്രവർത്തകർ- നാലു ചക്ര വാഹനങ്ങൾ ഇപ്പോൾ ഒരു ആഡംബരമല്ല മറിച്ച് പലപ്പോഴും അത്യാവശ്യവുമാണ്‌. ഈ സാഹചര്യത്തിൽ പരിസ്ഥിതി പ്രവർത്തകർക്ക് മനസ്സാക്ഷിക്കുത്ത് ഒഴിവാക്കാനും വിമർശനങ്ങളിൽ നിന്ന് രക്ഷപ്പെടാനും എന്തുകൊണ്ടും അനുയോജ്യമാണ്‌ ഇപ്പൊൾ തന്നെ ടാറ്റാ നെക്സോൺ ഇ വി വാങ്ങുന്നത്.

  2. പ്രഖ്യാപിത പരിസ്ഥിതി പ്രവർത്തകരൊന്നുമല്ലെങ്കിലും ഫോസിൽ ഇന്ധനങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള വാഹനങ്ങൾ ഉപയോഗിക്കാൻ മനസാക്ഷി അനുവദിക്കാത്തതും എന്നാൽ നാലു ചക്രവാഹനങ്ങൾ അത്യാവശ്യമായിട്ടുള്ളതുമായ പലരുമുണ്ട്. അവർക്കും അധികം കാത്ത് നിൽക്കാതെ ഇത് വാങ്ങാവുന്നതാണ്‌ .

  3. ദീർഘ ദൂര യാത്രകൾ അധികം ഇല്ലാതെ ചെറു നഗര യാത്രകൾ വളരെ കൂടുതലായി ആവശ്യമായി വരുന്നവർക്ക് വളരെ അനുയോജ്യമാണ്‌.

  4. വണ്ടിപ്രാന്തന്മാർ : പുതിയ വാഹനങ്ങൾ അവയുടെ ഗുണദോഷങ്ങളോ വിലയോ ഒന്നും കണക്കിലെടുക്കാതെ വ്യത്യസ്തത മാത്രം നോക്കി പരീക്ഷിക്കുന്നവരുണ്ട്. അവരുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. നെക്സോണിന്റെ കാര്യത്തിൽ ഇവിടെയും ചെറിയ ഒരു പ്രശ്നമുള്ളത് എന്താണെന്ന് വച്ചാൽ കാഴ്ചയിൽ ഇതൊരു പുതിയ മോഡൽ ആണെന്നോ ഇലക്ട്രിക് വെഹിക്കിൾ ആണെന്നോ പെട്ടന്ന് തിരിച്ചറിയാൻ കഴിയില്ല എന്നതിനാൽ ആൾക്കൂട്ടത്തിനിടയിൽ സാധാരണ പ്രതീക്ഷിക്കുന്ന തരത്തിലുള്ള ശ്രദ്ധ നേടാമെന്ന കരുതേണ്ടതില്ല.