കഴിഞ്ഞ പതിനൊന്നു മാസത്തിനകം ഐഐടി മദ്രാസിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം നാല്. ഇതൊരു ലളിതമായ പ്രശ്നമല്ല

1042

Jinesh PS

കഴിഞ്ഞ പതിനൊന്നു മാസത്തിനകം ഐഐടി മദ്രാസിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ എണ്ണം നാല്. ഇതൊരു ലളിതമായ പ്രശ്നമല്ല.

അതിൽ അവസാനത്തേതാണ് നമ്മൾ ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്.

പഠനത്തിൽ എന്നും മികച്ച് നിന്ന ഒരു വിദ്യാർത്ഥിനിയാണ് അധ്യാപകരുടെ പീഡനം ആരോപിച്ച് ആത്മഹത്യ ചെയ്തിരിക്കുന്നത്. ഈ വിഷയത്തെ ഒട്ടും ലളിതമായി കാണാനാവില്ല.

അധ്യാപകരുടെ പീഡനം ഒരു യാഥാർഥ്യമാണ്. കേരളത്തിൽ പോലും സംഭവിക്കുന്നുണ്ട്. പരീക്ഷയിൽ മനപ്പൂർവം പരാജയപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന അധ്യാപകരുണ്ട്. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിവ് കാണിക്കുന്ന അദ്ധ്യാപകരുണ്ട്. കേരളത്തിലെ പ്രൊഫഷണൽ കോളേജുകളിൽ കണ്ട കാര്യമാണ്.

കേരളത്തിന് പുറത്ത് ഇതുവരെ പഠിച്ചിട്ടില്ല. കേരളത്തേക്കാൾ മോശമാണ് സാഹചര്യങ്ങൾ എന്നാണ് പുറത്ത് പഠിച്ചവരിൽ നിന്ന് മനസിലാക്കാൻ സാധിച്ചിട്ടുള്ളത്.

അധ്യാപകർക്കെതിരെ നൽകുന്ന പരാതിയിൽ കേരളത്തിൽപോലും നടപടികൾ ഉണ്ടാകുന്നില്ല. പരാതി നൽകാൻ തന്നെ പലർക്കും ഭയമാണ്. കാരണം പരാതി നൽകുന്ന ആൾക്കെതിരെ നടപടി ഉണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അങ്ങനെ സംഭവിച്ച ചരിത്രമാണ് കൂടുതൽ.

അധ്യാപകന്റെ പീഡനം മൂലം പരാതി നൽകിയ ഒരാളോടൊത്ത് സഞ്ചരിച്ചിട്ടുണ്ട്. അധ്യാപകൻ അല്ലേ, അതുകൊണ്ട് പരാതി പിൻവലിക്കണം എന്നാണ് കോളേജ് പ്രിൻസിപ്പാൾ ആവശ്യപ്പെട്ടത്. കേരളത്തിൽ പോലും ഇതാണ് അനുഭവം.

ഇന്നു വായിച്ച ഒരു വാർത്തയാണ്. അവധി ചോദിച്ച അധ്യാപികക്കെതിരെ അസഭ്യവർഷം നടത്തിയതിനാൽ ഒരു പ്രധാന അധ്യാപകനെ അറസ്റ്റ് ചെയ്തു എന്ന്… കേരളത്തിൽ നിന്നുള്ള വാർത്തയാണ്, ഒറ്റപ്പാലത്തുനിന്ന്. കൂടെ ജോലി ചെയ്യുന്ന അദ്ധ്യാപികയോട് ഇങ്ങനെ പെരുമാറുന്നവർ വിദ്യാർഥികളോട് എങ്ങനെയൊക്കെ പെരുമാറിയിട്ടുണ്ടാവും! സ്കൂളിൽ ആയതുകൊണ്ട് ആരും പരാതിപ്പെടുകയും ഇല്ല. പ്രൊഫഷണൽ കോളേജിൽ പരാതിപ്പെടാൻ പറ്റുന്നില്ല, അപ്പോഴാണ് സ്കൂളിൽ. വിദ്യാർഥികളുടെ പരാതി പരിഗണിച്ച് അധ്യാപകർക്കെതിരെ നടപടി ഉണ്ടാവുന്നത് വളരെ വളരെ വളരെ വിരളമാണ്. പരാതി നൽകിയവർക്ക് പണി കിട്ടിയ കഥകൾ ധാരാളമുണ്ട് താനും.

ഫാത്തിമയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിനൊപ്പം. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണം. ഒരു വീഴ്ചയും ഉണ്ടാവാൻ പാടില്ല.

അമിത മഹത്വവൽക്കരണം ലഭിക്കുന്ന ഒരു മേഖലയാണ് അധ്യാപകവൃത്തി. മറ്റ് ഏതൊരു ജോലിയും പോലെ ഒരു പ്രൊഫഷൻ മാത്രമാണ് ഇത് എന്നുള്ള തിരിച്ചറിവ് വേണം. ചികിത്സ എന്ന തൊഴിൽ ചെയ്യുന്ന പ്രൊഫഷണൽ മാത്രമാണ് ഡോക്ടർ. അതുപോലെതന്നെ പഠിപ്പിക്കുക എന്ന തൊഴിൽ ചെയ്യുന്ന പ്രൊഫഷണൽ മാത്രമാണ് അധ്യാപകർ. അതിനപ്പുറമുള്ള ബഹുമാനം അനാവശ്യമാണ്, നൽകുന്നത് അപകടമാണ്.