സുജയ്ക്ക് ഇനി ദുബായിൽ ബസ് ഓടിക്കാം

0
282

എഴുതിയത്  : Sandeep Das

യു.എ.ഇയിൽ ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് നേടുന്ന ആദ്യ വനിത എന്ന ബഹുമതി കൊല്ലം സ്വദേശിനിയായ സുജ തങ്കച്ചൻ കരസ്ഥമാക്കിയിരിക്കുന്നു.ഇനി മുതൽ സുജയ്ക്ക് ദുബായിൽ ബസ് ഓടിക്കാം

ഇതെല്ലാം കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.ഡ്രൈവിംഗ് ഒരു പുരുഷകലയാണെന്ന ധാരണ നമ്മുടെ നാട്ടിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സ്ത്രീകളെ മോശം ഡ്രൈവർമാരായി ചിത്രീകരിക്കുന്ന കാര്യത്തിൽ പലരും വലിയ ഉത്സാഹം കാട്ടാറുണ്ട്.അത്തരം അബദ്ധധാരണകളെ സുജമാർ വലിച്ചുകീറുകയാണ്.

”സ്ത്രീകളെ ഡ്രൈവിംഗ് പഠിപ്പിക്കണമെങ്കിൽ അസാമാന്യമായ ക്ഷമ വേണം” എന്ന മട്ടിൽ പരിഹാസം ചൊരിയുന്ന ആളുകളെ കണ്ടിട്ടുണ്ട്.ഡ്രൈവിങ്ങിൻ്റെ കാര്യം വരുമ്പോൾ പല സ്ത്രീകൾക്കും അപകർഷതാബോധം തോന്നാറുമുണ്ട്.തങ്ങൾക്ക് ഇത് സാധിക്കില്ല എന്നൊരു വിചാരം ! അതിന് സ്ത്രീകളെ കുറ്റം പറയാൻ സാധിക്കില്ല.സമൂഹം അവരെ അങ്ങനെയാണ് വളർത്തിക്കൊണ്ടുവരുന്നത്.

Image result for first heavy licence lady in dubaiപുരുഷനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ വളരെ എളുപ്പമാണ്.ഡ്രൈവിംഗ് വളരെ സ്വാഭാവികമായി അവനിലേക്ക് വന്നുചേരും.മിക്ക ആൺകുട്ടികളും കുട്ടിക്കാലം മുതൽക്ക് തന്നെ വാഹനങ്ങളെ പ്രണയിച്ചുതുടങ്ങും.വാഹനമോടിക്കണമെങ്കിൽ 18 വയസ്സ് തികയണം എന്നാണ് നിയമം പറയുന്നത്.പക്ഷേ ബഹുഭൂരിപക്ഷം ആൺകുട്ടികളും പ്രായപൂർത്തിയാകുന്നതിനുമുമ്പ് തന്നെ വാഹനങ്ങൾ കൈകാര്യം ചെയ്തുതുടങ്ങും.ഇതിന് വീട്ടുകാരുടെ പിന്തുണയുമുണ്ടാവും.”അവൻ ആങ്കുട്ട്യല്ലേ” എന്ന് പറയും.

കാര്യങ്ങൾ ഇത്ര സ്വാഭാവികമായതിനാൽ,ആൺകുട്ടിയുടെ ഡ്രൈവിംഗ് പഠനം ഒരാളും ശ്രദ്ധിക്കുകപോലുമില്ല.ഏതു പാതിരാത്രിയിൽ വേണമെങ്കിലും ഡ്രൈവിംഗ് പരിശീലിക്കാം.തുറിച്ചുനോക്കാനും ഉപദ്രവിക്കാനും അശ്ശീലം പറയാനും ഒരാളും വരില്ല.

നമ്മുടെ സിനിമകൾ ശ്രദ്ധിച്ചുനോക്കൂ.സ്ഫടികത്തിലെ ആടുതോമയുടെ പൗരുഷത്തിൻ്റെ അടയാളമാണ് അയാൾ ഓടിക്കുന്ന ലോറി.’മഹായാനം’ എന്ന മമ്മൂട്ടി സിനിമയാണ് മറ്റൊരു ഉദാഹരണം.നാട്ടിൽ ചായക്കട നടത്തുന്ന സ്ത്രീയോട് ‘ആണത്തം’ കാണിക്കുന്ന ചന്ദ്രുവിൻ്റെ വാഹനവും ലോറിയാണ്.ഇപ്രകാരം എത്രയോ ചിത്രങ്ങൾ ചൂണ്ടിക്കാണിക്കാൻ സാധിക്കും.വലിയ വാഹനങ്ങൾ ഓടിക്കേണ്ടത് പുരുഷൻമാരാണെന്ന ബോധം ആളുകളുടെ മനസ്സിൽ ഉറങ്ങിക്കിടക്കുന്നുണ്ട്.അത് ഇങ്ങനെയൊക്കെ പുറത്തുവരുന്നു എന്നുമാത്രം !

സ്ത്രീകളുടെ അവസ്ഥ ഇതിനു നേർവിപരീതമാണ്.വാഹനങ്ങളെ സ്വപ്നം കാണാനുള്ള അവകാശം പോലും അവർക്ക് നിഷേധിക്കപ്പെടാറുണ്ട്.പെൺകുട്ടികൾക്ക് വാങ്ങിക്കൊടുക്കുന്ന കളിപ്പാട്ടങ്ങളിൽ പോലും ഈ വിവേചനം കാണാൻ സാധിക്കും.ബൈക്കുകളുടെയും കാറുകളുടെയുമെല്ലാം ചെറുപതിപ്പുകൾ സാധാരണഗതിയിൽ പെൺകുട്ടികൾക്ക് കിട്ടാറില്ല.

സ്ത്രീകളുടെ ഡ്രൈംവിംഗ് മോഹത്തെ സ്വന്തം കുടുംബം പോലും പ്രോത്സാഹിപ്പിക്കണമെന്നില്ല.അതിനായി മുന്നിട്ടിറങ്ങുക തന്നെ വേണം.ചിലർക്കെങ്കിലും സ്ത്രീകളുടെ ഡ്രൈവിംഗ് പഠനം ഇപ്പോഴും ഒരു കൗതുകക്കാഴ്ച്ചയാണ്.തുറിച്ചുനോക്കുന്ന കണ്ണുകളുടെ എണ്ണം കൂടുമ്പോൾ ഡ്രൈവിംഗ് വിദ്യാർത്ഥിയുടെ സമ്മർദ്ദം വർദ്ധിക്കും.സ്വാഭാവികമായും പിഴവുകൾ ഉണ്ടാകാനുള്ള സാദ്ധ്യതയും കൂടും.സ്ത്രീകളുടെ കാര്യത്തിൽ പലപ്പോഴും അതാണ് സംഭവിക്കുന്നത്.

ഇതിനെയെല്ലാം തരണം ചെയ്ത് സ്ത്രീകൾ ഡ്രൈവിംഗ് പഠിച്ചാൽത്തന്നെ എന്താണ് അവസ്ഥ? ഒരു സ്ത്രീ സ്വന്തം വാഹനത്തെ ഓവർടേക്ക് ചെയ്താൽ രക്തം തിളയ്ക്കുന്ന ചേട്ടൻമാരുണ്ട്.പിന്നെ ആ സ്ത്രീയുടെ വണ്ടിയെ എങ്ങനെയെങ്കിലും മറികടന്നാൽ മാത്രമേ സമാധാനമാകൂ ! ”നീയൊന്നും ഞങ്ങളുടെ മുമ്പിൽ ഒന്നുമല്ല” എന്ന മട്ടിലുള്ള നോട്ടം കൂടി പായിക്കും !

എവിടെയെങ്കിലുമൊരു ട്രാഫിക് ബ്ലോക്ക് ഉണ്ടായാൽ ആ പരിസരത്തുള്ള സ്ത്രീ ഡ്രൈവർമാർ പഴി കേൾക്കാനുള്ള സാദ്ധ്യത കൂടുതലാണ്.അതിന് അവർ തെറ്റു ചെയ്യണമെന്നില്ല.വലിയ വാഹനങ്ങൾ ഓടിക്കുന്ന സ്ത്രീകളെ ‘അഹങ്കാരി’ എന്ന് വിശേഷിപ്പിക്കുന്നവരും കുറവല്ല.

സ്ത്രീകൾക്ക് രാത്രിയിലുള്ള സഞ്ചാരവും പ്രയാസമാണ്.അന്യസംസ്ഥാനങ്ങളിലേക്ക് ലോഡുമായി പോകുന്ന ലോറി ഡ്രൈവർമാരെ കണ്ടിട്ടില്ലേ? ഒരു സ്ത്രീ അത് ചെയ്താൽ അവളെ വിളിക്കുന്ന പേര് എന്താവും എന്ന് ചിന്തിച്ചുനോക്കിയാൽ മതി !

ഇത്രയെല്ലാം പ്രതിബന്ധങ്ങൾ നിലനിൽക്കുമ്പോഴും,പല സ്ത്രീകളും ഒന്നാന്തരം ഡ്രൈവർമാരായി മാറാറുണ്ട്.മുൻതലമുറകൾ സ്ത്രീകളിൽ മാനസികമായ അടിമത്തം സൃഷ്ടിച്ചിട്ടുണ്ട്.അ­തുകൂടി മാറിയാൽ ഡ്രൈവിംഗ് മേഖലയിലും സമത്വം വരുന്നത് കാണാം.സ്വന്തം ശക്തികൾ സ്ത്രീകളാണ് തിരിച്ചറിയേണ്ടത്.

സുജയുടെ കാര്യമെടുക്കാം.നാട്ടിൽ സ്കൂട്ടർ ഓടിച്ചുള്ള പരിചയം മാത്രമാണ് അവർക്കുണ്ടായിരുന്നത്.ഏഴാമത്തെ ശ്രമത്തിലാണ് ടെസ്റ്റ് പാസ്സായത്.ഒരു സ്ത്രീ പൊരുതാനുറച്ച് ഇറങ്ങിപ്പുറപ്പെട്ടാൽ അവളെ തടഞ്ഞുനിർത്താൻ ഒരാൾക്കും കഴിയില്ല.

യു.എ.ഇയിലെ ഒരു സ്കൂൾ ബസ്സിൽ കണ്ടക്ടറായി ജോലി നോക്കുകയായിരുന്നു സുജ.ഡ്രൈവിംഗ് ലൈസൻസ് എടുക്കാനുള്ള മോഹത്തെ സുജയുടെ കുടുംബവും സഹപ്രവർത്തകരും എല്ലാ രീതിയിലും പിന്തുണച്ചു.അത്തരമൊരു സപ്പോർട്ട് എല്ലാ സ്ത്രീകളും അർഹിക്കുന്നു.സ്ത്രീകൾക്ക് അത്യാവശ്യത്തിന് പിന്തുണ അനുവദിച്ചുകൊടുക്കുന്ന ഷമ്മിമാരെയല്ല ആവശ്യം.പെണ്ണിന് ലഭിക്കേണ്ട സപ്പോർട്ട് ആരുടെയും ഔദാര്യമല്ല.സഹജീവി എന്ന നിലയിലുള്ള അവളുടെ അവകാശമാണത്.അങ്ങനെ സംഭവിച്ചാൽ സ്ത്രീകൾ ഉയരങ്ങളിലേക്ക് പറന്നുയരും…!

സ്ത്രീകൾക്ക് അസാദ്ധ്യം എന്ന് കരുതപ്പെട്ടിരുന്ന ഒട്ടുമിക്ക മേഖലകളിലും അവർ വിജയക്കൊടി നാട്ടിക്കഴിഞ്ഞു.വെളിച്ചം കാണിച്ചുകൊണ്ട് ഒരു സുജ മുമ്പേ നടന്നാൽ മതി.ഒരുപാടൊരുപാട് സുജമാർ അനുഗമിക്കും…