പത്മവും റോസ് ലിനും
Suja Susan George സോഷ്യൽ മീഡിയയിൽ എഴുതിയത്
ഇനിയും ഒരിക്കലും അവസാനിക്കാത്ത ആന്തലുകളായി അവരിനി മനസിലിരിക്കും. ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ വരുന്ന മനംപുരട്ടലുകളായി അവരിരുവരും വരുന്നതില്‍ നിന്ന് കഠിനമായി കുതറി മാറാന്‍ ശ്രമിക്കുകയും ചെയ്യുന്നു.(നരഭോജനത്തെ പറ്റിയുള്ള വാര്‍ത്തകളൊക്കെ ഇത്തരത്തില്‍ പുറത്ത് വിടണമായിരുന്നോന്ന് എനിക്ക് സംശയമുണ്ട്.)

കടുത്ത ദാരിദ്ര്യവും അരക്ഷിതത്വവും ജീവിതാഭിവൃദ്ധിക്കായുള്ള ആഗ്രഹവും ആണ് ഇത്രയും ഭീതിദമായ കുറ്റകൃത്യത്തിന് ഈ സ്ത്രീകള്‍ ഇരകളായതിന് കാരണം. പത്മത്തിനെ കാണാതായി മണിക്കൂറുകള്‍ക്കകം സഹോദരിയും മകനും അന്വേഷിച്ചു വന്നതും പരാതി കൊടുത്തതും പരാതിക്കു പിന്നാലെ പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങിയതും ആണ് കേസിനെ ഗൗരവമാക്കിയത്. ആ വേവലാതികളാണ് പോലീസിനെയും ജാഗരൂകരാക്കിയത്. എന്നാല്‍ റോസ് ലിന്റെ തിരോധാനത്തെ സംബന്ധിച്ച പരാതി എവിടെയും സമ്മര്ദ്ദമുണ്ടാക്കാനാകാതെ വഴുതി പോയി. ഈ ഒരു വ്യത്യാസം ഗൗരവമായി എടുക്കേണ്ടതുണ്ട്. പത്മത്തിന്റെ മക്കളുടെ ഹൃദയം പൊട്ടിയുള്ള കരച്ചില് അവര്‍ തമ്മിലുള്ള ബന്ധത്തിന്റെ ഇഴയടുപ്പവും നേരും വിളിച്ചു പറയുന്നുണ്ട്. തമിഴ് ജനത്തിനുള്ളിലെ സംഘബോധവും മലയാളി വന്നു പെട്ടിരിക്കുന്ന അവനവനവളവള് ബോധവും ഇവിടെ പ്രകടമാകുന്നുണ്ടെന്നാണ് ഞാന്‍ കരുതുന്നത് . സാമൂഹ്യശാസ്ത്രജ്ഞര്‍ കൂടുതല്‍ പഠിക്കട്ടെ.

പരിഷ്കൃതസമൂഹത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു എന്ന് നാം അലമുറയിടുന്നു. ശരിയാണ്. പക്ഷേ ഒരു പരിഷ്കൃതസമൂഹം ആദ്യം ഉറപ്പാക്കേണ്ടത് ലിംഗഭേദമില്ലാതെ അന്തസായി തൊഴിലെടുത്തു ജീവിക്കാനുള്ള സാഹചര്യമാണ്. ഇന്‍ഡ്യന്‍ സമ്പദ് വ്യവസ്ഥയുടെ ദയനീയമായ പതനവും കാര്‍ഷികതൊഴില്‍ മേഖലയുടെ തകര്‍ച്ചയും മനുഷ്യജീവിതം,വിശേഷിച്ച് സ്ത്രീകളുടെയും ഗ്രാമീണരുടെയും ജീവിതം കൂടുതല്‍ കൂടുതല്‍ നരകമാക്കുന്നു. ഈ അവസ്ഥയുടെ/ രാഷ്ട്രീയത്തിന്റെ ഇരകള്‍ കൂടിയാണ് മലയാളിയുടെ ഭാഗ്യാന്വേഷണ വ്യവസായത്തിലെ നാമമാത്ര വേതനക്കാരും തൊഴിലാളികളുമായിരുന്ന പത്മവും റോസ് ലിനും..