ജനാധിപത്യം ശരിയല്ലെന്നും രാജഭരണമാണ് നല്ലതെന്നും പറയുന്നതിനര്‍ത്ഥം ജാതിവ്യവസ്ഥ പുനസ്ഥാപിക്കണമെന്നാണ്

78

Suja Susan George

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തെ സംബന്ധിച്ച വിധിയെക്കാള്‍ അമ്പരപ്പിക്കുന്നത് പൊന്നുതമ്പുരാന്‍റെ ഭരണം തിരികെ വന്നേ എന്ന മട്ടിലുള്ള ആഘോഷമാണ്. ജനാധിപത്യം ശരിയല്ലെന്നും രാജഭരണമാണ് നല്ലതെന്നും പറയുന്നതിനര്‍ത്ഥം ജാതിവ്യവസ്ഥ പുനസ്ഥാപിക്കണമെന്നാണ്. രാജഭരണത്തിനും ജാതിവ്യവസ്ഥക്കും എതിരെ പോരാടി വിജയിച്ചവരുടെ പിന്മുറക്കാര്‍ തന്നെ ആഘോഷക്കമ്മിറ്റിക്ക് ചൂട്ടു പിടിക്കുന്നത് അജ്ഞത കൊണ്ടാണെങ്കില്‍ അത് അന്ധകാരത്തെ വിളിച്ചു വരുത്തും എന്ന് അറിയുക.. നവോത്ഥാനകേരളം എന്നൊക്കെയുള്ള മേനി നടിക്കല്‍ ചരിത്രത്തില്‍ കെട്ടുപോയ മിന്നാമിനുങ്ങുകളായി വിശേഷിപ്പിക്കപ്പെടും. ചരിത്രത്തിലൂടെ കണ്ണോടിക്കുന്നവര്‍ക്ക് സാത്വികരായ രാജകുടുംബത്തെ കുറിച്ചുള്ള വാഴ്ത്തുകള്‍ എത്ര അസംബന്ധമാണെന്ന് മനസിലാകും. താഴ്ന്ന ജാതിക്കാരില്‍ നിന്നും തൊഴില്‍ എടുക്കുന്നവരില്‍ നിന്നും കരം പിഴിഞ്ഞെടുക്കുന്നതില്‍ തിരുവിതാംകൂര്‍ രാജവംശത്തെ തോല്പിക്കാന്‍ ലോകത്ത് തന്നെ മറ്റൊരു ഭരണകൂടം ഉണ്ടായിട്ടുണ്ടാവില്ല.

ഊഴിയം വേലയും അടിമക്കച്ചവടവും അതിനോട് ചേര്‍ന്ന് നടന്നു വന്നിരുന്ന ഞെട്ടിപ്പിക്കുന്ന ക്രൂരതകളും നടപ്പ് ചരിത്രപാഠങ്ങളില്‍ നിന്ന് ഒഴിവാക്കുന്നതിന് പില്‍ക്കാലത്തെ ചരിത്രരചനയുടെ സുവര്‍ണ്ണവഴികള്‍ ജാഗ്രത പുലര്‍ത്തി. അല്ലായിരുന്നെങ്കില്‍ അടിമച്ചന്തകളെ കുറിച്ച് ഹൈസ്കൂള്‍ ചരിത്ര പാഠത്തില്‍ തന്നെ നാം പഠിക്കുമായിരുന്നു. അതിനു പകരം നൂറ്റാണ്ട്യുദ്ധത്തിന്‍റെ ഹാലൂസിനേഷനാണ് ചരിത്രമായി നാം പഠിച്ചു വരുന്നത്.അതൊക്കെ അവിടെ നില്‍ക്കട്ടെ ,അധികാരത്തെ ചോദ്യം ചെയ്ത എട്ടു വീട്ടില്‍ പിള്ളമാരോട് ചെയ്തതെന്താ ! ഓരോ തറവാടും കൊന്നു മുടിച്ച് കുളം തോണ്ടി,സ്ത്രീകളെ പരസ്യമായി ലേലം ചെയ്ത് വിറ്റു. കൊല്ലപ്പെട്ടവരുടെ മൃതാവശിഷ്ടങ്ങള്‍ പോലും നാടു കടത്തി.ഒന്നോര്‍ക്കണം വെട്ടിയ ചാലുകളത്രയും പിന്നോട്ട് പോകുകയല്ല നമ്മുടെ തലമുറയുടെ ദൗത്യം. കുറെക്കൂടി സ്വാതന്ത്ര്യം ,കുറെക്കൂടി ജനാധിപത്യം അതായിരിക്കണം അടുത്ത തലമുറക്ക് കൈമാറേണ്ടത്.

**