പാളയം വന്നപ്പോഴും പ്രവാസികള്‍ അവരുടെ മനസും കീശയും പൂര്‍ണ്ണമായും കേരളത്തിനായി തുറന്നു എന്നാൽ ജീവനക്കാരുടെ സാലറിച്ചലഞ്ച് വിജയമായിരുന്നില്ല

32

Suja Susan George

സ്വന്തം ജീവിതത്തോട് തന്നെയുള്ള നെറുകേടാണിത്…

നാമെല്ലാം പറയുന്നു ഇന്നു വരെ നേരിട്ടില്ലാത്ത വലിയ പ്രതിസന്ധിയെയാണ് ലോകം അഭിമുഖീകരിക്കുന്നതെന്ന്. പുറത്തെ ജീവിതത്തിന്‍റെ ഇരമ്പത്തിന് ലോക്ഡൗണ്‍ വീണിട്ട് ഒരു മാസം കഴിഞ്ഞു. നടന്നു പോകുന്ന വഴികളില്‍ ,തീവണ്ടികളില്‍,കവലകളില്‍ ,ബസ് സ്റ്റോപ്പുകളില്‍ നാം കണ്ടുമുട്ടിയിരുന്ന മനുഷ്യര്‍– കപ്പലണ്ടിക്കാരന്‍ മണിയപ്പനും ലോട്ടറിക്കാരി മറിയാമ്മച്ചേടത്തിയും അടങ്ങുന്ന ലക്ഷക്കണക്കിന് മനുഷ്യര്‍ ,അവരെവിടെ..എങ്ങനെ ജീവിക്കുന്നു. സര്‍ക്കാരിന്‍റെ അത്രയും സൂക്ഷ്മവും കൃത്യവുമായ ഇടപെടലില്‍ തല്‍ക്കാലം അവരൊന്നും പട്ടിണി കിടക്കുന്നില്ല. പക്ഷേ എത്രനാള്‍ സര്‍ക്കാരിന് വിത്തു കുത്തി അരി കൊടുക്കാന്‍ കഴിയും..പക്ഷേ കൊടുത്തേ മതിയാകൂ .സംരക്ഷിച്ചേ മതിയാകൂ .കൊറോണയോടുള്ള യുദ്ധത്തേക്കാള്‍ വലിയൊരു സാധന തന്നെയാണത്. ഞാനുള്‍പ്പെടെയുള്ള സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ / പെന്‍ഷന്‍കാര്‍ ഒരു പരിധി വരെ കൊറോണക്കാലത്തെ ആഘോഷമാക്കാനുള്ള വഴികള്‍ തേടുന്നു. (പ്രവാസി കുടുംബങ്ങള്‍ക്ക് അതില്‍ പങ്കെടുക്കാനുള്ള മാനസികാവസ്ഥയില്ല.)അത് വേണം മനസ് കെടാതെ അതിജീവിക്കേണ്ടതുണ്ട്. അതിന് മറ്റുള്ളവരെ സഹായിക്കേണ്ടതും ആണ്. കൊറോണ ഭീതിയെ ഒരു പരിധി വരെ പടിക്ക് പുറത്ത് നിര്‍ത്തിയാണ് നാം മനസാല്‍ അതിന് തയ്യാറാകുന്നത്.

ആ ധൈര്യം കൈവന്നത് വെറുതെയല്ലെന്ന് ഏത് കുഞ്ഞുകുട്ടിക്കും അറിയാം. അത്രമാത്രം പ്രതിജ്ഞാബദ്ധമായ ഒരു സര്‍ക്കാര്‍ ചത്ത് പണിയെടുക്കുന്നു എന്ന ഉറപ്പാണ് ആ ധ്യൈര്യം. രണ്ട് പ്രളയം,ഓഖി….എന്നിങ്ങനെ കേരളത്തിന്‍റെ ചരിത്രത്തിലെ ഒരു സര്‍ക്കാരും അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധികളെയാണ് ഈ സര്‍ക്കാര്‍ തരണം ചെയ്തത്. ഒരിക്കല്‍ പോലും ജീവനക്കാരുടെ ശമ്പളം ഒരു രൂപ പോലും വെട്ടിക്കുറച്ചില്ല. ലോകത്താകമാനമുള്ള പ്രവാസികള്‍ അവരുടെ മനസും കീശയും പൂര്‍ണ്ണമായും കേരളത്തിനായി തുറന്നപ്പോഴും ജീവനക്കാരുടെ സാലറിച്ചലഞ്ച് വിജയമായിരുന്നില്ല.കോളജ് അധ്യാപകരില്‍ 18% മാത്രമാണ് സാലറിചലഞ്ചിന്‍റെ ഭാഗമായത്.

ഏറ്റവും ഭീതിദമായ ഈ കൊറോണക്കാലത്ത് ശമ്പളത്തിന്‍റെ 30% തല്‍ക്കാലം പിടിച്ചു വെയ്ക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തോടുള്ള നല്ല വിദ്യാഭ്യാസമുള്ള, നല്ല ശമ്പളം വാങ്ങുന്ന ചില ജീവനക്കാരുടെ പ്രതികരണമാണ് ഇത്രയും കുറിക്കാനുള്ള കാരണം. സ്കൂളില്‍ പഠിക്കാന്‍ പിള്ളേരുണ്ടേലെ സ്കൂളുണ്ടാകൂ എന്നും മണിയപ്പനും മറിയാമ്മച്ചേടത്തിയും ജീവിച്ചിരുന്നാലെ മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് അവര്‍ പാരസെറ്റമോള്‍ വാങ്ങുകയുള്ളുവെന്നും അവര്‍ കൊടുക്കുന്ന ഒാരോ ചില്ലി പൈസയിലും സര്‍ക്കാരിനുള്ള വിഹിതമുണ്ടെന്നും അതാണ് നാം ശമ്പളമായി വാങ്ങുന്നതെന്നുമുള്ള ലളിതമായ കാര്യങ്ങള്‍ ഇക്കാലത്തെങ്കിലും മനസിലാക്കുന്നില്ലെങ്കില്‍ പിന്നെ ഒരു പശ്ചാപത്തിനു പോലും നമ്മുടെ മുന്‍പില്‍ ഒരു കാലം ഉണ്ടാവില്ല കൂട്ടരേ..