എഴുതിയത്  : Suja Susan George

പിറവത്തെ നോക്കി ബെന്യാമിന്‍ ചിരിക്കുന്നു.

‘അക്കപ്പോരിന്‍റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ ‘ താല്പര്യപൂര്‍വ്വം വായിക്കാനെടുത്തതിന് ഒരു കാരണമുണ്ട്. മാന്തളിര്‍ ദേശവും എന്‍റെ തുമ്പമണ്‍ ദേശവും സമീപഗ്രാമങ്ങളാണ്. മാന്തളിരിനെക്കുറിച്ച് എന്തു പറഞ്ഞാലും പുണ്യപുരാതന തുമ്പമണ്‍ ദേശത്തെക്കുറിച്ചും പറയാതിരിക്കാനാവില്ല. തുമ്പമണ്‍ പള്ളിസ്ഥാപനത്തിന്‍റെ 1300 -ാം വാര്‍ഷികപരിപാടിക്ക് പന്തളം രാജാവിനെ സ്റ്റേജില്‍ ഇരുത്തിയിട്ടും ബന്യാമിനെ ക്ഷണിക്കാത്തതിന് പള്ളിസ്ഥാനീയരോട് ഞാന്‍ കെറുവിക്കുകയും ചെയ്തു. മാന്തളിര്‍ കറിയാച്ചന് പന്തളത്തുരാജാവ് തീറാധാരം കൊടുത്ത സ്ഥലത്ത് മാന്തളിര്‍ സെന്‍റ് തോമസ് യാക്കോബായ സുറിയാനിപ്പള്ളി സ്ഥാപിക്കും വരെ മാന്തളിരുകാര്‍ ഞായറാഴ്ച കുര്‍ബ്ബാന കൂടാന്‍ കടക്കാട് തോടും ഇറങ്ങി കടന്ന് തുമ്പമണ്ണ് വരുമായിരുന്നു. മാന്തളിരുകാര്‍ വന്നാലെ അച്ചന്‍ മദ്ബഹായിലോട്ട് കയറുമായിരുന്നുള്ളു. അതുവരെ പടിഞ്ഞാറെ മുറ്റത്ത് അച്ചനും കൈക്കാരനും കാത്തു നില്ക്കും. അതിന് ഒരു നാള്‍ വന്ന ഭംഗമാണ് പള്ളി പണിയലിലേക്കും പിന്നെ അവസാനിക്കാത്ത മെത്രാന്‍ – ബാവ പോരിലേക്കും മാന്തളിരിനെ നയിച്ചത്. എത്രയോ വര്‍ഷങ്ങള്‍ അടച്ച് സീല് ചെയ്ത പള്ളിയെയും പരസ്പരമുള്ള അക്കപ്പോരും ഞങ്ങള്‍ അയല്‍ നാട്ടുകാര്‍ക്ക് അറിയാവുന്നതാണ്.
അക്കപ്പോരില്‍ എന്നും പ്രധാനകക്ഷിയും പ്രയോക്താവും പ്രായോജകരുമായി ബാവാപക്ഷക്കാരുടെ നെടുനിരക്ക് നേതൃത്വം നല്‍കുന്ന മനോരമ ബന്യാമിന്‍റെ നോവലില്‍ പ്രധാന റോളിലാണ്.

എന്തിന് ,തിരുവിതാംകൂര്‍ ഇന്‍ഡ്യന്‍ യൂണിയനില്‍ ലയിക്കേണ്ടതാണെന്ന നിലപാടിനും അടിയന്തരാവസ്ഥയെയും ഇരുപതിനപരിപാടികളെയും അകമഴിഞ്ഞ് പിന്തുണക്കാനും ഒരേ ഒരു കാരണമേയുള്ളു മനോരമയ്ക്ക്! അത് മെത്രാന്‍ കക്ഷിയെ സുപ്രിം കോടതിയില്‍ തറപറ്റിക്കാനും പോരില്‍ ഇന്ദിരാസര്‍ക്കാരിന്‍റെ പിന്‍ബലം ഉറപ്പാക്കാനുമാണെന്ന് കുറഞ്ഞൊരു ഫാന്‍റസി ടച്ചിലാണെങ്കിലും നോവല്‍ സാക്ഷ്യം പറയുന്നു.
പക്ഷേ മാന്തളിരിലെ ബാവാക്കക്ഷിക്കാരെ കെ.കരുണാകരന്‍ ചതിച്ചുകളഞ്ഞു. പള്ളി പൂട്ടി താക്കോലും കൊണ്ട് സര്‍ക്കാര്‍ പോയി. വിമോചനസമരത്തില്‍ മാന്തളിരുകാര് പങ്കെടുക്കാത്തതിന്‍റെ ചൊരുക്കാണതെന്ന് മാന്തളിര്‍ മത്തായി ആണയിടുന്നുണ്ട്.

പണ്ടേ വിദേശാധിപത്യത്തെ വലിച്ചെറിഞ്ഞ് കൂനന്‍ കുരിശ് സത്യം ചെയ്ത് സ്വന്തം ബാവെയെ വാഴിച്ച മലങ്കരനസ്രാണികള്‍ക്ക് പിന്നീട് വന്ന സ്വാതന്ത്ര്യ സമരമൊക്കെ എന്ത് !!
ഒരു കാതലുമില്ലാത്ത വെറുമൊരു മൂക്കേല്‍ക്കെറുവും പൊങ്ങച്ചവുമല്ലാതെ ഈ നസ്രാണി പോരില്‍ ഒന്നുമില്ലെന്ന് മാന്തളിര്‍ ദേശത്തെ അക്കപ്പോരിന്‍റെ കഥ രസകമായി പറഞ്ഞു കൊണ്ട് ബന്യാമിന്‍ സ്ഥാപിക്കുന്നു.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.