ഇളയനിലാ’ ലൈവ് പാടുന്നതിനിടെ പിന്നണി വായിച്ച ഫ്ലൂട്ടിസ്റ്റിന് നോട്ട് സ്ലിപ്പ് ആയിപ്പോയപ്പോൾ എസ് പി ബി ചെയ്തത് എന്തെന്ന് നോക്കൂ

179

സുജിത് ചന്ദ്രൻ

‘ഇളയനിലാ’ ലൈവ് പാടുന്നതിനിടെ പിന്നണി വായിച്ച ഫ്ലൂട്ടിസ്റ്റിന് നോട്ട് സ്ലിപ്പ് ആയിപ്പോയപ്പോൾ SPB ചെയ്തത് എന്തെന്ന് നോക്കൂ… വായ്ത്താരി കൊണ്ട് ഫ്ലൂട്ടിനെ പൂരിപ്പിച്ച് ഒന്നും സംഭവിക്കാത്ത പോലെ പോലെ പാട്ട് തുടരുന്ന SPB. മുറുകിയ മുഖത്തോടെ ഇളയരാജ, പക്കമേളക്കാരുടെ നോട്ടമത്രയും ഫ്ലൂട്ടിസ്റ്റിലേക്ക്, ഇരുന്നയിരുപ്പിൽ ഇല്ലാതെയായിപ്പോയ ആ കലാകാരൻ..
അത്രയും പ്രൗഢമായൊരു വേദിയിലെ പിഴവ് അയാളുടെ കരിയറിൽ എന്നേക്കുമുള്ള കറുത്ത അടയാളമായേനെ. പാടി നിർത്തിയിട്ട്, റെക്കോഡിംഗിനിടെ 23 തവണ തനിക്ക് തെറ്റിപ്പോയ പാട്ടാണിതെന്ന് അപമാനഭാരത്തിൽ തലകുനിച്ചിരിക്കുന്ന അയാളെ സമാധാനിപ്പിക്കുന്ന SPB !

രണ്ടാമതൊരു അവസരം കിട്ടിയപ്പോൾ സ്വന്തം പ്രതിഭയുടെ സത്ത മുഴുവൻ ചുണ്ടിലേക്ക് ഊതിയെടുത്ത് അയാളത് വായിച്ചു പൂർത്തിയാക്കുന്നത്…ഈ ഭൂമിയിലെ എല്ലാ സന്തോഷവും അയാളിലേക്ക് പെയ്തിറങ്ങുന്നത്… ഇളയരാജയുടെ മുഖം തെളിയുന്നത്…വേദി മുഴുവൻ അയാൾക്കു വേണ്ടിയുള്ള സിംഫണിയിലെ തന്ത്രികളാകുന്നത്‌… SPB സ്വയം ആ സിംഫണിയുടെ ഒന്നാം വയലിനായി മാറുന്നത്‌… സദസ് ആ മനുഷ്യന് അയാളുടെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ കരഘോഷങ്ങൾ സമ്മാനിക്കുന്നത്… അന്നേരം അയാളേക്കാൾ SPB സന്തോഷിക്കുന്നത്… ❤️എന്തൊരു മനുഷ്യനാരുന്നു, എന്തൊരു പ്രതിഭയായിരുന്നു.💕കണ്ണുനിറയാതെ എങ്ങനെയിത് കണ്ടുതീർക്കും..? വരാനിരിക്കുന്ന ദിവസങ്ങളിൽ നിങ്ങളില്ലാത്ത ശൂന്യത എത്ര വലുതായിരിക്കും സർ… 😢