ന്യൂ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിൽ നടൻ ഇന്ദ്രൻസ് പറഞ്ഞ കാര്യങ്ങൾ വളരെയധികം വിമര്ശിക്കപ്പെടുകയാണ്. പ്രധാനമായും നടി ആക്രമിക്കപ്പെട്ട വിഷയത്തിൽ അദ്ദേഹം പറഞ്ഞ അഭിപ്രായമാണ് പലരും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ദിലീപ് കുറ്റക്കാരൻ അല്ലെന്നു അദ്ദേഹം പറഞ്ഞില്ല, മറിച്ച് , താനറിയുന്ന ഒരാൾ അങ്ങനെയൊക്കെ ചെയ്യുമോ എന്ന സംശയമാണ് അദ്ദേഹം പ്രകടിപ്പിച്ചത്. WCCയെ കുറിച്ചും തുല്യ നീതിയെ കുറിച്ചും അദ്ദേഹം പറഞ്ഞതും വിമർശന വിധേയമായിട്ടുണ്ട്. ഈ വിഷയത്തിൽ ജേർണലിസ്റ്റ് ആയ Sujith Chandran എഴുതിയ സോഷ്യൽ മീഡിയ കുറിപ്പ് വായിക്കാം. ഇന്ദ്രൻസിന്റെ കല്ലെറിയുന്നവരുടെ കൂട്ടത്തിൽ താനില്ലെന്നും ആ കല്ലുകളിൽ തന്റെ കല്ല് ഇല്ലെന്നും സുജിത് ചന്ദ്രൻ പറയുമ്പോൾ ഇന്ദ്രൻസ് എന്ന വ്യക്തിയെ മനസിലാക്കാതെയാണോ സമൂഹം കല്ലെറിയുന്നതെന്നു ചിന്തിക്കാം. സുജിത്ത് ചന്ദ്രന്റെ കുറിപ്പ് ചുവടെ…..
Sujith Chandran
ന്യൂ ഇന്ത്യൻ എക്സ്പ്രസ് അഭിമുഖത്തിന്റെ അവസാന ഭാഗത്തൊരിടത്ത് ഇന്ദ്രൻസ് പറയുന്നുണ്ട്. ‘ഒഴിഞ്ഞുനിന്നാൽ ഒഴുക്കിൽപ്പെടാതങ്ങു പോകാം’ അവനവനിലേക്ക് മാത്രം ഒതുങ്ങി ചുറ്റുപാടുകൾക്ക് നേരെ കണ്ണടയ്ക്കുന്ന അവസരവാദിയുടെ നയപ്രഖ്യാപനമായി ആ വാചകത്തെ കണ്ടുകൂടാ എന്നു തോന്നുന്നു, കുറഞ്ഞത് ഇന്ദ്രൻസിന്റെ കാര്യത്തിലെങ്കിലും പ്രൈമറി ക്ലാസുകളിൽ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നിട്ടും ക്ലാസ് മുറിയിൽ ഏറ്റവും പിൻനിരയിലേക്ക് തന്നെ മാറ്റിയിരുത്തിയ അധ്യാപികയുടെ മുഖം ഇതേ അഭിമുഖത്തിൽ തന്നെ ഇന്ദ്രൻസ് ഓർത്തെടുക്കുന്നുണ്ട്. നല്ല ഉടുപ്പില്ലാത്ത, കാണാൻ ചന്തമില്ലാത്ത, കാലിൽ ചൊറിയും ചിരങ്ങുമുള്ള, അടുത്തിരുന്നാൽ നാറുന്ന, അന്നത്തെ കെ.സുരേന്ദ്രന്റെ കൂടെ ഇരിക്കാനാകില്ലെന്ന് മുൻനിരയിലെ സഹപാഠികൾ പരാതി പറഞ്ഞു. ഒരു കുട്ടി നേരിട്ട് ഇന്ദ്രൻസിനോടുതന്നെ ഇത് പറഞ്ഞു. ഞാനവിടെ ചേരാത്തയാളാണെന്ന് എനിക്കുതന്നെ ആ പ്രായത്തിലേ അറിയാമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്.
അധ്യാപിക ആ സാഹചര്യം കൈകാര്യം ചെയ്തത് ഈ വിധമാണൈങ്കിലും പിൻനിരയിലേക്ക് തന്നെ പറഞ്ഞുവിടുമ്പോൾ അവരുടെ മുഖം നിറയെ സങ്കടമായിരുന്നു എന്ന് ഇന്ദ്രൻസ് ഓർക്കുന്നു. ആ നേരത്തെ അവരുടെ മുഖമോർക്കുമ്പോൾ ഇന്നും വിഷമം വരുമെന്നും.’മാറ്റിയിരുത്തും മുമ്പ് മാറിയിരിക്കണം എന്ന് അന്നുമുതലേ ശീലിച്ചതാണ്’ – ഇത് അതിൽപ്പിന്നിന്നോളം കരഞ്ഞും തുഴഞ്ഞും മല്ലിട്ടും മാറ്റിനിർത്തിയും മാറിനിന്നും സഞ്ചരിച്ചെത്തിയ അദ്ദേഹത്തെ ജീവിതം പഠിപ്പിച്ചതാണ്. ആ പാഠത്തോട് നമ്മൾ യോജിച്ചാലുമില്ലെങ്കിലും ഇന്നും വിട്ടൊഴിയാത്ത അപകർഷതയും ഇന്നലെയുടെ നീറ്റലുകളും കൂടിയാണ് ഇന്ദ്രൻസ്. ഒഴിഞ്ഞുനിൽക്കുന്നത് അയാളുടെ സ്വതവേയുള്ള പ്രകൃതമാണ്. ഓർഗാനിക്കായും അദ്ദേഹം അങ്ങനെയാണ്.
‘ദിലീപ് തെറ്റുകാരനാണെന്ന് ഞാൻ കരുതുന്നില്ലെന്ന് ഇന്ദ്രൻസ്’ എന്നാണ് അസംഖ്യം തലക്കെട്ടുകളായി ആഞ്ഞു കൊത്തിയത്. ആ അഭിമുഖം മുഴുവനായി കണ്ടിരുന്നു. വിവാദമായ വാചകമിതാണ്. ‘എനിക്കറിയാവുന്ന ഒരാൾ അങ്ങനെ ചെയ്യുമോ എന്ന്… (മുഴുവിപ്പിക്കുന്നില്ല) അറിഞ്ഞാൽപോലും അതിശയമായി തോന്നും’
‘കാത്തിരിക്കാം, നിയമം ശക്തമായി പോകുന്നത് എങ്ങനെയെന്ന് നോക്കാം എന്നതിലപ്പുറം.. ദുഃഖമേയുള്ളൂ.’ എന്താണ് ഇന്ദ്രൻസ് തുടരുന്നത്.
തുല്യനീതിയെപ്പറ്റിയും WCCയുടെ സാംഗത്യത്തെപ്പറ്റിയുമൊക്കെയുള്ള ഇന്ദ്രൻസിന്റെ അഭിപ്രായങ്ങൾ അപക്വവും യോജിക്കാനാകാത്തതും എതിർക്കപ്പെടേണ്ടതും തന്നെയാണ്. ചോദ്യങ്ങൾ വേറൊരുവിധം ഫ്രെയിം ചെയ്താൽ ഇപ്പോൾ പറഞ്ഞതിന്റെ മറുപുറത്ത് നിൽക്കുന്ന അഭിപ്രായങ്ങളും അദ്ദേഹത്തിൽ നിന്ന് കിട്ടുമായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. ഒരഭിമുഖകാരനെ സംബന്ധിച്ചിടത്തോളം വളരെ വൾനറബിൾ ആണ് ഇന്ദ്രൻസ്. ആൾക്കൂട്ടത്തിൽപ്പെടാതെ ഇപ്പോഴും ഒഴിഞ്ഞുപോകുമെന്നും ‘കാണാൻ യോഗ്യരായവരെ’ അഭിമുഖീകരിക്കാൻ ഇന്നും ചിലപ്പോൾ മടി തോന്നുമെന്നും ഇന്ദ്രൻസ് പറയുന്നുണ്ട്. സ്വന്തം അനുഭവങ്ങൾ പറയുന്ന സമയത്ത് വാചാലനാകുന്ന ഇന്ദ്രൻസ് പൊതു വിഷയങ്ങൾ പറഞ്ഞു തുടങ്ങുമ്പോൾ വാചകങ്ങളുടെ പാതിയിൽ ശങ്കിച്ച് നിർത്തുന്നത് പലപ്പോഴും കാണാം. ഈ ഒരു ഡിഫൻസീവ് ആറ്റിറ്റ്യൂഡ് അദ്ദേഹത്തിന്റെ മൂവി ക്യാമറക്കു പുറത്തെ സമീപനത്തിലാകെയുണ്ട്.
അഭിനയിക്കാനുള്ള അസാമാന്യ പ്രതിഭ പോലെ ഒരു ഔപചാരിക അഭിമുഖത്തിൽ സ്വയം പ്രകാശിപ്പിക്കാൻ ഇന്ദ്രൻസിന് പറ്റിയേക്കില്ല. ചിലത് പറഞ്ഞുഫലിപ്പിക്കാൻ തനിക്കാവില്ല എന്നാരേക്കാളും ഇന്ദ്രൻസിന് അറിയാം. അയാൾക്ക് നന്നായറിയുന്നത് അഭിനയിക്കാനാണ്. അതിന്ന് ഇന്ദ്രൻസിനെതിരായ നിന്ദാസ്തുതിയായും ചിലർ എഴുതിയത് കണ്ടു. പല കാര്യങ്ങളിൽ ഒരേപോലെ ശേഷിയുള്ളവർ കാണും. അഭിനയത്തിലും സംസാരിക്കുമ്പോഴുള്ള ആശയപ്രകാശനത്തിലും ഒരേപോലെ തിളങ്ങുന്നവരുണ്ട്. അവർക്കൊരുപക്ഷേ നന്നായി ഷർട്ട് തുന്നാൻ അറിയണം എന്നില്ലല്ലോ.പക്ഷേ ഒരു കാര്യത്തിൽ കഴിവുള്ളയാൾ ഒട്ടുമിക്ക വിഷയങ്ങളിലും അഭിപ്രായം പറയണമെന്ന ശാഠ്യത്തിൽ ഇന്നയാൾ പെട്ടു.
കല്ലെറിയാൻ ഇന്ന് ഇന്ദ്രൻസിനെ കിട്ടി. ലാളിത്യവും വിനയവും കാപട്യത്തിന്റെ മേലാപ്പാണെന്നൊക്കെ പറഞ്ഞാകുമ്പോൾ എറിയാൻ ഊക്ക് കൂടും. ഈ കൂട്ടത്തിൽ എന്റെ കല്ലില്ല.