
“മൊബൈലിൽ 4 ജി ഫുൾ റേഞ്ചൊക്കെ കാണിക്കുനുണ്ട്. പക്ഷേ ഡാറ്റാ സ്പീഡുമില്ല കാൾഡ്രോപ്പും കൂടുതൽ. ചിലയിടങ്ങളിലാകട്ടെ സിഗ്നൽ കിട്ടണമെങ്കിൽ മരത്തിനു മുകളിൽ കയറണം. എന്നാൽ പിന്നെ സർവീസ് പ്രൊവൈഡറെ മാറ്റാമെന്ന് കരുതിയാൽ എരിചട്ടിയിൽ നിന്നും വറചട്ടിയിലേക്ക് പോകുന്നതിനു സമാനവും. എല്ലാം കണക്കാണ്. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു പ്രതിസന്ധി? എല്ലായിടത്തും ഇതുപോലെയൊക്കെത്തന്നെയാണോ? ലോകം 5 ജിയിലേക്ക് നടക്കുമ്പോൾ നമ്മൾ ദശാബ്ദങ്ങൾ പിറകോട്ട് നടക്കുകയാണോ ?”
5 ജി വന്നാൽ എല്ലാം ശരിയാകുമോ?
സുജിത് കുമാർ എഴുതിയത്
ടെലികോം മേഖലയിൽ സമാനതകളില്ലാത്ത തരത്തിലുള്ള വെല്ലുവിളികൾ ആണ് നമ്മൂടെ രാജ്യം നേരിട്ടുകൊണ്ടിരിക്കുന്നത്. എല്ലാവർക്കും ഓർമ്മയുണ്ടാകും നമ്മുടെ രാജ്യത്ത് 3ജി എത്തി രണ്ട് മൂന്നു വർഷങ്ങൾകൊണ്ട് തന്നെ 4ജിയും എത്തി എന്ന കാര്യം. 3 ജി സ്പെക്ട്രം വിട്ടുകിട്ടാൻ വൈകിയതിനാൽ ഒരു ഘട്ടത്തിൽ 3 ജി ഇല്ലാതെ 4 ജിയിലേക്ക് നേരിട്ട് പോയാലോ എന്നു പോലും ടെലികോം കമ്പനികൾ ചർച്ച ചെയ്യ്തിരുന്നു. ഇക്കാര്യത്തിൽ ഗുണം ലഭിച്ചത് 4 ജിയിൽ ഒരു ഗ്രീൻ ഫീൽഡ് ഓപ്പറേറ്റർ ആയെത്തിയ റിലയൻസ് ജിയോയ്ക്ക് ആയിരുന്നു. പഴയ നെറ്റ് വർക്കുകൾ അപ്ഗ്രേഡ് ചെയ്യുക , പരിപാലിക്കുക തുടങ്ങിയ എക്കാലത്തെയും വലിയ തലവേദനകൾ ഇല്ലാതെ എല്ലായിടത്തും നാലാം തലമുറ മൊബൈൽ നെറ്റ് വർക്കുകൾ രാജ്യമെമ്പാടും എത്തിയ്കാനായി. ഫണ്ടിനു ദാരിദ്ര്യമില്ലാത്ത ഒരു ഗ്രീൻ ഫീൽഡ് ഓപ്പറേറ്ററോട് പിടിച്ച് നിൽക്കാൻ കഴിയാതെ മറ്റ് കമ്പനികളുടെ കാലിടറി. ഇഴഞ്ഞും കിതച്ചും പിളർന്നും യോജിച്ചുമൊക്കെ ഇന്ത്യൻ ടെലികോം ഇൻഡസ്ട്രി ജിയോ, എയർടെൽ, വി ഐ എന്നിങ്ങനെ മൂന്നും കമ്പനികളിലേക്ക് മാത്രമായി ചുരുങ്ങി. ബി എസ് എൻ എൽ ആകട്ടെ സ്പെക്ട്രം ലഭിക്കാതെ തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് നീങ്ങി.
കഴിഞ്ഞ പത്തു വർഷക്കാലത്തിനിടെ നാലാം തലമുറ മൊബൈൽ നെറ്റ് വർക്ക് ഉപഭോക്താക്കളുടെ എണ്ണത്തിൽ വലിയ ഒരു കുതിച്ച് ചാട്ടം ഉണ്ടായെങ്കിലും അതനുസരിച്ച് ഇൻഫ്രാസ്ട്രക്ചറിൽ ആനുപാതികമായ പുരോഗതി കൈവരിക്കാൻ ഇന്ത്യയിലെ മൊബൈൽ സർവീസ് പ്രൊവൈഡർമ്മാർക്ക് വലിയ വെല്ലുവിളികൾ ആണ് നേരിടേണ്ടിവരുന്നത്. അതിൽ ഏറ്റവും പ്രധാനം സാമ്പത്തികം തന്നെ. ഒരു ഉപഭോക്താവിൽ നിന്ന് ലഭിക്കുന്ന വരുമാനം വളരെ അധികം കുറഞ്ഞതും കാലഹരണപ്പെട്ട രണ്ടാം തലമുറ മൊബൈൽ നെറ്റ് വർക്കുകൾ പരിപാലിക്കേണ്ടി വന്നതും സ്പെക്ട്രത്തിനായി വൻ തുക മുടക്കേണ്ടി വന്നതുമെല്ലാം ഇന്ത്യൻ സെല്ലുലാർ കമ്പനികളുടെ നട്ടെല്ലൊടിച്ചു. നിലവിലെ 4 ജി ഇൻഫ്രാസ്ടക്ചർ പ്രകാരം മറ്റ് രാജ്യങ്ങളിൽ സെൽ കപ്പാസിറ്റിയുടെ 25 % മുതൽ 50% വരെ മാത്രമേ കണൿഷനുകൾ ഉള്ളൂ എങ്കിൽ ഇന്ത്യയിൽ അത് മിക്കയിടത്തും 75 മുതൽ 90 % വരെ ആണ്. ജിയോ ഉൾപ്പെടെയുള്ള 4 ജി നെറ്റ് വർക്കുകൾ എല്ലാം ഏറെക്കുറേ പരമാവധി കപ്പാസിറ്റിയിൽ ആണ് ഓടിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഫലമാണ് ഈ പറഞ്ഞ നെറ്റ് സ്പീഡ് ഇല്ലാത്തതും കാൾ ഡ്രോപ്പും എല്ലാം. 4 ജി നെറ്റ് വർക്ക് ഒരു ഫുൾ ഡാറ്റ ഓൺലി നെറ്റ് വർക്ക് ആയതിനാൽ ഇന്റർനെറ്റ് സ്പീഡ് മാത്രമല്ല വോയ്സ് ക്വാളിറ്റിയേയും അത് ബാധിക്കുന്നു. മൂന്നാം തലമുറ മൊബൈൽ നെറ്റ് വർക്കുകളിൽ ഇന്റർനെറ്റ് ട്രാഫിക്കിന്റെ ഗണ്യമായ ഒരു ഭാഗം കൈകാര്യം ചെയ്തുകൊണ്ടിരുന്ന ബി എസ് എൻ എൽ നാലാം തലമുറയിൽ എത്തിയപ്പോൾ ചിത്രത്തിൽ നിന്നും അപ്രത്യക്ഷമായത് ഇക്കാര്യത്തിൽ മറ്റ് നെറ്റ് വർക്കുകളുടെ കപ്പാസിറ്റിയേയും ബാധിച്ചു. ബി എസ് എൻ എൽ 4 ജി എല്ലായിടത്തും ഉണ്ടായിരുന്നു എങ്കിൽ വലിയൊരളവോളം Network Congestion ഒഴിവാക്കപ്പെടുമായിരുന്നു. ഈ അടുത്ത് ബി എസ് എൻ എൽ 4 ജി നെറ്റ് വർക്കുകൾ വിപുലമാക്കുന്നതിനെ ആക്ഷേപിച്ചുകൊണ്ട് കോടതി പരാമർശം ഉണ്ടായിരുന്നു. അതായത് ലോകം 5 ജിയിലേക്ക് നീങ്ങുമ്പോൾ ബി എസ് എൻ എൽ 4 ജിയിൽ നിക്ഷേപം നടത്തുന്നത് മണ്ടത്തരമാണെന്നെല്ലാം. കോടതികളെപ്പോലും നയിക്കുന്നത് വസ്തുതകൾക്ക് പകരം പൊതുബോധമാണെന്നതിന്റെ ഉദാഹരണമാണത്.
4 ജി നെറ്റ് വർക്കുകളുടെ കപ്പാസിറ്റി കൂട്ടുന്നതിനും 5 ജി കൂടി അതിനോടൊപ്പം ചേർക്കുന്നതിനും വലിയ പ്രശ്നങ്ങൾ മൊബൈൽ സർവീസ് പ്രൊവൈഡർമ്മാർ നേരിടുന്നൂണ്ട്. അതിൽ പ്രധാനമാണ് മൊബൈൽ ടവർ ഭീതി. എല്ലാവർക്കും മൊബൈൽ റേഞ്ചും ഡാറ്റാ സ്പീഡും വേണം. പക്ഷേ മൊബൈൽ ടവറുകൾ പാടില്ല. ഒരു മൊബൈൽ ടവർ സ്ഥാപിക്കാനായി കമ്പനികൾക്ക് WPC (Wireless Planning & Coordination Wing) മുതൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വരെ അനേകം വകുപ്പുകളുടെ എല്ലാ അനുമതികളും കിട്ടി എത്തുമ്പോഴായിരിക്കും നാട്ടുകാർ ഓരോ അന്ധവിശ്വാസങ്ങളിലും സ്വാർത്ഥ താല്പര്യങ്ങളോടെയുമുള്ള പ്രചരണങ്ങളിലും വീണ് എതിർപ്പുമായി എത്തുന്നത്. കേരളത്തെപ്പോലെയുള്ല സംസ്ഥാനങ്ങളിൽ ഈ എതിർപ്പ് അതിരൂക്ഷമാണ്. 50 ശതമാനത്തിലധികം ട്രീ കവർ ഉള്ള കേരളത്തിൽ 2 Ghz റേഞ്ചിൽ ഉള്ള 4 ജി നെറ്റ് വർക്കുകൾ തന്നെ Attenuation മൂലമുള്ള സിഗ്നൽ നഷ്ടം അനുഭവിക്കുമ്പോൾ കൂടുതൽ ടവറുകൾ ഉണ്ടാകാതെ ഇവിടെ 4 ജി നെറ്റ് വർക്കുകളുടെ കപ്പാസിറ്റി കൂട്ടുക എന്നത് അസാദ്ധ്യമാണ്. ഇപ്പോൾ ടവർ ഇൻഫ്രാസ്ട്രക്ചർ ഷെയറിംഗ് ഒക്കെ ആയതിനാൽ എല്ലാ കമ്പനികളുടെയും സ്ഥിതി ഇതു തന്നെയാണ്. സാമ്പത്തിക പ്രശ്നങ്ങളാൽ ഉഴലുന്ന കമ്പനികൾക്കാകട്ടെ പറഞ്ഞ് നിൽക്കാനായി ഇങ്ങനെ ഒരു വിഷയവുമുണ്ട്. 5 ജി അതിന്റെ അടിസ്ഥാനപരമായ രീതിയിൽ ഇമ്പ്ലിമെന്റ് ചെയ്യാൻ ചുരുങ്ങിയത് ഒരു ടവറിന്റെ സ്ഥാനത്ത് നാലു ടവറുകൾ എങ്കിലും വേണ്ടി വരും എന്ന സാഹചര്യമാണുള്ളത്. എല്ലാ വെല്ലുവിളികളെയും നേരിട്ടുകോണ്ട് അതിന് കഴിഞ്ഞാൽ തന്നെ കമ്പനികൾക്ക് ഇത് എങ്ങിനെ ലാഭകരമായി കൊണ്ടുപോകാൻ കഴിയുമെന്ന ചോദ്യവും നിലനിൽക്കുന്നു.
നിലവിലെ സാഹചര്യത്തിൽ ഒരു നാലാമത്തെ പ്രമുഖ 4 ജി സേവനദാതാവായി ബി എസ് എൻ എൽ വളർന്നാൽ മാത്രമേ പെട്ടന്ന് ഈ സ്ഥിതിവിശേഷത്തിൽ എന്തെങ്കിലുമൊക്കെ ഒരു മാറ്റം ഉണ്ടാകൂ. അതുപോലെ കെ ഫോൺ പോലെ ഗ്രാമങ്ങളെ കൂട്ടീയിണക്കിക്കൊണ്ടുള്ള ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്കുകൾ വിപുലമാക്കി മൊബിലിറ്റി ആവശ്യമില്ലാത്ത ഇന്റർനെറ്റ് ഉപയോഗത്തിനായി ഫൈബർ ബ്രോഡ് ബാൻഡ് നെറ്റ് വർക്ക് / വൈഫൈ നെറ്റ് വർക്ക് തുടങ്ങിയവ കൂടുതൽ ആയി ഉപയോഗപ്പെടുത്തുന്ന സ്ഥിതിവിശേഷം ഉണ്ടായാൽ സെല്ലുലാർ നെറ്റ് വർക്കുകളിലെ ട്രാഫിക് ആനുപാതികമായി കുറയുകയും എല്ലാവർക്കും അവശ്യ സേവനങ്ങൾക്കായി മൊബൈൽ നെറ്റ് വർക്കുകൾ ഉപയോഗപ്പെടുത്താൻ കഴിയുകയും ചെയ്യും. കെ ഫോൺ, നാഷണൽ ഒപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്ക് തുടങ്ങിയവയൊക്കെ ഇതിന് ആക്കം കൂട്ടുന്നവയാണ്. അതോടൊപ്പം തന്നെ Spacex പോലെയുള്ള സാറ്റലൈറ്റ് ഇന്റർനെറ്റ് സംവിധാനങ്ങളും. സാറ്റലൈറ്റ് ഇന്റർനെറ്റ്, ഫൈബർ ഒപ്റ്റിക്സ്, വൈഫൈ നെറ്റ് വർക്കുകൾ, സെല്ലുലാർ കമ്യൂണിക്കേഷൻ എന്നിവയെല്ലാം അവയുടേതായ തലങ്ങളിൽ പുരോഗതി പ്രാപിക്കുന്നത് ഒന്ന് ഒന്നിനോട് മത്സരിച്ചല്ല പ്രവർത്തിക്കുന്നത് മറിച്ച് പരസ്പര പൂരകങ്ങൾ ആയിക്കൊണ്ട് ഉപഭോക്താക്കൾക്ക് കൂടുതൽ ഗുണനിലവാരമുള്ള സേവനങ്ങൾ നൽകാൻ കഴിയും വിധം ആയിരിക്കും.