Sujith Kumar
വർഷം മുഴുവൻ 60-70 ശതമാനത്തിലും കൂടുതൽ ഹ്യുമിഡിറ്റി ഉള്ള കേരളത്തിൽ ഒരു പ്രയോജനവുമില്ലാത്ത ഒരു ഉപകരണമാണ് എയർ കൂളറുകൾ അഥവാ ഡെസർട്ട് കൂളറുകൾ. എങ്കിലും കേരളത്തിലെ കടകളിൽ എയർ കൂളറുകൾ വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത് കാണാം. ആളുകൾ എന്തിനാണെന്നറിയില്ല വാങ്ങിക്കൊണ്ട് പോകുന്നുമുണ്ട്. ഹ്യുമിഡിറ്റി 60 ശതമാനത്തിൽ താഴെ ആണെങ്കിൽ മാത്രമേ ഇതുകൊണ്ട് എന്തെങ്കിലുമൊക്കെ പ്രയോജനം ലഭിക്കൂ. അല്ലാത്ത ഇടങ്ങളിൽ ഉപയോഗിക്കുമ്പോൾ ചൂട് കൂടുതലായി അനുഭവപ്പെടാനേ ഇത് സഹായിക്കൂ. അതുപോലെ ആരോഗ്യ പ്രശ്നങ്ങൾ വേറെയും. സ്വതവേ ഉള്ള ഹ്യുമിഡിറ്റി ഒന്നു കൂടി ഇത്തരം കൂളറുകൾ വർദ്ധിപ്പിക്കുന്നതിനാൽ ത്വക് രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയൊക്കെ ഉള്ളവർക്ക് അസുഖകരമായേക്കാം. വസ്ത്രങ്ങളും പുസ്തകങ്ങളും ഫർണിച്ചറുകളും പൂപ്പൽ പിടിക്കാനും ഇലക്ട്രോണിക് ഉപകരണങ്ങൾ തകരാറിലാകാനുമൊക്കെ ഇത് കാരണമായേക്കാം. ഹ്യുമിഡിറ്റി കുറഞ്ഞ ഇടങ്ങളിൽ തന്നെ മുറിയ്ക്കകത്ത് വച്ച് ഉപയോഗിക്കുന്ന ഇത്തരം കൂളറുകൾ അഭികാമ്യമല്ല. അപ്പോൾ പിന്നെ സ്വതവേ ഹ്യുമിഡിറ്റി കൂടുതലുള്ള നമ്മുടെ നാട്ടിലെ കാര്യം പറയേണ്ടതില്ലല്ലോ.