Sujith Kumar (സോഷ്യൽ മീഡിയയിൽ എഴുതിയത് )

നമ്മുടെ ഗൃഹോപകരണ വിപണന മേളകളിൽ സ്ഥിരമായി കാണാവുന്നതും നന്നായി വിറ്റ് പോകുന്നതുമായ ഒരു ഐറ്റം ആണ് എയർ കൂളറുകൾ. വർഷം മുഴുവനും ഉയർന്ന ഹ്യുമിഡിറ്റി നിലനിൽക്കുന്ന നമ്മുടെ നാട്ടിലെ കാലാവസ്ഥയ്ക് ഒട്ടൂം അനുയോജ്യമല്ലാത്തതും അതുകൊണ്ട് തന്നെ ഒരു തരത്തിലും ചൂട് കുറയ്കാത്തതും പോരാഞ്ഞ് സ്വതവേ അധികമായ ഹ്യുമിഡിറ്റി ഒന്നു കൂടി കൂട്ടി കൂടുതൽ അസ്വസ്ഥത ഉളവാക്കുന്നതുമായ എയർ കൂളറുകൾ അതിനെക്കുറിച്ച് ബോധമില്ലാതെ ഇപ്പോഴും നമ്മുടെ നാട്ടൂകാർ വാങ്ങി ഉപയോഗിക്കുന്നുണ്ട് . ഈ പറഞ്ഞ ഹ്യുമിഡിറ്റി കൂടിയാൽ ചൂട് കൂടുതലായി അനുഭവപ്പെടുന്നതും എയർ കൂളറുകൾ ഫലം തരാത്തതും എന്തുകൊണ്ടാണ്?

നമുക്ക് എങ്ങിനെ ആണ് തണുപ്പും ചൂടൂം അനുഭവപ്പെടുന്നത്? അന്തരീക്ഷത്തിലെ താപനില നമ്മുടെ ശരീര ഊഷ്മാവിനേ അപേക്ഷിച്ച് താഴ്ന്ന് നിൽക്കുമ്പോൾ ശരീരത്ത് നിന്ന് ചൂട് നഷ്ടപ്പെടുകയും തണുപ്പ് അനുഭവപ്പെടൂകയും ചെയ്യുന്നു. അന്തരീക്ഷ താപനില കൂടുതൽ ആകുമ്പോൾ നേരേ തിരിച്ചും. ചൂടുള്ള കാലാവസ്ഥയിൽ ശരീരത്തിന്റെ ഊഷ്മാവ് പരിധി വിട്ട് കൂടാതിരിക്കാൻ ശരീരം ചില ടെക്നിക്കുകൾ പ്രയോഗിക്കും. അതിലൊന്നാണ് വിയർപ്പ്. അതായത് ശരീരത്തിനകത്തു നിന്നും ജലാംശം ത്വക്കിലെ സൂക്ഷ്മ സുഷിരങ്ങളിലൂടെ പുറത്തേക്ക് തള്ളും. ഇത്തരത്തിൽ ത്വക്കിൽ പുരണ്ടിരിക്കുന്ന വിയർപ്പ് ശരിരത്തിൽ നിന്നും ചൂട് വലിച്ചെടുത്ത് ബാഷ്പമാകാൻ തുടങ്ങും അങ്ങനെ ശരീരത്തിൽ നിന്ന് ചൂട് വലിച്ചെടുക്കപെടുമ്പോൾ ശരീര താപ നില കുറയുകയും നമുക്ക് തണുപ്പ് അനുഭവപെടൂകയും ചെയ്യും. ഇങ്ങനെ വിയർപ്പ് ബാഷ്പമാകാൻ ചില അനുകൂല സാഹചര്യങ്ങൾ കൂടി ഉണ്ടാകണം. അതായത് ഹ്യുമിഡിറ്റി അഥവാ ആർദ്രത എന്നൊക്കെ വിളിക്കുന്ന അന്തരീക്ഷത്തിലെ ജലബാഷ്പത്തിന്റെ അളവ് കുറഞ്ഞിരിക്കണം. അന്തരീക്ഷത്തിൽ ഇത് കൂടുതലായാൽ ശരീരത്തിൽ നിന്ന് ചൂട് വലിച്ചെടുത്ത് വിയർപ്പ് ബാഷ്പമാകുന്ന നിരക്ക് വളരെ കുറയും. അങ്ങനെ വിയർപ്പ് ശരീരത്തിൽ നിന്ന് ബാഷ്പമാകാതെ ശരീരത്തിന്റ ഊഷ്മാവ് കുറയാതെ നിൽക്കുകയും കൂടൂതൽ ചൂട് അനുഭവപ്പെടുകയും ചെയ്യും. ഈ അവസ്ഥയിൽ ശരിരം കൂടുതൽ വിയർപ്പ് ഉൽപ്പാദിപ്പിക്കും, അതിനായി രക്തം കൂടുതലായി പമ്പ് ചെയ്യേണ്ടി വരും അങ്ങനെ ശ്വാസോച്ഛാസവും ഹൃദയമിടീപ്പുമെല്ലാം കൂടും. ആവശ്യത്തിനു വെള്ളം കുടിച്ചില്ലെങ്കിൽ ഈ അധികമായി ഉണ്ടാകുന്ന വിയർപ്പ് വഴി ശരീരത്തിൽ നിന്ന് ജലാംശവും ലവണാംശവുമെല്ലാം നഷ്ടപ്പെട്ട് നിർജ്ജലീകരണമെന്ന അവസ്ഥയിലേക്ക് എത്തുന്നു. ചുരുക്കിപ്പറഞ്ഞാൽ ഹ്യുമിഡീറ്റി കൂടുതൽ ഉള്ള കാലാവസ്ഥ മനുഷ്യനുണ്ടാക്കുന്ന അസ്വസ്ഥതകൾ ചില്ലറയല്ല.

ഡിസർട്ട് കൂളറുകൾ അഥവാ എയർ കൂളറുകൾ എന്നെല്ലാം അറിയപ്പെടുന്ന ഉപകരണങ്ങൾ വെള്ളത്തെ ചെറിയ കണങ്ങളായി ഒരു ഫാനിന്റെ സഹായത്തോടെ കാറ്റിന്റെ കൂടെ പുറത്തു വിടുന്നവയാണ്. ഇത്തരത്തിലുള്ള എയർ കൂളറുകൾ ഹ്യുമിഡിറ്റി കുറവായ പ്രദേശങ്ങളിൽ നല്ല രീതിയിൽ തന്നെ ഫലം തരുന്നവയാണ്. എന്നാൽ ഹ്യുമിഡീറ്റി കൂടുതലുള്ള പ്രദേശങ്ങളിൽ സ്വതവേ അധികമായുള്ള ഹ്യുമിഡീറ്റിയെ ഒന്നു കൂടി വർദ്ധിപ്പിക്കുന്നതായതിനാൽ മുൻപ് പറഞ്ഞ കാരണങ്ങളാൽ തണുപ്പുണ്ടാകില്ലെന്ന് മാത്രവുമല്ല അസ്വസ്ഥത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വാതിലും ജനലുമെല്ലാം അടച്ചിട്ട വായുസഞ്ചാരം തീരെ കുറവായ മുറികളിൽ ഇത്തരം ഡിസർട്ട് കൂളറുകൾ ഉപയോഗിക്കുന്നത് പല ആരോഗ്യ പ്രശ്നങ്ങൾക്കും പ്രത്യക്ഷത്തിൽ തന്നെ വഴി തെളിക്കുകയും ചെയ്യുന്നു. ഹ്യുമിഡീറ്റി അധികമാകുന്ന അവസ്ഥയിലൂണ്ടാകുന്ന ഫംഗസ് ബാധകളും ശ്വാസകോശ രോഗമുള്ളവർക്കുണ്ടാകുന്ന അസ്വസ്ഥതകളും അതിൽ ഉൾപെടുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂടുകാലത്ത് വളരെ ഉപകാരപ്രദമായ ഈ ഉപകരണം ഉഷ്ണകാലത്ത് വളരെ ഉപകാരപ്രദവും വിലക്കുറവായതിനാൽ ‘പാവങ്ങളുടെ ഏസി’ എന്നെല്ലാം അറിയപ്പെടുന്നതുമാണ്. പക്ഷേ അവിടങ്ങളിലും ഇടയ്ക് കാർമേഘം നിറഞ്ഞുള്ള മൂടിക്കെട്ടിയ , ഉയർന്ന ഹ്യുമിഡിറ്റി ഉള്ള ദിവസങ്ങളിൽ ഇവ ഒട്ടും തന്നെ ഫലം തരാത്തതും ആണെന്ന തിരിച്ചറിവുള്ളതിനാൽ അത്തരം കാലാവസ്ഥയുള്ള സമയങ്ങളിൽ എയർ കൂളറുകളിൽ വെള്ളം നിറച്ച് ഉപയോഗിക്കാറില്ല. വെറും ഒരു ഫാൻ ആയി മാത്രമാണ് ഉപയോഗിക്കാറ്.

ഗൾഫിൽ നിന്നും മറ്റും വരുന്ന പ്രവാസികൾ അവിടെ പ്രയോജനപ്രദമാണെന്ന് കണ്ട് ഇവിടെ വന്ന് വീട്ടീലേക്ക് എയർ കൂളറുകൾ വാങ്ങി നിരാശരാകാറുണ്ട്. അതുപോലെ എക്സിബിഷൻ കൗണ്ടറുകളിലും ഹോം അപ്ലയിൻസസ് ഷോറൂമുകളിലുമെല്ലാം എയർ കണ്ടീഷൻ ചെയ്തിട്ടുള്ളതിനാൽ ഇത് പ്രവർത്തിപ്പിച്ച് കാണിക്കുമ്പോൾ നല്ല സുഖകരമായ തണുത്ത കാറ്റാണ് പുറത്തേയ്ക്ക് വരിക എന്നതിനാൽ തെറ്റിദ്ധരിക്കപ്പെട്ട് ആണ് മിക്കവരും ഇത് വാങ്ങിക്കുന്നത്.

You May Also Like

നിങ്ങൾ നിരീക്ഷിക്കപ്പെടുന്നുണ്ടോ ? മനസ്സിൽ ചിന്തിക്കുന്നത് പരസ്യമായി മുന്നിൽ വരുന്നുണ്ടോ ?

സുജിത് കുമാർ (സോഷ്യൽ മീഡിയയിൽ എഴുതിയത് ) “കുറേ നാളായി കരിമീൻ പൊള്ളിച്ചത് കഴിച്ചിട്ട്…” ആത്മഗതം…

ലാപ് ടോപ്പ് എപ്പോഴും കുത്തി വച്ച് ഉപയോഗിക്കുന്നത് നല്ലതാണോ ?

ലാപ് ടോപ്പ് എപ്പോഴും കുത്തി വച്ച് ഉപയോഗിക്കുന്നതാണോ അതോ മുഴുവനായും ചാർജ് ചെയ്ത് ഉപയോഗിച്ച് ബാറ്ററിലോ…

തിയറ്ററുകളിൽ ശബ്ദവിപ്ലവം ആയ ഡോൾബി അറ്റ്മോസ് എന്താണ് ?

തിയറ്ററുകളിൽ ശബ്ദവിപ്ലവം ആയ ഡോൾബി അറ്റ്മോസ് എന്താണ് ? അറിവ് തേടുന്ന പാവം പ്രവാസി പ്രേക്ഷകനു…

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പണി തുടങ്ങി; നഗ്ന ചിത്രങ്ങൾക്കായി ആപ്പ്, പിൻവലിച്ച് നിർമാതാക്കൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പണി തുടങ്ങി; നഗ്ന ചിത്രങ്ങൾക്കായി ആപ്പ്, പിൻവലിച്ച് നിർമാതാക്കൾ ⭐ കടപ്പാട് :…