Sujith Kumar
ലോകശ്രദ്ധ നേടിയതും ഇന്ത്യയിലെ ഏറ്റവും വിജയകരമായ സ്റ്റാർട്ടപ്പ് എന്ന ബഹുമതി നേടിയതുമായ ബൈജൂസ് എന്ന കമ്പനി ഇപ്പോൾ ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ഏറ്റവും കൂടുതൽ നഷ്ടം നേരിടുന്ന കമ്പനി എന്ന ബഹുമതി കൂടി കരസ്ഥമാക്കിയിരിക്കുകയാണല്ലോ. 4500 കോടിയ്കടുത്താണ് കഴിഞ്ഞ വർഷത്തെ നഷ്ടം. ഈ വർഷത്തെ കണക്കുകൾ വന്നിട്ടില്ല. ബൈജൂസിന്റെ തൊട്ട് പിറകേ ഉള്ളത് ഇതുപോലെത്തന്നെ മറ്റൊരു പ്രമുഖ സ്റ്റാർട്ടപ്പ് ആയിരുന്ന ഓയോ ആണ്. ഈ രണ്ട് കമ്പനികളും ചുരുങ്ങിയകാലം കൊണ്ട് തന്നെ ജനങ്ങളെ വെറുപ്പിച്ചത് അവരുടെ കയ്യിലിരിപ്പ് കൊണ്ട് തന്നെയാണ്.
നന്നായി പഠിക്കുന്ന കുട്ടികളെ പഠിപ്പിക്കുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. എൻട്രസ് കോച്ചിംഗ് രംഗത്തെ തൃശൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രമുഖ ഗുരു നല്ല അക്കാദമിക് ബാക്ഗ്രൗണ്ട് ഉള്ള മിടുക്കന്മാരെ മാത്രമായിരുന്നു സെലക്റ്റ് ചെയ്തിരുന്നത്. അവരെആവശ്യമായ മെറ്റീരിയൽസ് ഒക്കെ നൽകി ഒന്ന് ഫൈൻ ട്യൂൺ ചെയ്ത് കുറേ മോഡൽ പരീക്ഷകളൊക്കെ പ്രാക്റ്റീസ് ചെയ്ത് വിട്ടാൽ തന്നെ മത്സരപ്പരീക്ഷകളിലൊക്കെ ഉന്നത വിജയം കരസ്ഥമാക്കുന്നതിൽ ഒട്ടും തന്ന അത്ഭുതപ്പെടാനില്ല. പക്ഷേ ഇത്തരത്തിലുള്ള വിജയത്തിന്റെ മുഴുവൻ ക്രഡിറ്റും പരിശീലന കേന്ദ്രങ്ങൾ അടിച്ചെടുക്കുന്നതോടെ അവിടേയ്ക് ചേരാൻ വിദ്യാർത്ഥികളുടെ തിക്കും തിരക്കും ആണ്. ഈ പറയുന്ന പരിശീലന കേന്ദ്രങ്ങൾക്ക് ഒരു ശരാശരി വിദ്യാർത്ഥിയെ ഒരിക്കലും മത്സരപ്പരീക്ഷകൾ വിജയിപ്പിച്ചെടുക്കാൻ കഴിയാറില്ല. അത് അവർക്ക് നന്നായി അറിയാവുന്നതിനാൽ ശരാശരി വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകാറുമില്ല. നൽകുന്നുണ്ടെങ്കിൽ തന്നെ അവരുടെ സ്റ്റാർ പരിശീലകരിൽ നിന്ന് അകറ്റി നിർത്തുകയും ചെയ്യും.
ബൈജൂസിന്റെ കാര്യവും ഇതുപോലെത്തന്നയാണ്. നന്നായി പഠിക്കുന്ന ശരാശരിയിൽ കൂടുതൽ ഐക്യു ഒക്കെ ഉള്ള കുട്ടികൾക്ക് പാഠഭാഗങ്ങളിൽ നിന്നുള്ള പഠന രീതികൾക്ക് അപ്പുറമായി മൾട്ടി മീഡിയയൊക്കെ ഉപയോഗിച്ചുകൊണ്ട് പാഠഭാഗങ്ങൾ വിശദീകരിക്കുന്ന ഒരു സപ്ലിമെന്ററി ടൂൾ അല്ലെങ്കിൽ ഗൈഡ് ഒക്കെയായി ബൈജൂസ് ആപ്പിലെ കണ്ടന്റ് വലിയ ഒരു അനുഗ്രഹം ആയിരുന്നു. അവർക്ക് ആശയങ്ങൾ ഒന്നു കൂടി നന്നായി ഊട്ടി ഉറപ്പിക്കാനും മനസ്സിലാക്കാനുമൊക്കെ അത് സഹായകമായി. അർപ്പണബോധത്തോടെ അവനവനു വേണ്ടി പഠിക്കുന്ന കുട്ടികൾക്ക് ഇതൊരു അനുഗ്രഹമാവുകയും അങ്ങനെ ലഭിച്ച മൗത് പബ്ലിസിറ്റിയിലൂടെ പതുക്കെ പതുക്കെയാണ് ബൈജൂസ് ആപ്പ് വിദ്യാഭ്യാസ വിപണിയിൽ ശ്രദ്ധ നേടിയത്. തുടക്കത്തിൽ തന്നെ പണം കൊടുത്ത് ആപ്പും സബ്സ്ക്രിപ്ഷനുമൊക്കെ താങ്ങാൻ കഴിയുന്ന അപ്പർ ക്ലാസ് സെഗ്മെന്റിലെ മിടുക്കന്മാരായ വിദ്യാർത്ഥികളെ മാത്രം ആയിരുന്നു ലക്ഷ്യമിട്ടിരുന്നത് എങ്കിൽ പിന്നീട് വലിയ തോതിൽ നിക്ഷേപങ്ങളൊക്കെ സ്വീകരിച്ച് കമ്പനി വലുതായതോടെ നിക്ഷേപകരോട് നീതിപുലർത്താനായി വിപണിയും വിപുലപ്പെടുത്തേണ്ടതായി വന്നു. അവിടെയാണ് ബൈജൂസിനു പിഴച്ചത്.
‘ലേബർ ഇന്ത്യ വാങ്ങി പഠിക്കാനുള്ള സാമ്പത്തികശേഷി ഇല്ലാത്തതുകൊണ്ടാണ് പത്താം ക്ലാസിൽ തോറ്റത് ’ എന്നൊക്കെ ന്യായമായി പറഞ്ഞവർ പണ്ട് ഉണ്ടായിരുന്നു. അന്നത്തെ ലേബർ ഇന്ത്യയുടെ ഒരു ആധുനിക പതിപ്പ് ആയ ബൈജൂസ് എന്ന ഒരു മാജിക്കൽ ആപ്പ് ഇല്ലാത്തതുകൊണ്ടാണ് തങ്ങൾ ക്ലാസ് മുറികളിൽ പിറകോട്ട് പോകുന്നതെന്ന് പുതു തലമുറ വിദ്യാർത്ഥികൾ രക്ഷിതാക്കളോട് പരാതി പറയാൻ തുടങ്ങിയതോടെ എന്ത് വിലകൊടുത്തും മക്കളെ പഠിപ്പിക്കുക എന്ന ജീവിത ലക്ഷ്യമുള്ള മിഡിൽ ക്ലാസ് രക്ഷിതാക്കളുടെ നെഞ്ചിടിപ്പ് ബൈജൂസ് ചൂഷണം ചെയ്യാൻ തുടങ്ങി. സമൂഹത്തിലെ ഉപരി വിഭാഗത്തിനെ സംബന്ധിച്ചിടത്തോളം നിസ്സാരമായ ഒരു തുകയാണ് ഈ പറഞ്ഞ സബ്സ്ക്രിപ്ഷൻ ചാർജ് എന്നതിനാൽ അവരുടെ മക്കൾക്ക് ഇത് പ്രയോജനകരമായി തോന്നിയാലും ഇല്ലെങ്കിലും പരാതികൾ കുറവായിരിക്കും. പക്ഷേ അങ്ങനെ അല്ല മിഡിൽ ക്ലാസിന്റെ കാര്യം. മക്കളെ വരെ നിക്ഷേപമായി കണക്കാക്കുന്ന മിഡിൽ ക്ലാസിനു മക്കളുടെ മേൽ നിക്ഷേപിക്കുന്ന ഓരോ രൂപയും അതിന്റേതായ ഫലം കൊണ്ടുവരുന്നത് കാണുന്നില്ലെങ്കിൽ പരാതികളും ആക്ഷേപങ്ങളുമൊക്കെ ഉണ്ടാകും. കാരണം പ്രലോഭനങ്ങളിലും തെറ്റിദ്ധാരണകളിലുമൊക്കെ കുരുങ്ങി ഇല്ലാത്ത കാശുണ്ടാക്കിയാണ് ഓട്ടത്തിൽ ഒപ്പമെത്താൻ ഇതിനൊക്കെ പണം ചെലവാക്കുന്നത്.
ഇൻസ്റ്റാൾമെന്റിൽ കിട്ടിയാൽ കാശല്പം കൂടുതൽ ആയാലും എന്തും വാങ്ങാൻ തയ്യാറാകുന്ന മിഡിൽ ക്ലാസ് മനോഭാവത്തെ ചൂഷണം ചെയ്യാനായി ബൈജൂസ് ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് വിപുലമായ പദ്ധതി ആവിഷ്കരിച്ചു. വലിയ ടാർഗറ്റിന്റെ ഭാരവുമായി ജനങ്ങളുടെ ഇടയിലേക്ക് ഇറക്കിവിട്ടിരിക്കുന്ന ബൈജൂസിന്റെ മാർക്കറ്റിംഗ് ടീം ആകട്ടെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ അവരുടെ പ്രോഡക്റ്റ്സ് ആളുകളുടെ തലയിൽ കെട്ടിവയ്ക്കാൻ തുടങ്ങി. ഇൻസ്റ്റാൾമെന്റ് എന്ന പേരിൽ തങ്ങളുടെ കഴുത്തിൽ ഇട്ടിരിക്കുന്നത് ഊരാക്കുടുക്ക് ആയ ലോൺ ആണെന്ന് ബന്ധപ്പെട്ട ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് നോട്ടീസ് വരാൻ തുടങ്ങുമ്പോൾ ആണ് പലരും തിരിച്ചറിയുന്നത്.
പതിനഞ്ച് ദിവസമൊക്കെ മണി ബാക്ക് ഗ്യാരണ്ടിയൊക്കെ പറയുന്നുണ്ടെങ്കിലും ഇത്തരത്തിലുള്ള ഒരു സർവീസിന്റെ ഗുണങ്ങൾ മനസ്സിലാക്കാനും അത് ഫലം ചെയ്യുന്നുണ്ടോ എന്ന് തിരിച്ചറിയാനുമൊക്കെ പതിനഞ്ച് ദിവസങ്ങൾ ഒട്ടും മതിയാകുന്നതല്ല. കുട്ടികൾക്ക് ടാബൊക്കെ കയ്യിൽ കിട്ടുമ്പോൾ തുടക്കത്തിൽ കാണിക്കുന്ന ഉത്സാഹവും താല്പര്യവും കുറച്ച് നാളുകൾ കഴിയുമ്പോൾ തീരും. സർവീസ് സബ്സ്ക്രൈബ് ചെയ്യുന്നതോടെ ആപ്പിലെ കണ്ടന്റുകൾക്ക് പുറമേ പേഴ്സണൽ ട്രയിനറുടെ സഹായം കൂടി കിട്ടുമെന്നൊക്കെയുള്ള വാഗ്ദാനങ്ങൾ ഉണ്ടെങ്കിലും അതൊന്നും ശരിയായ രീതിയിൽ പാലിക്കാൻ ബൈജൂസിനു കഴിയുന്നില്ല. ഇതൊക്കെ കഴിയുമ്പോൾ ആണ് രക്ഷിതാക്കൾക്ക് ചതിക്കപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവുണ്ടാകുന്നത് . ഇൻസ്റ്റാൾമെന്റ് എന്ന പേരിൽ ലോൺ എടുത്തിരിക്കുന്നത് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നായതിനാലും അവർ മുഴുവൻ പണവും അഡ്‌വാൻസ് ആയിത്തന്നെ ബൈജൂസിനു നൽകിയിട്ടുള്ളതിനാലും ലോൺ ഇൻസ്റ്റാൾമെന്റ് മുടങ്ങുമ്പോൾ ഇടപെടുന്നത് ബൈജൂസ് അല്ല ഈ പറഞ്ഞ സ്ഥാപനങ്ങളുടെ റിക്കവറി ഏജൻസികൾ ആയിരിക്കും. ഇൻസ്റ്റാൾമെന്റ് അടച്ചില്ലെങ്കിൽ സിബിൽ സ്കോറിനെയൊക്കെ ബാധിച്ച് പിന്നീട് ഒരു ലോണും കിട്ടാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു.
വർഷങ്ങൾക്ക് മുൻപേ തന്നെ ബൈജൂസിനെക്കുറിച്ച് പറഞ്ഞതേ ഇപ്പോഴും പറയാനുള്ളൂ- നന്നായി പഠിക്കുന്ന നല്ല അർപ്പണമനോഭാവമുള്ളവൾ/ൻ ആണ് നിങ്ങളുടെ കുട്ടി എങ്കിൽ ബൈജൂസിന്റെ മൾട്ടി മീഡിയാ കണ്ടന്റുകളും ക്ലാസുകളുമൊക്കെ ക്ലാസ് മുറികളിലെ പഠനത്തിനൊരു സപ്ലിമെന്റ് ആയി ഉപയോഗപ്പെടും. അല്ലെങ്കിൽ ആരംഭ ശൂരത്വം മാത്രമായിരിക്കും ഫലം. പിന്നെ പൊതുവേ നന്നായി പഠിക്കുന്ന, ഇന്റർനെറ്റും മറ്റും ഉപയോഗിക്കാനറിയുന്ന കുട്ടികൾക്ക് ഒരു ആപ്പിന്റെയും സബ്സ്ക്രിപ്ഷൻ ഇല്ലാതെ തന്നെ ഈ പറഞ്ഞ തരത്തിലുള്ള കണ്ടന്റുകൾ എവിടെ നിന്ന് കിട്ടുമെന്നും അവ എങ്ങിനെ ഉപയോഗിക്കണമെന്നും നന്നായി അറിയാം എന്നത് മറ്റൊരു വസ്തുത.