ഇപ്പോൾ ക്രിപ്റ്റോ കറന്സിയെ കുറിച്ചും ബിറ്റ് കോയിനെ കുറിച്ചും ബ്ളോക് ചെയിനിനെ പറ്റിയുമൊക്കെ പേരുകൾ കൊണ്ടെങ്കിലും കേൾക്കാത്തവർ ആയി ആരുമില്ല. എന്നാൽ സാധാരണ ജനങ്ങൾക്കു ഈവിധ കാര്യങ്ങൾ ഒന്നും അറിയില്ല എന്നത് ഒരു സത്യമാണ്. ലളിതമായി അക്കാര്യങ്ങൾ വിശദീകരിക്കുന്ന സുജിത് കുമാറിന്റെ പോസ്റ്റ് വായിക്കാം

🖌സുജിത് കുമാർ.
എല്ലാവരും ഇപ്പോൾ ക്രിപ്റ്റോ കറൻസികളുടെ പിറകേ ഓടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സർക്കാർ തന്നെ ഒരു ക്രിപ്റ്റോ കറൻസിയോ അല്ലെങ്കിൽ കറൻസിയുടെ ഡിജിറ്റൽ രൂപമോ ഒക്കെ ഇറക്കിയാൽ എങ്ങിനെ ഇരിക്കും? നമ്മുടെ പുതിയ കറൻസി നോട്ടൂകൾ പോലെത്തന്നെ കളറാകില്ലേ? സർക്കാർ ഡിജിറ്റൽ കറൻസി ഇറക്കുന്ന കാര്യവും ഡിജിറ്റൽ അസറ്റുകൾക്ക് 30 ശതമാനം നികുതി ഏർപ്പെടുത്തുന്ന കാര്യവുമൊക്കെ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്ന് പരിശോധിച്ച് നോക്കാം.
എന്തുകൊണ്ടാണ് ക്രിപ്റ്റോ കറൻസികൾക്ക് ഇത്രയധികം പ്രചാരം ലഭിക്കുന്നതെന്ന് നോക്കിയാൽ മനസ്സിലാകും അത് വെറും ഒരു പുതിയ സാങ്കേതിക വിദ്യയെ ജനം സ്വീകരിച്ചതല്ല അതിന്റെ പ്രധാന കാരണം എന്ന്. ആദ്യ ക്രിപ്റ്റോ കറൻസിയായ ബിറ്റ് കോയിൻ എന്ന ആശയം രൂപപ്പെട്ടതു തന്നെ തന്നെ നിലവിലെ സർക്കാർ നിയന്ത്രിത കറൻസികളുടെ പ്രശ്നങ്ങൾ പരിഹരിച്ച് വികേന്ദ്രീകൃത ലോകത്ത് ഒരു വികേന്ദ്രീകൃത മാതൃകാ കറൻസി എന്ന നിലയിൽ ആണ്. അതായത് ഇത്തരം കറൻസികൾ ഏതെങ്കിലും വ്യക്തികളുടെയോ സംഘടനകളുടെയോ രാജ്യങ്ങളുടെയോ സ്ഥാപനങ്ങളുടേയോ നിയന്ത്രണമോ അതിർത്തിയോ ഇല്ലാതെ വിനിമയത്തിനുള്ള ഒരു ഉപാധി എന്ന നിലയിൽ പ്രചാരം ലഭിച്ചതാണ്. ആദ്യ ക്രിപ്റ്റോ കറൻസി ആയ ബിറ്റ് കോയിന്റെ ചുവടുപിടിച്ച് പല തരം ക്രിറ്റ്പോ കറൻസികൾ നിലവിൽ വന്നു. പലതിന്റെയും ലക്ഷ്യങ്ങൾ പലതായിരുന്നു. വികേന്ദ്രീകൃത സ്വഭാവത്തിനുമപ്പുറം ക്രിപ്റ്റൊ കറൻസികളുടെ പ്രധാന സവിശേഷത ആണ് ഉടമസ്ഥന്റെ സ്വകാര്യത പൂർണ്ണമായും സംരക്ഷിക്കപ്പെടുന്നു എന്നത്.
ക്രിപ്റ്റോ കറൻസികളുടെ ‘അരാജകത്വ സ്വഭാവം‘ തന്നെയാണ് അവയുടെ പ്രചാരം ഏറ്റവും വർദ്ധിപ്പിച്ചത്. ഇത്തരത്തിൽ അരാജകത്വ സ്വഭാവമുള്ള കറൻസികളുടെ പ്രചാരം വർദ്ധിക്കുകയും ആവശ്യം വർദ്ധിക്കുകയും ചെയ്തപ്പോഴും ഉല്പാദനം പരിമിതമാണെന്നതിനാൽ വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഇവയുടെ വില ആകാശം മുട്ടി. യഥാർത്ഥത്തിൽ വസ്തുക്കളുടെയും സേവനങ്ങളുടെയും കൈമാറ്റത്തിനുള്ള പൊതു ഉപാധികളായി പ്രവർത്തിക്കേണ്ട കറൻസികൾ ഇവിടെ അതിനു പകരമായി വളരെ എളുപ്പത്തിൽ മൂല്ല്യം നിർണ്ണയിക്കാൻ കഴിയുന്ന കറൻസികളുമായി വിനിമയം നടത്തപ്പെടാൻ തുടങ്ങിയതോടെ യഥാർത്ഥ ലക്ഷ്യങ്ങളിൽ നിന്ന് വേറിട്ട് വളരെ വേഗത്തിൽ മൂല്യം വർദ്ധിക്കുന്ന ഒരു നിക്ഷേപമാർഗ്ഗം എന്ന രീതിയിലേക്ക് ശ്രദ്ധയാകർഷിക്കപ്പെട്ടു. സാധാരണ കറൻസികളെപ്പോലെ വസ്തുക്കൾക്കും സേവനങ്ങൾക്കും കറൻസികൾക്ക് പകരമായി ഉപയോഗിക്കുക എന്ന നിലയിൽ നിന്ന് വേറിട്ട് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ക്രിപ്റ്റോ കറൻസികൾ വിനിമയം ചെയ്യപ്പെടുന്നത് മറ്റ് കറൻസികളുമായാണ് . ക്രിപ്റ്റോ കറൻസികളുടെ രഹസ്യാത്മകത അതിന്റെ ചട്ടക്കൂടിനകത്ത് മാത്രമാണ് മറ്റ് കറൻസികളുമായി വിനിമയത്തിനായി ഈ ചട്ടക്കൂടിനു പുറത്ത് വരുമ്പോൾ അതിന്റെ രഹസ്യാത്മകത നഷ്ടപ്പെടുകയും ആവശ്യമെങ്കിൽ സർക്കാർ ഏജൻസികൾക്ക് ഈ വിനിമയ വാതിലുകളിൽ നിരീക്ഷണങ്ങളും നികുതികളുമെല്ലാം ഏർപ്പെടുത്താനും കഴിയുന്ന സാഹചര്യമുണ്ട്. അതായത് നിങ്ങളുടെ കൈവശം ഒരു നിശ്ചിത തുകയ്കുള്ള ക്രിപ്റ്റോ കറൻസി ഉണ്ടെങ്കിൽ അതിനെ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ രൂപയാക്കി മാറ്റുക അത്ര എളുപ്പമല്ല. അതിനായി ഈ ക്രിപ്റ്റോ കറൻസി വാങ്ങി പകരം പണം തരാൻ തയ്യാറുള്ള ഒരാളെ കണ്ടെത്തണം. അല്ലെങ്കിൽ ക്രിപ്റ്റോ കറൻസിക്ക് പകരമായി എന്തെങ്കിലും വസ്തുവോ സേവനമോ നൽകാൻ തയ്യാറായ ഒരാളെ നിങ്ങളുടെ പരിധിയിൽ കണ്ടെത്തണം. ഈ അവസരങ്ങളിലൊക്കെ നിങ്ങൾ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നിങ്ങളുടെ ‘അനോണിമിറ്റി‘ നഷ്ടപ്പെടുത്തിയേ മതിയാകൂ. അതായത് ക്രിപ്റ്റോ കറൻസികളുടെ രഹസ്യാത്മകത അതിന്റെ ചട്ടകൂടിനകത്ത് മാത്രമാണ്.
രണ്ട് പേർ തമ്മിൽ ഇടപാടുകൾ നടത്താൻ എന്തിനാണ് ഒരു ഇടനിലക്കാരൻ? ബാങ്കുകളും മറ്റ് സാമ്പത്തിക സ്ഥാപനങ്ങളും വ്യക്തികൾക്കിടയിലുള്ള ഇടപാടുകളിൽ ഇടനിലക്കാരായി നിന്നുകൊണ്ട് വൻ തുക ട്രാൻസാക്‌ഷൻ ഫീസ് ആയി മാത്രം ഈടാക്കുന്നു എന്നതൊക്കെ ഒരു വികേന്ദ്രീകൃത ആശത്തിൽ യോജിക്കാൻ കഴിയുന്നതല്ല. ക്രിപ്റ്റോ കറൻസികളുടെ പ്രധാന സവിശേഷതകളായി എടുത്ത് പറയാറുള്ളത് ‘ഇടപാടുകൾക്ക് ഇടനിലക്കാർ ആവശ്യമില്ല‘ എന്നതാണ്. സാങ്കേതികമായി വളരെ ശരിയാണെങ്കിലും ഇപ്പോൾ ക്രിപ്റ്റോ കറൻസികളുടെ ഇടപാടുകളിൽ ഏറ്റവും കൂടുതൽ പണം കൊയ്യുന്നത് ക്രിപ്റ്റൊ എക്സ്ചേഞ്ചുകൾളെന്നറിയപ്പെടൂന്ന ഇടനിലക്കാരാണ്. അതായത് നിങ്ങൾക്ക് കയ്യിലുള്ള ക്രിപ്റ്റോ കറൻസിയെ സുരക്ഷിതമായി നിങ്ങൾക്ക് സൗകര്യപ്രദമായി ഉപയോഗിക്കാൻ കഴിയുന്ന രീതിയിലുള്ള സാധാരണ കറൻസികൾ ആക്കി മാറ്റണമെങ്കിൽ ഇത്തരം ഇടനിലക്കാരായ എക്സ്ചേഞ്ചുകളെ സമീപിക്കണം. എന്തുകൊണ്ട് എക്സ്ചേഞ്ചുകൾ? അവിടെയും ഒരു ഇടനിലക്കാരന്റെ ‘വിശ്വാസ്യത‘ എന്ന ഒരൊറ്റ വിഷയത്തെ ആധാരമാക്കിയാണ് ഇടപാടുകൾ നടക്കുന്നത്. ഈ എക്സ്ചേഞ്ചുകൾ അടിസ്ഥാനപരമായി ക്രിപ്റ്റോ കറൻസിയുടെ തനത് സ്വഭാവങ്ങളെ ആണ് ഇല്ലാതാക്കുന്നത്. എന്തുകൊണ്ട് എക്സ്ചേഞ്ചുകൾ? നിങ്ങൾ കൈവശമുള്ള ക്രിപ്റ്റോ കറൻസികൾ ആർക്കെങ്കിലും എന്തെങ്കിലും സേവനത്തിനോ വസ്തുവിനോ അല്ലെങ്കിൽ കറൻസിയ്കോ പകരമായി കൈമാറ്റം ചെയ്യാൻ തയ്യാറാകുമ്പോൾ രണ്ട് വ്യക്തികളും പരസ്പരം അജ്ഞാതർ ആയതിനാൽ നിങ്ങൾ ക്രിപ്റ്റോ കറൻസി നൽകുമോ എന്ന് വാങ്ങുന്ന ആൾക്കോ അല്ലെങ്കിൽ പകരമായി സേവനങ്ങളോ വസ്തുക്കളോ നൽകുമോ എന്ന് വിൽക്കുന്ന ആൾക്കോ യാതൊരു ഉറപ്പും ഇല്ലാത്ത ഒരു സ്ഥിതിവിശേഷമുണ്ട്. അതുപോലെ മാറിക്കിട്ടിയ വസ്തുവോ സേവനമോ ഉദ്ദേശിച്ച ഗുണനിലവാരമുള്ളതാണോ എന്നോ വ്യാജമാണോ എന്നോ എന്നും ഒരു ഉറപ്പുമില്ലാത്ത സാഹചര്യങ്ങളും ഉണ്ടാകാം. ഇവിടെ പരാതിപരിഹാരത്തിനായി ഒരു നിയമ വ്യവസ്ഥയേയും സമീപിക്കാനും കഴിയില്ല. അതുകൊണ്ടാണ് ലോകത്തിൽ ഒന്നും തന്നെ കറുപ്പും വെളുപ്പും ആയ ബൈനറികൾ അല്ലാത്തതിനാൽ ‘ഐഡിയൽ‘ എന്ന് കരുതുന്ന പലതും പ്രായോഗിക തലത്തിൽ ‘ഐഡിയൽ ‘ ആകാത്തത്‘
ക്രിപ്റ്റോ കറൻസി നെറ്റ്‌വർക്കുകളിൽ നിന്ന് പുറത്ത് കടന്ന് മറ്റ് കറൻസികളുമായി വിനിമയം ചെയ്യപ്പെടുന്ന എക്സ്ചേഞ്ചുകൾ എല്ലാം തന്നെ ബിസിനസ് സ്ഥാപനങ്ങൾ എന്ന നിലയിൽ അതാത് രാജ്യങ്ങളിലെ നിയമ വ്യവസ്ഥകൾ പാലിച്ചുകൊണ്ട് മാത്രം നടത്തിക്കൊണ്ട് പോകാൻ കഴിയുന്നവയാണ്. അതുകൊണ്ട് തന്നെ ബാങ്കുകളിലെ കെ വൈ സി വ്യവസ്ഥകളേക്കാൾ കഠിനമാണ് പല ക്രിപ്റ്റോ എക്സ്ചേഞ്ചുകളിലെയും അംഗത്വ നിബന്ധനകൾ. അതുകോണ്ട് തന്നെ സർക്കാരുകൾക്ക് ഈ ഇടപാടൂകൾക്ക് മുകളിൽ വളരെ എളുപ്പത്തിൽ നികുതികളും മറ്റും ഏർപ്പെടുത്താൻ കഴിയും. അന്വേഷണ ഏജൻസികൾ ആവശ്യപ്പെടാൽ ഏത് ഇടപാടുകളും വളരെ എളുപ്പത്തിൽ ട്രാക്ക് ചെയ്യാൻ കഴിയുന്ന രീതിയിൽ പ്രവർത്തിച്ചാൽ മാത്രമേ ഇത്തരം സ്ഥാപനങ്ങൾക്ക് നിലനിൽപ്പുള്ളൂ എന്നതിനാൽ അവർ സർക്കാർ നിബന്ധനകളെല്ലാം അക്ഷരം പ്രതി പാലിക്കുകയും ചെയ്യും. അപ്പോൾ ഡീജിറ്റൽ /ക്രിപ്റ്റോ അസറ്റുകൾ വഴിയുള്ള വരുമാനത്തിൽ 30 ശതമാനം എങ്ങിനെ നികുതി ഏർപ്പെടുത്തുമെന്ന സംശയം തീർന്നില്ലേ?
പക്ഷേ ഇവിടെ ഒരു പ്രശ്നമുണ്ട് , ഏത് വസ്തുവിന്റെയും രാജ്യാന്തര കള്ളക്കടത്തിന്റെ പ്രധാന കാരണം വലിയ തോതിലുള്ള നികുതി ആണെന്ന് നമുക്കെല്ലാം അറിയാം. മറ്റേത് വസ്തുക്കളിൽ നിന്നും വ്യത്യസ്തമായി ഡിജിറ്റൽ അസറ്റുകൾ ഒരു പ്രയാസവുമില്ലാതെ ‘കള്ളക്കടത്ത് ‘ നടത്താൻ കഴിയും എന്നതിനാൽ ഇങ്ങനെയുള്ള സാഹചര്യത്തിൽ എവിടെ ആണോ നികുതി കുറവ് അവിടെ പോയി ആളുകൾ എക്സ്ചേഞ്ച് ചെയ്യാൻ തുടങ്ങും. ഇതിനൊന്നും കഴിയാത്ത അല്ലെങ്കിൽ താല്പര്യമില്ലാത്ത ഒരു വിഭാഗം മാത്രം നിയമപരമായ വഴികളിലൂടെ ക്രിപ്റ്റോ അസറ്റുകൾ എക്സ്ചേഞ്ച് ചെയ്യും. പക്ഷേ വലിയ ആസ്തികൾ ആണെങ്കിൽ ഈ 30 ശതമാനം എന്ന വലിയ തുക വെറുതേ കളയാൻ മിക്കവരും തയ്യാറാകില്ല എന്നതിനാലും പിടിക്കപ്പെടാനുള്ള സാഹചര്യം മറ്റ് കള്ളക്കടത്ത് മാർഗ്ഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കുറവായതിനാലും ക്രിപ്റ്റോ കള്ളക്കടത്തുകൾ പെരുകാൻ ഇത്തരത്തിലുള്ള നികുതികൾ ഇടയാക്കും. പൂർണ്ണമായ നിരോധനം ഇക്കാര്യാത്തിൽ തികച്ചും അപ്രായോഗികം ആയതിനാൽ എന്തെങ്കിലുമൊക്കെ തരത്തിൽ ഉള്ള നികുതി വരുമാനം ഈ വഴിക്ക് ലഭിക്കാൻ ഇത് സഹായകരമാകുന്നു. തത്വത്തിൽ ഇത് ഇടപാടുകൾക്ക് ക്രിപ്റ്റോ കറൻസികളെ സർക്കാർ അംഗീകരിക്കുന്നതിനു സമമാണ്.
പോസ്റ്റിന്റെ തുടക്കത്തിലേക്ക് തിരിച്ച് വരാം. സർക്കാരിന്റെ ക്രിപ്റ്റോ കറൻസി അഥവാ ഡിജിറ്റൽ കറൻസിയ്ക്ക് സ്വീകാര്യത ലഭിക്കുമോ? നിലവിൽ തന്നെ സ്വർണ്ണത്തിനു പകരം കൈമാറ്റം ചെയ്യാൻ കഴിയുന്ന ഗോൾഡ് ബോണ്ടുകൾ ഉണ്ട്. ഒരു നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിന്റെ വില കൂടുന്നതിന്റെ ഗുണം ലഭിക്കാനും അതേ സമയം സ്വർണ്ണം സൂക്ഷിച്ച് വയ്ക്കുന്നതിന്റെ പ്രശ്നങ്ങൾ ഒഴിവാക്കാനും ഒക്കെയായി ആളുകൾ സ്വർണ്ണത്തെ അതിന്റെ വിപണി വിലയുമായി ബന്ധിപ്പിച്ചിരിക്കുന്ന ബോണ്ടുകൾ വാങ്ങി വയ്ക്കാറുണ്ട്. അത് പേപ്പർ ബോണ്ടുകളുമാകാം ഡിജിറ്റൽ ബോണ്ടുകളും ആകാം. അതുപോലെ ഒരു സംവിധാനം മാത്രം ആയിരിക്കും സർക്കാർ നിയന്ത്രിത ക്രിപ്റ്റോ കറൻസികൾ. ഇവിടെ അതിന്റെ മൂല്ല്യം ഇന്ത്യൻ രൂപയുടെ മൂല്ല്യവുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു എന്നു മാത്രം. സാധാരണ ക്രിപ്റ്റോ കറൻസികളെ പ്രിയങ്കരമാക്കുന്ന അരാജകത്വ സ്വഭാവമൊന്നും ഇതിനില്ലാത്തതിനാലും നിലവിൽ പണത്തെ ഡിജിറ്റൽ ആയിത്തന്നെ സൂക്ഷിച്ച് വയ്ക്കാനും വിനിമയം ചെയ്യാനും ബാങ്കുകൾ, യു പി ഐ തുടങ്ങിയ നിരവധി മാർഗ്ഗങ്ങൾ വേറെ ഉള്ളതിനാലും ഇത് അതുപോലെ മറ്റൊരു വിനിമയ മാർഗ്ഗം എന്നു മാത്രമേ കാണാനാകൂ. എന്ന് മാത്രവുമല്ല സാധാരണ പേപ്പർ കറൻസി ഇടപാടൂകൾക്ക് നൽകുന്ന രഹസ്യ സ്വഭാവം പോലും ഈ ഡിജിറ്റൽ കറൻസികൾ നൽകുന്നില്ല എന്നതും എല്ലാ ഇടപാടൂകളൂം പൂർണ്ണമായും വ്യക്തികളെ തിരിച്ചറിയാൻ കഴിയുന്ന തരത്തിൽ ട്രാക്ക് ചെയ്യാൻ കഴിയും എന്നതിനാലും ആ വഴിക്കുള്ള സ്വീകാര്യതയും ഇതിനു ലഭിക്കാൻ സാദ്ധ്യതയില്ല.