വീട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാനിട്ട ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ ഇന്നലെ യുവാവ് മരിച്ച വാർത്ത ഏവരും കണ്ടിരിക്കുമല്ലോ. നാല്പതുകാരനായ ശിവകുമാര്‍ ആണ് മരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ഹാരതി (30), മക്കളായ ബിന്ദുശ്രീ (10), സസി (6) എന്നിവരും ചികിത്സയിലാണ് . സമാനമായ സംഭവം തെലങ്കാനയിലും രണ്ടുദിവസം മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. എൺപതുകാരനായ രാമസ്വാമിയാണ് മരിച്ചത്. ഇതിനൊക്കെ മുൻപും ചിലയിടങ്ങളിൽ ഇത്തരം അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സുജിത് കുമാറിന്റെ ലേഖനം വായിക്കാം. നിങ്ങൾ ശ്രദ്ധിക്കേണ്ടതും മനസിലാക്കേണ്ടതുമായ കാര്യങ്ങൾ നിർബന്ധമായും വായിച്ചിരിക്കണം.
Sujith Kumar
വൈദ്യുത വാഹനങ്ങൾക്ക് തീപിടിക്കുന്നതും ബാറ്ററി പൊട്ടീത്തെറിക്കുന്നതുമായുള്ള വാർത്തകൾ ഈ അടൂത്ത കാലത്തായി പല ഇടങ്ങളിൽനിന്ന് വന്നുകൊണ്ടിരിക്കുന്നു. പെട്രോൾ വില വർദ്ധനവിനെത്തുടർന്ന് വൈദ്യുത വാഹനങ്ങൾക്ക് വലിയ പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന സമയത്ത് തന്നെ ഇത്തരത്തിലുള്ള വാർത്തകൾ വരുന്നത് ആളുകളിൽ ആശങ്ക ഉളവാക്കുന്നതും വൈദ്യുത വാഹനങ്ങളെ സംശയ ദൃഷ്ടിയോടെ കാണാൻ പ്രേരിപ്പിക്കുന്നതുമാണ്. വൈദ്യുത വാഹനങ്ങൾ അപകടകാരികൾ ആണോ?
ലിത്തിയം ബാറ്ററികൾ തീ പിടിക്കുന്ന സം,ഭവങ്ങൾക്ക് ലിത്തിയം ബാറ്ററികളോളം തന്നെ പഴക്കമുണ്ട്. ഫുൾ ചാർജ് ആയതിനു ശേഷവും ഉയർന്ന വോൾട്ടേജിൽ ലിത്തിയം ബാറ്ററികൾ തുടർച്ചയായി ചാർജ് ചെയ്തുകൊണ്ടിരുന്നാൽ ചൂടാവുകയും തീ പിടിക്കുകയും ചെയ്യുമെന്ന കാര്യം ആദ്യ തലമുറ ലിത്തിയം ബാറ്ററികളുടെ കാലം തൊട്ടു തന്നെ അറിവുള്ളതായിരുന്നു. അതിനാൽ ശരിയായ തരത്തിലുള്ള ചാർജറുകൾ ഉപയോഗിക്കാത്തതുകൊണ്ട് ആദ്യ കാലങ്ങളിൽ ധാരാളം അപകടങ്ങളും ഉണ്ടായിരുന്നു.
ചാർജിംഗ് മാത്രമല്ല ബാറ്ററി ടെർമിനലുകൾ ഷോർട്ട് ആക്കുന്നതും ലിത്തിയം ബാറ്ററികൾ തീപിടീക്കുന്നതിനും പൊട്ടീത്തെറിക്കുന്നതിനും ഇടയാക്കുന്നു. ഉപഭോക്താക്കൾ ഏതെല്ലാം തരത്തിലുള്ള ചാർജറുകൾ ഉപയോഗിക്കും എന്ന് മുൻകൂട്ടീ പ്രവചിക്കാൻ കഴിയാത്തതിനാലും ടെർമിനലുകൾ അബദ്ധത്തിൽ ഷോർട്ട് ആകുന്നതു വഴിയും ഉള്ള വലിയ അപകടങ്ങൾ ഒഴിവാക്കാനായി ബാറ്ററി നിർമ്മാതാക്കൾ ലിത്തിയം ബാറ്ററികളുടെ അകത്ത് തന്നെ ബാറ്ററി മാനേജ്മെന്റ് സിസ്റ്റം (BMS) എന്നറിയപ്പെടുന്ന ഒരു പ്രൊട്ടൿഷൻ സർക്കീട്ട് കൂടി കൂട്ടിച്ചേർക്കാൻ തുടങ്ങി. നിലവിൽ വിപണിയിലുള്ള സ്മാർട്ട് ഫോൺ ബാറ്ററികൾ ഉൾപ്പെടെയുള്ള എല്ലാ തരം ലിത്തിയം ബാറ്ററികളിലും ഇത്തരത്തിൽ ഒരു പ്രൊട്ടൿഷൻ സർക്കീട്ട് കൂടി ഉണ്ടായിരിക്കും.ബാറ്ററി ടെമ്പറേച്ചർ, സെൽ വോൾട്ടേജ്, കറന്റ് തുടങ്ങിയ ഘടകങ്ങൾ എല്ലാം പരിശോധിക്കുകയും ഷോർട്ട് സർക്കീട്ട് വഴിയും ഓവർ ചാർജിംഗ് വഴിയുമെല്ലാം ഉണ്ടാകുന്ന ബാറ്ററി പൊട്ടിത്തെറിക്കുന്ന സാഹചര്യം ഒഴിവാക്കി സുരക്ഷിതത്വം ഉറപ്പ് വരുത്താൻ ഇതു വഴി കഴിയുന്നു. ലിത്തിയം ബാറ്ററി സെല്ലുകളുടെ ഇലക്ക്ട്രോഡുകൾ ബാറ്ററിക്കകത്ത് തന്നെ ഷോർട്ട് ആകാനുള്ള സാദ്ധ്യതകൾ ഒഴിവാക്കാൻ പോസിറ്റീവ് – നെഗറ്റീവ് ഇലക്ട്രോഡുകൾക്കിടയിൽ സെപ്പറേറ്ററുകൾ എന്നറിയപ്പെടുന്ന പ്രത്യേക തരം ഇൻസുലേറ്റർ വലകളും ഉപയോഗിക്കപ്പെടുന്നുണ്ട്. ഈ സെപ്പറേറ്ററുകൾ ബാറ്ററിയുടെ സുരക്ഷയുടെ കാര്യത്തിൽ വലിയ പ്രാധാന്യമുള്ള ഒന്നാണ്.
ഇതൊക്കെയുണ്ടായിട്ടും പലപ്പോഴും ലിത്തിയം ബാറ്ററികൾ തീ പിടിക്കുന്നതെന്തുകൊണ്ടാണ്? ചാർജറുകളുടെ കുഴപ്പമാണോ അതോ ബാറ്ററികളുടെ കുഴപ്പമോ? സംശയിക്കേണ്ട ഇവിടെ വില്ലൻ ബാറ്ററി തന്നെ ആണ്. . ഭാരം കുറയ്ക്കാനും വലിപ്പം കുറയ്ക്കാനുമുള്ള വ്യഗ്രതയിൽ നിർമ്മാതാക്കൾ ലിത്തിയം ബാറ്ററികൾക്ക് അവശ്യം വേണ്ട സുരക്ഷാ മുൻകരുതലുകൾ ഉറപ്പ് വരുത്തുന്നതിൽ പിന്നോട്ട് പോകുന്നതാണ് പ്രധാന കാരണം. ബാറ്ററികളുടെ മെക്കാനിക്കൽ സ്റ്റെബിലിറ്റി കുറയുകയും ഇന്റേണൽ ഷോർട്ട് സർക്കീട്ട് ഒഴിവാക്കാൻ സഹായിക്കുന്ന സെപ്പറേറ്ററുകളുടെ ഗുണനിലവാരക്കുറവുമെല്ലാമാണ് ഇടക്കാലത്ത് പല പ്രമുഖ കമ്പനികളുടെയും സ്മാർട്ട് ഫോണുകൾ പൊട്ടിത്തെറിക്കുന്ന സാഹചര്യം ഉണ്ടാക്കിയത്. ഉയർന്ന ശേഷിയുള്ള ലിത്തിയം ബാറ്ററികൾ ഉപയോഗിക്കുന്ന വൈദ്യുത വാഹനങ്ങളിലും മറ്റും സാധാരണ സാഹചര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ബാറ്ററി ചൂടാകുന്നത് തടയാനുള്ള സംവിധാനങ്ങൾ കൂടി ആവശ്യമായി വരുന്നു. ഫാനുകളും മറ്റും ഉപയോഗിച്ചുള്ള ഫോഴ്സ്ഡ് എയർ കൂളിംഗ്, ദ്രാവകങ്ങളും ജെല്ലുകളും മറ്റും ഉപയോഗിച്ചുകൊണ്ടുള്ള ലിക്വിഡ് കൂളിംഗ്, റഫ്രിജറന്റുകൾ ഉപയോഗിച്ചുകൊണ്ടുള്ള കൂളിംഗ് തുടങ്ങിയവയൊക്കെ ലിത്തിയം ബാറ്ററികളെ തണുപ്പിക്കാനായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകൾ ആണ്. ലിക്വിഡ് കൂളിംഗും റഫ്രിജറന്റ് കൂളിംഗുമെല്ലാം വളരെ ചെലവേറിയതും കൂടുതൽ സ്ഥലം കയ്യേറുന്നതുമായതിനാൽ കാറുകളിലും ട്രക്കുകളിലുമൊക്കെയാണ് കൂടുതലായി ഉപയോഗപ്പെടൂത്തിക്കാണുന്നത്. വളരെ സ്ഥല പരിമിതിയുള്ള ഇരുചക്രവാഹനങ്ങളിലും മറ്റും നാച്വറൽ എയർ കൂളിംഗും ഫോഴ്സ്ഡ് എയർ കൂളിംഗുമെല്ലാം ആണ് പൊതുവേ കണ്ടുവരാറുള്ളത്. രൂപകല്പനയിലെ തകരാറുകൾ മൂലം പല ഇരുചക്ര വാഹങ്ങളിൽ ബാറ്ററി തണുക്കുന്നതിനാവശ്യമായ വായുപ്രവാഹം ലഭിക്കാതെ വരുന്ന സാഹചര്യം ഉണ്ടാകാം.
ഈ അടുത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട മിക്ക ഇലക്ട്രിക് ബൈക്ക് പൊട്ടീത്തെറികളും ചാർജ് ചെയ്യപ്പെടുന്ന അവസരങ്ങളിൽ ആണ് ഉണ്ടായിരിക്കുന്നത് എന്ന് കാണാം. ഇതിൽ നിന്ന് മനസ്സിലാക്കാനാവുന്നത് വാഹനം സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ ബാറ്ററി തണുക്കാൻ ആവശ്യമായ വായുപ്രവാഹം കിട്ടുന്നുണ്ടെങ്കിലും നിർത്തിയിട്ട് ചാർജ് ചെയ്യുമ്പോൾ വായു സഞ്ചാരം ഇല്ലാതെ ബാറ്ററി കൂടുതൽ ചൂടാവുകയും അത് ‘തെർമ്മൽ റണ്ണവേ എന്ന പ്രതിഭാസത്തിലേക്ക് വഴിതെളിച്ച് പൊട്ടിത്തെറിയിൽ എത്തുകയും ചെയ്യുന്നു. ബാറ്ററിക്ക് അകത്ത് തന്നെയുള്ള ബാറ്ററി മാനേജ്മെന്റ് യൂണിറ്റുകൾ ഇത്തരത്തിൽ ചൂടു കൂടുന്നത് തിരിച്ചറിഞ്ഞ് തുടർന്നുള്ള ചാർജാവൽ തടഞ്ഞുകൊണ്ട് ബാറ്ററിയ സംരക്ഷിക്കേണ്ടതാണെങ്കിലും ഗുണനിലവാരമില്ലാത്ത ബാറ്ററി മാനേജ്മെന്റ് സർകീട്ടുകൾക്ക് അതിനു കഴിയാത്തതും ഉയർന്ന ചൂട് അവയുടെ സ്വാഭാവിക പ്രവർത്തനത്തെ താളം തെറ്റിക്കുന്നതുമെല്ലാം ആണ് അപകടങ്ങൾക്ക് വഴി വയ്ക്കുന്നത്. ദീർഘദൂരം ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾ പെട്ടന്ന് നിർത്തിയിടുമ്പോൾ ഫോഴ്സ്ഡ് എയർ കൂളിംഗ് ഇല്ലാതാവുകയും ബാറ്ററിയുടെ ചൂട് പൊടുന്നനെ ഉയരുന്നതും അത് തെർമ്മൽ റണ്ണവേയിലേക്ക് നയിക്കപ്പെട്ട് തീപിടിക്കാനും സാദ്ധ്യതയുണ്ട്.
ഇതുകൊണ്ടെല്ലാം തന്നെ ഊരും പേരുമില്ലാത്ത കമ്പനികളുടെ തട്ടിക്കൂട്ട് ബാറ്ററികൾ ഉപയോഗിച്ചുകൊണ്ടുള്ള വൈദ്യുത വാഹനങ്ങൾ വാങ്ങി ഉപയോഗിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്. അതുപോലെ ഒരു മുൻകരുതൽ എന്ന നിലയിൽ നല്ല വായു സഞ്ചാരമുള്ള ഇടങ്ങളിൽ മാത്രം വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യാൻ ഇടുക റയിൻ കവറൊക്കെ ഇട്ട് ചാർജ് ചെയ്യരുത്. തീ പടരാൻ സാഹചര്യമുള്ള വസ്തുക്കൾ വൈദ്യുത വാഹനങ്ങളിൽ നിന്ന് ചാർജ് ചെയ്യുമ്പോൾ അകറ്റി വയ്ക്കുക , പ്രത്യേകിച്ച് രാത്രിയൊക്കെ ചാർജ് ചെയ്യുമ്പോൾ. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ വൈദ്യുത വാഹനങ്ങളെ പേടിച്ച് അകറ്റി നിർത്തേണ്ടതില്ല. പ്രമുഖ കമ്പനികൾ എല്ലാം തന്നെ ഇത്തരം സംഭവങ്ങളെ വളരെ കാര്യമായിത്തന്നെ കണക്കിലെടുത്തുകൊണ്ട് അവരുടെ സാങ്കേതിക വിദ്യകളൂം രൂപകല്പനയും മെച്ചപ്പെടുത്തുക്കൊണ്ട് സുരക്ഷിതമാക്കാൻ ശ്രമിക്കുന്നുണ്ട്.