Sujith Kumar സോഷ്യൽ മീഡിയയിൽ എഴുതിയത്

12 വർഷം മുൻപ് വണ്ടി വാങ്ങിയപ്പോൾ പെട്രൊൾ എടുക്കണോ ഡീസൽ എടുക്കണോ എന്നുള്ള ആശയക്കുഴപ്പം ഉണ്ടായിരുന്നു. അന്ന് ഡീസലിനു 50 രൂപയിൽ താഴെയും പെട്രോളിനു 70ൽ അധികവും ആയിരുന്നു. എങ്കിലും കമ്പനിയുടെ സെയിൽസ് എക്സിക്യുട്ടീവ്സ് അധികമായി നൽകുന്ന ഒരു ലക്ഷത്തിന്റെയും മൈലേജിന്റെയും അതിന്റെ പലിശയുടെയും ഒക്കെ ഫോർമുല അപ്ലൈ ചെയ്ത് അധികം ഓട്ടം ഇല്ലെങ്കിൽ ഡീസൽ വണ്ടി എടുക്കുന്നത് നഷ്ടമായിരിക്കും എന്നൊക്കെ പറഞ്ഞ് പെട്രോൾ എടുക്കാൻ നിർബന്ധിച്ചു. സംഗതിയൊക്കെ ശരിയാണെങ്കിലും ഒന്നൊന്നര ലക്ഷം അധികം കൊടുത്താലും ഓരോ തവണയും ഡീസൽ അടിക്കുമ്പൊൾ പോക്കറ്റിനു വേദനിക്കില്ല, പിന്നെ ധൈര്യമായി എപ്പോഴും എങ്ങോട്ടും വണ്ടി എടൂത്ത് പോകാം, ഒരു പടി കൂടി കടന്ന് ‘ആൾ ഇന്ത്യാ ടൂർ’ വരെ പ്ലാൻ ചെയ്ത് അവസാനം ഡീസൽ വണ്ടി തന്നെ എടുത്തു (മാരുതി റിറ്റ്സ്). കുറ്റം പറയരുതല്ലോ വണ്ടി എടുത്ത് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ ഡീസലിന്റെ വില നിയന്ത്രണം എടുത്തു കളഞ്ഞുകൊണ്ടുള്ള ആദ്യത്തെ പണി കിട്ടി. അന്ന് കയറു പൊട്ടിച്ചതാണ് ഡീസൽ വില. അങ്ങനെ കാൽക്കുലേഷൻ മുഴുവനായും തെറ്റി. പിന്നെയുള്ളത് ആൾ ഇന്ത്യാ ടൂർ ആണ്. എവിടെ, ആൾ ഇന്ത്യ പോയിട്ട് ആൾ സ്റ്റേറ്റ് ടൂർ പോലും നടന്നില്ല. പത്തു പന്ത്രണ്ട് വർഷം കൊണ്ട് ആകെ ഓടിയത് 45000 ൽ താഴെ കിലോമീറ്ററുകൾ മാത്രം. പിന്നെ ആകെ ഒരു മനസ്സമാധാനമുള്ളത് ഇപ്പോൾ വിറ്റാലും അന്ന് കൊടുത്ത ഒരു ലക്ഷത്തിന്റെ ആ വ്യത്യാസം കിട്ടുന്നു എന്നത് മാത്രമാണ്.

ഇപ്പോൾ ഇത് പറയാൻ കാരണമുണ്ട്. വണ്ടി ഒന്ന് മാറ്റി പുതിയതാക്കാൻ തോന്നുന്നു. അപ്പോഴാണ് ഡീസൽ പെട്രോൾ കൺഫ്യൂഷൻ പോലെ ഇപ്പോൾ ഇവി കടന്നു വരുന്നത്. റൂഫ് ടോപ് സോളാർ എന്ന ഒരു തോട്ടി ആദ്യമേ വാങ്ങി വച്ചിട്ടുള്ളതിനാൽ ഇനി അതിനു മുടക്കിയ കാശ് മുതലാക്കാൻ ഇവി എന്ന ആനയെ വാങ്ങിയാലോ എന്നൊക്കെയുള്ള ഒരു തോന്നലുകൾ ഉണ്ടാകുമല്ലോ. എന്ത് എക്കണോമിക്സിന്റെ പുറത്താണെന്നറിയില്ല റോഡിൽ എവിടെ നോക്കിയാലും ഇടയ്കിടെ പച്ച നമ്പർ പ്ലേറ്റ് ഉള്ള വണ്ടികളും കാണാം (ഇത് റെഡ് കാർ സിൻഡ്രോം ന്റെ ഭാഗമായിട്ടാണെന്ന് തോന്നുന്നു. അതായത് നിങ്ങൾ ഒരു ചുവപ്പ് കാർ വാങ്ങിയാൽ വഴിയിൽ ചുവപ്പ് കാറുകൾ കൂടുതലായി നിങ്ങളുടെ ശ്രദ്ധയിൽ പെടും എന്നത് തന്നെ. ചുവപ്പ് കാറുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടല്ല, നിങ്ങൾ ചുവപ്പ് കാറുകളെ മാത്രം കൂടുതലായി ശ്രദ്ധിക്കുന്നത് കൊണ്ടുള്ള ഒരു ഇല്ല്യൂഷൻ മാത്രമാണ് അത്).

ഇവിയിലേക്ക് അപ്ഗ്രേഡ് ചെയ്യണോ എന്ന് ചിന്തിക്കുമ്പോൾ മനസ്സിൽ വരുന്ന കാര്യങ്ങളിൽ ചിലത് ഇതൊക്കെ ഇവ ആണ് :
== നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ ഇറക്കുന്നത് ടാറ്റ മാത്രമാണ്. ഇവി എന്നല്ല വിൽപനാനന്തര സേവനം ആവശ്യമായ ഒരു ടാറ്റാ പ്രോഡക്റ്റും വാങ്ങുന്നതിൽ നിന്ന് പിൻതിരിപ്പിക്കുന്നത് അവരുടെ സമീപനമാണ്. ടാറ്റയുടെ തുണിക്കട മുതൽ കാർ ഷോറൂമുകളിൽ വരെ ‘വേണേൽ വാങ്ങി പോടാ’ എന്ന മനോഭാവം സേൽസ് മുതൽ സർവീസ് വരെ കാണാവുന്നതാണ്. അതായത് ഒരു തരം സർക്കാർ ഓഫീസിലെ ജീവനക്കാരുടെ പൊതുജനങ്ങളോടുള്ള സമീപനത്തേക്കാൾ മോശമാണ് ടാറ്റയുടെ സർവീസിനുള്ളത്. ഇത് കേരളത്തിലോ അല്ലെങ്കിൽ ഏതെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിലോ മാത്രം ഉള്ള പ്രശ്നമല്ല. ഇന്ത്യ മുഴുവൻ ഏറെക്കുറെ എല്ലായിടത്തും ഇത് തന്നെ സ്ഥിതി. ഒറ്റപ്പെട്ട നല്ല അനുഭവങ്ങൾ ലോക്കൽ സർവീസ് സെന്ററുകളിൽ നിന്ന് ലഭിച്ചേക്കാമെങ്കിലും വല്ല സ്പെയർ പാർട്സും ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ അവർക്ക് പോലും ഒന്നും ചെയ്യാനാകാത്ത സ്ഥിതിവിശേഷം ആണ്. പരാതികൾ എസ്കലേറ്റ് ചെയ്യാനുള്ള സംവിധാനമൊക്കെ ഉണ്ടെങ്കിലും ഒരു പ്രയോജനവുമില്ല. ഇത്തരം ദുരനുഭവങ്ങൾ ഔദ്യോഗികമായും വ്യക്തിപരമായും സുഹൃത്തുക്കൾക്കും എല്ലാം ഉണ്ടാകുമ്പോൾ വണ്ടി വാങ്ങി വണ്ടീം വലീം ആയി നടക്കണോ എന്ന ചിന്ത സ്വാഭാവികമായും ഉണ്ടാകുമല്ലോ.

==ഇവിയ്ക് താരതമ്യേന മെയിന്റനൻസ് ഇല്ല – ഇതൊരു തെറ്റിദ്ധാരണയാണ്. എഞ്ചിനും ഗിയർ ബോക്സും മാത്രമാണ് ഇവിയും ഒരു സാധാരണ പെട്രോൾ / ഡീസൽ വാഹനവുമായുള്ള വ്യത്യാസം. ബാക്കി എല്ലാം ഒരു പോലെ. പുതിയ വാഹനങ്ങൾക്ക് ഈ പറഞ്ഞ എഞ്ചിൻ ഗിയർ ബോക്സ് തകരാറുകൾ അപൂർവ്വമായേ വരാറുള്ളൂ. ഇതിനു സമാനമായ തകരാറുകൾ ഇവിയിലെ ബാറ്ററി, ബാറ്ററി മാനേജ്മെന്റ് സിസ്റ്റം, ഡ്രൈവ് മോട്ടോർ എന്നിവയ്ക്കും വരാനുള്ള സാദ്ധ്യതകളും ഉണ്ട്. അതിനാൽ മെയിന്റനൻസ് ചെലവ് എന്നത് ഇവി വാങ്ങുന്നതിനുള്ള ഒരു കാരണമായി പറയാനാകില്ല. പിന്നെ കാർ ഡീലർമ്മാരുടെ പ്രധാന ലാഭം കാർ വിൽപ്പനയിലൂടെ അല്ല മറിച്ച് സർവീസ്, ആസസറീസ് എന്നിവയിലൂടെ ആണെന്ന്. അതിനാൽ ഇവി ആയാലും സാധാരണ കാർ ആയാലും എങ്ങിനെ എങ്കിലും അവർ ഒരു വാഹനത്തിൽ നിന്ന് ഉണ്ടാക്കേണ്ട നിശ്ചിത തുക ഏതെങ്കിലുമൊക്കെ വകയിൽ സർവീസ് ചെയ്യുമ്പോൾ ഈടാക്കിയിരിക്കും. പിന്നെ സാധാരണ സർവീസ് സെന്ററുകളിൽ ഉള്ള ടെക്നീഷ്യൻസിനൊന്നും ഇവിയുടെ ടെക്നോളജിയും സർവീസും അത്ര സുപരിചിതവുമല്ല. എന്തെങ്കിലും പ്രശ്നമുണ്ടായാൽ എന്താണ് കുഴപ്പമെന്ന് മനസ്സിലാക്കാനും റിപ്പോർട്ട് ചെയ്യാനും പരിഹരിക്കാനുമുള്ള പരിശീലനക്കുറവിന്റെ ഒരു പ്രശ്നം സർവീസ് സെന്ററുകളിലെ ടെക്നീഷ്യൻസിനുണ്ട് എന്നത് ഇവി ഉടമകളുടെ അനുഭവത്തിലുള്ളതാണ്. കമ്പനി സർവീസ് സെന്ററുകൾ അല്ലാതെ പുറത്തുള്ള സർവീസ് സെന്ററുകൾക്ക് നിലവിൽ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനും കഴിയില്ല.

==ഡീസൽ വാഹനങ്ങൾ വാങ്ങുമ്പൊൾ അധികമായി ഒന്നോ രണ്ടോ ലക്ഷം കൊടൂത്താൽ അത്യാവശ്യം നല്ല ഓട്ടം ഉണ്ടെങ്കിൽ ആ വിലയിലുള്ള വ്യത്യാസം മറികടക്കപ്പെടുമായിരുന്നെങ്കിൽ ഇവിയുടെ കാര്യത്തിൽ ആ കണക്കുകൾ പോലും ശരിയാകാത്ത രീതിയിൽ ഉള്ള വില വ്യത്യാസം ആണ് ഉള്ളത്. എന്നു മാത്രമല്ല കൂടുതൽ ഓടിയ ഇ വി യുടെ റീസേൽ വാല്യുവിന്റെ കാര്യത്തിൽ ഒരു ഉറപ്പും ഇല്ല.

==Range anxiety: സ്മാർട്ട് ഫോണിന്റെ ചാർജ് വരെ തീർന്നുപോകുമോ എന്ന് പേടിച്ച് ചാർജറും പവർബാങ്കുമൊക്കെ കൂടെ കൊണ്ടു നടക്കുന്ന ഇക്കാലത്ത് ഇവിയുടെ റണ്ണിംഗ് റേഞ്ച് വലിയ ഒരു വിഷയം തന്നെ ആണ്. ബഡ്ജറ്റ് റേഞ്ചിലുള്ള ഇവിക്ക് ഒന്നിനും തന്നെ പ്രായോഗിക തലത്തിൽ 200-300 കിലോമീറ്റർ റേഞ്ചിലൊക്കെയേ വരുന്നുളൂ എന്നതിനാൽ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്ത് തന്നെ പോയി വരുന്ന കാര്യം ഇവിയിൽ റിസ്ക് ആണ്. ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ ഒക്കെ ഇപ്പോൾ ഉണ്ടെങ്കിലും അവയുടെ കാര്യം വളരെ ശോകമാണ്. എന്തെല്ലാമോ കാരണങ്ങളാൽ ഇവികളുടെ എണ്ണം നമ്മൂടെ നാട്ടിൽ കൂടി വരുന്നതിനാൽ ചാർജിംഗ് സ്റ്റേഷനുകൾ കാലി ആയി കിട്ടുന്നത് അപൂർവ്വം. ഇനി കിട്ടിയാലോ അവ പ്രവർത്തന രഹിതവും ആയിരിക്കും. മൊബൈൽ ആപ്പിൽ നോക്കി നിശ്ചിത ദൂരത്ത് ചാർജിംഗ് സ്റ്റേഷൻ ഉണ്ടല്ലോ എന്ന കണക്ക് കൂട്ടിയൊക്കെ ചെല്ലുമ്പോഴായിക്കും അത് തകരാറിലാണെന്നുള്ള വിവരം അറിയുന്നത്. അല്ലെങ്കിൽ വണ്ടികൾ ക്യൂവിൽ ആയിരിക്കും. അതായത് ചെറിയ ഒരു യാത്രക്ക് വരെ ഈ ചാർജിംഗ് എന്ന പേരിൽ രണ്ടൊ മൂന്നോ മണിക്കൂർ അധികം മാർജിൻ ഇട്ട് നന്നായി പ്ലാൻ ചെയ്ത് വഴിയിലെ ചാർജിംഗ് സ്റ്റേഷനുകളിൽ ഫോൺ ചെയ്ത് ചോദിച്ച് സർവീസിലിറ്റി ഉറപ്പ് വരുത്തിയില്ലെങ്കിൽ പണി കിട്ടും എന്ന് സാരം. അങ്ങനെ പണി കീട്ടി വഴിയിൽ കിടന്നവരുടെയും അടുത്തുള്ള വീടുകളിൽ ‘ ഒന്ന് ചാർജ് ചെയ്തോട്ടെ’ എന്ന് ചൊദിച്ച് ഇരക്കേണ്ടി വരുന്നവരുടെയും അനുഭവ കഥകൾ ധാരാളമായി വരുന്നുണ്ട്.

==ബാറ്ററി റീപ്ലേസ്മെന്റ് – 1 ലക്ഷം കിലോമീറ്ററും 1.5 ലക്ഷം കിലോമീറ്ററുമൊക്കെ ബാറ്ററി റീപ്ലേസ്മെന്റ് വാറന്റി പറയുന്നുണ്ടെങ്കിലും അതിനു ശേഷം എന്ത് എന്നുള്ളത് വ്യക്തമല്ല. പൊതുവേ ഓട്ടം കൂടുതൽ ഉള്ളവർ ആയിരിക്കുമല്ലോ ഇവി എടുക്കുന്നത്, അതുകൊണ്ട് തനെൻ ഈ പറഞ്ഞ ഒരു ലക്ഷം കിലോമീറ്റർ ഒക്കെ വളരെ പെട്ടന്ന് എത്തും. അതിനു ശേഷം എന്ത് എന്നത് ഒരു വലിയ ചോദ്യം ആണ്. 7 ലക്ഷം രൂപയൊക്കെ ആണ് ബാറ്ററി റീപ്ലേസ്മെന്റ് കോസ്റ്റ്. ബാറ്ററി മുഴുവനായും മാറ്റേണ്ടി വരില്ല, മൊശമായ സെല്ലുകൾ മാത്രം മാറ്റിയാൽ മതി എന്നൊക്കെയുള്ള വാദങ്ങൾ കേൾക്കാമെങ്കിലും അതിലൊക്കെ സാങ്കേതികമായിത്തന്നെ പ്രശ്നങ്ങൾ ഉണ്ട്. ഒരു ലിഥിയം സെല്ലിനും അൺ ലിമിറ്റഡ് ലൈഫ് ഉണ്ടാകില്ല. 1 ലക്ഷം 1.5 ലക്ഷം കിലോമീറ്റർ എന്നതൊക്കെ കമ്പനികൾ ചാർജിംഗ് ഡിസ്ചാർജിംഗ്
സൈക്കിളുകളുടെയൊക്കെ അടിസ്ഥാനത്തിൽ വ്യക്തമായ ബാറ്ററി ലൈഫ് കണക്കു കൂട്ടലുകളോടെ വച്ചിട്ടുള്ള ഒരു ഫിഗർ ആണ്. അതിനു ശേഷം എന്തെല്ലാം ചെയ്താലും ബാറ്ററി റീപ്ലേസ്‌മെന്റ് അല്ലാതെ വേറേ വഴിയില്ല. പിന്നെ ബാറ്ററി റീപ്ലേസ് ചെയ്താലും വണ്ടി പിന്നെയും 1.5 ലക്ഷം കിലോമീറ്റർ ചെലവൊന്നുമില്ലാതെ ഓടുമല്ലോ എന്നുള്ള ആശ്വാസമാണെങ്കിൽ അതിലും പ്രശ്നമുണ്ട്. മോട്ടോർ , കണ്ട്രോളർ എന്നിവയ്കൊന്നും അൺ ലിമിറ്റഡ് ലൈഫ് ഉള്ളവ അല്ല. അതിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പൊതുവേ റീപ്ലേസ്മെന്റ് എന്ന ഒരൊറ്റ മാർഗ്ഗമേ കമ്പനികൾ നിർദ്ദേശിക്കൂന്നുള്ളൂ എന്നതിനാൽ വൻ ചെലവ് വരാൻ സാദ്ധ്യതകൾ ഉണ്ട്.

ഇതൊക്കെ ആണ് ഇവി ഉപയോഗിക്കുന്ന സുഹൃത്തുക്കളുടെ അനുഭവത്തിലൂടെയും വ്യക്തിപരമായ ഒരു വിലയിരുത്തലുകളിലൂടെയും നിലവിൽ ഇവി വാങ്ങുന്നതിൽ നിന്ന് പിൻതിരിപ്പിക്കുന്ന ഘടകങ്ങൾ. എങ്കിലും മറ്റ് ഓട്ടോമാറ്റിക് ഡീസൽ/പെട്രോൾ വാഹങ്ങളിൽ നിന്ന് വ്യത്യസ്തമായി നല്ല ഡ്രൈവിംഗ് സുഖവും പെട്ടന്ന് പവർ ആവശ്യമായ ഘട്ടങ്ങളിൽ ഉയർന്ന പവറും നൽകാൻ ഇവിക്ക് മാത്രമേ കഴിയുന്നുള്ളൂ എന്നത് എടുത്ത് പറയേണ്ട ഒരു ഗുണം ആണ്. AMT സാങ്കേതിക വിദ്യയിലൊക്കെ ഉള്ള ഓട്ടോമാറ്റിക് കാറുകളും ഡ്രൈവിംഗ് കംഫർട്ടും തമ്മിൽ ഒരു താരതമ്യം പോലും അസാദ്ധ്യമാണ്. പിന്നെ പരിസ്ഥിതി സൗഹാർദ്ദമാണോ എന്ന കാര്യത്തിൽ മുൻപ് ഒരിക്കൽ എഴുതിയിട്ടുള്ളതിനാൽ ആ വിഷയം പറയുന്നില്ല.

You May Also Like

വിഷങ്ങളുടെ രാജാവ് ആയ ആർസെനിക്കിനെ രാജാക്കന്മാരുടെ വിഷമെന്നും അറിയപ്പെടാൻ കാരണമെന്ത് ?

വിഷങ്ങളുടെ രാജാവ് ആര് ? അറിവ് തേടുന്ന പാവം പ്രവാസി നെപ്പോളിയൻ ബോണപ്പാർട്ട്, സ്വീഡനിലെ എറിക്…

മഞ്ഞുമ്മൽ ബോയ്സ് എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് പശ്ചാത്തലമായ അതിഭീകരമായ ഗുണ ഗുഹയുടെ ചരിത്രമെന്ത് ?

‘ജാൻ.ഇ.മാൻ’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്‌സ്’ ഒരു യഥാർത്ഥ…

ആരാണ് ഹൂതികൾ ? എന്താണവരുടെ ആവശ്യം ? സൗദി അറേബ്യയും ഹൂതികളുമായുള്ള പ്രശ്നമെന്താണ്?സൗദി ഇടപെടലിന് ശേഷം എന്താണ് സംഭവിച്ചത് ?

ആരാണ് ഹൂതികൾ ? എന്താണവരുടെ ആവശ്യം ? സൗദി അറേബ്യയും ഹൂതികളുമായുള്ള പ്രശ്നമെന്താണ്?സൗദി ഇടപെടലിന് ശേഷം…

ഒരു സ്ത്രീയുടെ ഗുഹ്യഭാഗം പോലെ ഒറ്റനോട്ടത്തിൽ തോന്നിക്കാം, സംഭവം എന്താണിത് ?

കോകൊ ഡി മെർ (coco de mer): ലോകത്തിലെ ഏറ്റവും വലിയ കുരു(nut) അറിവ് തേടുന്ന…