sujith Kumar (സോഷ്യൽ മീഡിയയിൽ എഴുതിയത് )

ഗ്ലാസ് എന്തുകൊണ്ടാണ്‌‌ സുതാര്യമായിരിക്കുന്നത്? ഇതാണോ ചോദ്യം? ഗ്ലാസ് പ്രകാശത്തെ കടത്തി വിടുന്നു. അതുകൊണ്ട് സുതാര്യമായിരിക്കുന്നു. അപ്പോൾ ഗ്ലാസ് എന്തുകൊണ്ടാണ്‌ പ്രകാശത്തെ കടത്തി വിടുന്നത്? അത് സുതാര്യമായതുകൊണ്ട് തന്നെ. സുതാര്യമായതെന്തും പ്രകാശത്തെ കടത്തി വിടും. ആശയക്കുഴപ്പത്തിലായില്ലേ? പണ്ടു തൊട്ടേ ഈ ചോദ്യം പല വിദ്യാർത്ഥികളും ചോദിച്ചുകൊണ്ടിരിക്കുന്നതും അദ്ധ്യാപകരിൽ പലരും ഇതുപോലെ ഉത്തരം നൽകിയിട്ടുള്ളതുമാണ്‌. ആറാം ക്ലാസിൽ പഠിക്കുന്ന മോളും ഇതേ ചോദ്യം തന്നെ ചോദിച്ചു. ചോദ്യം ലളിതമാണെങ്കിലും ഉത്തരം ഒട്ടും ലളിതമല്ല. എങ്കിലും ഒരു ശ്രമം.,

ആ വസ്തുവിൽ തട്ടി പ്രതിഫലിക്കുന്ന പ്രകാശം നമ്മുടെ കണ്ണിൽ എത്തുമ്പോൾ ആണ്‌ നമ്മൾ കാണുന്നത് എന്നറിയാമല്ലോ. ഇവിടെ ഒരു വസ്തുവിനെ കാണുക എന്നാൽ ത്രിമാന തലത്തിൽ അതിന്റെ നിറത്തിലെ ഏറ്റക്കുറച്ചിലുകൾ കണ്ണിനു മനസ്സിലാവുക എന്നു തന്നെ അർത്ഥം. വൈദ്യുത കാന്തിക തരംഗ രാജിയിലെ (ഇലക്ട്രോമാഗ്നറ്റിക് സ്പെക്ട്രം) കണ്ണിനു കാണാൻ കഴിയുന്ന ചുവപ്പ് മുതൽ വയലറ്റ് വരെയുള്ള വ്യത്യസ്ഥ തരംഗ ദൈർഘ്യമുള്ള തരംഗങ്ങളുടെ ഒരു സങ്കലനം ആണ്‌ പ്രകാശം എന്നറിയാമല്ലോ. ഈ തരംഗങ്ങളെല്ലാം കൂടി ഒത്തു ചേർന്നാൽ ധവള പ്രകാശം ആയി. ഇലക്ട്രിക് ബൾബിലേയോ എൽ ഇ ഡി ലൈറ്റിലേയോ ഉള്ള പ്രകാശത്തിനെയല്ല ധവളപ്രകാശം എന്ന് വിളിക്കേണ്ടത്. യഥാർത്ഥത്തിലുള്ള ധവളപ്രകാശം സൂര്യപ്രകാശം തന്നെയാണ്‌. കാരണം സൂര്യപ്രകാശത്തിൽ മാത്രമാണ്‌ എല്ലാ നിറങ്ങളുമുള്ള തരംഗങ്ങൾ കൃത്യമായ അനുപാതത്തിൽ അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ്‌ കൃത്രിമ വെളിച്ചങ്ങളിൽ വസ്തുക്കളെ കാണുമ്പോഴും ശരിയായ സൂര്യപ്രകാശത്തിൽ വസ്തുക്കളെ കാണുമ്പോഴും അവയുടെ നിറത്തിലുള്ള വ്യത്യാസം അനുഭവേദ്യമാകുന്നത്.

ഇത്തരത്തിലുള്ള ധവളപ്രകാശം ഏതൊരു വസ്തുവിൽ തട്ടിയാലും പ്രസ്തുത വസ്തുവിന്റെ ഘടനയനുസരിച്ച് അതിലെ കുറച്ച് തരംഗങ്ങളെ അത് ആഗിരണം ചെയ്യുകയും മറ്റുള്ള തരംഗങ്ങളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. പ്രകാശത്തിന്റെ കാര്യത്തിൽ മാത്രമല്ല ഏത് വൈദ്യുത കാന്തിക തരംഗം ഏതൊരു വസ്തുവിൽ ഏൽപ്പിച്ചാലും സമാനമായ സാഹചര്യങ്ങൾ ഉണ്ടാകുന്നു. ഇവിടെ ധവളപ്രകാശത്തിന്റെ കുറച്ച് ഭാഗങ്ങൾ എന്നതുകൊണ്ട് ധവളപ്രകാശത്തിലെ നിറങ്ങൾ എന്നു തന്നെയാണ്‌ ഉദ്ദേശിക്കുന്നത്. അതായത് ഒരു തക്കാളിയിൽ പ്രകാശം പതിക്കുമ്പോൾ അതിലെ ഘടക വർണ്ണങ്ങളിൽ ചുവപ്പ് ഒഴിച്ച് ബാക്കിയുള്ള എല്ലാ നിറങ്ങളും ആഗിരണം ചെയ്യപ്പെടുന്നു. ചുവപ്പ് മാത്രം പ്രതിഫലിക്കപ്പെടുന്നു. അങ്ങനെ തക്കാളിയിൽ നിന്നും പ്രതിഫലിക്കപ്പെട്ട ചുവപ്പ് നിറം മാത്രം കണ്ണിലെത്തുന്നതിനാൽ തക്കാളി ചുവപ്പ് നിറത്തിൽ കാണപ്പെടുന്നു. അപ്പോൾ സ്വാഭാവികമായും ഒരു സംശയം തോന്നുന്നില്ലേ? തക്കാളി എന്തുകൊണ്ട് ചുവപ്പ് നിറത്തിനെ മാത്രം പ്രതിഫലിപ്പിക്കുന്നു?

പച്ചത്തക്കാളി പച്ചനിറമാണല്ലോ പ്രതിഫലിപ്പിക്കുന്നത്. ഈ ചോദ്യത്തിൽ തന്നെ അതിന്റെ ഉത്തരവുമുണ്ട്. പച്ച തക്കാളി പഴുക്കുമ്പോൾ അതിന്റെ തൊലിയുടെ രാസഘടനയിൽ ഉണ്ടാകുന്ന മാറ്റമാണ്‌ വ്യത്യസ്ത നിറങ്ങൾ ഉണ്ടാക്കുന്നത്. ഇവിടെ രാസമാറ്റങ്ങളും നിറങ്ങളുമായി എന്ത് ബന്ധം? കുരുക്ക് ഒന്നു കൂടി മുറുകുന്നില്ലേ?

വസ്തുക്കളെല്ലാം അടിസ്ഥാനപരമായി ആറ്റങ്ങളാൽ നിർമ്മിതമാണെന്ന് അറിയാമല്ലോ? അതായത് പ്രോട്ടോണുകളും ന്യൂട്രോണുകളും ഇലക്ട്രോണുകളുമൊക്കെ അടങ്ങിയ ആറ്റങ്ങൾ. ഈ ആറ്റങ്ങളിലെ ന്യൂക്ലിയസ്സിനു ചുറ്റുമായി വിവിധ ഊർജ്ജ നിലകളിൽ വിന്യസിക്കപ്പെട്ടിരിക്കുന്ന ചാർജുള്ള കണങ്ങളായ ഇലക്ട്രോണുകളുടെ വികൃതികളെക്കുറിച്ച് ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ആറ്റങ്ങളിലെ ഇലക്ട്രോണുകൾ വികൃതിക്കുട്ടികളെപ്പോലെത്തന്നെ ഒരിടത്ത് ഒതുങ്ങി ഇരിക്കുന്നവയല്ല. അവ അവയ്ക്ക് ലഭിക്കുന്ന ഊർജ്ജത്തിനനുസരിച്ച് ആറ്റത്തിന്റെ വിവിധ തലങ്ങളിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്തുകൊണ്ടിരിക്കും. കുഞ്ഞുങ്ങൾ ഭക്ഷണം കഴിച്ച് ഊർജ്ജം കിട്ടിയാൽ അത് എങ്ങിനെയെങ്കിലും ഉപയോഗിച്ച് തീർക്കുന്നതു വരെ ഓടിച്ചാടി നടന്ന് അവസാനം ഊർജ്ജമെല്ലാം തീർന്ന് ക്ഷീണിച്ച് അമ്മയുടെ അടുത്തെത്തി തളർന്നുറങ്ങുന്നതുപോലെ ഇലക്ട്രോണുകൾ അവയ്ക്ക് ലഭിച്ച ഊർജ്ജത്തെ എങ്ങിനെയെങ്കിലുമൊക്കെ കുറച്ച് കൊണ്ടു വരാൻ ശ്രമിക്കും. ഇവിടെ ഇലക്ട്രോണുകൾക്ക് ലഭിക്കുന്ന ഊർജ്ജം പുറത്തു നിന്നും ലഭിക്കുന്ന ഏത് ഊർജ്ജ സ്രോതസ്സിൽ നിന്നും ആകാം. പ്രകാശമുൾപ്പെടെയുള്ള വൈദ്യുത കാന്തിക തരംഗങ്ങൾ ഇത്തരത്തിൽ വസ്തുക്കളിൽ പതിക്കുമ്പോൾ അവയിലെ ആറ്റങ്ങളുടെ ഇലക്ട്രോണുകൾ ഈ ഊർജ്ജത്താൽ ഉത്തേജിപ്പിക്കപ്പെടുന്നു. അതായത് താഴ്ന്ന ഊർജ്ജമുള്ള ഇലക്ട്രോണുകൾ ഭക്ഷണം ലഭിച്ച് തുള്ളിച്ചാടാൻ തുടങ്ങുന്നു. അധികം ഊർജം ലഭിച്ച ഇലക്ട്രോണുകൾ അവയ്ക്ക് ലഭിച്ച ഊർജ്ജത്തെ എങ്ങിനെ എങ്കിലും പുറത്ത് കളഞ്ഞ് സ്ഥിരത കൈവരിക്കാൻ ശ്രമിക്കും.

ആറ്റങ്ങളിലെ ഇത്തരത്തിലുള്ള ഊർജ്ജ നിലകൾ തമ്മിലുള്ള വ്യത്യാസത്തെ എജർജി ഗ്യാപ്പ് എന്നാണു വിളിക്കപ്പെടുന്നത്. ഓരോ പദാർത്ഥങ്ങളുടെയും ആറ്റങ്ങളുടെ എനർജി ഗ്യാപ്പ് വ്യത്യാസപ്പെട്ടിരിക്കുന്നു. ഉയർന്ന ഊർജ്ജ നിലയും താഴ്ന്ന ഊർജ്ജ നിലയും തമ്മിലുള്ള ഈ എനർജി ഗ്യാപ്പിനിടയിലായുള്ള ഒരു തരത്തിലുള്ള അവസ്ഥകളും ഇലക്ട്രോണുകൾക്ക് ഉണ്ടാകില്ല. അതായത് ഒന്നുകിൽ അമ്മയുടെ കൂടെ അല്ലെങ്കിൽ തട്ടിൻപുറത്ത്. ഇങ്ങനെ രണ്ട് നിലകൾ മാത്രമേ ഉള്ളൂ. ഭക്ഷണം കിട്ടിക്കഴിഞ്ഞാൽ ഇലക്ട്രോണുകൾ ഊർജ്ജം ലഭിച്ച് തട്ടിൻപുറത്ത് കയറും. കുറച്ച് നേരം അവിടെ കസർത്ത് കാണീച്ച് ഊർജ്ജമെല്ലാം വിയർപ്പായി പുറത്ത് കളഞ്ഞ് തിരിച്ച് ഇലക്ട്രോൺ കുഞ്ഞ് അമ്മയുടെ അടുത്ത് തന്നെ തിരിച്ചെത്തും. ഇങ്ങനെ പുറത്ത് കളയുന്ന ഊർജ്ജവും ലഭിച്ച ഊർജ്ജവും ആറ്റത്തിന്റെ ഘടനയനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും അതായത് കൊടുക്കുന്ന അതേ ഊർജ്ജം തന്നെ പുറത്ത് വിടാൻ ശ്രമിക്കുമെങ്കിലും അതിന്റെ രൂപത്തിൽ വ്യത്യാസങ്ങളുണ്ടായിരിക്കും. തക്കാളിയിൽ പ്രകാശം പതിക്കുമ്പോൾ അതിന്റെ തൊലിപ്പുറത്തുള്ള ആറ്റങ്ങളിലെ ഇലക്ട്രോണുകൾ പ്രകാശത്തിൽ നിന്നും ഊർജ്ജം ഉൾക്കൊള്ളുകയും ഉയർന്ന ഊർജ്ജ നിലകളിൽ നിന്നും താഴ്ന്ന ഊർജ്ജ നിലകളിലേക്ക് ഈ ഇലക്ട്രോണുകളുടെ ട്രപ്പീസു കളി തുടരുകയും ചെയ്യുന്നു. ഈ അവസരത്തിൽ ഇലക്ട്രോണുകൾ അവയ്ക്ക് അധികമായി ലഭിച്ച ഊർജ്ജം പുറത്തു വിടുന്നത് മറ്റൊരു രൂപത്തിലായിരിക്കും. അതിന്റെ പേരാണ്‌ ഫോട്ടോൺ. അതായത് ഭാരമില്ലാത്ത ഊർജ്ജമുള്ള കണങ്ങൾ തന്നെ. ഈ ഫോട്ടോണുകളുടെ പ്രവാഹത്തെയാണ്‌ പ്രകാശം എന്ന് വിളിക്കപ്പെടുന്നത്. ഇവിടെ ഓരോ ആറ്റങ്ങളും അവ പുറത്തു വിടുന്ന ഫോട്ടോണുകളുടെ തരംഗദൈർഘ്യത്തിൽ വ്യത്യാസമുണ്ടായിരിക്കും. അതായത് തരംഗ ദൈർഘ്യത്തിൽ വ്യത്യാസം വന്നാൽ നിറത്തിൽ വ്യത്യാസം വന്നു എന്ന് തന്നെ അർത്ഥം. ചുവന്ന നിറത്തിൽ ദൃശ്യമാകുന്ന തക്കാളിയുടെ ആറ്റങ്ങളിലെ ഇലക്ട്രോണുകൾ ഊർജ്ജ മാറ്റം നടത്തുമ്പോൾ എല്ലാ തരംഗങ്ങളും സ്വീകരിക്കുമെങ്കിലും അതിനു പുറത്തു വിടാൻ കഴിയുന്നത് പ്രധാനമായും ചുവപ്പ് നിറത്തിലുള്ള തരംഗങ്ങൾ മാത്രമാണ്‌. ഈ ചുവപ്പ് നിറം നമ്മുടെ കണ്ണിലെത്തുകയും തക്കാളി ചുവപ്പായി കാണപ്പെടുകയും ചെയ്യുന്നു. പച്ചത്തക്കാളിയുടെ കാര്യത്തിലും ഇതു തന്നെയാണ്‌ സംഭവിക്കുന്നത് പച്ചത്തക്കാളിയുടേയും ചുവന്ന തക്കാളിയുടേയും തൊലിപ്പുറത്തുള്ള പദാർത്ഥങ്ങളിൽ ഘടനാപരമായ വ്യത്യാസങ്ങളുള്ളതിനാൽ അവ ആഗിരണം ചെയ്തതിനു ശേഷം പ്രതിഫലിപ്പിക്കുന്ന തരംഗങ്ങളുടെ സ്വഭാവവും വ്യത്യാസപ്പെട്ടിരിക്കുന്നു.

തക്കാളിയുടെ മാത്രമല്ല ഏത് വസ്തുവിന്റേയും അവസ്ഥ ഇതു തന്നെ. വസ്തുക്കളെല്ലാം വ്യത്യസ്ത നിറങ്ങളിൽ കാണാൻ കഴിയുന്നത് മേൽ സൂചിപ്പിച്ച പ്രക്രിയ വഴി തന്നെയാണ്‌. ലോഹങ്ങളിൽ സ്വതന്ത്ര ഇലക്ട്രോണുകളുടെ എണ്ണം കൂടുതലായതിനാൽ അവ ഇത്തരത്തിൽ പ്രകാശത്തിലൂടെ തുടർച്ചയായി ലഭിക്കുന്ന ഊർജ്ജത്തെ പരമാവധി അതേ അളവിൽ തിരിച്ച് നൽകിക്കൊണ്ടീരിക്കും. അതുകൊണ്ടാണ്‌ ശുദ്ധമായ ലോഹങ്ങളെല്ലാം തിളക്കമാർന്നതായി കാണപ്പെടുന്നത്. അലോഹങ്ങളിൽ ആറ്റങ്ങൾ അയോണിക ബന്ധനത്തിൽ ഏർപ്പെടുന്നതിനാൽ സ്വതന്ത്ര ഇലക്ട്രോണുകളുടെ എണ്ണം കുറവായിരിക്കും. അതിനാൽ അവയ്ക്ക് കുറഞ്ഞ അളവിൽ മാത്രമേ ലഭിക്കുന്ന പ്രകാശത്തെ അതേ പോലെത്തന്നെ തിരിച്ച് നൽകാനാകൂ. അതിനാൽ അവ നേരത്തേ സൂചിപ്പിച്ചതുപോലെ ചില നിറങ്ങളിലുള്ള തരംഗങ്ങളുടെ പ്രകാശം മാത്രം പുറത്തു വിടുന്നു. ഇത് പ്രസ്തുത വസ്തുക്കളുടെ നിറമായി ദൃശ്യമാകുന്നു. ഇവിടെ തിരിച്ചു വിടാനാകാൻ കഴിയാത്ത ബാക്കി ഭാഗം ഊർജ്ജം പ്രധാനമായും തന്മാത്രകളെ കമ്പനം ചെയ്യിപ്പിച്ച് മറ്റൊരു ഊർജ്ജ രൂപമായ താപം ആയി മാറ്റപ്പെടുന്നു.

ഗ്ലാസ് സുതാര്യമാകുന്ന കഥ പറഞ്ഞ് തക്കാളിത്തോട്ടത്തിൽ എത്തിയതല്ല. ഗ്ലാസ് എന്നത് മറ്റു പദാർത്ഥങ്ങളിൽ നിന്നും വ്യത്യസ്തമായി ദൃശ്യപ്രകാശവുമായി അധികം ലോഹ്യം കാണിക്കാത്തതാണ്‌. അതായത് ഗ്ലാസ് തന്മാത്രകൾ അതി ശക്തമായ അയോണിക ബന്ധനത്തിൽ ഏർപ്പെട്ടിരിക്കുനൻ സിലിക്കൺ ഡയോക്സൈഡ് ആയതിനാൽ അവയുടെ ഇലക്ട്രോണുകളുടെ ഊർജ്ജ നിലയിൽ വ്യത്യാസം വരുത്താൻ സാധാരണ ദൃശ്യപ്രകാശത്തിലെ തരംഗങ്ങൾക്ക് ശേഷിയില്ല. അതിനാൽ അവയ്ക്ക് ദൃശ്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന ഊർജ്ജം സ്വീകരിച്ച് ഉത്തേജിതരാകാൻ കഴിയില്ല. അപ്പോൾ എന്ത് ചെയ്യും സ്വീകരിക്കാൻ കഴിയില്ലെങ്കിൽ പിന്നെ അടുത്ത വഴി പോകാൻ അനുവദിക്കുക എന്നതാണ്‌. പക്ഷേ ദൃശ്യപ്രകാശത്തിൽ തന്നെ നമുക്ക് കാണാൻ കഴിയാത്ത ഉയർന്ന ഊർജ്ജമുള്ള ഒരു തരം തരംഗമുണ്ട്. വയലറ്റിനും മുകളിലുള്ള തരംഗങ്ങൾ. അൾട്രാ വയലറ്റ് എന്നാണിവയെ വിളിക്കുന്നത്. ഈ തരംഗങ്ങൾക്ക് ഗ്ലാസിലെ ഇലക്ട്രോണുകളെയും അനക്കാൻ ശേഷിയുണ്ട്. അതിനാൽ ഗ്ലാസിലെ ഇലക്ട്രോണുകൾ അൾട്രാവയലറ്റ് രശ്മികളുമായി മാത്രം ലോഹ്യം പ്രാപിക്കുകയും മറ്റുള്ളവയോടെ ബൈ പറയുകയും ചെയ്യുന്നു. ഇങ്ങനെയാണെങ്കിൽ മറ്റ് പദാർത്ഥങ്ങൾക്കും ഇതേ സ്വഭാവം കാണേണ്ടതല്ലേ? അതായത് തക്കാളിയുടെ ആറ്റങ്ങളിലെ ഇലക്ട്രോണുകൾ ദൃശ്യപ്രകാശത്തെ ആഗിരണം ചെയ്ത് ചുവന്ന നിറത്തെ മാത്രം പുറത്ത് വിടൂമ്പോൾ ചുവന്ന നിറം തക്കാളിയുടെ ഉള്ളിലൂടെ മറുവശത്തും എത്തേണ്ടതല്ലേ? അങ്ങനെ തക്കാളി ചുവന്ന നിറത്തിലുള്ള സുതാര്യമായ ഗ്ലാസുപോലെ ആകാത്തതെന്തുകൊണ്ടാണ്‌? ചോദ്യം ശരിയാണ്‌. അതിൽ കാമ്പുണ്ടുതാനും. തക്കാളിയുടെ തൊലിപ്പുറത്ത് പതിക്കുന്ന പ്രകാശത്താൽ ഉത്തേജിതമായ അവിടെയുള്ള ആറ്റങ്ങളിലെ ഇലക്ക്ട്രോണുകൾ സ്ഥിരത കൈവരിക്കാനായി തുടർച്ചയായി ആഗിരണം ചെയ്യപ്പെട്ട ഊർജ്ജത്തെ ചുവപ്പ് നിറത്തിന്റെ തരംഗ ദൈർഘ്യമുള്ള ഫോട്ടോണുകളുടെ പ്രവാഹമായി പുറത്തു വിടുന്നു. തക്കാളിയുടെ തൊലിപ്പുറത്തുള്ള ആറ്റങ്ങളിൽ നിന്നും എല്ലാ വശങ്ങളീലേക്കും ഇത് പ്രസരിക്കുന്നുണ്ടെങ്കിലും ഉപരിതലത്തിനു പുറത്തേക്കുള്ളവ മാത്രമാണ്‌ നമ്മുടെ കണ്ണിലേക്ക് എത്തുന്നത്. ഗ്ലാസിന്റെ തന്മാത്രകൾക്ക് ഇതര പദാർത്ഥങ്ങളിൽ നിന്നും വ്യത്യസ്തമായി ക്രിസ്റ്റൽ ഘടന ഇല്ലാത്തതിനാൽ ഒരു ദ്രാവകത്തിലും വാതകത്തിലുമെന്നപോലെ പ്രകാശത്തിന് തന്മാത്രകൾക്കിടയിലൂടെ അധികം വിസരണം സംഭവിക്കാതെ നേർ രേഖയിൽ സഞ്ചരിക്കാൻ കഴിയുന്നു. ഇവിടെ ദൃശ്യപ്രകാശത്തിലെ ഒരു തരംഗങ്ങൾക്കും ഗ്ലാസിലെ ഇലക്ട്രോണുകളെ സ്വാധീനിക്കാൻ കഴിയുന്നില്ല എന്നതും ഗ്ലാസിന്റ് സവിശേഷമായ തന്മാത്രാ വിന്യാസവും ഗ്ലാസിനെ സുതാര്യമാക്കുന്നു. ഗ്ലാസും പൂർണ്ണമായും സുതാര്യമായ ഒരു വസ്തു അല്ല. 100% സുതാര്യമായിരുന്നു എങ്കിൽ നമുക്ക് ഗ്ലാസ് കാണാൻ കഴിയുമായിരുന്നില്ല. മാത്രവുമല്ല ദൃശ്യപ്രകാശത്തിൽ തന്നെയുള്ള അൾട്രാ വയലറ്റ് തരംഗങ്ങൾക്ക് ഗ്ലാസുകൾ അതാര്യവുമാണ്‌.

വാൽക്കഷണം: പ്രകാശമുൾപ്പെടെയുള്ള എല്ലാ വൈദ്യുത കാന്തിക തരംഗങ്ങളും എല്ലാ വസ്തുക്കളുമായും പല തരത്തിൽ പ്രതിപ്രവർത്തിക്കുകയും ചില തരംഗങ്ങളെ പുറത്തു വിടുകയും കടത്തിവിടുകയുമൊക്കെ ചെയ്യുന്നു. ഇതെല്ലാം വസ്തുക്കളുടെ അടിസ്ഥാനപരമായ ഘടനയെ ആശ്രയിച്ചിരിക്കുന്നു എന്നതിനാൽ ഇത്തരത്തിൽ ഒരു വസ്തുവിലേക്ക് നൽകുന്ന തരംഗങ്ങളിൽ നിന്നും നഷ്ടമാകുന്നതും തിരിച്ച് ലഭിക്കുന്നതുമൊക്കെയായ തരംഗങ്ങളെക്കുറിച്ച് പഠിച്ച് ഏത് വസ്തു ആണ്‌ അത് എന്നു കൃത്യമായി മനസ്സിലാക്കാൻ കഴിയും. സ്പെക്റ്റ്രോസ്കോപ്പി എന്നാണതിനു പറയുന്ന പേര്.

 

Leave a Reply
You May Also Like

എന്താണ് മിനിമലിസം ?

അറിവ് തേടുന്ന പാവം പ്രവാസി എന്താണ് മിനിമലിസം ? “ലളിതമായ ജീവിതം ആവശ്യമുള്ള വസ്തുക്കൾ മാത്രം…

എന്താണ് തൊപ്പിക്കല്ലും കൊടക്കല്ലും ?

തൃശ്ശൂർ ജില്ലയിലെ എയ്യൽ, അരിയന്നൂർ, പോർക്കളം എന്നിവിടങ്ങളിൽ തൊപ്പിക്കല്ലുകളും കൊടക്കല്ലുകളും ധാരാളമായി കണ്ടെടുത്തിട്ടുണ്ട്. ചേരമ നങ്ങാട്ട് കൊടക്കൽപ്പറമ്പുണ്ട്. പൊന്നാനി താലൂക്കിലെ കൊടക്കൽ, പത്തനംതിട്ട ജില്ലയിലെ കൊടക്കല്ലുങ്കൽ എന്നീ സ്ഥലങ്ങളും ശ്രദ്ധേയമാണ്.

ആരാണ് അവർ ? അവർ നമുക്ക് മുൻപ് നമ്മെ കണ്ടെത്തിയോ ?

എഴുതിയത് : Robbie Reyes കടപ്പാട് : നമ്മുടെ പ്രപഞ്ചം ആരാണ് അവർ? അവരെ നമ്മൾ…

നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കസേരയുടെ മുകളിൽ ഒരു ദ്വാരം ഉള്ളത് കാണാം, എന്തിനാണത് ?

അറിവ് തേടുന്ന പാവം പ്രവാസി നാം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കസേരയുടെ മുകളിൽ ഒരു ദ്വാരം ഉള്ളത്…