Sujith Kumar (ഫേസ്ബുക്കിൽ എഴുതിയത് )

നമ്മുടെ സർക്കാർ ഓഫീസുകൾ എല്ലാം ഇപ്പോൾ ഡിജിറ്റൈസ്ഡ് ആണ്, സേവനങ്ങൾ എല്ലാം കമ്പ്യൂട്ടറൈസ്ഡ് ആണ്. സർക്കാർ ഔദ്യോഗികമായിത്തന്നെ ഇത് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഡീജിറ്റൈസേഷൻ കൊണ്ട് ആർക്ക് എന്ത് പ്രയോജനമാണുള്ളത് ?

കമ്പ്യൂട്ടറൈസ്ഡ് അല്ലാത്ത ഒരു ഓഫീസിൽ എങ്ങിനെ ആണ് കാര്യങ്ങൾ നടക്കാറുള്ളത് ? അവിടെ വിവരങ്ങളും കണക്കുകളുമൊക്കെ പട്ടികയായി ഇനം തിരിച്ച് രേഖപ്പെടുത്തി സൂക്ഷിക്കാൻ കുറേ രജിസ്റ്ററുകൾ ഉണ്ടായിരിക്കും. ഈ രജിസ്റ്ററുകൾ ആണ് ആ ഓഫീസിന്റെ പ്രവർത്തനത്തെ മുന്നോട്ട് കൊണ്ടുപോകുന്നത്. വിവിധ ഫോമുകൾ വഴി ലഭിക്കുന്ന വിവരങ്ങൾ രേഖപ്പെടുത്തി വയ്ക്കുന്നതും വിവിധ റിപ്പോർട്ടുകളും സർട്ടിഫിക്കറ്റുകളും മറ്റും തയ്യാറാക്കി നൽകുന്നതിനാവശ്യമായ വിവരങ്ങൾക്കുള്ള റഫറൻസ് ആയി പ്രവർത്തിക്കുന്നതുമെല്ലാം ഇത്തരം തടിച്ച പുസ്തകങ്ങൾ ആണ്. ഒരു ഓഫീസ് കമ്പ്യൂട്ടറൈസ് ചെയ്യുമ്പോൾ അതിന്റെ അടിസ്ഥാനവും ഇത്തരം ലഡ്ജറുകളെ അടിസ്ഥാനമാക്കിയുണ്ടാക്കിയ ഒരു ഡാറ്റാബേസ് ആയിരിക്കും. അതുപോലെ മുൻപ് കടലാസും പേനയും ഉപയോഗിച്ച് ഫിൽ ചെയ്തുണ്ടാക്കിയ ഫോമുകൾ നോകി അതിൽ നിന്നും ഡാറ്റ രജിസ്റ്ററുകളിലേക് ചേർക്കുന്നതിനു സമമായ പരിപാടി ഈ ഡാറ്റാബേസിലേക്ക് ഡിജിറ്റൽ ഫോമുകൾ ഉപയോഗിച്ച് ചെയ്യുന്നു. അതുപോലെ രജിസ്റ്ററുകളുടെ താളുകൾ ഇൻഡക്സ് പേജ് നോക്കി മറിച്ച് അതിൽ നിന്നും ആവശ്യമായ വിവരങ്ങൾ മാത്രം എടുത്ത് സർട്ടിഫിക്കറ്റുകളും റീപ്പോർട്ടുകളുമൊക്കെ കടലാസിൽ തയ്യാറാക്കി നൽകുന്നതിനു സമമായ പ്രവർത്തനം ഡിജിറ്റൽ റിപ്പോർട്ടുകളുടെ രൂപത്തിൽ ഇതേ ഡാറ്റാബേസിൽ നിന്നും വിവരങ്ങൾ എടുത്ത് ഡിജിറ്റൽ റിപ്പോർട്ടുകളൂം സർട്ടിഫിക്കറ്റുകളും ഒക്കെ ആയി ലഭിക്കുന്നു.

ഡിജിറ്റൈസേഷൻ കൊണ്ടുള്ള പ്രധാന പ്രയോജനം മുൻപ് ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്താനും പരിശോധിക്കാനുമെല്ലാം അനേകം ലഡ്ജറുകളുടെ താളുകൾ മറിച്ച് നോക്കുകയും ആ വിവരങ്ങൾ ചികഞ്ഞെടുത്ത് റിപ്പോർട്ടൂകളും സർട്ടീഫിക്കറ്റുകളും ഉണ്ടാക്കാനും അവയൂടെ വിവരങ്ങൾ രേഖപ്പെടുത്തി വയ്ക്കാനുമൊക്കെയൂള്ള മനുഷ്യാദ്ധ്വാനം തന്നെയാണ്. മാനുഷികമായ പരിമിതികളാൽ ഇതിനെടുക്കുന്ന സമയം ഡീജിറ്റൈസേഷൻ അഥവാ കമ്പ്യൂട്ടറൈഷേഷൻ കൊണ്ട് നിമിഷ നേരം കൊണ്ട് സാദ്ധ്യമാകുന്നു. അതുകൊണ്ട് തന്നെ കമ്പ്യൂട്ടറൈഷേൻ വരുമ്പോൾ ഒരു ഓഫീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാവുകയും ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാവുകയും ചെയ്യുന്നു.
മുകളിൽ പറഞ്ഞത് തിയറി – ഇനി നമ്മുടെ നാട്ടിൽ പ്രായോഗിക തലത്തിൽ കമ്പ്യൂട്ടറൈഷേഷൻ കൊണ്ട് ഉണ്ടാകുന്നതെന്താാണെന്ന് നോക്കാം. ഒരു ഉദാഹരണം- .

ജനങ്ങൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന റവന്യൂ ഡിപ്പാർട്മെന്റിലെ ഫ്രണ്ട് ഓഫീസ് ആയ വില്ലേജോഫീസ്. ജീവിതത്തിൽ ഒരിക്കലെങ്കിലും വില്ലേജോഫീസിൽ പോകേണ്ട ആവശ്യം വരാത്ത ഭാഗ്യവാന്മാർ ചുരുക്കമായിരിക്കും. ഇവിടെ ഒരു വരുമാന സർട്ടിഫിക്കറ്റിന് അപേക്ഷിക്കണം എങ്കിൽ മുൻപൊക്കെ നേരേ വില്ലേജോഫീസിലേക്ക് പോവുക, അതിന്റെ മുന്നിലുള്ള പെട്ടിക്കടയിൽ നിന്ന് ഒരു അപേക്ഷാ ഫോം വാങ്ങുക, സ്വന്തമായി പൂരിപ്പിക്കാൻ അറിയാമെങ്കിൽ പൂരിപ്പിക്കുക, അല്ലെങ്കിൽ ഓഫീസ് വരാന്തയിൽ ഫോം പൂരിപ്പിച്ച് കൊടുക്കാനിരിക്കുന്ന ചേച്ചിക്കോ ചേട്ടനോ പത്ത് രൂപ കൊടുത്ത് പൂരിപ്പിച്ച് വാങ്ങി ഓഫീസിൽ നൽകുക. നടപടി ക്രമങ്ങളും നിയമങ്ങളുമൊക്കെ അനുസരിച്ച് വില്ലേജോഫീസർക്ക് നിങ്ങൾ നൽകിയ വിവരങ്ങൾ ശരിയാണോ എന്ന് പരിശോധിക്കാനും വേണമെങ്കിൽ നിങ്ങളുടെ താമസസ്ഥലം സന്ദരശിച്ച് വെരിഫിക്കേഷൻ നടത്താനുമൊക്കെ ആയി ഒരാഴ്ചയോ മറ്റോ സമയം അനുവദിച്ച് കിട്ടിയിട്ടുണ്ട്. അതായത് അപേക്ഷിച്ചാൽ ഉടൻ തന്നെ വരുമാനസർട്ടിഫിക്കറ്റ് കിട്ടണമെന്ന വ്യാമോഹം ഉണ്ടെങ്കിൽ നടക്കില്ല എന്നർത്ഥം. ഇങ്ങനെ വെരിഫിക്കേഷൻ ഒന്നുമില്ലാതെ സർട്ടിഫിക്കറ്റ് നൽകിയാൽ അത് കിട്ടുന്ന ആൾ ദുരുപയോഗം ചെയ്ത് എന്തെങ്കിലും പ്രശ്നമുണ്ടായാൽ അതിന്റെ ഉത്തരവാദിത്തം സർട്ടിഫിക്കറ്റ് നൽകിയ വില്ലേജോഫീസർക്ക് ആയതിനാൽ അങ്ങനെ ഒരു റിസ്ക് എടുക്കാൻ അയാൾ താല്പര്യപ്പെടൂകയുമില്ല.

ഇനി റിസ്ക് എടുക്കാൻ നിർബന്ധിതനാകണമെങ്കിൽ എന്താണ് ചെയ്യേണ്ടത് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഈ പ്രശ്നത്തിന് കമ്പ്യൂട്ടറൈസേഷൻ വന്നാലും അല്ലെങ്കിലും കാര്യമായ മാറ്റമൊന്നും വരുന്നില്ല. എന്ന് മാത്രവുമല്ല ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം മുൻപ് 10 രൂപയ്ക് നേരിട്ട് വില്ലേജോഫീസിൽ ചെന്ന് നടന്നിരുന്ന കാര്യം ഇപ്പോൾ അക്ഷയ എന്ന ഒരു പുതിയ ‘കമ്പ്യൂട്ടറൈസ്ഡ് പെട്ടിക്കട ‘ യിലേക്കുള്ള അധിക നടത്തം കൂടി വേണം എന്ന അവസ്ഥയിലേക്ക് മാത്രമാണ് കൊണ്ട് ചെന്നെത്തിക്കുന്നത്. തീരുമാനങ്ങൾ പെട്ടന്ന് തന്നെ എടുക്കാൻ ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുന്ന വിധത്തിൽ അവരുടെ ‘റിസ്ക് പ്രൊഫൈൽ’ കുറയ്കുകയും ഉത്തരവാദിത്തങ്ങൾ ‘പകർന്ന് നൽകുകയും’ ചെയ്യുന്ന രീതിയിൽ നടപടിക്രമങ്ങളിലും നിയമങ്ങളിലും മാറ്റങ്ങൾ ഒന്നുമില്ലാതെ ആണ് ഡിജിറ്റൈസേഷൻ നടപ്പിലാക്കപ്പെടുന്നത്.

വരുമാന സർട്ടിഫിക്കറ്റിന്റെ കാര്യം ഒരു ഉദാഹരണമായി മാത്രം പറഞ്ഞതാണ്. ഒന്നിലധികം സർക്കാർ ഓഫീസുകളിൽ നിന്ന് വിവരങ്ങൾ ആവശ്യമായ അപേക്ഷകൾ ആണെങ്കിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു. അവ വിവിധ വകുപ്പുകളുടേത് ആണെങ്കിൽ പറയുകയും വേണ്ട. ഓരോ വകുപ്പുകളിലും ഓരോ തരം സോഫ്റ്റ്‌വേറുകൾ ആണ് ഉപയോഗിക്കുന്നത്. ഇവ തമ്മിൽ ഡിജിറ്റൽ ആയി തന്നെ ബന്ധം വേണ്ടത് ആണെങ്കിലും അതൊന്നും ഉണ്ടാകാറില്ല. ഒരു വകുപ്പിന്റെ ഡാറ്റാബേസിൽ ഉള്ള അടിസ്ഥാന വിവരങ്ങൾ പോലും മറ്റ് വകുപ്പുകൾക് ലഭ്യമാകാത്ത വിധത്തിൽ ആണ് പൊതുവേ ഉള്ള ഡിജിറ്റൈസേഷൻ. ഫലത്തിൽ ‘ഡൂപ്ലിക്കേഷൻ ഒഴിവാക്കുക’ ഡിജിറ്റൈസേഷന്റെ അടിസ്ഥാന ഗുണങ്ങൾ തന്നെ ഇല്ലാതാകുന്നു. കമ്പ്യൂട്ടറൈസേഷന്റെ ഗുണഫലങ്ങൾ ഉപഭോക്താക്കൾക്ക് കൂടി അനുഭവേദ്യമാകുന്ന രീതിയിൽ നിയമങ്ങളിലും നടപടിക്രമങ്ങളിലും മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പൊതുജനങ്ങൾക്ക് അതുകൊണ്ട് പ്രത്യേകിച്ച് ഒരു പ്രയോജനവും ഉണ്ടാകില്ല എന്ന് മാത്രമല്ല സർക്കാരോഫീസുകളിലെ നിലവിലുള്ള വലിയ ഒരു കൂനിന്റെ മുകളിൽ മുകളിൽ സെർവ്വർ തകരാറുകൾ, ഇന്റർനെറ്റ് തകരാറുകൾ, സോഫ്റ്റ്‌വേർ ബഗ്ഗുകൾ, കമ്പ്യൂട്ടർ പരിജ്ഞാനമില്ലാത്ത ജീവനക്കാർ.. എന്നു തുടങ്ങി നിരവധി കുരുക്കൾ കൂടി പൊട്ടി മുളയ്കുന്ന ദുരവസ്ഥ ആണ് ഉണ്ടാകുന്നത്.

അപേക്ഷകളിൽ നിശ്ചിത ദിവസത്തിനുള്ളിൽ തീരുമാനമെടുത്തില്ലെങ്കിൽ മുൻപത്തേതു പോലെ തന്നെ ഉദ്യോഗസ്ഥർക്ക് ഒരു വിധത്തിലൂള്ള പ്രശ്നങ്ങളോ ഉത്തരവാദിത്തമൊ ഇല്ലാത്തതിനാൽ ഡിജിറ്റൈസേഷൻ വന്നതുകൊണ്ട് ഉപഭോക്താക്കൾക്ക് പ്രത്യേകിച്ച് പ്രയോജനമൊന്നും ഉണ്ടാകുന്നില്ല. പഴയ ചുവപ്പ് നാട ‘pending for approval’ ലേക്ക് digital ആയി മാറി എന്നതിൽ കവിഞ്ഞ്.

You May Also Like

മിസ്ഡ്കോള്‍ പ്രണയത്തിലൂടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യൂസഫ് പറഞ്ഞത് ഞെട്ടിക്കുന്ന കഥ

അറസ്റ്റിലായ ശേഷം സംഭവത്തെ കുറിച്ച് യൂസഫ് പറഞ്ഞത് കേട്ട് അക്ഷരാര്‍ത്ഥത്തില്‍ പോലീസ് ഞെട്ടി.

പരീക്ഷ തുടങ്ങാൻ മിനിറ്റുകൾ, ഹാൾ ടിക്കറ്റ് മറന്ന് 5 വിദ്യാർഥികൾ, പിന്നെ സംഭവിച്ചത് !

കടപ്പാട് : കേരളാ പോലീസ് പേജ് വിദ്യാർഥികൾ ഹോട്ടലിൽ മറന്നുവച്ച ഹാൾ ടിക്കറ്റുമായി പരീക്ഷാ കേന്ദ്രത്തിലേക്ക്…

വിസ്മയ നല്കുന്ന പാഠം

സ്ത്രീധനവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ പീഡനംമൂലം വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് പത്തുവര്‍ഷം കഠിന തടവും…

“ടീം “എന്ന് വിളിക്കുന്ന നടനായ ബിനീഷ് ബാസ്റ്റിന്‍ തൻ്റെ വീട്ടിലേക്ക് വാങ്ങിയ 55 ഇഞ്ച് ടിവി അളന്നപ്പോള്‍ ആറ് ഇഞ്ച് കുറഞ്ഞത് എങ്ങനെ ?

⭐”ടീം “എന്ന് വിളിക്കുന്ന നടനായ ബിനീഷ് ബാസ്റ്റിന്‍ തൻ്റെ വീട്ടിലേക്ക് വാങ്ങിയ 55 ഇഞ്ച് ടിവി…