നമ്മുടെ നൊസ്റ്റാൾജിയകളിൽ ഒന്നാണ് പേപ്പർ വിമാനങ്ങൾ. പേപ്പർ വള്ളങ്ങൾ ഉണ്ടാക്കി മഴയത്തു കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇടുന്നതുപോലൊരു നൊസ്റ്റാൾജിയ ആണ് പേപ്പർ വിമാനങ്ങൾ ഉണ്ടാക്കി പറപ്പിക്കുക എന്നത്. എന്നാൽ ചിലപ്പോഴെങ്കിലും ആ വിമാനങ്ങൾ ഉണ്ടാക്കുന്ന പേപ്പറുകളിൽ കുസൃതി പ്രണയ ലേഖനങ്ങൾ ഉണ്ടായിരുന്നിരിക്കാം. ചില സിനിമകളിലും ഈ പേപ്പർ വിമാനങ്ങൾ ഒരു കോമഡി ആയിട്ടുണ്ട്. ഇൻ ഹരിഹർ നഗറിലും ഒടുവിലിറങ്ങിയ കേശു ഈ വീടിന്റെ നാഥനിലും ഒക്കെ പേപ്പർ വിമാനങ്ങളെ തമാശയ്ക്കു വേണ്ടി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പേപ്പർ വിമാനങ്ങൾ പറത്തുമ്പോൾ അതിന്റെ പിന്നിൽ ഊതുന്നത് എന്തിനാണ് ? അതുകൊണ്ടു എന്തെങ്കിലും പ്രയോജനം ഉണ്ടോ ? അതോ അതൊരു ആചാരം പോലെ തുടരുന്നതാണോ ? അതിലെ ശാസ്ത്രീയമായ കാര്യങ്ങൾ വിശദീൿരിക്കുന്ന സുജിത് കുമാറിന്റെ പോസ്റ്റ് വായിക്കാം

Sujith Kumar
കടലാസു വിമാനം പറപ്പിക്കുമ്പോൾ അതിന്റെ പിറകിൽ ഊതുന്ന ഒരു ആചാരം പണ്ടുമുതലേ ഉള്ളതാണല്ലോ. എന്തിനായിരിക്കും ഇങ്ങനെ ഊതുന്നത്. ഒരു കാര്യം തീർച്ച ഊതുന്നതുകൊണ്ട് എന്തെങ്കിലുമൊക്കെ പ്രയോജനം ഉണ്ടായിരിക്കും. പേപ്പർ പ്ലേനിന്റെ കാര്യത്തിൽ ആണെങ്കിൽ കൂടുതൽ ഉയരത്തിൽ പറക്കുക, അല്ലെങ്കിൽ കൂടുതൽ നേരം വായുവിൽ തങ്ങി നിൽക്കുക അങ്ങനെയുള്ള ഗുണങ്ങൾ ആയിരിക്കും പ്രതീക്ഷിക്കുന്നത്.
ഒരു വിമാനത്തെ സംബന്ധിച്ചിടത്തോളം അതിൽ നാലു ബലങ്ങൾ ആണ് പ്രവർത്തിക്കുന്നത്
1. ഗ്രാവിറ്റി
2. ലിഫ്റ്റ്
3. ത്രസ്റ്റ്
4. ഡ്രാഗ്
ഇതിൽ ഗ്രാവിറ്റിയും ലിഫ്റ്റും ലംബമായ ദിശയിലും ത്രസ്റ്റും ഡ്രാഗും തിരശ്ചീന ദിശയിലും
പ്രവർത്തിക്കുന്ന ബലങ്ങൾ ആണ്. അതായത് വിമാനത്തിനു നിലത്തു നിന്ന് പൊങ്ങണമെങ്കിൽ ഗുരുത്വാകർഷണ ബലത്തേക്കാൾ ശക്തികൂടിയ ഒരു ബലം മുകളിലേക്ക് പ്രയോഗിക്കപ്പെടണം എന്നർത്ഥം. അതുപോലെയാണ് വിമാനത്തിനെ മുന്നോട്ട് നയിക്കുന്ന ത്രസ്റ്റ്. ഇത് വായുവിന്റെ ഘർഷണ ഫലമായുള്ള പിന്നോട്ടുള്ള ബലം ആയ ഡ്രാഗിനെ അതിജീവിക്കുന്നത് ആയിരിക്കണം.
നമ്മൾ കടലാസ് വിമാനം പറപ്പിക്കുമ്പോഴും ഈ തത്വങ്ങളും ബലങ്ങളും എല്ലാം പ്രവർത്തന തലത്തിൽ വരുന്നുണ്ട്. വിമാനത്തിനു മുന്നോട്ട് നീങ്ങാൻ ആവശ്യമായ ഊർജ്ജം നമ്മൾ എറിയുമ്പോൾ കയ്യിൽ നിന്നും ലഭിക്കുന്നു. യഥാർത്ഥ വിമാനവുമായി സാമ്യമുള്ള ആകൃതി ആയതിനാൽ കടലാസു വിമാനങ്ങളുടേതിന്റെയും എയറോ ഫോയിൽ ഡിസൈൻ തന്നെ ആണ്.
പക്ഷേ അത്ര പൂർണ്ണതയുള്ള ഒരു ഡിസൈൻ അല്ലാത്തതിനാൽ കൂടുതൽ ഉയരത്തിലേക്ക് പറക്കാൻ ആവശ്യമായ ലിഫ്റ്റ് വെറുമൊരു കടലാസ് വിമാനത്തിനു ലഭിക്കില്ല. ആ സാഹചര്യത്തിൽ ആണ് ഊതൽ വിദ്യ ഫലം ചെയ്യുന്നത്. ചിറകുകൾക്ക് പിറകിൽ ഊതി അവയെ ഒന്ന് വിടർത്തുമ്പോൾ എയറോ ഫോയിൽ ഡിസൈൻ ഒന്നു കൂടി മെച്ചപ്പെടുകയും അതുമൂലം കൂടുതൽ ലിഫ്റ്റ് ലഭിക്കുകയും ചെയ്യുന്നു. ഫലമോ കടലാസ് വിമാനം കൂടുതൽ ഉയരങ്ങളിലേക്ക് പറക്കുന്നു.
ഇത്തരത്തിൽ കടലാസ് വിമാനങ്ങളുടെ പറക്കൽ ക്ഷമത വർദ്ധിപ്പിക്കാനും നിയന്ത്രിക്കുവാനുമൊക്ക പല വഴികളും ഉണ്ട്. ചിറകിന്റെ പിറകിൽ ഫ്ലാപ്പുകൾ മുറിച്ച് ഉണ്ടാക്കി മുകളിലേക്കും താഴേക്കുമൊക്കെ മടക്കി വച്ച് ഇടത്തോട്ടും വലത്തോട്ടുമൊക്കെ തിരിക്കുകയും കൂടുതൽ ഉയരങ്ങളിലേക്ക് പറത്തുകയുമൊക്കെ ചെയ്യാൻ കഴിയും.
കടലാസ് വിമാനം പറത്തുന്നതും ഒരു ചെറിയ കളിയല്ല. നല്ല ഉയരത്തിലും ദൂരത്തിലും പറത്താനുള്ള പൊടിക്കൈകൾ കൂടി അറിഞ്ഞിരിക്കണം. അത്തരത്തിൽ അറിഞ്ഞോ അറിയാതെയോ ആർജിച്ച ഒരു അറിവാണ് ഈ ഊത്ത്. പക്ഷേ വെറുതേ ഊതിയാൽ മാത്രം പോര എവിടെ ആണ് ഊതേണ്ടതെന്നു കൂടി അറിഞ്ഞിരിക്കണം. എന്തിനാണൂതുന്നതെന്ന് അറിഞ്ഞാൽ ഒന്നു കൂടി ഉഷാറായി.