സുജിത് കുമാർ

പുതുവർഷമായി സോളാറിൽ തന്നെ തുടങ്ങാം അല്ലേ? പുരപ്പുറ സോളാർ പ്ലാന്റ് ഇൻസ്റ്റാൾ ചെയ്ത് കിട്ടിയിട്ടും ഉപയോഗിക്കാൻ തുടങ്ങിയിട്ടൂം ആറു മാസങ്ങൾ കഴിഞ്ഞു. കൃത്യമായി പറഞ്ഞാൽ 2021 മെയ് 17 നാണ് പ്ലാന്റ് ചാർജ് ചെയ്യപ്പെട്ടത്. സോളാർ വയ്ക്കണോ വേണ്ടയോ , ഗുണമുണ്ടാകുമോ ലാഭമുണ്ടാകുമോ, എത്രകാലം കൊണ്ട് മുടക്കുമുതൽ തിരിച്ച് കിട്ടും എന്നൊന്നും ഈ അവസരത്തിൽ ചർച്ചിക്കുന്നില്ല. അതെല്ലാം ഇതിനു മുൻപേ വളരെ വിശദമായി എഴുതിയിട്ടുണ്ട് .എങ്കിലും ഞാൻ എന്തുകൊണ്ട് സോളാർ ഇൻസ്റ്റാൾ ചെയ്തു എന്ന് ചുരുക്കം ചില വരികളിൽ എഴുതാം.

LED ലൈറ്റുകൾ, BLDC ഫാനുകൾ, മോഷൻ സെൻസിറ്റീവ് സെക്യൂരിറ്റി ലൈറ്റുകൾ, വല്ലപ്പോഴും ഉപയോഗിക്കുന്ന 5 star റേറ്റിംഗ് ഉള്ള എയർ കണ്ടീഷനർ, റഫ്രിജറേറ്റർ തുടങ്ങിയവയെല്ലാം മൂലം രണ്ട് മാസങ്ങളിലെ വൈദ്യുത ബിൽ 1200 രൂപയിൽ കൂടുതൽ ഉണ്ടായിരുന്നില്ല. ആ സാഹചര്യത്തിൽ സോളാർ പ്ലാന്റ് വയ്ക്കുന്നതിൽ വലിയ കാര്യമൊന്നും ഉണ്ടാകില്ലെന്നും ഉറപ്പായിട്ടും 1,30,000 ൽ അധികം ചെലവാക്കി 3 കിലോ വാട്സ് സോളാർ പ്ലാന്റ് വച്ചതിനു രണ്ട് കാരണങ്ങൾ ആണുള്ളത്. ഒന്ന് പുരപ്പുറ സോളാർ പദ്ധതി തുടങ്ങിയ കാലത്ത് കെ എസ് ഇ ബി സബ്സിഡി നിരക്കിൽ ഉറപ്പ് പറഞ്ഞ തുക വളരെ ആകർഷകമായി തോന്നി. അതായത് 3 കിലോവാട്സിനു സബ്ദിഡി കഴിഞ്ഞ് 90,000 രൂപയിൽ താഴെ മാത്രമായിരുന്നു. പക്ഷേ അതിൽ നിന്ന് കെ എസ് ഇബി ഏകപക്ഷീയമായി പിന്നോട്ട് പോവുകയും രജിസ്റ്റർ ചെയ്ത് വർഷങ്ങൾ കാത്തിരുന്നവരെ മനോഹരമായി പറ്റിച്ചുകൊണ്ട് ഫേസ് ടു വിലേക്ക് തള്ളിവിട്ട് അധികം തുക മുടക്കാൻ നിർബന്ധിതരാക്കുകയാണുണ്ടായത്. അതിലും ആദ്യം രജിസ്റ്റർ ചെയ്തവർക്ക് ആദ്യം ഇൻസ്റ്റാൾ ചെയ്തുകൊടുക്കുക എന്ന സാമാന്യ നീതി പോലും കണക്കിലെടുക്കാതെ ആദ്യം രജിസ്റ്റർ ചെയ്തവരെ നോക്കുകുത്തികൾ ആക്കിക്കൊണ്ട് പുതിയതായി രജിസ്റ്റർ ചെയ്തവർക്ക് ആദ്യം ഇൻസ്റ്റാൾ ചെയ്തു കൊടുത്തു. ഇതിന്റെ കഥകളെല്ലാം മുൻപേ പല പ്രാവശ്യം എഴുതിയിട്ടുള്ളതിനാൽ ആവർത്തിക്കുന്നില്ല. അപ്പോഴേക്കും ഇതൊരു അഭിമാന പ്രശ്നം ആയി തീർന്നിരുന്നു. എങ്ങിനെ എങ്കിലും ഇൻസ്റ്റാൾ ചെയ്ത് കിട്ടിയേ തീരൂ എന്ന വാശിയിൽ ആണ് ഇതിന്റെ പിറകേ പോയത്.

കറന്റ് ബില്ല് കൂടുമോ എന്ന് പേടിയില്ലാതെ ഗാർഹികോപകരണങ്ങൾ ഉപയോഗിക്കുകയും പുതിയ ഉപകരണങ്ങൾ വാങ്ങുകയും ചെയ്യുക. അതായിരുന്നു അടിസ്ഥാനപരമായ ലക്ഷ്യം.
സെക്കന്റ് ഫേസിൽ എത്തിയതോടെ മാർജിൻ കൂടിയപ്പോൾ ധാരാളം വെൻഡേഴ്സ് എത്തുകയുണ്ടായി. അതിൽ നിന്ന് ഒരു വെൻഡറെ സെലക്റ്റ് ചെയ്യുക എന്നത് വിഷമകരമായി തോന്നി. ഫസ്റ്റ് ഫേസിൽ തന്നെ സെലക്റ്റ് ചെയ്ത കോയമ്പത്തൂർ കമ്പനിയായ കൊണ്ടാസ് അനേകം ശ്രമങ്ങളുടെയും ഇടപെടലുകളുടെയും ഫലമായി ആർക്കോ വേണ്ടി ഓക്കാനിക്കുന്ന രീതിയിൽ സൈറ്റ് വിസിറ്റ് ചെയ്ത് ഒരു മറവുകളും നിഴലുകളും ഇല്ലായിരുന്നിട്ടും ഫ്ലാറ്റ് റൂഫ് ആയിരുന്നിട്ടൂം 45000 രൂപ മെറ്റൽ സ്ട്രക്ചർ ഉണ്ടാക്കണം എന്ന് ആവശ്യപ്പെട്ടു. പുരപ്പുറ സോളാർ പ്ലാന്റുകളിൽ ഈ മെറ്റൽ സ്ട്രക്ചർ ഒരു വൻ തട്ടിപ്പാണ്. കമ്പനികൾക്ക് സോളാർ പ്ലാന്റുകളേക്കാൾ മാർജിൻ മെറ്റൽ സ്ട്രക്ചറുകളുടെ കാര്യത്തിൽ ആണ്. ഇത്തരത്തിൽ വൻ തുക മെറ്റൽ സ്ട്രക്ചറിനു കൂടി ചെലവാക്കിക്കഴിഞ്ഞാൽ പിന്നെ ഒരു കാലത്തും ഇത് സാധാരണ ഗാർഹിക ഉപഭോഗമനുസരിച്ച് മുതൽ മുടക്ക് തിരിച്ച് പിടിക്കാനുള്ള കാലയളവ് വീണ്ടും വർഷങ്ങൾ നീളുന്നതാക്കി മാറ്റും. വിവിധ ജില്ലകളിൽ നിന്നായി പല വെൻഡർമാർ ഇൻസ്റ്റാൾ ചെയ്ത് തരാമെന്ന് പറഞ്ഞുകൊണ്ട് വിളിക്കുകയുണ്ടായി. ഇവരുടെയെല്ലാം ക്രഡിബിലിറ്റി ഉറപ്പു വരുത്തുക വലിയ പ്രയാസമായതിനാൽ പാലക്കാട് ജില്ലയിൽ തന്നെ ഉള്ള ഒരു വെൻഡറെ തെരഞ്ഞെടുക്കാമെന്ന് തീരുമാനിച്ചു.

വീടിന്റെ അടുത്തായതിനാലും പേരുകേട്ട ഒരു സംഘടനയുടെ വിലാസമുള്ളതിനാലും എന്തെങ്കിലും പ്രശ്നമുണ്ടായാൽ സത്യാഗ്രഹമിരിക്കാൻ പൂട്ടിപ്പോകാത്ത സ്വന്തമായ ഒരു ഓഫീസ് എങ്കിലും ഉള്ളതിനാലും കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പ്രൊഡക്ഷൻ സെന്റർ ആയ സമതയെ വെൻഡർ ആയി സെലക്റ്റ് ചെയ്യാമെന്ന തീരുമാനത്തിൽ അങ്ങിനെ ആണ് എത്തിയത്. ഇടയ്കിടെ ചില ഇടപെടലുകളും ഓർമ്മപ്പെടുത്തലുകളും ഒക്കെ വേണ്ടി വന്നു എങ്കിലും സുഭാഷിന്റെ നേതൃത്വത്തിൽ അവസാനം പ്ലാന്റ് ഇൻസ്റ്റാൾ ചെയ്തു കിട്ടി. ഇൻസ്റ്റാളേഷൻ സമയത്ത് ഞാൻ വീട്ടിൽ ഉണ്ടായിരുന്നില്ല. അതിനാൽ ഫിറ്റിംഗ്സും കേബിളിംഗും ഇൻവെർട്ടർ പൊസിഷനുമൊന്നും പൂർണ്ണമായും ഉദ്ദേശിച്ച പാറ്റേണിൽ നടത്താൻ പറ്റിയില്ല എങ്കിലും പൊതുവേ കുഴപ്പമൊന്നുമുണ്ടായില്ല എന്ന് പറയാം. 3 കിലോവാട്സ് പോളി ക്രിസ്റ്റലൈൻ പാനലുകൾ, ഗ്രോവാട്ട് ഇൻവെർട്ടർ ആണ് കോമ്പിനേഷൻ. ഇൻസ്റ്റാളേഷൻ കഴിഞ്ഞ് ഒരു മാസത്തിലധികം എടുത്തു കെ എസ് ഇബി ചാർജ് ചെയ്ത് തരാൻ. അതിനും നേരത്തേ പറഞ്ഞതുപോലെ ക്ഷമകെട്ടുള്ള ഓർമ്മപെടുത്തലുകളും ഇടപെടലുകളും ഒക്കെ വീണ്ടും വേണ്ടി വന്നു. ചാർജ് ചെയ്ത സമയത്തും വീട്ടിൽ ഇല്ലായിരുന്നു എന്നതിനാൽ ഇൻവെർട്ടറിന്റെ ഫൈവൈ കണക്റ്റിവിറ്റി കൊൺഫിഗർ ചെയ്തിരുന്നില്ല. വീട്ടീൽ തിരിച്ചെത്തുന്നതുവരെ ക്ഷമിക്കാൻ കഴിയാതിരുന്നതിനാലും ആകാംഷയും കാരണം അക്കാര്യം മകളെക്കൊണ്ട് തന്നെ വീഡിയോ കാളിലൂടെ സ്വന്തമായി ചെയ്യിച്ചു.

ഇനി പെർഫോമൻസിനെയും ഉപയോഗത്തെയും ഇൻസ്റ്റാൾ ചെയ്തതിനു ശേഷമുണ്ടായ മാറ്റങ്ങളെയും കുറിച്ച് പറയാം. മുൻപും ശരാശരി ഉപഭോഗം പ്രതിദിനം 4 യൂണിറ്റ് മാത്രം ആയിരുന്നു.. ഇതുവരെയുള്ള നിലവാരം പരിശോധിച്ചാൽ ഏറ്റവും കുറഞ്ഞ പ്രൊഡക്ഷൻ 3 യൂണിറ്റും മാക്സിമം പ്രൊഡക്ഷൻ 15 യൂണിറ്റും ആണ്. ഒരു വർഷം പൂർത്തിയാകുമ്പോൾ വാർഷിക ശരാശരിയായ 12 യൂണിറ്റ് എത്തുമോ എന്ന് നോക്കാം. ഉപയോഗത്തിലുള്ള മാറ്റങ്ങളെക്കുറിച്ച് നോക്കിയാൽ എടുത്ത് പറയേണ്ടത് ഇൻഡക്‌ഷൻ ഹീറ്ററിന്റെയും ഓവന്റെയും ഉപയോഗമാണ്. ഇത് രണ്ടും പരമാവധി ഉപയോഗപ്പെടുത്താൻ തുടങ്ങിയതിനാൽ 45 ദിവസം നിന്നിരുന്ന ഗ്യാസ് സിലിണ്ടർ ഇപ്പോൾ 90 ദിവസം കിട്ടുന്നുണ്ട്. പിന്നെ അധികമായി ഒരു 20 ലിറ്റർ വാട്ടർ ഹീറ്റർ വാങ്ങി നാലു ബാത് റൂമുകളിലേക്കുമായി കണക്‌ഷൻ നൽകി. ബാത് റൂമുകൾ എല്ലാം മുകളിലെയും താഴെയും നിലയിലായി അടുത്തടുത്ത് ആയതിനാലും നേരത്തേ തന്നെ സോളാർ വാട്ടർ ഹീറ്ററിനായുള്ള കോമൺ പ്ലംബിംഗ് ചെയ്ത് വച്ചിട്ടുണ്ടായിരുന്നു എന്നതിനാലും ആണ് വളരെ എളൂപ്പത്തിൽ ഇങ്ങനെ കണക്റ്റ് ചെയ്യാൻ പറ്റിയത്. ചൂടുവെള്ളത്തിൽ കുളിക്കാൻ തുടങ്ങിയതിന്റെ വകയിൽ ശരാശരി 1 യൂണിറ്റ് വൈദ്യുതി ദിവസേന അധികമായി ചെലവാകുന്നതായി കാണുന്നു. പിന്നെ ഏസിയുടെ ഉപയോഗമാണ്. പാലക്കാടൻ ചൂട് ആണെങ്കിലും ഏസി അധികമായി ഇപ്പോഴും ഉപയോഗപ്പെടുത്തുന്നില്ല. അങ്ങനെ ഒരു ശിലം ആർക്കും ഇല്ലാത്തതുകോണ്ടാകാം, ടൈമർ വച്ച് ഉറങ്ങിക്കഴിഞ്ഞാൽ ഓഫ് ആകുന്ന രീതിയിൽ ആണ് ഉപയോഗിക്കുന്നത്. അതും വല്ലപ്പോഴുമൊക്കെ മാത്രം.

ഫിക്സഡ് ചാർജും മീറ്റർ റെന്റും അടക്കം ഇപ്പോൾ പ്രതിമാസം 140 രൂപ ആണ് ബില്ലായി വരുന്നത്. ഇപ്പോഴും പ്രതിദിനം 6 യൂണിറ്റുകൾക്ക് മുകളിലേക്ക് ശരാശരി ഉപഭോഗം പോയിട്ടില്ല. അതായത് 5 യൂണിറ്റോളം വൈദ്യുതി കെ എസ് ഇബിക്ക് ദിവസേന അങ്ങൊട്ട് കൊടുത്തുകൊണ്ടിരിക്കുന്നു. അത് ഒരു ബാങ്ക് അക്കൗണ്ട് പോലെ കെ എസ് ഇ ബിയിൽ കിടക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലെ ബില്ല് പ്രകാരം 544 യൂണിറ്റ് കെ എസ് ഇബി എനർജി ബാങ്കിൽ കിടക്കുന്നുണ്ട്. യൂണിറ്റിനു 3.22 വച്ച് അതിന്റെ പണം ഇങ്ങൊട്ട് കിട്ടണം. എല്ലാ സെപ്റ്റംബറിലും ഈ തുക സെറ്റിൽ ചെയ്ത് അക്കൗണ്ടിലേക്ക് വരേണ്ടതാണ്. അതിനായി അപേക്ഷയും പാസ് ബുക്കിന്റെ കോപ്പിയുമൊക്കെ കൊടുത്തിട്ടുണ്ടെങ്കിലും കെ എസ് ഇബിയുടെ ഇക്കാര്യത്തിലുള്ള മെല്ലെപ്പോക്ക് കാരണം ഇതുവരെ ഒന്നും നടന്നിട്ടില്ല. എന്നെങ്കിലും കിട്ടുമായിരിക്കും. ഇത്തരത്തിൽ കെ എസ് ഇബിക്ക് അങ്ങോട്ട് കറന്റ് കൊടുക്കുന്നത് വലിയ നഷ്ടം ആയതിനാൽ പരമാവധി ഉപയോഗം കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഇലക്ട്രിക് സ്കൂട്ടർ, കാർ ഒക്കെ ഉള്ളവർക്ക് ഇക്കാര്യത്തിൽ വിഷമിക്കേണ്ടി വരില്ല.

ചുരുക്കിപ്പറഞ്ഞാൽ സാധാരണ ഉപഭോഗം മാത്രമുള്ള ഗാർഹിക ഉപഭോക്താക്കൾ ഉപഭോഗം ആർഭാടമാക്കുക എന്ന ഉദ്ദേശം ഇല്ലെങ്കിൽ ഇതുകൊണ്ട് കാര്യമായ പ്രയോജനമൊന്നുമുണ്ടാകില്ലെന്ന് കാണാം. വൈദ്യുത ചാർജ് കുറയ്ക്കാനായി ബി എൽ ഡി സി ഫാനുകളും LED ലൈറ്റുകളും ഉപയോഗിക്കുക, പഴയ റഫ്രിജറേറ്ററുകൾ മാറ്റി പുതിയതാക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്താൽ തന്നെ മതി. വ്യാവസായിക നിരക്കിൽ വൈദ്യുതി ചാർജ് നൽകുന്നവർ ആണെങ്കിൽ തീർച്ചയായും ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്. പിന്നെ പരിസ്ഥിതി പ്രവർത്തകരുടെ കാര്യം പറയേണ്ടതില്ലല്ലോ – ഓഡിറ്റുകളിൽ നിന്ന് രക്ഷപ്പെടാനും കുറ്റബോധമില്ലാതെ കവിതകൾ എഴുതാനുമായെങ്കിലും സോളാർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്യാനും വൈദ്യുത വാഹനങ്ങൾ വാങ്ങാനും ശ്രദ്ധിക്കുക.

വിശദമായി എഴുതിയ പോസ്റ്റ്

അപ്പുറത്തെ വീട്ടിലും ഇപ്പുറത്തെ വീട്ടീലും പുരപ്പുറ സോളാർ വച്ചു അപ്പോൾ പിന്നെ ഞാനും വച്ചില്ലെങ്കിൽ മോശമാകുമോ എന്ന ശരാശരി മലയാളി സൈക്കോളജി ചൂഷണം ചെയ്യാനായി മത്സരിച്ചുകൊണ്ട് സോളാർ ബിസിനസ് സ്ഥാപനങ്ങളുടെ പരസ്യങ്ങൾ ആണ് എവിടെയും. പണ്ടൊക്കെ ടെലിവിഷൻ ഇല്ലെങ്കിലും മീൻമുള്ള് ആന്റിന വീടീന്റെ മുകളിൽ കാണുന്നത് ഒരു അന്തസ്സായി കണക്കാക്കിയിരുന്നതുപോലെ സോളാർ പാനലുകൾ വീടൂകളുടെ മുകളിൽ കാണപ്പെടുന്നത് ഒരു അഭിമാന പ്രശ്നമായി കാണുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തുന്നത് നല്ലതു തന്നെയാണ്. ഇല്ലാത്ത കാശും മുടക്കി ഇതു വച്ചാൽ എന്തോ വലിയ ലാഭം ഉണ്ടാകും എന്ന തരത്തിലുള്ള പ്രചരണങ്ങളിൽ എത്രമാത്രം വസ്തുതയുണ്ടെന്നും നിങ്ങൾ സോളാർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്യണോ വേണ്ടയോ എന്ന തിരുമാനത്തിൽ എത്താനും സഹായിക്കുന്ന കുറച്ച് വിവരങ്ങൾ പങ്കുവയ്ക്കാം.
1. സോളാർ പാനലിന്റെ വില കുറഞ്ഞതുകൊണ്ടാണോ ഇപ്പോൾ എല്ലാവരും സോളാറിനെക്കുറിച്ച് ചർച്ച ചെയ്യുന്നത്? അല്ല. ഈ കഴിഞ്ഞ രണ്ട് കോവിഡ് വർഷങ്ങൾ പരിശോധിച്ചാൽ സോളാർ പാനലുകളുടെ വില കുറഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ ഗുണം ഉപഭോക്താക്കൾക്ക് ലഭിക്കാത്ത രീതിയിൽ വിപണിയിൽ കൂടുകയാണ് ചെയ്തിട്ടുള്ളത്. സോളാർ വൈദ്യുതിയെ പ്രോത്സാഹിപ്പിക്കാനായി കേന്ദ്രം നൽകുന്ന സബ്സിഡി സ്കീമുകൾക്ക് പ്രചാരം ലഭിച്ചതോടെ കുറഞ്ഞ അദ്ധ്വാനത്തിലും ഇൻവെസ്റ്റ്മെന്റിലും കൂടുതൽ മാർജിൻ ലഭിക്കുന്ന ഒരു ബിസിനസ് എന്ന നിലയിൽ ആണ് ഇപ്പോൾ കേരളത്തിലെ ബിസിനസ് മേഖലയിലുള്ളവരുടെ ശ്രദ്ധയാകർഷിക്കുന്നത്. മറ്റുള്ള ഇടങ്ങളിൽ വിപണി മത്സരാധിഷ്ഠിതമാകുമ്പോൾ വില കുറഞ്ഞ് ഉപഭോക്താക്കൾക്ക് അതിന്റെ ഗുണങ്ങൾ ലഭിക്കുന്ന സാഹചര്യമുള്ളപ്പോൾ ഇവിടെ ബിസിനസ്സുകാരുടെ കൂട്ടായ ഇടപെടലുകളും നിസ്സഹകരണവും മൂലം കെഇബിയുടെ സൗര സബ്സിഡി ഒന്നാം ഘട്ട പ്രോഗ്രാം പരാജയപ്പെട്ടു പോയി. ചെറിയ വിട്ടുവീഴ്ചകൾക്ക് കെ എസ് ഇബി തയ്യാറായതുമില്ല. പക്ഷേ ഇപ്പോൾ പദ്ധതി പരാജയപ്പെടുന്ന ഘട്ടം ആയപ്പോൾ പൂർണ്ണമായും വെൻഡർമ്മാർ ഉദ്ദേശിച്ച വഴിയിലേക്ക് തന്നെ കെ എസ് ഇബിയ്ക് എത്തേണ്ടി വന്നു. വേണമെങ്കിൽ കെ എസ് ഇബിയ്ക്ക് സ്വന്തം വിഭവശേഷി ഉപയോഗിച്ചുകൊണ്ട് ഈ പ്രൊജക്റ്റ് സ്വന്തമായിത്തന്നെ ചെയ്യാമായിരുന്നു.
2. കാർബൺ എമിഷൻ കുറയ്ക്കുക എന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിനു മറ്റെന്തിനേക്കാൾ പ്രാധാന്യം നിങ്ങൾ കൊടൂക്കുന്ന ആളാണെങ്കിൽ മറ്റൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല, യാതൊരു കണക്കു കൂട്ടലുകളും നടത്തേണ്ടതില്ല തീർച്ചയായും സോളാർ പ്ലാന്റുകൾ സ്ഥാപിക്കുക തന്നെ വേണം. വ്യക്തിഗത കാർബൺ എമിഷൻ ഗണ്യമായി കുറയ്ക്കുന്നതിൽ ഹോം സോളാർ പ്ലാന്റുകൾക്ക് വലിയ പങ്കുണ്ട്. വ്യക്തിഗത കാർബൺ എമിഷനും ആഡംബരവും നേർ അനുപാതത്തിലാണ് ബന്ധപ്പെട്ടിരിക്കുന്നത്. ലോകത്തിൽ ഏറ്റവും കുറവ് വ്യക്തിഗത കാർബൺ എമിഷൻ ഉള്ളത് വികസ്വര- ദരിദ്ര രാഷ്ട്രങ്ങളിൽ ആണ്.
Solar Panels on Roof of Home

സ്വന്തമായി വാഹനം ഇലാത്ത, പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കുന്ന, സുഭിക്ഷമായി ഭക്ഷണം കഴിക്കാൻ വകയില്ലാത്ത, വിമാന യാത്ര ചെയ്യാത്ത ഒരു സാധാരണക്കാരന്റെ വ്യക്തിഗത കാർബൺ എമിഷൻ ഇതെല്ലാം ചെയ്യുന്ന ആളുടേതിന്റെ പത്തിലൊന്നു പോലും ഉണ്ടാകില്ല. ഈ അടുത്ത കാലത്ത് നടത്തിയ ഒരു പഠനപ്രകാരം ഇന്ത്യയിൽ ദരിദ്രരുടെ ഏഴിരട്ടിയാണ് ഉയർന്ന വരുമാനമുള്ളവരുടെ കാർബൺ എമിഷൻ എന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ സാധാരണക്കാർ കാർബൺ എമിഷൻ കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിച്ച് വല്ലാതെ തലപുണ്ണാക്കേണ്ട കാര്യമില്ല. കാരണം അത് ഉമിനീർ കുടിച്ച് ദാഹം മാറ്റാൻ ശ്രമിക്കുന്ന ഫലം മാത്രമേ നൽകുന്നുള്ളൂ. ആഢംബര സൗകര്യങ്ങൾ ഉപയോഗിക്കുന്ന പണക്കാർ ആണ് അവരുടെ കാർബൺ എമിഷൻ കുറയ്ക്കാനുള്ള വഴികൾ നോക്കേണ്ടത്. സർക്കാർ അവരെക്കൊണ്ട് കാർബൺ എമിഷൻ കുറയ്ക്കാൻ ആവശ്യമായ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നിർബന്ധിതരാക്കുന്നതോ അല്ലെങ്കിൽ പ്രോത്സാഹിപ്പിക്കുന്നതോ ആയ നിയമങ്ങളും പദ്ധതികളുമൊക്കെയാണ് ആവിഷ്കരിച്ച് നടപ്പിലാക്കേണ്ടതാണ്. അതിനാണ് സോളാർ പ്ലാന്റുകൾക്ക് സബ്സിഡിയുൾപ്പെടെയുള്ള പ്രോത്സാഹനങ്ങൾ നൽകുന്നത്. അതായത് ഒറ്റ വാചകത്തിൽ പറഞ്ഞാൽ പുരപ്പുറ സോളാർ പ്ലാന്റുകൾ സാധാരണക്കാരെ ഉദ്ദേശിച്ചുള്ളതല്ല മറിച്ച് ഉയർന്ന വൈദ്യുത ഉപഭോഗം ഉള്ളവരെ മാത്രമാണ് ലക്ഷ്യമാക്കുന്നത്. അവരാണ് ഇത് ഇൻസ്റ്റാൾ ചെയ്ത് ഉപയോഗിക്കേണ്ടത്. നിശ്ചിത വലിപ്പത്തിൽ കൂടുതൽ ഉള്ള വീടുകൾ പണീയുന്നവർക്കും കണക്റ്റഡ് ലോഡ് നിശ്ചിത പരിധിയിൽ കൂടുതൽ ഉള്ളവരുമെല്ലാം സോളാർ പ്ലാന്റുകൾ നിർബന്ധമാക്കണമെന്നത് നിയമമാക്കിയാൽ പണക്കാർ കൂടുതലായി സോളാർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്തു തുടങ്ങും. പാവപ്പെട്ടവനു ലോണും മറ്റും നൽകി അവനെക്കൊണ്ട് സോളാർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയല്ല മറിച്ച് പണക്കാരനെക്കൊണ്ട് സബ്സിഡീ നൽകാതെ തന്നെ ആർഭാടത്തിനനുസരിച്ച് ഇൻസ്റ്റാൾ ചെയ്യിക്കാൻ നിർബന്ധിതരാക്കുന്നതായിരിക്കണം സർക്കാർ നയം.

3. നിങ്ങൾ സോളാർ പ്ലാന്റ് ഇൻസ്റ്റാൾ ചെയ്യണോ എന്ന് തീരുമാനത്തിൽ എത്താൻ അതിസങ്കീർണ്ണമായ കണക്കുകൂട്ടലുകളൂടെ ആവശ്യമൊന്നുമില്ല. അടിസ്ഥാനപരമായ ചില സംഖ്യകൾ അറിഞ്ഞാൽ മാത്രം മതി. കേരളത്തിലെ കാലാവസ്ഥയിൽ ഒരു ദിവസം ഒരു കിലോവാട് സോളാർ പ്ലാന്റ് സ്ഥാപിച്ചാൽ ശരാശരി 4 യൂണിറ്റ് വൈദ്യുതി ആണ് ലഭിക്കുക. എത്ര അത്യാധുനിക മോഡൽ സോളാർ പാനൽ ഉപയോഗിച്ചാലും ഇതിൽ വളരെ ചെറിയ മാറ്റങ്ങൾ മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ. നമുക്ക് ഒരു സാമ്പിൾ കാൽക്കുലേഷൻ നടത്തി നോക്കാം. നിലവിൽ സബ്സിഡിയോടു കൂടി 3 കിലോവാട്സ് സോളാർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്യാനായി 133000 രൂപ ആണ് ചെലവു വരുന്നത്. ഈ പ്ലാന്റ് പ്രതി ദിനം പരമാവധി 13 യൂണിറ്റ് വൈദ്യുതി ഉണ്ടാക്കുകയാണെങ്കിൽ ഒരു മാസം 390 യൂണിറ്റി വൈദ്യുതി ലഭിക്കുന്നു. വർഷത്തിൽ 4680 യൂണിറ്റ്. യൂണിറ്റിനു 5 രൂപ വച്ച് കണക്കു കൂട്ടിയാൽ ഒരു വർഷം ഈ പ്ലാന്റ് ഇൻസ്റ്റാൾ ചെയ്യുന്നതുകൊണ്ട് 23400 രൂപ വൈദ്യുത ചെലവ് ഇനത്തിൽ പ്രതിവർഷം ലാഭിക്കാൻ കഴിയുന്നു. ഈ കണക്ക് പ്രകാരം നിങ്ങൾ പ്ലാന്റ് സ്ഥാപിക്കുന്നതിലേക്കായി നടത്തിയ മുടക്ക് മുതൽ തിരികെ പിടിക്കാൻ ഏറ്റവും കുറഞ്ഞത് 5 വർഷം എങ്കിലും എടുക്കും. തുടക്കത്തിലേ നിക്ഷേപിച്ച തുകയുടെ പലിശ കൂടി കണക്കിലെടുക്കുകയാണെങ്കിൽ ഇത് 8 വർഷമെങ്കിലും ആകാം. ഇനി നിങ്ങളുടെ വൈദ്യുത ഉപഭോഗം ഇതിലും വളരെ കുറവാണെങ്കിൽ ഈ വർഷക്കണക്കുകൾ ഇനിയും നീണ്ട് പോകാം. അതായത് അധിക വൈദ്യുതി ഇലക്ട്രിസിറ്റി ബോർഡ് നിങ്ങളിൽ നിന്ന് വാങ്ങുന്നത് 3 രൂപ നിരക്കിൽ ആണ് എന്നതുകൂടി മറക്കരുത്. ഈ അവസരത്തിൽ നിക്ഷേപം മുതലാകാൻ പത്തു വർഷമെങ്കിലും എടുക്കും. അങ്ങനെ എന്തെങ്കിലും ലാഭം സൗരോർജ്ജ പ്ലാന്റിൽ നിന്ന് ലഭിക്കണമെങ്കിൽ അഞ്ചു മുതൽ പത്ത് വർഷങ്ങൾ കഴിയണം എന്ന വസ്തുത മറന്നുപോകരുത്. 40 ശതമാനം സബ്സിഡി ലഭിച്ചതിനു ശേഷമുള്ള അവസ്ഥയാണ് ഇതെന്ന് ഓർക്കുക. അപ്പോൾ സബ്സിഡീ ഇല്ലാതെ 190000 രൂപയ്ക്കും മറ്റും ഇൻസ്റ്റാൾ ചെയ്താൽ ഈ കണക്കിൽ എത്ര കണ്ട് വ്യത്യാസം ഉണ്ടാകുമെന്ന് ഊഹിക്കാമല്ലോ. ഭാവിയിലെ വൈദ്യുത ചാർജ് വർദ്ധനവു കൂടി കണക്കിലെടുത്താലും ഈ പറഞ്ഞ കണക്കുകളിൽ കാര്യമായ വ്യത്യാസങ്ങൾ ഉണ്ടാകാൻ പോകുന്നില്ല. അതുകൊണ്ട് പെട്ടന്നുള്ള ലാഭം പ്രതീക്ഷിച്ചുകൊണ്ട് പുരപ്പുറ സോളാർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നത് മണ്ടത്തരം ആയിരിക്കും.
4. മുകളിൽ പറഞ്ഞതാണ് കണക്ക്. അപ്പോൾ പിന്നെ എന്തിനു സോളാർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്യണം? സൈക്കോളജിക്കൽ ആയ കാര്യങ്ങൾ കൂടി ഇതിൽ ഉണ്ട്. നമ്മൾ ആരും ഒന്നര ലക്ഷം രൂപ ബാങ്കിലോ മ്യൂച്വൽ ഫണ്ടിലോ ഇട്ട് അതിന്റെ പലിശ കൊണ്ട് ഇലക്ട്രിസിറ്റി ബിൽ അടയ്ക്കാം എന്ന തീരുമാനത്തിൽ എത്തില്ല ( കെ എസ് ഇ ബി അത്തരത്തിൽ ഒരു പദ്ധതി കൊണ്ടു വന്നാൽ ചിലപ്പോൾ പലരും തയ്യാറായേക്കും എങ്കിലും). അതുകൊണ്ട് കണക്കിലെ കളികൾ എന്തു തന്നെ ആണെങ്കിലും തന്നെ മാസാമാസം വന്നുകൊണ്ടിരിക്കുന്ന വൈദ്യുത ബിൽ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്നതോടെ പൂജ്യം ആകുന്നത് കാണുമ്പോൾ വലാത്ത ഒരു മാനസിക സംതൃപ്തി ലഭിക്കുന്നു. അതുപോലെത്തന്നെ വൈദ്യുത ബിൽ കൂടുമോ എന്ന് പേടിച്ചുകൊണ്ട് പിശുക്കി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വൈദ്യുത ഉപകരണങ്ങൾ എല്ലാം വളരെ ആർഭാടമായിത്തന്നെ ഉപയോഗിക്കാൻ കഴിയുന്നു. വല്ലപ്പോഴും മാത്രം ഉപയോഗിക്കുന്ന എയർ കണ്ടീഷണറൂകൾ ധൈര്യമായി എപ്പോഴും ഉപയോഗിക്കാനാകുന്നു. ഒന്നോ‌ രണ്ടോ മുറികളിൽ നിന്ന് മാറി എല്ലാ മുറികളിലേക്കും കോമൺ ഏരിയയിലേക്കുമെല്ലാം എയർ കണ്ടീഷനിംഗ് കൊണ്ടുവരാനാകുന്നു. ഈ പറഞ്ഞതെല്ലാം വലിയ വരുമാനമുള്ള പണക്കാരുടെ കാര്യമല്ല കേട്ടോ പണക്കാരുടെയും പാവപ്പെട്ടവരുടെയും ഇടയിലുള്ള മദ്ധ്യവർഗ്ഗത്തിന്റെ കാര്യമാണ് . അവരാണ് ഇത്തരം ആവർത്തനച്ചെലവുകളൊക്കെ കണക്കു കൂട്ടി തലപുണ്ണാക്കുന്നത്.
5. ഇതൊക്കെയാണ് വസ്തുതകൾ എങ്കിൽ നിങ്ങൾ എന്തുകൊണ്ടാണ് സൗര സബ്സിഡി സ്കീം പ്രകാരം അപേക്ഷിച്ച് ഇതിന്റെ പിറകേ പോയി സമയം കളഞ്ഞത് ? ഒറ്റ വാക്യത്തിൽ പറഞ്ഞാൽ കെ എസ് ഇബിയെ വിശ്വാസത്തിൽ എടുത്തു എന്നതു തന്നെ. 2020 ൽ കെ എസ് ഇബി സൗര സബ്സിഡി പദ്ധതി പ്രഖ്യാപിച്ചപ്പോൾ ഒരു കിലോവാട്ട് പ്ലാന്റിനു 40 ശതമാനം സബ്സിഡി കഴിച്ച് 28000 രൂപ മാത്രമേ വരുമായിരുന്നുള്ളൂ. അതായത് 3 കിലോവാട്സ് പ്ലാന്റിന് എല്ലാ ചെലവുകളും കഴിഞ്ഞ് നമ്മൾ മുടക്കേണ്ടത് വെറും 84000 രൂപ മാത്രം. ഇതൊരു “മനം മയക്കുന്ന ഓഫർ” തന്നെ ആണെന്ന് പറയേണ്ടി വരും. ഈ നിരക്കിൽ ഫുൾ കപ്പാസിറ്റിയിൽ 3 കിലോവാട്സ് പ്ലാന്റ് ഉപയോഗിക്കാൻ കഴിഞ്ഞാൽ മൂന്നു മൂന്നര വർഷങ്ങൾ കൊണ്ട് മുടക്ക് മുതൽ തിരികെ വരും. മുകളിൽ പറഞ്ഞതുപോലെ മദ്ധ്യവർഗ്ഗത്തിന്റെ വൈദ്യുത ബിൽ ആകുലകതകൾ ഇല്ലാതെ ആർഭാടമായിത്തന്നെ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കാൻ കഴിയും. നിലവിലെ കാർ 10 വർഷം തികയുന്നതിനാൽ പതുക്കെ അത് മാറ്റി വിപണിയിൽ നല്ലൊരു മോഡൽ വരുമ്പോൾ അതിലേക്ക് മാറാനൊക്കെ പദ്ധതി ഉണ്ടായിരുന്നു. അതുപോലെ പാചകത്തിനായി ഗ്യാസിനോടൊപ്പം ഇൻഡൿഷൻ ഹീറ്റർ കൂടി ഉപയോഗിക്കാമെന്നൊക്കെ കരുതി. അതനുസരിച്ചാണ് 1000 രൂപ പണമടച്ച് 2020 ൽ രജിസ്റ്റർ ചെയ്തത്. അതു പ്രകാരം പതിനായിരത്തിലധികം പേർ ഈ പദ്ധതിയിൽ ചേർന്നിട്ടുണ്ടായിരുന്നു. പക്ഷേ‌ വളരെ കുറച്ച് പേർക്ക് മാത്രമാണ് ഈ പറഞ്ഞ നിരക്കിൽ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്ത് കിട്ടിയത്. മറ്റുള്ളവരെ എല്ലാം കെ എസ് ഇബി വളരെ കൂടിയ നിരക്കിലുള്ള ഫേസ് ടുവിലേക്ക് മാറ്റി. അതുമൂലം നഷ്ടം 50000 രൂപ !!. ഒരിക്കൽ തുനിഞ്ഞിറങ്ങിയതുകൊണ്ട് ഒരു വാശിയുടെ പേരിൽ ആണ് ഇപ്പോൾ ഇതുമായി മുന്നോട്ട് പോകുന്നത്. ‘സോളാർ വന്നിട്ട് ഏസി ഓൺ ചെയ്താൽ മതി’ എന്നു പറയാൻ തുടങ്ങിയിട്ട് കാലം കുറേ‌ആയി.
ഇനി നിങ്ങൾ പറയൂ നിങ്ങൾ സോളാർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്തതിട്ടുണ്ടെങ്കിൽ അതിലേക്ക് നയിച്ച കാരണങ്ങൾ എന്താണ്? സോളാർ പ്ലാന്റുകൾ ഇൻസ്റ്റാൾ ചെയ്യാൻ പദ്ധതിയിടുന്നുണ്ടെങ്കിൽ എന്തുകൊണ്ട്? ഒരിക്കലും ചെയ്യാൻ പദ്ധതിയില്ലെങ്കിൽ അതിനും ഉണ്ടാകുമല്ലോ ചില കാരണങ്ങൾ .
Leave a Reply
You May Also Like

സർക്കാരിന്റെ പരസ്യവും സബ്സിഡി വാഗ്ദാനങ്ങളും കേട്ട്, ഇല്ലാത്ത കാശ് ലോണെടുത്ത് വരെ സോളാർ വച്ചവരെ അതേ സർക്കാരും കെ എസ് ഇബിയും ചേർന്ന് വഞ്ചിക്കുന്നത് എങ്ങിനെ എന്ന് നോക്കുക

സർക്കാരിന്റെ പരസ്യവും സബ്സിഡി വാഗ്ദാനങ്ങളും കേട്ട് ഇല്ലാത്ത കാശ് ലോണെടുത്ത് വരെ സോളാർ വച്ചവരെ അതേ സർക്കാരും കെ എസ് ഇബിയും ചേർന്ന് വഞ്ചിക്കുന്നത് എങ്ങിനെ എന്ന് നോക്കുക.

നമ്മുടെ വൈദ്യുത ബില്ലിന്റെ നല്ലൊരു ഭാഗം സംഭാവന ചെയ്യുന്ന റഫ്രിജറേറ്ററുകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

സുജിത് കുമാർ (സോഷ്യൽ മീഡിയയിൽ എഴുതിയത് ) നമ്മുടെ വൈദ്യുത ബില്ലിന്റെ നല്ലൊരു ഭാഗം സംഭാവന…

ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റായ LVM-3 വിക്ഷേപണത്തിന് റെഡി

ബൈജു രാജ് – ശാസ്ത്രലോകം ഇന്ത്യയുടെ ഏറ്റവും വലിയ റോക്കറ്റായ LVM-3 വിക്ഷേപണത്തിന് റെഡി ????…

എന്താണ് ആൻഡ്രോയിഡ് ഫോൺ റൂട്ടിങ് ?

എങ്ങനെ നിങ്ങളുടെ ഫോൺ റൂട്ട് ചെയ്യാം: സൂപ്പർ യൂസർ കരുത്ത്, അല്ലെങ്കിൽ ഇപ്പോഴുള്ള മജിസ്ക് പോലുള്ള സൗകര്യം ഫോണിൽ ലഭ്യമാക്കുകയാണ് ഏതൊരു കമ്പനിയുടെ ,ഏതൊരു മോഡലിലും റൂട്ടിങ് വഴി ലഭിക്കുക. എന്നാൽ ഓരോ കമ്പനികളെയും ഓരോ മോഡലുകളെയും സംബന്ധിച്ച് റൂട്ട് ചെയ്യുന്ന പ്രക്രിയ തീർത്തും വ്യത്യസ്തമായിരി ക്കും എന്ന് മാത്രം