ജനങ്ങളോട് സംസാരിക്കാൻ വർഗ്ഗീയതയും പാക്കിസ്ഥാനുമല്ലാതെ മറ്റൊരു ആയുധവുമില്ലാതെ ബി ജെ പി പതറുന്ന കാഴ്ച്ചയാണ്‌ ഡൽഹിയിൽ

0
282

സുജിത് കുമാർ

ഈ കഴിഞ്ഞ അഞ്ചു വർഷങ്ങൾക്കിടെ ഡൽഹിയിൽ കേജ്‌‌രിവാൾ സർക്കാർ എന്തൊക്കെ ചെയ്തു എന്ന് കാറിൽ നിന്നിറങ്ങി കാർപ്പറ്റിലേയ്ക്ക് കാലുവയ്ക്കുന്നവരോടും ഇലൿഷന്റെ ദിവസം കിട്ടുന്ന അവധി കുപ്പി പൊട്ടിച്ച് ആഘോഷിക്കുന്നവരോടും ചോദിച്ചിട്ട് കാര്യമില്ല. പോളിംഗ് ബൂത്തിൽ വെയിലും മഴയും വകവയ്ക്കാതെ വരി നിന്ന് വോട്ട് ചെയ്യുന്നവരോട് ചോദിക്കുക. അവർ പറയും ഡൽഹിയിൽ എന്തൊക്കെയാണ്‌ കഴിഞ്ഞ അഞ്ചു വർഷങ്ങൾ കൊണ്ടുണ്ടായ മാറ്റം എന്ന്.

കേന്ദ്ര സർക്കാർ ലഫ്‌‌റ്റനന്റ് ഗവർണ്ണറെ വച്ച് പിൻസീറ്റ് ഡ്രൈവിംഗ് നടത്തി ഫയലുകൾ പരമാവധി വച്ച് താമസിപ്പിക്കാൻ ശ്രമിച്ചിട്ടുമെല്ലാം അതിനെയൊക്കെ നിയമപരമായിത്തന്നെ അതിജീവിച്ച് പ്രകടനപത്രികയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നടപ്പിലാക്കി “ഇനി എന്തെങ്കിലും നടപ്പിലാക്കാൻ ബാക്കിയുണ്ടോ? ഉണ്ടെങ്കിൽ പറയുക” എന്ന് പരസ്യമായി ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടുന്ന ഒരു അത്യപൂർവ്വമായ കാഴ്ച്ച ഇന്ത്യൻ ജനാധിപത്യത്തിൽ ഇതാദ്യമാണെന്നു തന്നെ പറയേണ്ടി വരും. ജനങ്ങളോട് സംസാരിക്കാൻ വർഗ്ഗീയതയും പാക്കിസ്ഥാനുമല്ലാതെ മറ്റൊരു ആയുധവുമില്ലാതെ ബി ജെ പി പതറുന്ന കാഴ്ച്ചയാണ്‌ ഡൽഹിയിൽ കാണുന്നത്.