നേപ്പാളിൽ ഹോട്ടൽ മുറിയിൽ എട്ടു മലയാളികളുടെ ദാരുണ അന്ത്യം, പ്രചരിക്കുന്നത് തെറ്റായ വാർത്തകൾ, സത്യമെന്താണ് ?

0
181
സുജിത് കുമാർ
നേപ്പാളിൽ ഹോട്ടൽ മുറിയിൽ എട്ടു മലയാളികളുടെ ദാരുണ അന്ത്യത്തെത്തുടർന്ന് വളരെ തെറ്റിദ്ധാരണാ ജനകമായ വാർത്തകൾ ആണ് ന്യൂസ് പോർട്ടലുകളിലൂടെയും വാട്സപ് ഫോർവേഡുകളിലൂടെയുമൊക്കെ പരക്കുന്നത്. മുറിയ്ക്കകത്ത് ഇലക്ട്രിക് റൂം ഹീറ്റർ കത്തിച്ചു വച്ചതുകൊണ്ടാണ് അപകടമുണ്ടായത് എന്നു തുടങ്ങി ഗ്യാസ് ഹീറ്ററിൽ നിന്നും കാർബൺ മോണോക്സൈഡ് വാതകം ലീക്ക് ആയതുകൊണ്ടാണെന്നു വരെ വാർത്തകൾ വരുന്നു.
ഉത്തരേന്ത്യയിലും തണുപ്പുള്ള ഇടങ്ങളിലുമൊക്കെ ഇത്തരം അപകടങ്ങൾ എല്ലാ സീസണുകളിലും റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. ആദ്യ കാലങ്ങളിൽ വിറകും കൽക്കരിയും മണ്ണെണ്ണയുമൊക്കെ ഉപയോഗിച്ചുകൊണ്ടുള്ള ബുഖാരി എന്നറിയപ്പെടുന്ന റൂം ഹീറ്ററുകൾ ആയിരുന്നു വളരെ തണുപ്പ് കൂടിയ ഉത്തരാഘണ്ട്, കാശ്മീർ പ്രദേശങ്ങളിൽ ഉപയോഗിച്ചിരുന്നത്. ഇത്തരം ബുഖാരികൾ അല്ലെങ്കിൽ നെരിപ്പോടുകൾക്ക് പുക പുറത്തേയ്ക്ക് പോകാനുള്ള കുഴലുകൾ മുറിയ്ക്ക് പുറത്ത് ഉണ്ടാകാറുണ്ട് എങ്കിലും ഇതുകൊണ്ടൊന്നും സുഗമമായി മുഴുവൻ പുകയും പുറത്ത് പോകാത്തതിനാൽ മുറിയിൽ നിറയുന്ന നിറമോ മണമോ ഒന്നുമില്ലാത്ത വിഷവാതകം ആയ കാർബൺ മോണോക്സൈഡ് ആണ് അപകടം ഉണ്ടാക്കുന്നത്. കാർബൺ മോണോക്സൈഡ് പോയ്സണിംഗ് ഉണ്ടായിക്കഴിഞ്ഞാൽ ഒച്ചവയ്ക്കാനോ അനങ്ങാനോ ഒന്നും കഴിയാത്തവിധം ശരീരം തളർന്നു പോകുന്നു.
ഇപ്പോഴും ഇത്തരം ഹീറ്ററുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും മിക്കവാറും എല്ലാവരും അതിന്റെ അപകടങ്ങളെക്കുറിച്ച് ബോധവാന്മാരാണെന്നതിനാൽ ഒരിക്കലും കത്തിച്ചു വച്ച് കിടന്നുറങ്ങാറില്ല. ഈ ശ്രേണിയിൽ പെട്ട അല്പം മോഡേൺ ആയ റൂം ഹീറ്ററുകൾ ആണ് ഗ്യാസ് ഹീറ്ററുകൾ. എൽ പിജിയും സി എൻജിയുമൊക്കെ ഉപയോഗിക്കാൻ കഴിയുന്ന ഈ ഹീറ്ററുകളും മേൽപ്പറഞ്ഞ തരം ഹീറ്ററുകളിൽ നിന്നും വ്യത്യസ്തമല്ല. ഒരിക്കലും മുറിയ്ക്കകത്ത് കത്തിച്ചു വച്ച് കിടന്നുറങ്ങാൻ പാടുള്ളതല്ല ഇത്. പൊതുവേ ഔട് ഡോർ അല്ലെങ്കിൽ വീടുകളിലെ ഹാളുകൾ പോലെയുള്ള പൊതു ഇടങ്ങളിലെ ഉപയോഗങ്ങൾക്ക് ആണ് ഇത്തരം കത്തുന്ന ഹീറ്ററുകൾ ഏറെ അനുയോജ്യം.
Image result for eight malayalees dead in nepalസാധാരണ ഇലക്ട്രിക് റൂം ഹീറ്ററുകളും ബ്ലോവറുകളുമൊക്കെ ഉപയോഗിക്കുമ്പോൾ മുറിയ്ക്കകത്തെ ഓക്സിജന്റെ അളവ് കുറയുകയും ഹ്യുമിഡിറ്റി കുറഞ്ഞ് തൊണ്ടയും മൂക്കുമൊക്കെ വരണ്ട് പൊട്ടുന്ന അവസ്ഥ ഉണ്ടാവുകയുമൊക്കെ ചെയ്യാറുണ്ടെങ്കിലും അവ ഒരിക്കലും മരണ ഹേതു ആകാറില്ല. ഷോർട്ട് സർക്യൂട്ട് പോലെയുള്ള പ്രശ്നങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ ആണ് ഇലക്ട്രിക് ഹീറ്ററുകൾ ഉണ്ടാക്കാറ്. ഉത്തരേന്ത്യയിൽ പരക്കെ ഉപയോഗത്തിലുള്ളതാണ് ബാത് റൂമുകളിൽ ഉപയോഗിക്കുന്ന ഇൻസ്റ്റന്റ് ഗ്യാസ് വാട്ടർ ഹീറ്ററുകൾ. കൃത്യമായ വെന്റിലേഷൻ ഇല്ലാത്ത ബാത് റൂമുകളിൽ ഇത്തരം ഹീറ്ററുകൾ വലിയ അപകടങ്ങൾക്ക് വഴി വയ്ക്കാറുണ്ട്.