Sujith Kumar
“ഞാൻ താമസിക്കുന്ന ഓസ്ട്രേലിയയിൽ ഏതെങ്കിലും വർക്കിന്റെ ഭാഗമായി ആസ്ബെസ്റ്റോസിന്റെ ഒരംശം എങ്കിലും കണ്ടാൽ അപ്പഴേ മുഴുവൻ സൈറ്റ് ആ സ്പോട്ടിൽ ഒഴിയണം.. ഏരിയ സീൽ ചെയ്യും.. സ്പെഷ്യലിസ്റ്റ്സ് വന്ന് സുരക്ഷാഉപകാരങ്ങളുടെ സഹായത്താൽ ആസ്ബസ്റ്റോസ് വിമുക്തമാക്കി ക്ളീയർ ചെയ്യാതെ അങ്ങോട്ട് പിന്നെ എൻട്രി ഇല്ല..ഇത്ര മാരകം ആയിരുന്നു നമ്മൾ വ്യാപകമായി വീടുകളുടെ റൂഫിൽ ഉപയോഗിച്ചിരുന്ന ആസ്ബസ്റ്റോസ് എന്ന് ഞെട്ടലോടെ അറിഞ്ഞു.”
“അസ്ട്രേലിയായിൽ ആസ്ബസ്റ്റോസ് മണ്ണിൽ കിടന്നാൽ ആ എരിയ മുഴുവൻ കുഴിച്ച് മണ്ണ് മാറ്റിയിട്ട് പരിശോദിച്ചുറപ്പിച്ച് കണ്ടാമിനേഷൻ ഇല്ലാന്ന് സർട്ടിഫിക്കറ്റ് ഉണ്ടേലേ പണി നടക്കു, കഴിഞ്ഞ പ്രോജക്ടിൽ 200 മില്യൺ ഡോളറോളം ഇതിന് മാത്രമായി ചിലവായി.”
ആസ്ബസ്റ്റോസിനെക്കുറിച്ച് എഴുതിയ കുറിപ്പിനു പ്രതികരണമായി ആസ്ട്രേലിയയിൽ താമസിക്കുന്ന രണ്ട് സുഹൃത്തുക്കൾ അഭിപ്രായം പറഞ്ഞതാണ്. നമുക്ക് ആസ്ബസ്റ്റോസിനെ തരിമ്പെങ്കിലും പേടിയുണ്ടോ? ഇല്ലാത്ത പൂച്ചയെ ഇരുട്ടിൽ തപ്പുന്ന തരത്തിലുള്ള മൊബൈൽ ഫോൺ റേഡിയേഷനെയും വൈഫൈ റേഡിയേഷനെയുമൊക്കെ പേടിച്ച് എം എൽ എം കമ്പനിക്കാരുടെ തട്ടിപ്പ് ആന്റി റേഡിയേഷൻ ചിപ്പ് വാങ്ങി മൊബൈൽ ഫോണിൽ ഒട്ടിച്ച് വച്ച് സുരക്ഷിതത്വം ഉറപ്പാക്കുന്ന ഇന്ത്യക്കാർക്ക് ആസ്ബസ്റ്റോസിനെ ലവ ലേശം പേടിയില്ല എന്ന് മാത്രവുമല്ല ഉപയോഗിക്കുന്നതിൽ പ്രശ്നങ്ങളൊന്നും കാണുന്നുമില്ല.
മീസോത്തീലിയോമ എന്ന ശ്വാസകോശത്തിനെ ബാധിക്കുന്ന ക്യാൻസർ ഉണ്ടാക്കുന്നത് ആസ്ബസ്റ്റോസ് നാരുകൾ ആണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ട് തന്നെ എല്ലാ വിഭാഗത്തിൽ പെടുന്ന ആസ്ബസ്റ്റോസ് നാരുകളെയും International Agency for Research on Cancer (IARC) മനുഷ്യരിൽ ക്യാൻസർ ഉണ്ടാക്കുമെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ട വസ്തുക്കളായ ഗ്രൂപ്പ്-1 കാർസിനോജൻ പട്ടികയിൽ പെടുത്തിയിട്ടുള്ളതും അതിനാൽ ഈ അപകടം തിരിച്ചറിഞ്ഞ് യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ അറുപത്തേഴോളം രാജ്യങ്ങളിൽ പൂർണ്ണമായും നിരോധിക്കപ്പെട്ടിട്ടുള്ളതുമാണ് ഈ പറയുന്ന ആസ്ബസ്റ്റോസ്. എന്നാൽ എന്താണ് ഇന്ത്യയിലെ സ്ഥിതി?
ആസ്ബസ്റ്റോസിന്റെ അപകടം ലോക രാജ്യങ്ങൾ തിരിച്ചറിഞ്ഞ് നിരോധിക്കുകയും നിലവിൽ ഉല്പാദിപ്പിക്കപ്പെട്ട ആസ്ബസ്റ്റോസ് ഉൽപ്പന്നങ്ങൾ സുരക്ഷിതമായി നശിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തപ്പോൾ ഇന്ത്യയിൽ വളരെ വിചിത്രമായ സമീപനങ്ങൾ ആണ് ആസ്ബസ്റ്റോസിന്റെ കാര്യത്തിൽ ഉണ്ടായത്. ജനങ്ങളുടെ ആരോഗ്യത്തേക്കാൾ ഇവിടെ ആസ്ബസ്റ്റോസ് നിർമ്മാതാക്കളുടെ ലോബി ഇക്കാര്യത്തിൽ വിജയം നേടി. ഇവിടെ ആസ്ബസ്റ്റോസ് ഉപയൊഗം നിരോധിക്കുകയോ നിയന്ത്രിക്കുകയോ ചെയ്യാതെ മൈനിംഗ് നിരോധിച്ചു. പകരം ഇറക്കുമതി ഉദാരമാക്കുകയും ചെയ്തു. പ്രമുഖ ആസ്ബസ്റ്റോസ് ഉല്പാദക രാജ്യങ്ങൾ ആയ റഷ്യ, ക്യാനഡ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളുടെയൊക്കെ ആവശ്യവും ഇതു തന്നെ ആയിരുന്നു. അവരുടേ ഏറ്റവും വലിയ വിപണി ആയി ഇന്ത്യ മാറി.
ഇന്ത്യയിലെ ആസ്ബസ്റ്റോസ് നിക്ഷേപം വളരെ കുറവായതിനാൽ ഇന്ത്യൻ ആസ്ബസ്റ്റോസ് കമ്പനികൾക്കും ഇറക്കുമതി തന്നെ ആയിരുന്നു കൂടുതൽ പ്രിയം. അതിനാൽ ഇവിടെയുണ്ടായ ആസ്ബസ്റ്റോസ് മൈനിംഗ് നിയന്ത്രണം വെറും കണ്ണിൽ പൊടിയിടൽ തന്ത്രം മാത്രമായി മാറി. പരിസ്ഥിതി വകുപ്പുകളും ആരോഗ്യ വകുപ്പുകളൂമൊക്കെ ആസ്ബസ്റ്റോസ് അപകടകരമാണ് ഉപയോഗിക്കരുത് നിയന്ത്രിക്കണം എന്നൊക്കെയൂള്ള പ്രസ്താവനകൾ ഇറക്കിക്കൊണ്ടിരിക്കുക എന്ന വഴിപാടുകൾ മാത്രം നടത്തി. ആസ്ബസ്റ്റോസ് ഷീറ്റ് നിർമ്മിക്കുന്ന കമ്പനികളുടെ കൺസോർഷ്യം അത്രയധികം ശക്തമാണ് ഇന്ത്യയിൽ. ഈ കമ്പനികൾ പ്രതിവർഷം എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും കോടികൾ ആണ് സംഭാവനയായി നൽകുന്നത്. ആസ്ബസ്റ്റോസ് ഉണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനായി ഉണ്ടായ സമിതിയെ വരെ ഈ കമ്പനികൾ ഹൈജാക്ക് ചെയ്തു. എന്ന് മാത്രവുമല്ല ആസ്ബസ്റ്റോസ് വളരെ സുരക്ഷിതമാണെന്നും ഉപയോഗിക്കുന്നതുകൊണ്ട് യാതൊരു പ്രശ്നങ്ങളുമില്ല എന്നുമുള്ള പ്രൊപ്പഗണ്ടകൾ വിവിധ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുവാനും തുടങ്ങി.
Asbestos Cement Product Manufacturers Association എന്ന പേരിൽ തുടങ്ങിയ ഈ കമ്പനികളുടെ കൺസോർഷ്യം ഇപ്പോൾ പേരു മാറ്റി Fiber Cement Product Manufacturers Association എന്ന് ആക്കിയിട്ടുണ്ട്. ആസ്ബസ്റ്റോസിന്റെ പ്രശ്നങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടതാണെങ്കിലും ഇപ്പോഴും ഇവരുടെ വെബ് സൈറ്റിൽ പോയാൽ ആസ്ബസ്റ്റോസിനെ അപകടരഹിതമായി ചിത്രീകരിക്കുന്ന കമ്പനി സ്പോൺസേഡ് പഠനങ്ങളുടെ വെളിച്ചത്തിലുള്ള ലേഖനങ്ങൾ കാണാൻ കഴിയും.
== ആസ്ബസ്റ്റോസ് കമ്പനികളുടെ ഗ്രീൻ വാഷിംഗ് ==
പ്രമുഖ ആസ്ബസ്റ്റോസ് കമ്പനികളുടെ വെബ് സൈറ്റുകൾ സന്ദർശിച്ചു നോക്കുക. ആകെ പച്ച മയം ആണ്. അതായത് തങ്ങൾ ഭയങ്കര പ്രകൃതി സംരക്ഷകർ ആണെന്ന് വരുത്തിത്തീർക്കുകയും പരിസ്ഥിതി സൗഹൃദമായ ഉല്പന്നങ്ങൾ ആണ് ഉല്പാദിപ്പിക്കുന്നതെന്ന് കാണിക്കുകയും ചെയ്യുന്ന പച്ചയിൽ കുളിച്ച് നിൽക്കുന്ന വെബ് സൈറ്റുകൾ ഗ്രീൻ വാഷിംഗ് തന്ത്രത്തിന്റെ ഉത്തമ ഉദാഹരണമാണ്. ഇന്ത്യൻ സ്റ്റാൻഡേഡ് നിയമപ്രകാരം ആസ്ബസ്റ്റോസ് അടങ്ങിയ ഉല്പന്നങ്ങളിൽ അത് സൂചിപ്പിച്ചുകൊണ്ടുള്ല നിശ്ചിത മാതൃകയിലും വലിപ്പത്തിലുമുള്ള മുന്നറിയിപ്പ് അടയാളങ്ങൾ രേഖപ്പെടുത്തണമെന്നുണ്ട്. പക്ഷേ ഇവരുടെയൊന്നും ഉല്പന്നങ്ങളിൽ അത്തരത്തിലുള്ള യാതൊന്നും കാണാറില്ല എന്ന് മാത്രവുമല്ല ചില ഉല്പന്നങ്ങളിൽ ഈ അടുത്ത കാലത്ത് ആസ്ബസ്റ്റോസിന്റെ അപകടത്തെക്കുറിച്ച് ജനങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങിയതോടെ ആസ്ബസ്റ്റോസ് ഫ്രീ എന്നും മേഡ് വിത്ത് ഇമ്പോർട്ടഡ് നാച്വറൽ ഫൈബർ എന്നുമൊക്കെ രേഖപ്പെടുത്തി കാണാം. ലോകത്ത് ഏറ്റവും കൂടുതൽ ആബ്സസ്റ്റോസ് ഇറക്കുമതി ചെയ്യുന്ന ഒരു രാജ്യമാണ് ഇന്ത്യ. തൊട്ടടുത്ത് ചൈനയും ഇന്തോനേഷ്യയും മാത്രമേ ഉള്ളൂ. 2019 ൽ നാലു ലക്ഷം ടണ്ണോളം ആസ്ബസ്റ്റോസ് ഇന്ത്യൻ കമ്പനികൾ ഇറക്കുമതി ചെയ്തിട്ടുണ്ട്. ഇവയൊക്കെ റൂഫിംഗ് ഷീറ്റുകളും സൈഡ് ഷീറ്റുകളും പൈപ്പുകളുമൊക്കെ ആയി ഇന്ത്യൻ വിപണിയിലേക്ക് തന്നെ ഒഴുകിയിട്ടുമുണ്ട്. ഏതൊക്കെ ഉല്പന്നങ്ങളിൽ ആസ്ബസ്റ്റോസ് ഉണ്ട്, ഇല്ല എന്നതിനെക്കുറിച്ചൊന്നും യാതൊരു അറിവുകളും പൊതുജനങ്ങൾക്ക് ലഭിക്കുന്നുമില്ല.
2017 മെയ് മാസം 5 നു നടന്ന ഐക്യരാഷ്ട്ര സഭയയുടെ റോട്ടർഡാം കൺവെൻഷനിൽ ആസ്ബസ്റ്റോസിനെ Prior Informed Consent (PIC) list of hazardous substances എന്ന പട്ടികയിൽ പെടുത്താനുള്ള പ്രമേയത്തെ ഇന്ത്യ എതിർത്തു. റഷ്യ, ബ്രസീൽ തുടങ്ങിയ ആസ്ബസ്റ്റോസ് ഉല്പാദക രാജ്യങ്ങൾ ഒഴികെ മറ്റെല്ലാ രാജ്യങ്ങളും ആസ്ബസ്റ്റോസിനെ PIC പട്ടികയിൽ ഉൾപ്പെടുത്താനായി ശക്തമായി വാദിച്ചപ്പൊൾ ആസ്ബസ്റ്റോസ് ഉപഭോക്തൃരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മാത്രമാണ് ഇതിനെ എതിർത്തതും എതിർത്തുകൊണ്ടിരിക്കുന്നതും. ഇത് ആരെ സംരക്ഷിക്കാനാണ്? ആരുടെ താല്പര്യങ്ങൾ ആണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്?
==ആസ്ബസ്റ്റോസ് ബാധിക്കുന്നത് ആരെ?==
ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാഷ്ടങ്ങളിൽ ആസ്ബസ്റ്റോസ് എന്തുകൊണ്ട് ജനപ്രിയമായി മാറുന്നു ? കെട്ടിട നിർമ്മാണ വസ്തു എന്ന നിലയിൽ വളരെ വിലക്കുറവുള്ള ആസ്ബസ്റ്റോസ് ഷീറ്റുകൾ ഉപയോഗിച്ചിരുന്നതും ഉപയോഗിക്കുന്നതും സമൂഹത്തിലെ ദരിദ്ര ജനവിഭാഗമാണ്. ആസ്ബസ്റ്റോസ് നിർമ്മാണ ഫാക്റ്ററികളിൽ യാതൊരു സുരക്ഷാ മുൻകരുതലുകളുമില്ലാതെ ജീവിതം ഹോമിക്കുന്നവരും ഈ പറഞ്ഞവർ തന്നെ. ആസ്ബസ്റ്റോസ് ഉല്പന്നങ്ങൾ ഉപയോഗിക്കുന്ന നിർമ്മാണത്തൊഴിലാളികൾക്കും ഇതിനെക്കുറിച്ച് അവബോധമില്ല. നമ്മൂടെ നാട്ടിലൊക്കെ എത്ര ലാഘവത്തോടെയാണ് ആസ്ബസ്റ്റോസ് ഷീറ്റുകളും പൈപ്പുകളുമൊക്കെ മുറിക്കുകയും തുരക്കുകയുമൊക്കെ ചെയ്യുന്നത് എന്ന് നോക്കുക. ആസ്ബസ്റ്റോസ് നാരുകൾ മൂലമുണ്ടാകുന്ന അസുഖങ്ങളായ ആസ്ബസ്റ്റോസിസ്, മീസോതെലോമിയ തുടങ്ങിയ അസുഖങ്ങളുടെ പ്രധാന പ്രശ്നം ഇവയുടെ ഇൻകുബേഷൻ പീര്യേഡ് വളരെ കൂടുതൽ ആണെന്നതാണ്. അതായത് ആസ്ബസ്റ്റോസ് ശരീരത്തിൽ എത്തിക്കഴിഞ്ഞാലും അതിന്റെ അസുഖ ലക്ഷണങ്ങൾ കാണിക്കാൻ പത്തും ഇരുപതും വർഷങ്ങൾ എടുക്കുമെന്നതു തന്നെ. അതുകൊണ്ട് പൊതുവേ ആയുർദൈർഘ്യം കുറഞ്ഞ ദരിദ്ര രാജ്യങ്ങളിലെ തൊഴിലാളികളുടെ മരണ കാരണം പോലും ആസ്ബസ്റ്റോസ് ആയിരിക്കാമെന്ന് കണ്ടെത്തുക പ്രയാസമാണ്.
== ആസ്ബസ്റ്റോസ് നിരോധനത്തിനായി ഇന്ത്യയിലെ പ്രവർത്തനങ്ങൾ ==
ആസ്ബസ്റ്റോസിന്റെ അപകടങ്ങൾ മനസ്സിലാക്കിക്കൊണ്ട് അന്താരാഷ്ട്ര സമൂഹത്തോടൊപ്പം ചേർന്ന് ഇന്ത്യയിലും ആസ്ബസ്റ്റോസ് നിരോധനത്തിനായി വിവിധ വ്യക്തികളൂം സംഘടനകളും മെസോതെലിയോമ ഇരകളും അവരുടെ ആശ്രിതരുമൊക്കെ പ്രഖ്യാപിത സമരങ്ങളും നിയമ നടപടികളുമൊക്കെ ദശാബ്ദങ്ങൾ ആയി തുടർന്ന് പോരുന്നുണ്ടെങ്കിലും ഫൈബർ സിമന്റ് ഉല്പാദക കമ്പനികളുടെ പണക്കൊഴുപ്പിനെയും രാഷ്ട്രീയ സ്വാധീനത്തെയും മറികടക്കാൻ ഈ ഒറ്റപ്പെട്ട ശ്രമങ്ങൾക്കും കഴിയുന്നില്ല എന്നതാണ് വാസ്തവം. ആസ്ബസ്റ്റോസുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ സമൂഹത്തിൽ ചെറിയ ഒരു ശതമാനം മാത്രമേ ഉള്ളൂ എന്നതിനാൽ അവരുടെ ശബ്ദത്തെ ഇല്ലാതാക്കാൻ ഇവർക്ക് കഴിയുന്നുമുണ്ട്. അഡ്വേക്കറ്റ് ഗോപാൽ കൃഷ്ണയുടെ നേതൃത്വത്തിൽ Ban Asbestos Network of India (http://www.asbestosfreeindia.org/) എന്ന സംഘടന ആസ്ബസ്റ്റോസ് നിരോധനത്തിനായി ദശാബ്ദങ്ങളായി പ്രവർത്തിച്ചു വരുന്നതാണ്. ഈ സംഘടനയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്താനും ഇല്ലായ്മ ചെയ്യാനുമായി കമ്പനികൾ വലിയ തോതിൽ പണമൊഴുക്കുന്നു.
ബാൻ ആസ്ബസ്റ്റോസ് നെറ്റ് വർക്കിന്റെ വെബ് സൈറ്റിൽ എഴുതിയ ഒരു ലേഖനത്തിന്റെ പേരിൽ 2009 ലെ വിശാക കമ്പനിയും ഗൂഗിളും തമ്മിലുള്ള നിയമ യുദ്ധം ഇപ്പോഴും തുടരുകയാണ്. അതായത് ഗൂഗിളിന്റെ ബ്ലോഗ്സ്പോട്ട് പ്ലാറ്റ് ഫോമിൽ ആണ് ഈ ബ്ലോഗ് ഹോസ്റ്റ് ചെയ്തിട്ടുള്ളത് എന്നതിനാൽ കമ്പനിക്കുണ്ടായ അപമാനത്തിന്റെ ഉത്തരവാദിത്തം ഗൂഗിളിനും ഉണ്ട് എന്നതുമാണ് വിശാകയുടെ വാദം. കേസ് ഇപ്പോഴും തുടരുന്നു. ഇത്തരത്തിൽ ഒരു വശത്ത് തങ്ങളുടെ കൺസോർഷ്യത്തിലൂടെ ആസ്ബസ്റ്റോസിന് അനുകൂലമായ പ്രൊപ്പഗണ്ടകൾ ഇറക്കുകയും ടൺ കണക്കിൻ ആസ്ബസ്റ്റോസ് ഇറക്കുമതി ചെയ്തുകൊണ്ട് വിവിധ ഉല്പന്നങ്ങൾ ഉണ്ടാക്കുകയും മറുവശത്ത് വെബ് സൈറ്റിനെ പച്ച പുരട്ടി “ഞങ്ങളുടെ ഉല്പന്നങ്ങൾ ആസ്ബസ്റ്റോസ് ഫ്രീയും ” ഗ്രീൻ സർട്ടിഫിക്കറ്റുള്ളതും ആണെന്ന് എഴുതിവയ്ക്കുകയും ചെയ്യുന്ന കമ്പനികളുടെ ഇരട്ടത്താപ്പ് ആരും കാണുന്നില്ല.
== ആസ്ബസ്റ്റോസ് നിർമ്മാർജ്ജനം==
ആസ്ബസ്റ്റോസ് ജീവനെടുത്ത സ്വന്തം പിതാവിനെ ഓർത്തുകൊണ്ട് ശ്രീ മുരളി തുമ്മാരുകുടി Muralee Thummarukudy വളരെ ശ്രദ്ധേയമായ ഒരു കുറിപ്പ് എഴുതുകയുണ്ടായി (https://www.facebook.com/thummarukudy/posts/10212068649486859) അതിൽ ഈ വിഷയത്തിൽ പൊതുസമൂഹത്തിന്റെയും സർക്കാരിന്റെയുമൊക്കെ ഇടപെടലുകൾ ഈ വൈകിയ വേളയിലെങ്കിലും ഏത് തരത്തിൽ ആയിരിക്കണം എന്നുമൊക്കെയുള്ള ചില കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു എങ്കിലും കാര്യമായ തുടർ ചർച്ചകളോ സർക്കാർ ഭാഗത്തു നിന്ന് എന്തെങ്കിലും നടപടികളോ ഉണ്ടായില്ല. നമ്മുടെ നാട്ടിലെ പല വീടുകളിലും സ്ഥാപനങ്ങളിലുമൊക്കെ ഇപ്പോഴും ആസ്ബസ്റ്റോസ് ഷീറ്റുകൾ ഉണ്ട്. ഇവ എങ്ങനെ സുരക്ഷിതമായി സംസ്കരിക്കാമെന്നതിനെക്കുറിച്ചുള്ള യാതൊരു വിധ വിവരങ്ങളും ലഭ്യമല്ല. എങ്ങനെയെങ്കിലും സംസ്കരിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് പോലും അതിനുള്ള ഉപകരണങ്ങളോ സാങ്കേതിക സഹായമോ ഒരു ഏജൻസികളും നൽകുന്നുമില്ല.
📌ജനങ്ങളുടെ ആരോഗ്യ കാര്യത്തിൽ ഇന്ത്യയിൽ തന്നെ മാതൃകാപരമായ സംസ്ഥാനമായ കേരളത്തിന് ഇക്കാര്യത്തിൽ രാജ്യത്തിനു മാതൃകയാകാൻ കഴിയും. ഒരു സർവേയിലൂടെ നിലവിൽ എവിടെയൊക്കെ എത്രമാത്രം ആസ്ബസ്റ്റോസ് കേരളത്തിൽ ഉപയോഗിക്കുന്നു എന്ന് കണ്ടെത്തി അവ ഡിസ്പോസ് ചെയ്യാനുള്ള ഒരു പദ്ധതി ആവിഷ്കരിക്കുന്നത് ആസ്ബസ്റ്റോസിന്റെ പ്രശ്നങ്ങളെക്കുറിച്ച് ഇന്ത്യയിൽ വലിയ തോതിൽ അവബോധം ഉണ്ടാക്കാൻ സഹായിക്കുമെന്ന് തീർച്ചയാണ്.