ആരെങ്കിലും ഒരു ബാഡ്ജും തൂക്കി വന്ന് ചോദിക്കുമ്പോൾ എല്ലാ വിവരങ്ങളും നൽകുന്നതിനു മുൻപ് അതെന്തിനാണെന്നും ആർക്കുവണ്ടിയെന്നും തിരക്കണം

526
സുജിത് കുമാർ
ആരെങ്കിലും ഒരു ബാഡ്ജും തൂക്കി വന്ന് ചോദിക്കുമ്പോൾ എല്ലാ വിവരങ്ങളും നൽകുന്നതിനു മുൻപ് അതെന്തിനാണെന്നും ആർക്കുവണ്ടിയെന്നും തിരക്കണം
ഓൺലൈൻ ആയി വിവരങ്ങൾ നൽകുന്നത് ഏത് വെബ് സൈറ്റിനാണ്‌. എന്തിനാണ്‌ എന്നൊക്കെ ശ്രദ്ധിക്കുന്നതുപോലെത്തന്നെ പരമപ്രധാനമാണ്‌ ഓഫ് ലൈൻ ആയി വിവരങ്ങൾ നൽകുന്നതും. ഓൺലൈനിൽ ആളുകൾ അല്പം ജാഗ്രത കാണിച്ചു തുടങ്ങിയപ്പോൾ ഓഫ് ലൈൻ ആയി വിവിധ ഫോമുകളും സർവേകളും പൂരിപ്പിച്ചു വാങ്ങിയുള്ള തട്ടിപ്പുകൾ ധാരാളമുണ്ട്. സ്കൂളുകളിൽ അദ്ധ്യാപകരെയും മറ്റ് അധികൃതരെയും സ്വാധീനിച്ചും പാരിതോഷികങ്ങൾ വാഗ്ദാനം ചെയ്തും കുട്ടികൾക്കായി നടത്തുന്ന മത്സരങ്ങൾ എന്ന വ്യാജേനെയും മാതാപിതാക്കളുടെ വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പുകൾ നടത്തുന്ന ഒരു രീതി ഇപ്പോൾ പരക്കെ കണ്ടുവരുന്നുണ്ട്. വിദ്യാർത്ഥികൾ കൊണ്ടുവരുന്ന ഫോമുകൾ പൂരിപ്പിക്കുന്നതിനു മുൻപ് അതിനെക്കുറിച്ച് പ്രാഥമികമായ ചില അന്വേഷണങ്ങൾ എങ്കിലും നടത്തേണ്ടതുണ്ട്.
ഇതുപോലെത്തന്നെയാണ്‌ വിവിധ ഗവണ്മെന്റ് ഏജൻസികൾ നടത്തുന്ന വിവര ശേഖരണവും. സർക്കാർ പദ്ധതികൾക്കായി വിവരശേഖരണത്തിനു വരുന്നത് ഏതെങ്കിലും ഉദ്യോഗസ്ഥൻ ആയിരിക്കും. ഈ ഉദ്യോഗസ്ഥനാകട്ടെ എന്തിനാണീ വിവര ശേഖരണമെന്നോ എന്താണിതുകൊണ്ട് ചെയ്യാൻ പോകുന്നത് എന്നതിനെക്കുറിച്ചോ ഒന്നും യാതൊരു ധാരണയും ഉണ്ടാകില്ല. സാമൂഹിക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന എന്തോ ഒരു പദ്ധതിക്കായുള്ള സർവേയുമായി നടക്കുന്ന അങ്കണവാടി ടീച്ചർമ്മാർ ഇപ്പോൾ പ്രതിസന്ധിയിൽ ആയിരിക്കുകയാണ്‌. CAA, NRC, NPR കാലഘട്ടത്തിൽ പലരും ഇപ്പോൾ ഇത്തരത്തിലുള്ള സർവ്വേകളേ ഭീതിയോടെയാണ്‌ കാണുന്നത്. അതിനാൽ അവരോട് കയർത്ത് സംസാരിക്കുന്നവരും ആശങ്കകൾ അറിയിക്കുന്നവരും കുറവല്ല. അതുപോലെ എന്തിനാണ്‌ ഈ വിവരങ്ങൾ നൽകുന്നത് എന്നും ഏത് ഉദ്യോഗസ്ഥൻ ആണ്‌ ഇതിനായി ചുമതലപ്പെട്ടിരിക്കുന്നത് എന്നുമൊക്കെയുള്ള വിവരങ്ങൾ അറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്. അത് അറിയിക്കാൻ ഇവരെ ചുമതലപ്പെടുത്തുന്ന സർക്കാർ അധികൃതർക്ക് ബാദ്ധ്യതയുമുണ്ട്.
ഇത്തരം സർവേകൾക്ക് നിയോഗിക്കപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥരും അങ്കണവാടി ടീച്ചർമ്മാരുമൊക്കെ ബന്ധപ്പെട്ട അധികൃതരിൽ നിന്നും വിശദ വിവരങ്ങൾ രേഖപ്പെടുത്തിയ ഒരു സാക്ഷ്യപത്രമെങ്കിലും കയ്യിൽ കരുതേണ്ടത് അത്യാവശ്യമാണ്‌. അതുപോലെ തന്നെ നമ്മൾ ഓരോരുത്തരും ആരെങ്കിലും ഒരു ബാഡ്ജും തൂക്കി വന്ന് ചോദിക്കുമ്പോൾ സ്വന്തം വിവരങ്ങളും അയൽവാസിയുടെ വിവരങ്ങളുമൊക്കെ നൽകുന്നതിനു മുൻപ് അത് ആർക്കാണ്‌ നൽകുന്നതെന്നും എന്തിനാണ്‌ നൽകുന്നതെന്നുമൊക്കെയുള്ള പ്രാഥമികമായ വിവരങ്ങൾ എങ്കിലും മനസ്സിലാക്കേണ്ടതാണ്‌.