ലോകത്തിലെഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ്‌ ജനങ്ങൾക്കെതിരെ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയത്, ഡിജിറ്റൽ ഇന്ത്യയത്രെ, എന്തൊരു നാണക്കേട്

0
184
സുജിത് കുമാർ
വെള്ളവും വെളിച്ചവും വായുവും വസ്ത്രവും വാസസ്ഥലവും പോലെ പ്രധാനപ്പെട്ടതാണ്‌ ഇക്കാലത്ത് ഇന്റർനെറ്റും. ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്ന ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമല്ലാതാവുക എന്നാൽ ഇതുമായി ബന്ധപ്പെട്ടുകിടക്കുന്ന അനേകം മനുഷ്യാവകാശങ്ങളുടെ ഒറ്റയടിക്കുള്ള ലംഘനമാണ്. അതുകൊണ്ടു തന്നെ മനുഷ്യാവകാശങ്ങൾക്ക് മുൻതൂക്കം നൽകുന്ന രാജ്യങ്ങൾ ഒന്നും തന്നെ ഇനി എന്ത് സാഹചര്യം ഉണ്ടായാലും ഇന്റർനെറ്റ് നിരോധനം പോലെയുള്ള പ്രാകൃതമായ നടപടികൾക്ക് മുതിരാറില്ല. കലാപങ്ങളും മറ്റും ഉണ്ടാകുമ്പോൾ മെച്ചപ്പെട്ട വാർത്താ വിനിമയ സൗകര്യങ്ങളിൽ ഒന്നായ ഇന്റർനെറ്റ് ദുരുപയോഗം ചെയ്യാൻ സാദ്ധ്യത ഉണ്ടെങ്കിലും ഇതേ ഇന്റർനെറ്റ് ഉപയോഗിച്ചു തന്നെ അതിലും ഫലപ്രദമായി കൃത്യമായ വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും അവരിലെ ആശങ്കകൾ അകറ്റാനും സർക്കാർ സംവിധാനങ്ങൾ കഴിയുമെങ്കിലും ആ സാദ്ധ്യതകൾ ഒന്നും ഉപയോഗിക്കാതെ ഏറ്റവും എളുപ്പവും ഏറ്റവും അപരിഷ്കൃതവുമായ ഇന്റർനെറ്റ് നിരോധനം എന്ന വാളെടുത്തു വീശുന്നത് ലോകത്തിലെ ഏതെങ്കിലും ഏകാധിപത്യ രാജ്യമാണെങ്കിൽ അത്ഭുതപ്പെടാനില്ല. പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്താണ്‌ ഈ സ്ഥിതിവിശേഷമെന്ന് ഓർക്കുക. അതുകൊണ്ട് തന്നെ നമ്മുടെ നാട്ടീലെ ഈ ഇന്റർനെറ്റ് നിരോധനത്തെ ഇപ്പോൾ ചൈന വരെ സ്വാഗതം ചെയ്യുന്നു. ഇന്റർനെറ്റ് നിരോധനം പല രീതിയിൽ പല രാജ്യങ്ങളിലും നടപ്പിലാക്കാറുണ്ട്. അവയിൽ പ്രധാനപ്പെട്ട രീതികൾ :
1. ചില വെബ് സൈറ്റുകളും സേവനങ്ങളും മാത്രമായി നിരോധിക്കുക
2. മൊബൈൽ ഇന്റർനെറ്റ് നിരോധനം
3. മൊത്തം ഇന്റർനെറ്റ് നിരോധനം.
നിർഭാഗ്യവശാൽ നമ്മുടെ രാജ്യത്ത് ഈ മൂന്നും പല അവസരങ്ങളിൽ ആയി പല രീതിയിൽ പ്രയോഗിക്കപ്പെടുന്നു. ഇന്റർനെറ്റിലെ ചില സേവനങ്ങൾ മാത്രം നിരോധിക്കപ്പെടുന്നത് വളരെ എളുപ്പത്തിൽ തന്നെ മറികടക്കാൻ കഴിയുന്നതായതിനാൽ ഇന്ത്യയിൽ അതിനൊട് അത്ര പ്രതിപത്തിയില്ല. അതുകൊണ്ട് മൊബൈൽ ഇന്റർനെറ്റ് നിരോധനവും മുഴുവനായുള്ള ഇന്റർനെറ്റ് നിരോധനവുമാണ്‌ കൂടുതലായി നടപ്പിലാക്കി വരുന്നത്. ഇതിൽ തന്നെ ഒരിക്കലും ചിന്തിക്കാൻ പോലും കഴിയാത്ത രീതിയിൽ മൊത്തം ഇന്റർനെറ്റും ലാൻഡ് ലൈനുകളും മൊബൈൽ കമ്യൂണിക്കേഷനും ഉൾപ്പെടെ എല്ലാ വാർത്താ വിനിമയ സംവിധാനങ്ങളും മാസങ്ങളോളം ഇല്ലാതാക്കുന്ന പ്രാകൃതമെന്ന് വിശേഷിപ്പിച്ചാൽ കുറഞ്ഞ് പോകുന്ന ഇടപെടലുകളും നമ്മൾ ഈ വർഷം തന്നെ കണ്ടതാണ്. ഇന്റർനെറ്റിന്റെ മുകളിൽ തൂങ്ങിക്കിടക്കുന്ന വാൾ ഏത് സമയത്തും എവിടെയും വീഴാം എന്ന അപകടകരമായ ഒരു സാഹചര്യമാണ് നമ്മുടെ നാട്ടിൽ ഇന്നുള്ളത്. എന്താണിതിനൊരു പ്രധിവിധി? കാശ്മീരിൽ ഇന്റർനെറ്റില്ലാതെ മാസങ്ങൾ കഴിഞ്ഞു- നമുക്കാർക്കും യാതൊരു പ്രശ്നങ്ങളും ഉണ്ടായില്ല. ഈ സ്ഥിതിവിശേഷം കേരളത്തിൽ ഉണ്ടായാലോ? മറ്റേത് സംസ്ഥാനത്തേക്കാളും കൂടുതൽ ഇന്റർനെറ്റ് അധിഷ്ഠിത സേവനങ്ങൾ ഉപയോഗിക്കുന്ന ഒരു സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ചിന്തിക്കാൻ പോലും കഴിയാത്ത ഒന്നാണ് അത്. ഈ ഒരു സാഹചര്യത്തെ എങ്ങിനെ നേരിടാം? അല്ലെങ്കിൽ എങ്ങിനെ ആയിരിക്കും ഈ സാഹചര്യം നമ്മുടെയെല്ലാം നിത്യജീവിതത്തെ ബാധിക്കാൻ പോവുക?
1. കാശ്മീരിലേതുപോലെ എല്ലാ കമ്യൂണിക്കേഷൻ ബന്ധങ്ങളും വിച്ഛേദിക്കപ്പെടുന്ന സാഹചര്യത്തിൽ പരസ്പരം ബന്ധപ്പെടാനായി ചില മാർഗ്ഗങ്ങളൊക്കെ ഉപയോഗിക്കാമെങ്കിലും നിർഭാഗ്യവശാൽ പുറം ലോകവുമായി ബന്ധപ്പെടാനായി കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ല എന്നതു തന്നെയാണ്‌ വസ്തുത. അത്തരം സാഹചര്യങ്ങൾ ശതൃക്കൾക്ക് പോലും വരാതിരിക്കട്ടെ.
2. ബി എസ് എൻ എലിന്റെ പതനത്തോടെ നമ്മളെല്ലാം ലാൻഡ് ഫോണുകൾ വേണ്ടെന്ന് വച്ചവരാണ്. ലാൻഡ് ലൈൻ അധിഷ്ഠിതമായ ഇന്റർനെറ്റ് നിരോധനം ഇന്ത്യയിൽ കാശ്മീരിൽ ഒഴികെ മറ്റൊരിടത്തും പ്രയോഗിച്ച് കണ്ടിട്ടില്ല (അതിനർത്ഥം ഇനി ഉണ്ടാകില്ല എന്നല്ല). അതിനാൽ ലാൻഡ് ഫോണുകളും ഒപ്റ്റിക്കൽ ഫൈബർ മീഡീയ വഴിയുള്ള ഫിക്സഡ് ലൈൻ ഇന്റർനെറ്റ് കണൿഷനുകളും ഉപേക്ഷിക്കാതിരിക്കുക. സാദ്ധ്യമെങ്കിൽ വീടുകളിൽ ഒരു കണൿഷൻ എങ്കിലും എടുക്കുക. വ്യാപാര വാണീജ്യ സ്ഥാപനങ്ങൾ ആണെങ്കിൽ ഒരിക്കലും മൊബൈൽ – വയർ ലെസ് ഇന്റർനെറ്റ് സൗകര്യം ഉപയോഗിച്ചുകൊണ്ടുള്ള ബിസിനസ് ആണ് ചെയ്യുന്നതെങ്കിൽ സ്വന്തം ശവക്കുഴി നേരത്തേ‌ തന്നെ തോണ്ടി വയ്ക്കുന്നതിനു തുല്ല്യമാണത്. ജമ്മു ആൻഡ് കാശ്മീരിൽ ഇന്ന് ലാൻഡ് ലൈൻ കണൿഷൻ ഉള്ളവൻ രാജാവാണ്. അതായത് പത്തു നാൽപ്പത് വർഷങ്ങൾക്ക് മുൻപ് നമ്മുടെ നാട്ടിൽ ഉണ്ടായിരുന്ന അതേ സാഹചര്യം.
3. ബിസിനസ് സ്ഥാപനങ്ങൾ പലതും കമ്പ്യൂട്ടർ – ഇന്റർനെറ്റ് സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് ബിസിനസ് ഓട്ടോമേറ്റ് ചെയ്യുന്നു. ഇതിൽ ഇപ്പോൾ ഇന്റർനെറ്റ് കണക്റ്റിവിറ്റി ഒരു പ്രശ്നമല്ലാത്തതിനാലും നല്ല വേഗതയുള്ള കണൿഷനുകൾ ലഭ്യമായതിനാലും വെബ് അധിഷ്ഠിത സേവനങ്ങൾ നൽകുന്ന Software as a service (SaaS) രീതി പരക്കെ ഉപയോഗപ്പെടുത്തുന്നുണ്ട്. അതായത് ഒരു ചെറിയ കട ആണെങ്കിലും അതിന്റെ അക്കൗണ്ടിംസ് സോഫ്റ്റ്‌‌വെയർ ക്ലൗഡ് സെർവ്വറുകളിൽ ആയിരിക്കും. സ്കൂളുകൾ, ആശുപത്രികൾ , വ്യാപാര ശ്രുംഖലകൾ തുടങ്ങിയവയൊക്കെ ഇത്തരം സോഫ്റ്റ്‌‌വെയറുകൾ ഉപയോഗിക്കുന്നവരാണ്. അതിനാൽ ഈ സ്ഥാപനങ്ങൾ മൊബൈൽ ഇന്റർനെറ്റ് സംവിധാനങ്ങളെ ഒരിക്കലും പൂർണ്ണമായും ആശ്രയിക്കരുത്. അതോടൊപ്പം തന്നെ ഇന്റർനെറ്റ് ഇല്ലാതെ വരുന്ന സാഹചര്യത്തിലും ബിസിനസ് നടന്നു പോകാനുള്ള സൗകര്യങ്ങൾ കൂടി നിങ്ങളുടെ സോഫ്റ്റ്‌‌വെയർ സർവീസ് പ്രൊവൈഡർമ്മാരോട് ആവശ്യപ്പെടണം. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ സോഫ്റ്റ്‌‌വെയർ ആസ് അ സർവീസ് ബിസിനസ് നടത്തുന്ന എല്ലാ സ്ഥാപനങ്ങളും ഒരു പുനർവിചിന്തനത്തിനു തയ്യാറായി ഈ ഒരു സാഹചര്യം കൂടി മുൻകൂട്ടി കണ്ട് അത് ഒരു വാല്യു ആഡഡ് ഫീച്ചർ ആയി നൽകാനുള്ള നടപടികൾ തുടങ്ങണം.
4. ഇന്റർനെറ്റ് ഇല്ലാത്ത സാഹചര്യത്തിൽ മൊബൈൽ ഫോണുകൾ അവയിലെ വൈഫൈ, ബ്ലൂ ടൂത്ത് സൗകര്യങ്ങൾ ഉപയോഗിച്ച് പരസ്പരം ബന്ധപ്പെട്ടുകൊണ്ട് ഒരു സ്വതന്ത്ര വല ഉണ്ടാക്കി പരസ്പരം അത്യാവശ്യം ആശയവിനിമയമൊക്കെ നടത്താൻ കഴിയുന്ന ഒരു മെഷ് നെറ്റ്‌‌വർക്ക് ഉണ്ടാക്കിയെടുക്കാൻ സഹായിക്കുന്ന അപ്ലിക്കേഷനുകൾ നിലവിലുണ്ട്. അതായത് A, B, C,D എന്നിങ്ങനെ നാലുപേർ ഉണ്ടെങ്കിൽ A യ്ക്ക് D യിലേക്ക് ഒരു മെസേജ് അയക്കണമെങ്കിൽ അത് തൊട്ടടുത്തുള്ള B യുടേയും C യുടേയും ഫോണുകൾ വഴി C യിലേക്ക് പാസ് ചെയ്യുന്ന രീതി. ഇതിൽ തന്നെ മറ്റൊരു സൗകര്യം കൂടി ഉണ്ട്. ഈ മെഷ് നെറ്റ്‌‌വർക്കിൽ ഏതെങ്കിലും ഒരു നോഡിന് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഇന്റർനെറ്റ് ‌‌കണക്ഷൻ ഉണ്ടെങ്കിൽ അതു വഴി മറ്റ് നോഡുകൾക്കും ഇന്റർനെറ്റ് സൗകര്യങ്ങൾ ഉപയോഗിക്കാൻ കഴിയുന്നു എന്നത്. ഇത്തരത്തിലുള്ള ധാരാളം അപ്ലിക്കേഷനുകൾ പ്രൊപ്രൈറ്ററിയും ഓപ്പൺ സോഴ്സും ആയി നിലവിലുണ്ട്. അതിൽ ഫയർ ചാറ്റ് (Firechat – https://play.google.com/store/apps/details?id=com.opengarden.firechat) പോലെയുള്ള അപ്ലിക്കേഷനുകൾ 2014 ൽ ഇറാഖിൽ ഇന്റർനെറ്റ് നിരോധിച്ചപ്പോൾ മുതൽ പല കൂട്ടായ്മകളൂം ഒരു ബദൽ എന്ന നിലയിൽ ഉപയോഗിച്ച് തുടങ്ങിയിരുന്നു. തുടർന്ന് ഹോങ്കോംഗിലും ഇക്വഡോറിലും എന്തുവേണ്ട നമ്മുടെ ഹൈദ്രാബാദിൽ വരെ ഉപയോഗിച്ചിരുന്നു എന്ന വാർത്തകൾ ഉണ്ടായിരുന്നു. വാട്സപ്പും ടെലിഗ്രാമുമൊക്കെ പോലെയുള്ള ഒരു ചാറ്റ് അപ്ലിക്കേഷൻ തന്നെയാണ്‌ ഇതും. പക്ഷേ ഓഫ് ലൈൻ സപ്പോർട്ട് ആണ്‌ പ്രധാന ഫീച്ചർ. അതായത് ഇന്റർനെറ്റ് ഇല്ലെങ്കിലും നിങ്ങളുടെ കോണ്ടാക്റ്റിൽ ഉള്ള ആൾ നിങ്ങളുടെ ഫൈഫൈ / ബ്ലൂ ടൂത്ത് റേഞ്ചിലോ ഉണ്ടെങ്കിലോ അല്ലെങ്കിൽ കണക്റ്റഡായ ഒരു ഗ്രൂപ്പിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് തവ്വളച്ചാട്ടം വഴി ഡേറ്റ ഓട്ടോമാറ്റിക് ആയി പാസ് ചെയ്ത് ഓഫ് ലൈൻ ആയും ചാറ്റ് ചെയ്യാവുന്നതാണ്‌. വൈഫൈ ഡയറക്റ്റ് / ബ്ലൂ ടൂത്ത് സംവിധാനങ്ങൾ ആണ്‌ ഇതിനായി ഉപയോഗിക്കപ്പെടുന്നത്. അതുപോലെ ഒരു പൊതു ലക്ഷ്യത്തിനായി കണക്റ്റായിരിക്കുന്ന ഒരു ഗ്രൂപ്പിൽ ഏതെങ്കിലും ഒരു ഡിവൈസിന് ഇന്റർനെറ്റ് കണക്റ്റിവിറ്റി ഉണ്ടെങ്കിൽ മെഷ് നെറ്റ്‌‌വർക്കിലൂടെ അത് മറ്റ് ഫോണുകളിലേക്ക് കൂടി ലഭ്യമാക്കാനുള്ള അവസരം കൂടി ഇതുവഴി ലഭിക്കുന്നു. ഫയർ ചാറ്റ് ഒരു പ്രൊപ്രൈറ്ററി സോഫ്റ്റ്‌‌വെയർ ആണ്‌. ഇതിന്റെ ഒരു പ്രധാന പ്രശ്നം അക്കൗണ്ട് എടുക്കാൻ ഇന്റർനെറ്റ് കണൿഷൻ വേണമെന്നുള്ളതാണ്‌. അതായത് നേരത്തേ തന്നെ ഇൻസ്റ്റാൾ ചെയ്ത് ഇന്റർനെറ്റ് കണൿഷനുള്ളപ്പോൾ തന്നെ രജിസ്റ്റർ ചെയ്ത് വച്ചിരിക്കണമെന്നർത്ഥം. ഫയർ ചാറ്റിന്റെ ചുവടുപിടിച്ചുള്ള ധാരാളം പ്രൊപ്രൈറ്ററി ആയതും അല്ലാത്തതുമായ ഓഫ് ലൈൻ മെഷ് സപ്പോർട്ട് ഉള്ള മെസഞ്ചറുകൾ ഉണ്ട്.
അതുപോലെത്തന്നെ മുൻകൂട്ടി രജിസ്ട്രേഷനൊന്നും ആവശ്യമില്ലാത്തതും ഓഫ് ലൈൻ ആയി മെഷ് കണക്റ്റിവിറ്റി സപ്പോർട്ട് ചെയ്യുന്നതുമായ ഓപ്പൺ സോഴ്സ് അപ്ലിക്കേഷനുകളും ഉണ്ട്. Briar (https://play.google.com/store/apps/details?id=org.briarproject.briar.android) , Manyverse (https://play.google.com/store/apps/details?id=se.manyver&hl=en_IN) , Bridgefy (https://play.google.com/store/apps/details?id=me.bridgefy.main) തുടങ്ങിയവ ചില ഉദാഹരണങ്ങൾ ആണ്‌. വ്യക്തിപരമായി പറഞ്ഞാൽ Briar ആണ്‌ കൂടുതൽ നല്ലതായി തോന്നിയത്. സുരക്ഷിതവും. ഫീച്ചറുകൾ നോക്കിയാൽ Manyverse ഉം.
ഈ ആപ്പുകൾ എല്ലാം തന്നെ ഫലപ്രദമാകണമെങ്കിൽ കൂടുതൽപേർ ഉപയോഗിക്കണം, അതായത് എല്ലാവരുടെയും ഫോണുകളിൽ ഈ പറഞ്ഞ ആപ്പുകൾ ലൈവ് ആയി ഇരുന്നാൽ മാത്രമേ മെച്ചപ്പെട്ട മെഷ് ‌‌നെറ്റ് വർക്കുകൾ രൂപപ്പെടുകയുള്ളൂ. അത് മാത്രമല്ല ഇപ്പോഴും ആൻഡ്രോയ്ഡ്, ഐഓഎസ് തുടങ്ങിയ മൊബൈൽ പ്ലാറ്റ് ഫോമുകൾ ഇതിനായി ഒപ്റ്റിമൈസ് ചെയ്യപ്പെട്ടിട്ടുമില്ല. ഉദാഹരണമായി ബ്ലൂടൂത്ത് ലോ എനർജി (BLE) പതിപ്പ് മെഷ് നെറ്റ് വർക്ക് സപ്പോർട്ട് ചെയ്യുന്നതാണ്‌. പക്ഷേ മൊബൈൽ ഫോൺ ഓപ്പറേറ്റിംഗ് സ്വിസ്റ്റം അത് സപ്പോർട്ട് ചെയ്യുന്ന രീതിയിലേക്ക് വരാത്തതുകൊണ്ട് നിലവിലെ ബ്ലൂ ടൂത്ത് സാങ്കേതിക വിദ്യയുടെ മുകളിൽ ഒരു ഒപ്പിക്കൽ പോലെയേ ബ്ലൂ ടൂത്ത് മെഷ് നെറ്റ് വർക്കിംഗ് നടക്കുകയുള്ളൂ. ഇത്തരം ഒപ്പിക്കലുകൾ കൊണ്ടു തന്നെ മേൽപ്പറഞ്ഞ ആപ്പുകളുടെ റിലയബിലിറ്റി ഉറപ്പ് പറയാൻ കഴിയില്ല. വർക്ക് ചെയ്താൽ ചെയ്തു എന്നേ ഉള്ളൂ. അതുകൊണ്ട് തന്നെ ഇപ്പോഴും ഈ ആപ്പുകളെല്ലാം വലിയ തോതിൽ ബാലാരിഷ്ടതകൾ അനുഭവിക്കുന്നതാണെന്ന് സാരം.
ബ്ലൂ ടൂത്തും വൈഫൈയുടേയും ദൂരപരിധി പ്രശ്നങ്ങളില്ലാതെ നിങ്ങളുടെ മൊബൈൽ ഫോണിലെ പ്രധാന ട്രാൻസ്- റിസീവർ ഉപയോഗിച്ചു കൊണ്ട് തന്നെ മറ്റ് മൊബൈൽ ഫോണുകളുമായി ബന്ധം സ്ഥാപിച്ച് മെഷ് നെറ്റ് വർക്കുകൾ ഉണ്ടാക്കാൻ കഴിയുന്ന LTE Direct എന്ന സാങ്കേതിക വിദ്യ ക്വാൾകോം ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും തൽക്കാലം അത് നടപ്പിലാകാൻ പോകുന്നില്ല. കാരണം അതിന്റെ ഉപയോഗം വരുന്നത് ലൈസൻസ്ഡ് ബാൻഡിൽ ആണെന്നുള്ളതു തന്നെ.
5. ഇത്തരം അപ്ലിക്കേഷനുകൾ ഇന്സ്റ്റാൾ ചെയ്യാൻ ഇന്റർനെറ്റ് ബ്ലോക്ക് ആകുന്നതുവരെ കാത്തിരിക്കേണ്ടതില്ല. എന്ന് മാത്രവുമല്ല ഇന്റർനെറ്റ് ഇല്ലാതെ വരുന്ന അവസരങ്ങളിൽ ഗ്രൂപ്പുകൾക്ക് പലപ്പോഴും പ്രയോജനപ്രദമാവുകയും ചെയ്യും. അതായത് ആൻഡമാനിലേക്ക് ഒരു ഗ്രൂപ്പ് ടൂർ പോയി നോക്കുക.. അവിടെ ഈ ആപ്പുകൾ അത്യാവശ്യം ചാറ്റ് ചെയ്യാനും ഫോട്ടോകൾ പങ്കുവയ്ക്കാനുമൊക്കെ സഹായകമാകും. അതുപോലെ വിമാനത്തിൽ വേറേ വേറെ സീറ്റുകളിൽ ഇരിക്കുമ്പോൾ ചാറ്റ് ചെയ്യണമെങ്കിൽ ഇത്തരം അപ്ലിക്കേഷനുകൾ ഉപയോഗിക്കാം. പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോഴും ഇത്തരം അപ്ലിക്കേഷനുകൾ എല്ലാവരുടെയും ഫോണുകളിൽ ഉണ്ടാകുന്നത് ഇന്റർനെറ്റിന്റെയും മൊബൈൽ നെറ്റ് വർക്കിന്റെയുമൊക്കെ അഭാവത്തിൽ പരസ്പരം ബന്ധപ്പെട്ട് പ്രവർത്തിക്കുവാൻ സഹായകമാകുന്നു. എന്തായാലും Briar, Manyverse ആപ്പുകൾ എങ്കിലും ഒന്ന് പരീക്ഷിച്ചു നോക്കുക.
6. കുറച്ചു നാൾ മുമ്പ് ഒരു കമ്പനി Outernet (Othernet) എന്ന പേരിൽ സാറ്റലൈറ്റ് ബ്രോഡ് കാസ്റ്റ് വഴി അത്യാവശ്യം ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുന്ന ഒരു പ്രൊജക്റ്റുമായി ക്രൗഡ് ഫണ്ടിംഗ് നടത്തിയിരുന്നു എങ്കിലും അത് ലക്ഷ്യം കാണുകയുണ്ടായില്ല.
7. നിലവിൽ വികസിത രാജ്യങ്ങളിലെ പരിഷ്കൃത സമൂഹത്തിന് ഇങ്ങനെ ഒരു ആവശ്യം വരുന്നില്ല എന്നതിനാൽ മൊബൈൽ നിർമ്മാതാക്കളോ മൊബൈൽ സോഫ്റ്റ്‌‌വെയർ നിർമ്മാതാക്കളോ ഒന്നും ഇക്കാര്യത്തിൽ കാര്യമായ ഉത്സാഹമോ ശ്രദ്ധയോ കാണിക്കുന്നില്ല. ഇന്ത്യയിലേതുപോലെ ഇന്റർനെറ്റ് ഇടയ്ക്കിടെ നിരോധിക്കപ്പെടുന്നത് ഒരു തുടർക്കഥയാകുമ്പോൾ വ്യക്തികളും സ്ഥാപനങ്ങളുമെല്ലാം കൂടുതൽ മെച്ചപ്പെട്ട ബദൽ മാർഗ്ഗങ്ങളുമായി മുന്നോട്ടു വരും. ഈ വിഷയത്തിൽ ഗവേഷണങ്ങൾ നടക്കും. ആവശ്യമാണല്ലോ സൃഷ്ടിയുടെ മാതാവ്. ഒരുപക്ഷേ വാട്സപ്പിലും ടെലിഗ്രാമിലും വരെ മെഷ് നെറ്റ്‌‌വർക്ക് സപ്പോർട്ട് വന്നേക്കാം.