വഴിയിലൂടെ നടന്നു പോകുന്ന ഒരുത്തനെ ആൾക്കൂട്ട വിചാരണ ചെയ്യുന്നു- “നീ ബംഗ്ലാദേശിയല്ലേടാ… ഐഡി പ്രൂഫ് എടുക്ക്”

196

വഴിയിലൂടെ നടന്നു പോകുന്ന ഒരുത്തനെ ആൾക്കൂട്ട വിചാരണ ചെയ്യുന്നു– നീ ബംഗ്ലാദേശിയല്ലേടാ… ഐഡി പ്രൂഫ് എടുക്ക്..

ഇതാ ആധാർ കാർഡുണ്ട് :
ഹ ഹ നല്ല തമാശ.. ആധാർകാർഡൊക്കെ ആർക്കും കിട്ടും. ബംഗ്ലാദേശികൾ എല്ലാരും ആധാർ കാർഡെടുത്ത വിവരം ഞങ്ങൾ പത്രത്തിൽ വായിച്ചിട്ടുണ്ട്. വേറെന്തെങ്കിലും എടൂക്ക്.
ഡ്രൈവിംഗ് ലൈസൻസ് ഉണ്ട് –
ഇതോ ഇത് ഫേക്ക് അല്ലെന്ന് എന്താണുറപ്പ്? ഇന്ത്യയിലെ ഭൂരിഭാഗം ഡ്രൈവിംഗ് ലൈസൻസുകളും ഫേക്ക് ആണെന്ന് പത്രത്തിലുണ്ടായിരുന്നു. മന്ത്രിയും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ചിപ്പുള്ള പുതിയ ലൈസൻസ് വരാൻ പോകുന്നു. ഇത് താൻ കയ്യിൽ വച്ചേക്ക് .. വേറെ എന്തെങ്കിലും എടുക്ക്..
റേഷൻ കാർഡുണ്ട് അതുമതിയോ? –
മണ്ടൻ .. റേഷൻ കാർഡ് ഒരു പൗരത്വ രേഖയേ അല്ല. അത് സർക്കാരിന്റെ വെൽഫയർ സ്കീമിന്റെ ഭാഗമാണ്. അഭയാർത്ഥി ക്യാമ്പിലുള്ളവർക്ക് വരെ വേണമെങ്കിൽ റേഷൻ കാർഡ് കൊടുക്കാം. അതിന് ഇന്ത്യൻ പൗരനാകണമെന്നൊന്നുമില്ല.
വോട്ടേഴ്സ് ഐഡിയുണ്ട് അതോ-
വോട്ടേഴ്സ് ഐഡിയോ? ഇലൿഷൻ വരുമ്പോൾ രാഷ്ട്രീയക്കാർ വോട്ട് ബാങ്കുണ്ടാക്കാൻ റോഡരികിൽ ടെന്റടിച്ച് കിടക്കുന്നവരെ വോട്ടർ പട്ടികയിൽ ചേർക്കാറുണ്ട്. അതുകൊണ്ട് വോട്ടേഴ്സ് ഐഡി നാലാക്കി മടക്കി പോക്കറ്റിൽ വച്ചേക്ക്.. വേറെ എന്തെങ്കിലും ഉണ്ടോ..
ഇന്ത്യൻ പാസ്പോർട്ടുണ്ട്.. അതു മതിയോ? ….
ഹ ഹ.. ഈ നൂറ്റാണ്ടിലേ ഏറ്റവും വലിയ തമാശ. ആധാർ കാർഡുള്ളവന് രണ്ടു ദിവസം കൊണ്ട് പാസ്പോർട്ട് കിട്ടുന്ന കാലത്താണ് അവൻ പാസ്പോർട്ടുകൊണ്ട് പൗരത്വം തെളിയിക്കാൻ നടക്കുന്നത്..
അടിച്ചോടിക്കടാ ഈ ബംഗ്ലാദേശിയെ….
— ഇതൊരു ഭാവനാ സൃഷ്ടിയല്ല- ടൈംസ് ഓഫ് ഇന്ത്യയിൽ വന്ന ഈ വാർത്ത നോക്കുക – മുംബൈയിൽ ഒരാളെ പിടിച്ചു- പോലീസ് പറയുന്നത് അയാൾ ബംഗ്ലാദേശിയാണെന്ന്. പാസ്പോർട്ടും വോട്ടർ ഐഡിയും അടക്കമുള്ള എല്ലാ രേഖകളും ഉണ്ട്. അതൊന്നും പോലീസിനു സ്വീകാര്യമായില്ല. ഭാഗ്യത്തിനു കോടതി പാസ്പോർട്ടും വോട്ടർ ഐഡിയും പൗരത്വ രേഖകളായി അംഗീകരിച്ചു. അതായത് ഒരു ഇന്ത്യൻ പൗരനെ വേണമെങ്കിൽ എപ്പോൾ വേണമെങ്കിലും സംശയത്തിന്റെ പേരിൽ ബംഗ്ലാദേശി ആക്കി അകത്തിടാം .