Sujith Kumar എഴുതിയത്
ആദ്യ ക്രിപ്റ്റോ കറൻസി ആയ ബിറ്റ് കോയിനെക്കുറിച്ചും അതിന്റെ സാങ്കേതിക വിദ്യകളെക്കുറിച്ചുമൊക്കെ കുറേ എഴുതിയതുകൊണ്ടായിരിക്കും ഇടയ്ക്കിടെ ഓരോ സുഹൃത്തുക്കൾ (പ്രധാനമായും പ്രവാസികൾ) ചോദിക്കാറുണ്ട് പുതിയ xyz ക്രിപ്റ്റോ കറൻസി നല്ലതാണോ അതിൽ ഇൻവെസ്റ്റ് ചെയ്യുന്നതിൽ എന്തെങ്കിലും

കുഴപ്പമുണ്ടോ എന്നൊക്കെ. ബിറ്റ് കോയിനെക്കുറിച്ച് അതിന്റെ ആദ്യ കാലങ്ങളിൽ തന്നെ എഴുതിയിട്ടും ഒരിക്കലും അതിലെ നിക്ഷേപത്തെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഇപ്പോഴും പ്രോത്സാഹിപ്പിക്കുന്നില്ല. കാരണം വളരെ അധികം ഏറ്റക്കുറച്ചിലുകൾ ഉള്ളതായതിനാൽ നഷ്ട സാദ്ധ്യതകൾ കൂടുതൽ ആണെന്നതു തന്നെ. പെട്ടന്ന് പണം ഉണ്ടാക്കാനുള്ള മാർഗ്ഗങ്ങൾ അന്വേഷിച്ച് നടക്കുന്നവരെ മോഹന വാഗ്ദാനങ്ങൾ നൽകി വലയിൽ വീഴ്ത്താനുള്ള ഒരു മാർഗ്ഗമാണ് ഇപ്പോൾ കൂണുപോലെ മുളച്ച് പോങ്ങുന്ന ക്രിപ്റ്റോ കറൻസികൾ. ഒരാളെ എന്തെങ്കിലും പദ്ധതികളിൽ പണം നിക്ഷേപിക്കാൻ പ്രേരിപ്പിക്കണമെങ്കിൽ ഒറ്റനോട്ടത്തിൽ വിശ്വസനീയമെന്ന് തോന്നുന്ന കാരണങ്ങളും ഉദാഹരണങ്ങളുമൊക്കെ എടുത്ത് പറയാനുണ്ടാകണം. പൊതുവേ പണം ഇരട്ടിയാക്കി നൽകുമെന്നൊക്കെ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്നവർ പരമ്പരാഗതമായി ഉപയോഗിക്കുന്നത് സ്റ്റോക് മാർക്കറ്റ് ബിസിനസ് ആണ്. നോക്കി നിൽക്കേ ആകാശം മുട്ടുന്ന ഷെയറുകളും അവയിൽ ഒരു വർഷം മുൻപേ ആയിരം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇപ്പോൾ പതിനായിരമാകുമായിരുന്നു എന്നൊക്കെയുള്ള ഡാറ്റ വച്ചുള്ള കണക്കുകൾ കാണുമ്പോൾ സ്റ്റോക് മാർക്കറ്റിന്റെ അധികം ഉള്ളുകള്ലികൾ അറിയാത്തവർ അതിൽ വീണുപോകാറുണ്ട്. അതായത് തനിക്ക് ട്രേഡ് ചെയ്യാൻ അറിയാത്തതുകൊണ്ടായിരിക്കാം നഷ്ടം വരുന്നത് ഇവർക്ക് കാശു കൊടുത്താൽ തനിക്ക് വേണ്ടി ട്രേഡ് ചെയ്ത് കാശുണ്ടാക്കിക്കോളും എന്ന വിശ്വാസത്തിൽ കയ്യിലുള്ളതും കടം വാങ്ങിയതുമൊക്കെ ആയ പണം മുഴുവൻ നിക്ഷേപിച്ച് കുത്തുപാള എടുക്കുന്നവർ കുറവല്ല.
അടിസ്ഥാനപരമായി ഒരു വ്യക്തിയുടേയോ ഒരു കൂട്ടം വ്യക്തികളുടേയോ സ്ഥാപനത്തിന്റേയോ സംഘടനയുടേയോ ഒന്നും നിയന്ത്രണത്തിൽ അല്ലാത്ത തികച്ചും വികേന്ദ്രീകൃതമായ ഒന്നാണ് ക്രിപ്റ്റോ കറൻസികൾ എന്നു പോലും ഇതിലേക്ക് എടുത്ത് ചാടുന്നവർ മനസ്സിലാക്കുന്നില്ല. ബിറ്റ് കോയിനിൽ നിക്ഷേപിക്കാൻ നിങ്ങളെ ആരും MLM മോഡലിൽ കാൻവാസ് ചെയ്യില്ല. അത് ആരും മാർക്കറ്റ് ചെയ്യില്ല. പക്ഷേ ഇപ്പോൾ കൂണുപോലെ മുളച്ചു വരുന്ന ക്രിപ്റ്റോ കറൻസികളുടെ കാര്യം നോക്കുക. മോഹന വാഗ്ദാനങ്ങൾ നൽകി മണി ചെയിൻ മാതൃകയിൽ ആണ് മാർക്കറ്റിംഗ്. മിനിട്ടുകൾക്കകം ആർക്കും ഓപ്പൺ സോഴ്സ് ആയ സ്ക്രിപ്റ്റുകൾ ഉപയോഗിച്ച് ഏത് പേരിലും ക്രിപ്റ്റോ കറൻസി ഉണ്ടാക്കിയെടുക്കാം. ബിറ്റ് കോയിൻ തന്നെ ഓപ്പൺ സോഴ്സ് ആയതിനാൽ അതിന്റെ പേരു മാറ്റി പുതിയ കറൻസി ആക്കിയെടുക്കാം. പക്ഷേ അതുകൊണ്ട് അതിനു മൂല്ല്യം ഉണ്ടാകില്ല. മൂല്ല്യം ഉണ്ടാകണമെങ്കിൽ അത് സാധാരണ കറൻസിയ്ക്ക് പകരമായി വിനിമയം ചെയ്യപ്പെടണം. അതിനു വിശ്വസനീയത ഉണ്ടാകണം. ഇപ്പോൾ മാർക്കറ്റ് ചെയ്യപ്പെടുന്ന ക്രിപ്റ്റോ കറൻസികളിൽ പലതും ബ്ലോക് ചെയിനുമായൊന്നും പുലബന്ധം പോലുമില്ലാത്ത ചില വെബ് അപ്ലിക്കേഷനുകൾ മാത്രമാണ്. ആളുകളെ പറ്റിക്കാൻ ഒരു അപ്ലിക്കേഷനുണ്ടാക്കി അതിൽ തോന്നിയ പോലെ ബാക്ക് എൻഡിൽ ഇരുന്ന് വില കൂട്ടിയും കുറച്ചുമൊക്കെ കാണിച്ച് തട്ടിപ്പ് നടത്തുന്നവരുമുണ്ട്.
ആവശ്യത്തിനു പണം കിട്ടിക്കഴിഞ്ഞാൽ ഒരു ദിവസം ഈ വെബ് സൈറ്റുകളും അപ്ലിക്കേഷനുകളുമൊക്കെ അപ്രത്യക്ഷമാകും. ഇനി ബ്ലോക് ചെയിൻ ആണെങ്കിൽ തന്നെ അത് ഹോസ്റ്റ് ചെയ്തിട്ടൂണ്ടാവുക ഈ കറൻസികൾ പ്രമോട്ട് ചെയ്യുന്ന കമ്പനികളുടെ സെർവ്വറുകളിൽ ആയിരിക്കും. അതായത് ഒരു തരത്തിൽ പറഞ്ഞാൽ പ്രൈവറ്റ് ബ്ലൊക് ചെയിനുകൾ. പൂർണ്ണമായും വികേന്ദ്രീകൃത സ്വഭാവം ആവശ്യമായ ക്രിപ്റ്റോ കറൻസികൾ എത്രമാത്രം വികേന്ദ്രീകൃതമാകുന്നുവോ അത്രമാത്രം അവയുടെ വിശ്വാസ്യതയും കൂടുന്നു. അല്ലെങ്കിൽ ഈ പറഞ്ഞവർ ഒരു ദിവസം പൊടീം തട്ടി പോകുന്നതോടെ അവസാനിക്കുന്നതാണ് ഇതിന്റെ ആയുസ്സും. അതുകൊണ്ട് കാശ് പോക്കറ്റിൽ കിടന്ന് ശരീരത്തെ കുത്തി നോവിക്കുന്ന അസുഖമുള്ളവർ ക്രഡിബിൾ ആയതും പൂർണ്ണമായും വികേന്ദ്രീകൃതമായതും ആയ ബിറ്റ് കോയിൻ, എതേറിയം പോലെ അന്താരാഷ്ട്ര ക്രിപ്റ്റോ മാർക്കറ്റുകളിൽ ട്രേഡ് ചെയ്യപ്പെടുന്ന കറൻസികളിൽ മാത്രം നിക്ഷേപിച്ച് ചൂത് കളിയ്ക്കുക.
അവസാനമായി പറയുന്നു- മോഹന വാഗ്ദാനങ്ങളിൽ വീണ് MLM ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിക്കുന്നതിലും നല്ലത് തീ തുപ്പാൻ തുടങ്ങുന്ന നല്ലയിനം ഡ്രാഗൺ കുഞ്ഞുങ്ങളെ വാങ്ങി വളർത്തുന്നതാണ്.