ഈ വിധ മണ്ടത്തരങ്ങൾ പ്രചരിപ്പിക്കുന്നതിന് പിന്നിലെ ബിസിനസ് ബുദ്ധി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
21 SHARES
251 VIEWS

Sujith Kumar

ചെരിപ്പിട്ട് നടക്കുന്നതാണ്‌ സകല അസുഖങ്ങളും ഉണ്ടാകാൻ കാരണമെന്നും ചെരിപ്പിടാതെ നടന്നാൽ ദീർഘായുസ്സ് ഉണ്ടാകുമെന്നുമൊക്കെയുള്ള തിയറി ഇന്ന് ഒരു ഫിസിക്സ് പ്രൊഫസർ പടച്ച് വിട്ടിരിക്കുന്നത് കണ്ടില്ലേ? അങ്ങേർ അത് സ്വന്തം കയ്യിൽ നിന്ന് ഇട്ടതൊന്നുമല്ല. ഇതൊക്കെ കുറേ കാലമായി ഓടിക്കൊണ്ടിരിക്കുന്നതാണ്‌. അങ്ങേരുടെ ശ്രദ്ധയിൽ ഇപ്പോഴേ പെട്ടുള്ളൂ എന്നതായിരിക്കാം കാരണം. ഇന്റർനെറ്റിലൂടെ പ്രചരിക്കപ്പെടുന്ന ഇത്തരം വാർത്തകളും സിദ്ധാന്തങ്ങളുമൊക്കെ ആരെങ്കിലും വെറുതേ ഒരു തമാശക്ക് പടച്ച് വിടുന്നതാണെന്ന് കരുതിയെങ്കിൽ തെറ്റി. വ്യക്തമായ ബിസിനസ് താല്പര്യങ്ങൾ ആണ്‌ ഇത്തരത്തിലുള്ള ഉഡായിപ്പ് പഠനങ്ങളുടെയും വാർത്തകളുടെയുമൊക്കെ പിറകിൽ ഉള്ളത് എന്ന് മനസ്സിലാക്കാൻ കഴിയും.

ഈ പറഞ്ഞ ബോഡി എർത്തിംഗ് തിയറികൾക്കും പഠനങ്ങൾക്കും പിന്നിൽ ഉള്ളത് എർത്തിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഒരു സ്ഥാപനമാണ്‌. നമ്മൂടെ പ്രകൃതി ചികിത്സാ ഉഡായിപ്പുകളുടെ അതേ ലൈനിലുള്ള ഒന്നാണ്‌ ഈ എർത്തിംഗ് ഇൻസ്റ്റിറ്റ്യൂട്ടും. Clint Ober എന്ന ഭാവനാ സമ്പന്നനായ ഒരു കേബിൾ ടിവി ടെക്നീഷ്യന്റെ തലയിൽ ഉയർന്ന ബിസിനസ് ബുദ്ധി. അങ്ങേരും അങ്ങേരുടെ സ്ഥാപനവുമാണ്‌ ഈ ഗ്രൗണ്ടിംഗ് മൂവ്മെന്റ്, എർത്ത് തെറാപ്പി എന്നൊക്കെ പറഞ്ഞ് ഈ സ്യൂഡോ സയൻസ് പ്രചരിപ്പിക്കുന്നത്. ഈ വിഷയങ്ങളിൽ പല പ്രിഡേറ്ററി ജേണലുകളിലും വന്ന പഠനങ്ങളുമായൊക്കെ ഈ സ്ഥാപനത്തിനു പ്രത്യക്ഷവും പരോക്ഷവുമായ ബന്ധങ്ങൾ കാണാവുന്നതാണ്‌.

അപ്പോൾ സ്വാഭാവികമായും ഒരു സംശയമുണ്ടാകും നിങ്ങൾ ചെരിപ്പിടാതെ നടന്നാൽ ഇയാൾക്കെന്താ ലാഭം എന്ന്. അവിടെയാണ്‌ ബിസിനസ്. ചെരിപ്പ്, ഷൂ എന്നിവയൊന്നും നമ്മുടെ ജീവിതത്തിൽ ഒഴിച്ച് കൂടാൻ ആവാത്തതാണെന്ന് എല്ലാവർക്കും അറിയാമല്ലോ. പക്ഷേ ചെരിപ്പ് ഇട്ടുകൊണ്ട് തന്നെ ഈ പറയുന്ന ചെരിപ്പിടാത്തതിന്റെ ഗുണങ്ങൾ കിട്ടുകയും വേണം. അതെങ്ങിനെ സാധിക്കും? അതിനായി ഓബറിന്റെ എർത്തിംഗ് ഇൻസ്റ്റിറ്റ്യൂട്ട് കുറേ പ്രത്യക തരം ചെരിപ്പുകളും ഉപകരണങ്ങളും ഒക്കെ ഇറക്കിയിട്ടുണ്ട്. നിങ്ങൾക്ക് പണം നൽകി അത് വാങ്ങാനായി ഓൺലൈൻ സ്റ്റോറും ഒരുക്കിയിരിക്കുന്നു. മൊബൈൽ റേഡിയേഷൻ ഭീതി പരത്തി ആന്റി റേഡിയേഷൻ ചിപ്പുകൾ വിൽക്കുന്ന കമ്പനികളുടെയും അവർ സ്പോൺസർ ചെയ്യുന്ന പഠനങ്ങളുടെയും അതേ ലൈൻ തന്നെ.

ഇന്ത്യയിൽ മൊബൈൽ റേഡിയേഷൻ ഫോബിയ പരത്തുന്നതിൽ പ്രധാന കാരണക്കാരനായ മുംബൈ ഐ ഐ ടി പ്രൊഫസറൂടെ മകളുടെ ബിസിനസ് ആന്റി റേഡിയേഷൻ ചിപ്പ് വിൽക്കുന്നതായിരുന്നു എന്ന് പിന്നീടാണ്‌ ലോകറിഞ്ഞത്. ഇതുപോലെയൊക്കെയുള്ള കാര്യങ്ങൾ പെട്ടന്ന് വിശ്വസിക്കുന്ന രീതിയിൽ ആണ്‌ മനുഷ്യ മസ്തിഷ്കത്തിന്റെ സ്ട്രക്ചർ എന്നതിനാൽ ലോകത്തെവിടെയും ഇത്തരം തട്ടിപ്പുകൾ പല രൂപങ്ങളിൽ ആവർത്തിച്ചുകൊണ്ടിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

LATEST