ഫേസ് ബുക്കിലെ പരസ്യം കണ്ട് ആകർഷകവും വ്യത്യസ്തങ്ങളുമായ ഉല്പന്നങ്ങൾ വാങ്ങുന്നതിനു മുൻപ് ഇതൊന്നു വായിക്കുക

0
166
സുജിത് കുമാർ
ഫേസ് ബുക്കിലെ പരസ്യം കണ്ട് ആകർഷകവും വ്യത്യസ്തങ്ങളുമായ ഉല്പന്നങ്ങൾ വാങ്ങുന്നതിനു മുൻപ് നിങ്ങളുടെ ന്യൂസ് ഫീഡിൽ വരുന്ന ഫേസ് ബുക്ക് പരസ്യങ്ങളിൽ വീണ്‌ ഉല്പന്നങ്ങൾ വാങ്ങുന്നതിനു മുൻപ് ഒന്ന് ശ്രദ്ധിച്ചാൽ ധനനഷ്ടം ഉണ്ടാകുന്നത് ഒഴിവാക്കാം. അഗ്രസ്സീവ് ആയി വലിയ വിലക്കുറവിൽ ഫേസ് ബുക്ക് പരസ്യങ്ങളിലൂടെ മാർക്കറ്റ് ചെയ്യപ്പെടുന്ന ഉൽപ്പന്നങ്ങളെ ഒന്ന് ശ്രദ്ധിക്കുക. മിക്കതും ഒന്നാം തരം തട്ടിപ്പ് ആയിരിക്കും. ഇപ്പോൾ പേയ്മെന്റ് ഗേറ്റ് വേ ഉൾപ്പെടെയുള്ള ഒരു ഷോപ്പിംഗ് പോർട്ടൽ തട്ടിക്കൂട്ടാൻ മിനിട്ടൂകൾ മതി. പ്രത്യേകിച്ച് യാതൊരു സാങ്കേതിക പരിജ്ഞാനവും ആവശ്യമില്ല. ഷോപ്പിഫൈ പോലെയൂള്ള സർവിസുകളിലൂടെ ‘ഡ്രോപ്പ് ഷിപ്പിംഗ്’’ മോഡലിൽ ഉള്ള ഈ കമേഴ്സ് മാർക്കറ്റിംഗുകാരും ചൂണ്ടയിട്ട് കാത്തിരിക്കുന്നത് ഫേസ് ബുക്കിൽ ആണ്‌. എന്തായാലും ഡ്രോപ് ഷിപ്പിംഗിനെക്കുറിച്ച് സൂചിപ്പിച്ചതു കാരണം അതിനെക്കുറിച്ചും രണ്ട് വാക്ക് പറഞ്ഞേക്കാം. ഏതാനും മൗസ് ക്ലിക്കുകളിലൂടെ നിങ്ങളുടെ സ്വന്തം പേരിൽ ഒരു ഈ കമേഴ്സ് സൈറ്റ് തുടങ്ങാം. നിങ്ങൾ ഒരു ഉല്പന്നവും ഉണ്ടാക്കുന്നില്ല, ഒന്നും വാങ്ങുന്നില്ല, ഒന്നും വിൽക്കുന്നുമില്ല. നിങ്ങളുടെ കൈവശമുള്ളത് ആകെ ഒരു വെബ് സൈറ്റ് മാത്രമാണ്‌. അതിലേക്ക് ആലി എക്സ്പ്രസ് പോലെയുള്ള ചൈനീസ് വെബ് സൈറ്റുകളിൽ നിന്നും ഉല്പന്നങ്ങൾ ചില സ്ക്രിപ്റ്റുകൾ വഴി ഇമ്പോർട്ട് ചെയ്യുന്നു.
ഉല്പന്നങ്ങൾ മാത്രമല്ല യഥാർത്ഥമെന്ന് തോന്നിക്കുന്ന കസ്റ്റമർ റിവ്യൂസും ചിത്രങ്ങളുമെല്ലാം ഉൾപ്പെടെ ആണ്‌ ഇത് ചെയ്യുന്നത്. ഈ സൈറ്റിലൂടെ ആളുകൾ ഓർഡറുകൾ പ്ലേസ് ചെയ്യുമ്പോൾ അവ നേരിട്ട് പ്രസ്തുത ഉല്പന്നങ്ങളുടെ സ്റ്റോക്കിസ്റ്റുകളുടെ അടുത്തേയ്ക്ക് ആണ്‌ എത്തുക. ഓർഡർ സ്വീകരിക്കുന്നതു മുതൽ പാക്കിംഗ്, ഡെസ്പാച്ച്, ഡെലിവറി വരെ അവർ നേരിട്ട് ചെയ്യും. നിങ്ങൾ വെറും ഇടനിലക്കാരൻ മാത്രം. ഇവിടെ ലാഭം എന്താണ്‌ മിനിമം ഇരട്ടി വിലയിൽ ആയിരിക്കും എല്ലാ ഉല്പന്നങ്ങളും ഇത്തരത്തിൽ ലിസ്റ്റ് ചെയ്തിരിക്കുക. അപ്പോൾ ഒരു സംശയമുണ്ടാകും ഇത്രയും വില കൊടുത്ത് ആളുകൾ ഇതൊക്കെ വാങ്ങുമോ ? അവിടെ ആണ്‌ അഗ്രസ്സീവ് ആയ മാർക്കറ്റിംഗ് തന്ത്രങ്ങൾ വിജയിക്കുന്നത്. ഫേസ് ബുക്ക് ന്യൂസ് ഫീഡിലൂടെ കസ്റ്റമേഴ്സിനെ നന്നായി മനസ്സിലാക്കിക്കൊണ്ട് ഉല്പന്നങ്ങളുടെ പരസ്യങ്ങൾ വരുമ്പോൾ നൂറു പേരിലേക്ക് പരസ്യം കാണിച്ചാൽ അതിൽ രണ്ടു പേരെങ്കിലും വാങ്ങിയാൽ അപ്പോഴും ലാഭമാണ്‌. പരസ്യം കാണുന്ന നൂറുപേരിൽ വളരെ ചുരുക്കം പേർ മാത്രമേ ഈ പറഞ്ഞ ഉല്പന്നത്തിന്റെ യഥാർത്ഥ വിലയും ഗുണനിലവാരവുമൊക്കെ ഒന്ന് സേർച്ച് ചെയ്ത് നോക്കി കണ്ടെത്താൻ മിനക്കെടൂ. ഡ്രോപ് ഷിപ്പിംഗ് സ്റ്റോറുകളിലെ ഉൽപ്പന്നങ്ങളും അത്തരത്തിൽ ആയിരിക്കും തെരഞ്ഞെടൂക്കപ്പെടുക. ഉദാഹരണമായി “ ലൗവ് ബേഡ്സിന്റെ കാലിൽ ഇടുന്ന ആർട്ടിഫിഷ്യൽ ഡയമണ്ട് റിംഗ്സ്” പോലെയുള്ള ഉല്പന്നങ്ങൾ വളരെ ചെറിയ ഒരു കൂട്ടം കസ്റ്റമേഴ്സിനെ വ്യക്തമായി ടാർഗറ്റ് ചെയ്തുകൊണ്ട് അവരുടെ ന്യൂസ് ഫീഡിൽ എത്തിച്ചാൽ മേൽ കീഴ് നോട്ടമില്ലാതെ അവർ അത് വാങ്ങാനുള്ള സാദ്ധ്യതകളുണ്ട്.
പതിവുപോലെ ഡ്രോപ്പ് ഷിപ്പിംഗ് ഉല്പന്നങ്ങൾ ചൈനീസ് ആണെങ്കിലും ഈ പണി നടത്തുന്നത് ഇന്ത്യക്കാർ ആണ്‌. കസ്റ്റമേഴ്സ് ആണെങ്കിലോ കാശിന്‌ അത്ര വലിയ പിശുക്ക് കാണിക്കാത്ത അമേരിക്കൻസും യൂറോപ്യൻസും. ഇന്ത്യയിൽ ഇരുന്നുകൊണ്ട് ഫേസ് ബുക്കിലൂടെ മാർക്കറ്റ് ചെയ്ത് ചൈനക്കാരുടെ ഉല്പന്നങ്ങൾ ഇരട്ടീ വിലയ്ക്ക് സായിപ്പിനെക്കൊണ്ട് വാങ്ങിപ്പിച്ച് കാശുണ്ടാക്കുന്ന വിദ്യ. പ്രധാനമായും ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയവയിലൂടെയുള്ള മാർക്കറ്റിംഗിനുള്ള പണം ആണ്‌ ഇത്തരം ഡ്രോപ്പ് ഷിപ്പിംഗ് സൈറ്റുകൾക്ക് വേണ്ട മൂലധനം. ആദ്യകാലങ്ങളിലൊക്കെ കുറേ പേർ ഇതുവഴി വലിയ തോതിൽ പണം ഉണ്ടാക്കി എങ്കിലും പിന്നീട് ആളുകൾക്ക് കാര്യം മനസ്സിലാകാൻ തൂടങ്ങി. ഒരു തവണ വാങ്ങിയവൻ പിന്നെ കുഴിയിൽ വീഴില്ലല്ലോ. അമേരിക്കയിലും യൂറോപ്പിലുമൊക്കെ വിപണി മോശമാകാൻ തുടങ്ങിയപ്പോൾ പതുക്കെ ചില വിദ്വാന്മാരെങ്കിലും ഇന്ത്യക്കാരെയും ഇതുവഴി ലക്ഷ്യമിടാൻ തൂടങ്ങിയിട്ടുണ്ട്. ഇവിടെ ഡലിവറി അല്പം പതുക്കെ ആയതിനാൽ ആണ്‌ യഥാർത്ഥത്തിൽ ഇത് ക്ലച്ച് പിടിക്കാതിരുന്നത്.
ഡ്രോപ്പ് ഷിപ്പിംഗിനെ ഒരു തട്ടിപ്പെന്ന് പറയാൻ കഴിയില്ലെങ്കിലും ഇന്ത്യയിൽ ഈ കമേഴ്സ് വച്ച് പെട്ടന്ന് പണമുണ്ടാക്കണമെങ്കിൽ തട്ടിപ്പ് നടത്താതെ പറ്റില്ലല്ലോ. അങ്ങനെ ഒരു ഡൊമൈനും രജിസ്റ്റർ ചെയ്ത് റഡീമേഡ് സ്ക്രിപ്റ്റുകൾ ഉപയോഗിച്ച് ഷോപ്പിംഗ് പോർട്ടലുകൾ തട്ടിക്കൂട്ടും. ഉല്പന്നങ്ങളും റിവ്യൂസും എല്ലാം ഫേക്ക് ആയിരിക്കും. ബ്രാൻഡഡ് ഉല്പന്നങ്ങളൊക്കെ പത്തിലൊന്ന് വിലയ്ക്ക് ലിസ്റ്റ് ചെയ്യും. കാഷ് ഓൺ ഡലിവറി ഒക്കെ ഉണ്ടെങ്കിലും അഡ്‌‌വാൻസ് പേയ്മെന്റിനു വൻ ഡിസ്കൗണ്ടുകൾ ആയിരിക്കും ഓഫർ ചെയ്തിട്ടുണ്ടാവുക എന്നതിനാൽ പലരും കാഷ് ഓൺ ഡലിവറി എടുക്കില്ല. ആദ്യമേ പേയ്മെന്റ് ചെയ്തവർക്ക് മിക്കവാറും ഉല്പന്നങ്ങൾ കിട്ടില്ല. കാഷ് ഓൺ ഡലിവറി ചെയ്തവർക്ക് ഏതെങ്കിലും ഉഡായിപ്പ് സാധനങ്ങൾ അയച്ചു കൊടുത്ത് കാശ് വാങ്ങും. കസ്റ്റമർ കെയറിലേക്ക് ഫോൺ ചെയ്താൽ കാശ് തിരിച്ച് തരാൻ എന്ന വ്യാജേന യു പി ഐ റിക്വസ്വുകൾ അയച്ചും കാർഡ് വിവരങ്ങൾ വാങ്ങിയും മറ്റും വീണ്ടും പണം തട്ടുകയും ചെയ്യും. കാശ് തിരിച്ചു കിട്ടാൻ വേണ്ടി ആളുകൾ അവർ ചോദിക്കുന്ന എന്തും എടുത്ത് കൊടുക്കുകയും ചെയ്യും. ഒന്നോ രണ്ടോ‌ മാസങ്ങൾ മാത്രമേ ഇത്തരം സൈറ്റുകൾക്ക് ആയുസ്സുണ്ടാകൂ. ആ സമയത്തിനുള്ളിൽ പരമാവധി പണം കൈക്കലാക്കി സൈറ്റും പൂട്ടീ സ്ഥലം വിടും. പോലീസിൽ പരാതിപ്പെട്ടിട്ടും കാര്യമായ പ്രയോജനമൊന്നുമുണ്ടാകില്ല. കാരണം വ്യാജ രേഖകൾ സമർപ്പിച്ച് എടുത്ത ബാങ്ക് അക്കൗണ്ടുകൾ വഴിയൊക്കെ ആയിരിക്കും ഇടപാടുകൾ നടത്തിയിട്ടുണ്ടാവുക.
അതിനാൽ ഇത്തരം പരസ്യങ്ങളിൽ വീഴാതിരിക്കുക. ഈ സൈറ്റുകളിലെ ഉല്പന്നങ്ങൾ എല്ലാം തന്നെ ആമസോൺ , ഫ്ലിപ് കാർട്ട് പോലെയുള്ള ക്രഡിബിൾ ആയ വെബ് സൈറ്റുകളിലും കിട്ടും. ഒന്ന് സേർച്ച് ചെയ്യാനുള്ള ക്ഷമ ഉണ്ടായാൽ മാത്രം മതി